കൃത്രിമ മഴ ശാശ്വതപരിഹാരമോ?

By അരുണ്‍ അശോകന്‍First Published Mar 9, 2017, 9:05 AM IST
Highlights

കേരളത്തിന് പൊള്ളുന്നു. അത് പൊള്ളുന്ന യാഥാര്‍ത്ഥ്യമാണ്. ഈ യാഥാര്‍ത്ഥ്യത്തിന് മുന്നിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വളരെ ബോള്‍ഡായൊരു തീരുമാനം നിയമസഭയില്‍ പ്രഖ്യാപിച്ചത്. സംസ്ഥാനം അഭിമുഖീകരിക്കുന്ന  കനത്ത വേനലിനെ നേരിടാന്‍ വേണമെങ്കില്‍ ക്ലൗഡ് സീഡിംഗ് നടത്തും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യസ്ഥനായ ഭരണാധികാരി  കടമ നിറവേറ്റാന്‍ പ്രാപ്യമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുക തന്നെ വേണം. ആ അര്‍ത്ഥത്തില്‍ സംസ്ഥാനത്ത് ക്ലൗഡ് സീഡിംഗ് നടത്തുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ രണ്ട് കൈയും നീട്ടി സ്വീകരിക്കണം. 

രാജ്യത്ത് മഴപെയ്യിക്കാന്‍ വിഭാണ്ഡക പുത്രനായ ഋഷ്യശൃംഗനെ വരുത്താന്‍ വൈശാലിയെ അയച്ച ലോമപാദനെപ്പോലെ പ്രജാവത്സലനാണ് പിണറായിയെന്ന് കമ്മികള്‍ മാത്രമല്ല, 'സംസ്‌കാര സംരക്ഷകരായ' സംഘികളും പറയും. മുണ്ടുടുത്ത മോദിയെന്ന് സഖ്യകക്ഷികള്‍ തന്നെ പറയുന്ന പിണറായിയോട് പരസ്യമായി പ്രകടിപ്പിക്കാറില്ലെങ്കിലും ചില സംഘികള്‍ക്കെങ്കിലും ഉള്ളില്‍ അനുഭാവമുണ്ട്.  മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാത്തതില്‍ തുടങ്ങി, സ്യൂട്ട് പ്രേമത്തിലൂടെ മുന്നേറി , ദാ ഇപ്പോള്‍ സാമ്പത്തിക രംഗത്തെ രക്ഷിക്കാന്‍ അറ്റകൈ സര്‍ജറി നടത്തിയ മോദിയുടെ അതേ പാതയില്‍ പിണറായി വിജയനും ബോള്‍ഡ് ആന്റ പ്രാക്ടിക്കല്‍. 

കിണറുകള്‍ റീച്ചാര്‍ജ് ചെയ്യലെന്നാല്‍ എന്തെന്ന് ഭൂരിഭാഗം മലയാളികളും ചോദിച്ചെന്നിരിക്കും.

ചെയ്യേണ്ടതു ചെയ്‌തോ? 
അതൊക്കെ രാഷ്ട്രീയമാണ്. നമുക്ക് അതെല്ലാം വിടാം. രാഷ്ട്രീയം വേറെ മുന്നിലുള്ള വരള്‍ച്ചയെന്ന യാഥാര്‍ത്ഥ്യം വേറെ. വരള്‍ച്ചയൊരു പ്രകൃതി പ്രതിഭാസമാണ്. അതിനെ ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയില്ല (പ്രകൃതിയെ നിയന്ത്രിക്കാനും അമേരിക്കയുടെ കൈയില്‍ ആയുധങ്ങളുണ്ടെന്ന ചിലരുടെ വാദങ്ങള്‍  മറക്കുന്നില്ല). പക്ഷെ രാജ്യം കടുത്ത വരള്‍ച്ച നേരിടാന്‍ പോകുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇത്രയും സമയം കൊണ്ട് വരള്‍ച്ചയെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ എന്തൊക്കെയാണ്?. വേണ്ടത്ര മഴക്കുഴികള്‍ കുഴിക്കുകയും തടയണകള്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നോ?  എല്ലാ പഞ്ചായത്തുകളിലും ടാങ്കുകള്‍ സ്ഥാപിച്ച് വെള്ളം എത്തിക്കുമെന്ന് പറഞ്ഞ പദ്ധതി എന്തായി?  അത് പുരോഗമിക്കുകയാണത്രെ. അതൊന്നും വേണ്ട കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോശമല്ലാത്ത വേനല്‍ മഴ കിട്ടി.  ഈ മഴ കൊണ്ട് വറ്റിക്കിടക്കുന്ന  കിണറുകള്‍ റീച്ചാര്‍ജ് ചെയ്യാന്‍ എന്തെങ്കിലും നടപടി എടുക്കാന്‍ കഴിഞ്ഞോ?.

