മീറ്റിംഗില്‍ പങ്കെടുക്കാത്തതിന് ഡയറക്ടര്‍ എച്ച് ആറിനോട് തന്‍റെ ഒരു ദിവസത്തെ ശമ്പളം കുറയ്ക്കാന്‍ പറഞ്ഞു. ജോലിസ്ഥലത്തെ ദുരവസ്ഥ പങ്കുവച്ചുകൊണ്ട് യുവാവിന്‍റെ പോസ്റ്റ്.
പല കമ്പനികളും ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും എങ്ങനെയെല്ലാം തുക കട്ട് ചെയ്യാം എന്ന് നോക്കാറുണ്ട്. അങ്ങേയറ്റം തൊഴിലാളി വിരുദ്ധതയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഉണ്ട്. ജീവനക്കാർ കടന്നുപോകുന്ന മാനസികവും ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകളൊന്നും പലപ്പോഴും ഇത്തരം കമ്പനികൾ കണക്കിലെടുക്കാറില്ല. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. യുവാവ് വർക്ക് ഫ്രം ഹോം ആയിട്ടാണ് ജോലി ചെയ്യുന്നത്. മുത്തശ്ശി വയ്യാതെയായി ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വർക്ക് ഫ്രം ഹോം ആണെങ്കിലും മുത്തശ്ശിയുടെ കാര്യത്തിൽ യുവാവിന്റെ ശ്രദ്ധ വേണ്ടിയിരുന്നു.
എന്നാൽ, രാത്രിയിലെ മീറ്റിംഗിൽ പങ്കെടുത്തില്ല എന്ന് പറഞ്ഞുകൊണ്ട് യുവാവിന്റെ ശമ്പളത്തിൽ നിന്നും ഒരു ദിവസത്തെ ശമ്പളം കുറയ്ക്കുകയായിരുന്നു. 'ഡയറക്ടർ എച്ച് ആറിനോട് എന്റെ ഒരു ദിവസത്തെ ശമ്പളം കുറക്കാൻ ആവശ്യപ്പെട്ടു. ഞാൻ ഒരു മീറ്റിംഗിൽ പങ്കെടുത്തില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്' എന്നാണ് യുവാവ് തന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. പോസ്റ്റ് പ്രകാരം യുവാവിന്റെ മുത്തശ്ശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതിനാൽ തന്നെ യുവാവിന് രാത്രി 9 മണിക്ക് തീരുമാനിച്ചിരുന്ന ക്ലയന്റുമായുള്ള മീറ്റിംഗിൽ പങ്കെടുക്കാൻ സാധിച്ചില്ല.

അതൊരു സാധാരണ കോളാണ്. തനിക്ക് പങ്കെടുക്കാനാവില്ല എന്ന് ഒരു സഹപ്രവർത്തകനോട് പറഞ്ഞേല്പിച്ചിരുന്നു. എന്നാൽ, അത് അയാൾ പറഞ്ഞില്ല. അന്നുരാത്രി തന്നെ യുവാവ് ആശുപത്രിയിൽ നിൽക്കവെ ഡയറക്ടർ വിളിച്ച് ബഹളം വച്ചതായും യുവാവ് പറയുന്നു. 10 ദിവസത്തിന് ശേഷം അതേ ക്ലയിന്റുമായി പുലർച്ചെ വരെ മീറ്റിംഗിൽ പങ്കെടുക്കേണ്ടിയും വന്നു. ഷിഫ്റ്റ് 16 മണിക്കൂറിലധികം നീണ്ടുനിന്നതിനാൽ എല്ലാവരും സമ്മർദ്ദത്തിൽ ആയിരുന്നു. എച്ച് ആറിനോട് ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കാം എന്നാണ് പറഞ്ഞത്. ഇതിനെല്ലാം പുറമെയാണ് ശമ്പളം കുറച്ചത്.
ജോലി രാജിവയ്ക്കാനാവില്ല, കാരണം കമ്പനിയുമായി ബോണ്ട് ഉണ്ട് എന്നും യുവാവ് പറയുന്നു. നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയത്. ആദ്യം മറ്റൊരു ജോലി കണ്ടെത്തുക, നല്ല ഒരു വക്കീലിനെ കണ്ട ശേഷം രാജി വയ്ക്കാനുള്ള കാര്യങ്ങൾ നോക്കുക എന്നാണ് പലരും ഉപദേശിച്ചത്.


