സൂപ്പർ മോഡലുകളും ലോക പ്രശസ്ത ഡിസൈനർമാരും അണിനിരക്കുന്ന പാരീസ് ഫാഷൻ വീക്കിന്റെ റാമ്പിൽ, ആയിരക്കണക്കിന് ക്യാമറക്കണ്ണുകൾക്ക് മുന്നിൽ പത്തു വയസ്സുകാരനായ ഒരു കൊച്ചു പയ്യൻ തലയുയർത്തി നിന്നു. അവനെ അത്ഭുതത്തോടെ നോക്കി നിന്ന ഫാഷൻ ലോകത്തോട് അവൻ പറഞ്ഞു, 'പ്രായം വെറുമൊരു അക്കം മാത്രമാണ്'. Meet Max Alexander, the world’s youngest runway designer..

പാരീസ്: ലോക ഫാഷന്റെ ആസ്ഥാനമായ പാരീസിലെ ചരിത്രപ്രസിദ്ധമായ പാലൈസ് ഗാർനിയർ ഒപ്പേറ ഹൗസിൽ ഇത്തവണ ചരിത്രം വഴിമാറി. സൂപ്പർ മോഡലുകളും ലോകപ്രശസ്ത ഡിസൈനർമാരും അണിനിരക്കുന്ന പാരീസ് ഫാഷൻ വീക്കിന്റെ റാമ്പിലേക്ക് പത്തു വയസ്സുകാരനായ മാക്സ് അലക്സാണ്ടർ തന്റെ സ്വന്തം ബ്രാൻഡായ 'couture to the max' ഡിസൈനുകളുമായി നടന്നു കയറി. എട്ടാം വയസ്സിൽ ന്യൂയോർക്ക് ഫാഷൻ വീക്കിൽ അരങ്ങേറ്റം കുറിച്ച മാക്സ്, ഇപ്പോൾ പാരീസിന്റെ മണ്ണിലും തന്റെ വിജയക്കൊടി പാറിച്ചിരിക്കുകയാണ്. തന്റെ ഏഴാം വയസ്സിൽ തന്നെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ റൺവേ ഡിസൈനർ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ മാക്സ് വിജയപരമ്പര തുടരുന്നു...

സൂപ്പർ താരങ്ങളുടെ പ്രിയപ്പെട്ട ഡിസൈനർ

കേവലം ഒരു ബാലപ്രതിഭ എന്നതിലുപരി ഹോളിവുഡ് താരങ്ങളായ ഷാരോൺ സ്റ്റോൺ, ഡെബ്ര മെസ്സിംഗ് എന്നിവരുടെ പ്രിയപ്പെട്ട ഡിസൈനർ കൂടിയാണ് മാക്സ്. കരിയറിൽ ഇതുവരെ 150-ലധികം വൈവിധ്യമാർന്ന വസ്ത്രങ്ങൾ മാക്സ് രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഡ്രസ്സുകൾ, ജാക്കറ്റുകൾ, കിമോണോകൾ, ബാഗുകൾ തുടങ്ങി എന്തിലും മാക്സിന്റെ കൈകൾ മാന്ത്രികത തീർക്കുന്നു.

ഇന്ത്യൻ സാരിയും സസ്റ്റൈനബിൾ ഫാഷനും

ഇത്തവണ പാരീസ് ഫാഷൻ വീക്കിൽ മാക്സ് അവതരിപ്പിച്ച 15 വസ്ത്രങ്ങളിൽ 90 ശതമാനവും പരിസ്ഥിതി സൗഹൃദമായ വസ്തുക്കൾ കൊണ്ടാണ് നിർമ്മിച്ചിരുന്നത്. ഇതിൽ ഇന്ത്യൻ ആരാധകരെ ആവേശത്തിലാക്കിയത് മാക്സ് ഡിസൈൻ ചെയ്ത ഒരു ഫ്ലോറൽ സ്ലീവ്‌ലെസ് വസ്ത്രമാണ്. ഇന്ത്യയിൽ നിന്നുള്ള വിന്റേജ് സാരി ഉപയോഗിച്ചാണ് മാക്സ് ഇത് തയ്യാറാക്കിയത്. കോഫി ബീൻ ചാക്കുകൾ ഉപയോഗിച്ച് വസ്ത്രങ്ങൾ നിർമ്മിച്ചും, മഞ്ഞളും ബീറ്റ്‌റൂട്ടും ഉപയോഗിച്ച് സ്വാഭാവിക നിറങ്ങൾ നൽകിയും മാക്സ് ഫാഷൻ ലോകത്തെ അത്ഭുതപ്പെടുത്തി.

വേറിട്ട ശൈലി; സ്കെച്ചിംഗ് അല്ല ഡ്രേപ്പിംഗ്

മിക്ക ഡിസൈനർമാരും ആദ്യം സ്കെച്ചുകൾ തയ്യാറാക്കുമ്പോൾ മാക്സ് നേരിട്ട് വസ്ത്രം രൂപകൽപ്പന ചെയ്യുകയാണ് ചെയ്യുന്നത്. തുണികൾ Mannequin-ൽ നേരിട്ട് ചുറ്റിയെടുക്കുന്ന ഡ്രേപ്പിംഗ് രീതിയാണ് മാക്സിന്റേത്. മൂന്ന് വയസ്സുള്ളപ്പോൾ തന്നെ താനൊരു ഡിസൈനറാണെന്ന് പ്രഖ്യാപിച്ച മാക്സിന്റെ ആദ്യത്തെ മോഡൽ സ്വന്തം സഹോദരി സാമന്തയായിരുന്നു.

View post on Instagram

ലോകപ്രശസ്തനായ ഡിസൈനറാണെങ്കിലും വീട്ടിൽ മാക്സ് വെറുമൊരു സാധാരണ പത്തുവയസ്സുകാരനാണ്. ടെന്നീസ് കളിക്കാനും പാചകം ചെയ്യാനും മാക്സിന് ഏറെ ഇഷ്ടമാണ്. തന്റെ കൂട്ടുകാരെ കുറിച്ചോ, സ്പോർട്സ് വിശേഷങ്ങളോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാതെ മാക്സിന്റെ സ്വകാര്യത സംരക്ഷിക്കാൻ മാതാപിതാക്കളും ഏറെ ശ്രദ്ധിക്കുന്നു.