അഫ്ഗാനിസ്ഥാനിലെ 'വിധവകളുടെ ഗ്രാമം'; വന്‍തോതില്‍ വര്‍ധിച്ച് കറുപ്പ് വ്യാപാരം

By Web TeamFirst Published Jan 1, 2021, 12:19 PM IST
Highlights

അടുത്ത കാലം വരെ ഈ ഗ്രാമത്തിൽ 80 വിധവകളും അവരുടെ കുടുംബങ്ങളുമുണ്ടായിരുന്നുവെന്ന് ജില്ലാ കൗൺസിലിന്റെ വികസന ഡയറക്ടർ മുഹമ്മദ് സമൻ ഷാക്കിബ് പറഞ്ഞു.

പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ തരിശായി കിടക്കുന്ന സമതലങ്ങൾക്കപ്പുറത്താണ് ഖല-ഇ-ബിവാഹ എന്നറിയപ്പെടുന്ന "വിധവകളുടെ ഗ്രാമം" സ്ഥിതിചെയ്യുന്നത്. പേര് സൂചിപ്പിക്കും പോലെ തന്നെ ഗ്രാമത്തിലെ ഭൂരിഭാഗം പുരുഷന്മാരും മരണപ്പെട്ടു. യുദ്ധമോ, പ്രകൃതി ദുരന്തമോ ഒന്നുമല്ല അവരുടെ ജീവൻ എടുത്തത്, മറിച്ച് അയൽരാജ്യമായ ഇറാനിലേക്ക് കറുപ്പ് കടത്താൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടവരാണ് അവരിൽ അധികവും. ഒരു കുടുംബത്തിന്റെ ഭാരം മുഴുവൻ സ്വന്തം ചുമലിൽ താങ്ങാൻ വിധിക്കപ്പെട്ട ആ വിധവകൾ, ഇപ്പോൾ ജീവൻ നിലനിർത്താൻ പാടുപെടുകയാണ്. അവരിൽ ചിലർ നിവർത്തിയില്ലാതെ മയക്കുമരുന്ന് കടത്ത് തുടരുകയും, മരണപ്പെടുകയും ചെയ്യുന്നു.

"ഈ പ്രദേശം വളരെ ദരിദ്രമാണ്. ഇവിടെ ജോലി അന്വേഷിക്കുന്ന പുരുഷന്മാർക്ക് രണ്ട് മാർഗ്ഗങ്ങളെ മുന്നിലുള്ളൂ. ഒന്നുങ്കിൽ മയക്കുമരുന്ന് കടത്തുക അല്ലെങ്കിൽ താലിബാനിൽ ചേരുക” ജില്ലാ ഗവർണർ മുഹമ്മദ് അലി ഫഖിരിയാർ പറഞ്ഞു. ഓപിയം, ഹെറോയിൻ, മെത്താംഫെറ്റാമൈനുകൾ തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ ഇറാനിലേക്ക് കടത്താൻ സമ്മതിക്കുന്നവർക്ക് ഒരു യാത്രയ്ക്ക് 300 ഡോളറോ അതിലധികമോ ലഭിക്കും. നിത്യവൃത്തി കഴിക്കാൻ പാടുപെടുന്ന ഒരു പാവപ്പെട്ട ഗ്രാമത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു ലോട്ടറിയാണ്. എന്നാൽ, അവർ ഏത് നിമിഷവും പിടിക്കപ്പെടാം, കോടതികളിൽ അറസ്റ്റ്, പ്രോസിക്യൂഷൻ, വധശിക്ഷ എന്നിവയ്ക്ക് വിധേയരാകാം, അതുമല്ലെങ്കിൽ ഇറാനിയൻ അതിർത്തി കാവൽക്കാർ വെടിവച്ചിടാം. ഇതെല്ലാം അറിഞ്ഞിട്ടും, അവർ തങ്ങളുടെ ജീവനും, ജീവിതവും പണയം വച്ച് ഇതിന് ഇറങ്ങി തിരിക്കുന്നു, മറ്റൊന്നിനുമല്ല, കുടുംബം പട്ടിണിയാകാതിരിക്കാൻ.     