കിണറുകള്‍ റീച്ചാര്‍ജ് ചെയ്യലെന്നാല്‍ എന്തെന്ന് ഭൂരിഭാഗം മലയാളികളും ചോദിച്ചെന്നിരിക്കും. കാരണം വര്‍ഷത്തില്‍ എട്ട് മാസവും മഴകിട്ടുന്ന കേരളത്തില്‍ ഇങ്ങനെയൊരു റീച്ചാര്‍ജിംഗ് വേണമെന്ന് ജനങ്ങള്‍ക്ക് തോന്നിയിരുന്നില്ല. പക്ഷെ ഇന്ന് അനുഭവിക്കുന്ന അവസ്ഥയെ നേരിടാന്‍ ഇനി അതെല്ലാം ചെയ്യാന്‍ നാം മലയാളികള്‍ ബാധ്യസ്ഥരാണ്. വേനല്‍ മഴയായി കിട്ടുന്ന ഒരു തുള്ളി പോലും പാഴാക്കാതിരിക്കാന്‍ ജനങ്ങളെ ഉദ്ബുദ്ധരാക്കേണ്ട ബാധ്യത സര്‍ക്കാരിന് ഉണ്ടായിരുന്നു.

പുരപ്പുറത്ത് പെയ്യുന്ന മഴ കുഴലുകളിലൂടെ ശേഖരിച്ച് മണലും ചിരട്ടക്കരിയും ചരല്‍ക്കല്ലുകളും  കൊണ്ട് ശുദ്ധീകരിച്ച് എങ്ങനെ കിണര്‍ റീച്ചാര്‍ജ് ചെയ്യണം എന്ന് പറഞ്ഞിരുന്നെങ്കില്‍ കുറേപ്പേരെങ്കിലും അത് ചെയ്‌തേനെ.  ഇതിപ്പൊള്‍ വേനല്‍ മഴ പെയ്തപ്പോള്‍ മഴയുടെ കുളിര് ആസ്വദിച്ച് ഫേസ്ബുക്കില്‍ ഗൃഹാതുരത എഴുതി ജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ ഇരുന്നു. പെയ്ത മഴയില്‍ കുറച്ചൊക്കെ മണ്ണില്‍ താണു. ബാക്കിയൊക്കെ ഒടയും തോടും  കടന്ന് കടലിലും എത്തി. ഇനി നമുക്ക് പഴയ പല്ലവി ആവര്‍ത്തിക്കാം.  കുടിക്കാന്‍ പോലും വെള്ളമില്ല.       