2018 -ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ കറുപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ. രാജ്യത്തെ ഏറ്റവും ലാഭകരമായ നാണ്യവിളയാണ് പോപ്പി. ഈ ലാഭം താലിബാന്റെ സാമ്പത്തിക ശൃംഖലയ്ക്ക് ഇന്ധനം നൽകുന്നു. എന്നാൽ, ഈ വ്യാപാരം തടയാൻ അഫ്ഗാൻ ഉദ്യോഗസ്ഥർക്ക് ശക്തിയില്ലെന്ന് വേണം കരുതാൻ. ഇതിനെ തടയുന്നതിന് പകരം, പല ഉദ്യോഗസ്ഥരും കടത്തലിന് സൗകര്യമൊരുക്കുന്നതിലൂടെ സമ്പന്നരാവുകയാണ് ചെയ്യുന്നത്. കന്നുകാലികളെ വളർത്തുന്നതിനും, ഗോതമ്പ്, അരി, പയർ എന്നിവ കൃഷി ചെയ്യുന്നതിനും ആളുകളെ സഹായിക്കാൻ പദ്ധതികൾ കൊണ്ടുവരാൻ ശ്രമിച്ച് താൻ പരാജയപ്പെട്ടുവെന്നും ഫഖിരിയാർ പറഞ്ഞു. “ഞങ്ങൾക്ക് കേന്ദ്ര സർക്കാരിൽ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ല. ആളുകൾ പട്ടിണിയിലാണെങ്കിലും, അതാരും ശ്രദ്ധിക്കുന്നില്ല” അദ്ദേഹം പറഞ്ഞു.

കമ്പിളി വ്യാപാരത്തിൽ നിന്നുള്ള വരുമാനവും, ബന്ധുക്കളിൽ നിന്നും, സഹായ ഗ്രൂപ്പുകളിൽ നിന്നുമുള്ള സംഭാവനകളും മാത്രമാണ് ഇവിടെയുള്ള വിധവകളുടെ ഏക ആശ്രയം. ചില കുട്ടികൾ അടുത്തുള്ള മദ്രസയിൽ പഠിക്കുന്നുണ്ട്. ആകെ ലഭിക്കുന്ന വിദ്യാഭ്യാസം അതാണ്. ഇഷ്ടികകൊണ്ട് നിർമ്മിച്ച കുടിലുകളിൽ താമസിക്കുന്ന വിധവകൾക്ക് വൈദ്യുതിയോ, വെള്ളമോ ഒന്നുമില്ല. അവർ ശേഖരിക്കുന്ന ഉണങ്ങിയ വിറകോ, ചുള്ളിക്കമ്പോ മാത്രമാണ് രാത്രിയിൽ തണുപ്പിനെ അകറ്റാനുള്ള ഏക വഴി. ചിലർക്ക് ചെറിയ സോളാർ പാനലുകൾ വഴി രാത്രിയിൽ ഒരു വിളക്ക് കത്തിക്കാനുള്ള ഊർജ്ജം ലഭിക്കുന്നു. അതുപോലും അവിടെ ഒരു ആഡംബരമാണ്. സ്ഥിതി വളരെ മോശമായതിനാൽ പല സ്ത്രീകളും ബന്ധുക്കളുടെ വീടുകളിലേയ്‌ക്കോ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ നടത്തുന്ന ക്യാമ്പുകളിലേയ്‌ക്കോ മാറുന്നു.  

അടുത്ത കാലം വരെ ഈ ഗ്രാമത്തിൽ 80 വിധവകളും അവരുടെ കുടുംബങ്ങളുമുണ്ടായിരുന്നുവെന്ന് ജില്ലാ കൗൺസിലിന്റെ വികസന ഡയറക്ടർ മുഹമ്മദ് സമൻ ഷാക്കിബ് പറഞ്ഞു. ഇന്ന് അത് വെറും 30 പേരായി ചുരുങ്ങിയിരിക്കുന്നു. “തണുപ്പും വിശപ്പും അവരെ ഇവിടെ നിന്ന് ഓടിക്കുന്നു” ഷാകിബ് പറഞ്ഞു. 2002 നും 2017 നും ഇടയിൽ അഫ്ഗാനിസ്ഥാനിലെ മയക്കുമരുന്ന് ഉൽപാദനത്തെയും കടത്തലിനെയും നേരിടാൻ അമേരിക്ക 8.62 ബില്യൺ ഡോളർ ചെലവഴിച്ചുവെന്ന് അടുത്തിടെ പുറത്തിറങ്ങിയ ഒരു സർക്കാർ റിപ്പോർട്ടിൽ പറയുന്നു. എന്നിരുന്നാലും, അതെല്ലാം പരാജയപ്പെടുകയായിരുന്നു. ഓപിയം ഉത്പാദനം 2002 -ൽ 3,400 മെട്രിക് ടണ്ണായിരുന്നത് 2017 ആയപ്പോഴേക്കും 9,000 മെട്രിക് ടണ്ണായി ഉയരുകയായിരുന്നു.  

click me!