ഇത്തരം ഒരു അവസ്ഥയ്ക്ക് സര്‍ക്കാരിനെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ജലഉപഭോഗത്തിന്‌റെ കാര്യത്തില്‍ ജനങ്ങളും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പണ്ട് കുരുമുളക് വള്ളി തേടിവന്ന വെള്ളക്കാരോട്  'തിരുവാതിര ഞാറ്റുവേലകള്‍ കടല്‍ കടത്താന്‍ ആകില്ലല്ലോ  സായിപ്പേ'യെന്ന് സാമൂതിരി പറഞ്ഞതായി ഒരു കഥയുണ്ട്. അത് സാമൂതിരിയുടെ കാലം. ഇന്ന് തലയുള്ള പിള്ളേരെക്കൊണ്ട് പണിയെടുപ്പിച്ച് ഞാറ്റുവേലയല്ല, വേമ്പനാടു കായല്‍ വേണമെങ്കിലും സായിപ്പ് അടിച്ചുമാറ്റും.  

അന്ന് അമേരിക്ക ഉപയോഗിച്ചതു പിണറായി ഇപ്പോള്‍ ആശ്രയിക്കുമെന്ന് പറയുന്ന അതേ ക്ലൗഡ് സീഡിംഗാണ്

വിയറ്റ്‌നാമില്‍ അമേരിക്ക ഉപയോഗിച്ചത്
ഇനി കേരളത്തില്‍

ജിയോ എഞ്ചിനീയറിംഗിലൂടെ വിയറ്റ്‌നാം യുദ്ധത്തിന്റെ ഗതിതിരിക്കാന്‍ അമേരിക്ക ശ്രമിച്ചിട്ടുണ്ടെന്നത് ചരിത്രം. ഓപ്പറേഷന്‍ പോപ്പോയ് എന്ന പേരില്‍ 1967 - 72 കാലത്ത് അമേരിക്ക കാലാവസ്ഥായുദ്ധം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മഴയുടെ അളവ് കൂട്ടാന്‍ അന്ന് അമേരിക്ക ഉപയോഗിച്ചതും പിണറായി ഇപ്പോള്‍ ആശ്രയിക്കുമെന്ന് പറയുന്ന അതേ ക്ലൗഡ് സീഡിംഗാണ്.  പക്ഷെ സില്‍വര്‍ ആയഡൈഡ്, ഡ്രൈ ഐസ് തുടങ്ങിയ രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള കൃത്രിമ മഴപെയ്യിക്കല്‍ എത്രത്തോളം പ്രായോഗികമാണെന്നോ, അതിന്റെ പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയാണോന്നോ ഇന്നും ശാസ്ത്രലോകത്തിന് കൃത്യമായ ധാരണകളില്ല. 

രാസവസ്തു പ്രയോഗത്തിലൂടെ മഴയുടെ അളവ് കൂട്ടാന്‍ കഴിയുമോയെന്ന ചോദ്യത്തിന് പല കാലങ്ങളില്‍ നടന്ന പഠനങ്ങള്‍ പല ഉത്തരങ്ങളാണ് നല്‍കുന്നത്. ക്ലൗഡ് സീഡിംഗിന്റെ ഫലമായി ആകെ ലഭിക്കേണ്ട മഴയുടെ അളവ് കുറഞ്ഞിട്ടുണ്ടെന്ന് ചില പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റ് ചിലത് മഴയുടെ അളവ് കൂടിയെന്ന് പറഞ്ഞു. ഒരു ഭാഗത്ത് മഴ കൂടിയപ്പോള്‍ മറ്റൊരു ഭാഗത്ത് മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതായി മറ്റ് ചില പഠനങ്ങള്‍ പറഞ്ഞു.  കൂടുതല്‍ യാഥാര്‍ത്ഥ്യബോധമുള്ളൊരു കണ്ടെത്തലാണ് അവസാനത്തേത്. 

എവിടെയോ ലഭിക്കേണ്ട മഴ അടിച്ചുമാറ്റുന്നുവെന്ന് മലയാളം.

നഷ്ടമാവുന്ന മഴ 
കാരണം ആകാശത്ത് നില്‍ക്കുന്ന മേഘങ്ങളെ രാസപ്രയോഗത്തിലൂടെ പെയ്യിക്കുന്ന പ്രക്രിയയാണ് ക്ലൗഡ് സീഡിംഗ്.  അതില്‍  മഴമേഘങ്ങളെ കൃത്രിമമായി നിര്‍മ്മിക്കുന്നില്ല. പ്രകൃതി നിശ്ചയിക്കുന്ന സ്ഥലത്ത് പ്രകൃതിക്ക് ഇഷ്ടമുള്ള നേരത്ത് പെയ്യിക്കാനായി കാത്തുവച്ചിരിക്കുന്ന മേഘങ്ങളെ മനുഷ്യന്‍ നിര്‍ബന്ധിച്ച് പെയ്യിക്കുന്നു. എവിടെയോ ലഭിക്കേണ്ട മഴ അടിച്ചുമാറ്റുന്നുവെന്ന് മലയാളം.  അങ്ങനെയാണെങ്കില്‍ 11 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ മുടക്കി യുഎഇ നടത്തുന്ന ക്ലൗഡ് സീഡിംഗ് പദ്ധതിയില്‍ ഇന്ത്യയും ആശങ്കപ്പെടേണ്ടതുണ്ട്. പിന്നീടെപ്പോയോ കേരളത്തിലോ, ഇന്ത്യയിലെ മറ്റെവിടെയെങ്കിലുമോ പെയ്യാനെത്തേണ്ട മേഘങ്ങളെയാകില്ലേ അവര്‍ നിര്‍ബന്ധിച്ച് മരുഭൂമിയില്‍ പെയ്യിക്കുന്നത്?

നഷ്ടപ്പെടാന്‍ ഒരുപാട് മഴയുള്ള  നമ്മള്‍ മലയാളികള്‍ അറബിനാടിനോടുള്ള അഗാധമായ ആത്മബന്ധം കാരണം കണ്ണടയ്ക്കുകയേ തത്കാലം വഴിയുള്ളൂ. സൈനിക ഉദ്ദേശ്യത്തോടെയുള്ള ജിയോ എഞ്ചിനീയറിംഗിനെ നിയന്ത്രിക്കാന്‍ മാത്രമെ നിലവില്‍ അന്താരാഷ്ട്ര ധാരണകള്‍ ഉള്ളൂ. ഭാവിയില്‍ സിന്ധുവിന്റെ  കാര്യത്തില്‍ ഇന്ത്യയും പാകിസ്ഥാനും, മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേരളവും തമിഴ്‌നാടും ഒക്കെ നടത്തുന്നതുപോലുള്ള നിയമപോരാട്ടങ്ങള്‍ കരിമേഘങ്ങളുടെ കാര്യത്തിലും കാണേണ്ടിവരും. ഭൂമിയിലുള്ളതിന് പുറമെ മാനത്തുള്ള വെള്ളത്തിനും ഭരണകൂടങ്ങള്‍ അവകാശവാദം ഉന്നയിക്കാന്‍ പോകുന്ന കാലത്ത് നമുക്ക് ചെയ്യാന്‍ ഒരുപാടുണ്ട്.

വിമാനമെത്തിച്ചായാലും, ജിയോ എഞ്ചിനീയറിംഗ് നടത്തിയായാലും വെള്ളമെത്തിക്കുമെന്ന് പറഞ്ഞ ഭരണാധികാരിയുടെ ഉദ്ദേശശുദ്ധിയെ ആരും സംശയിക്കേണ്ടതില്ല. പക്ഷെ അതിലെ പ്രായോഗികത ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ചൈനയും അമേരിക്കയും യുഎഇയും തമിഴ്‌നാടും വരെ പരീക്ഷിച്ചതാണെങ്കിലും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത,  പ്രകൃതിയുടെ സ്വാഭാവിക പ്രവര്‍ത്തനങ്ങളില്‍ കൈകടത്തുന്ന ക്ലൗഡ് സീഡിംഗ് അല്ല നമ്മുടെ പ്രശ്‌നത്തിനുള്ള ശാശ്വതപരിഹാരം. 

ജിയോ എഞ്ചിനീയറിംഗ് എന്ന കുടത്തിലെ ഭൂതത്തെയല്ല നമ്മള്‍ തുറന്ന് വിടേണ്ടത്.  

ഹിവാരേ ബസാറും റാലേഗന്‍ സിദ്ധിയും
ക്ലൗഡ് സീഡിംഗിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിച്ച് പഠനങ്ങള്‍ വേണമെന്നത് മറ്റൊരു കാര്യം.  വര്‍ഷത്തില്‍ 100mm മഴ മാത്രം പെയ്യുന്ന യുഎഇ പോലെയല്ല കേരളം. നമുക്ക് വേണ്ടതിലധികം മഴ ഇവിടെ പെയ്തിറങ്ങുന്നുണ്ട്.  പ്രത്യേക ഭൂപ്രകൃതി കാരണം ഇതില്‍ നല്ല പങ്ക് വെള്ളവും കടലിലേക്ക് ഒഴുകിപ്പോകുന്നു. ഇതിന് അനുവദിക്കാതെ വെള്ളം മണ്ണില്‍ താഴാന്‍ അനുവദിക്കുകയും വേനലിന് വേണ്ടി ശേഖരിച്ച് വയ്ക്കുകയും വേണമെന്നേയുള്ളൂ. ഈ വര്‍ഷം അറ്റകൈക്ക് വിമാനത്തെ ആശ്രയിച്ചാലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ നമ്മള്‍ നോക്കേണ്ടത് മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ ഹിവാരേ ബസാറിലേക്കും അണ്ണാഹസാരേയുടെ റാലേഗന്‍ സിദ്ധിയിലേക്കുമാണ്. 

1980 കളില്‍ രൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് കര്‍ഷകര്‍ ഉപേക്ഷിച്ച് പോയ ഹിവാരേ ബസാര്‍ 2007ല്‍ ദേശീയ ജലപുരസ്‌കാരം സ്വന്തമാക്കി. 1990 കളില്‍ പൊപ്പട്‌റാവു പവാര്‍ എന്ന ഗ്രാമമുഖ്യന്റെ കീഴില്‍ സംഘടിച്ച ജനങ്ങളാണ് ഹിവാരേ ബസാറില്‍ ഹരിതാഭ തിരികെ കൊണ്ടുവന്നത്.  ഈ ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ അനുഭവിച്ചത്രയും രൂക്ഷമല്ല കേരളത്തിലെ പ്രശ്‌നങ്ങള്‍. പക്ഷെ അത് എന്നും അങ്ങനെയായിരിക്കില്ല. 

അനുവദിക്കുന്ന ഫണ്ടിന് കൃത്യമായി മഴക്കുഴി വെട്ടുകയോ കുളങ്ങള്‍ വൃത്തിയാക്കുകയോ ജലസ്രോതസുകള്‍ പരിപാലിക്കുകയോ  ചെയ്യാത്ത നാട്ടില്‍ വിമാനത്തില്‍ അല്ല റോക്കറ്റില്‍ നിന്ന് സില്‍വര്‍ അയഡൈഡ് തളിച്ചാലും രക്ഷകിട്ടില്ല. ജിയോ എഞ്ചിനീയറിംഗ് എന്ന കുടത്തിലെ ഭൂതത്തെയല്ല നമ്മള്‍ തുറന്ന് വിടേണ്ടത്.  ആകാശത്ത് സ്വപ്നങ്ങള്‍ കാണാതെ നമുക്ക് ഭൂമിയില്‍ മഴക്കുഴികള്‍ എടുക്കാം . ഓരോ തുള്ളി ജലവും സംരക്ഷിക്കാം.  വേനലില്‍ അനുഭവിക്കുന്ന ദുരിതം മഴക്കാലത്ത് മറക്കുന്നത് ആവര്‍ത്തിക്കാതിരിക്കാം. 

click me!