
പലതരത്തിലുള്ള ഗ്രാമങ്ങളും നമുക്ക് പരിചയമുണ്ട്. ഒരുപാട് ഇരട്ടകളുള്ള ഗ്രാമം, ആരും ചെരുപ്പിടാത്ത ഗ്രാമം, പെണ്‍കുട്ടികളുടെ ജനനം ആഘോഷിക്കുന്ന ഗ്രാമം... ഇത് ഇന്ത്യയിലെ തന്നെ ഗ്രാമങ്ങളാണ്. കന്യാകുമാരിയിലുമുണ്ട് ഇങ്ങനെ വ്യത്യസ്തമായൊരു ഗ്രാമം. മടാത്താട്ടുവിളൈ എന്നാണ് ഗ്രാമത്തിന്‍റെ പേര്.
ഇവിടെ ഓരോ വീട്ടിലും ഒരാളെങ്കിലും തങ്ങളുടെ കണ്ണുകള്‍ കാഴ്ചയില്ലാത്ത ആര്‍ക്കെങ്കിലും ദാനം ചെയ്യുന്നു. ഗ്രാമത്തില്‍ 229 പേര്‍ കഴിഞ്ഞ് പത്തുവര്‍ഷത്തിനുള്ളില്‍ കണ്ണുകള്‍ ദാനം ചെയ്തു കഴിഞ്ഞു.
ഗ്രാമത്തിലെ ആരെങ്കിലും മരിച്ചുകഴിഞ്ഞാലുടന്‍ വീട്ടുകാര്‍ അവിടെയുള്ള പള്ളിയിലെ വൈദികനെ വിവരം അറിയിക്കും. പള്ളിയിലെ ചെറുപ്പക്കാര്‍ ഉടന്‍ തന്നെ മരണം നടന്ന വീട്ടിലെത്തുകയും കണ്ണുകള്‍ ദാനം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. തിരുനെല്‍വേലിയിലെ മെഡിക്കല്‍ ടീം എത്തിയാണ് കണ്ണുദാനത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.
ആദ്യമൊന്നും ഗ്രാമവാസികള്‍ ഇതിനെക്കുറിച്ച് ബോധവാന്മാരായിരുന്നില്ല. ''ഗ്രാമത്തിലെ മുതിര്‍ന്നവരൊന്നും ആദ്യം കണ്ണുകള്‍ ദാനം ചെയ്യാന്‍ സമ്മതിച്ചിരുന്നില്ല. കാരണം, കണ്ണുകളെടുത്തുകഴിഞ്ഞാല്‍ മരിച്ച ശേഷം ദൈവത്തിനെ കാണാനാകില്ലെന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്.'' പള്ളിയിലെ യൂത്ത് ഗ്രൂപ്പ് പ്രസിഡന്‍റ് അരുണോ സേവ്യര്‍ പറയുന്നു.
2004 -ല്‍ പള്ളിയിലെ യൂത്ത് ഗ്രൂപ്പ്, ജനങ്ങള്‍ക്കിടയില്‍ കണ്ണ് ദാനം ചെയ്യുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തി. സെന്‍റ്.സെബാസ്റ്റ്യന്‍സ് ചര്‍ച്ചിലെ വൈദികന്‍ ഇതിനെ പിന്തുണച്ചു.
ബോധവല്‍ക്കരണം വെറുതെയായില്ല. മൂന്നു വര്‍ഷത്തിനു ശേഷം 2007- ല്‍ ആദ്യമായി ഗ്രാമത്തിലൊരാളുടെ കണ്ണുകള്‍ ദാനം ചെയ്തു. ആ വര്‍ഷം അവസാനമായപ്പോഴേക്കും 1500 പേര്‍, അതില്‍ കൂടുതലും യുവാക്കളായിരുന്നു, കണ്ണ് ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രത്തില്‍ ഒപ്പ് വച്ചു കഴിഞ്ഞിരുന്നു.
ആദ്യത്തെ നേത്രദാനം കഴിഞ്ഞതിനു പിന്നാലെ എട്ടുപേരുടെ കണ്ണുകള്‍ കൂടി ദാനം ചെയ്തു. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നാലെ, ഓരോ വീട്ടിലെയും ഒരാളെങ്കിലും കണ്ണ് ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചു.
2015 ല്‍, 14 വയസുള്ള ഒരു കുട്ടി മുതല്‍, 2017 ല്‍ 97 വയസ്സുള്ള ഒരാളുടെ വരെ കണ്ണുകള്‍ ദാനം ചെയ്തു കഴിഞ്ഞു. അങ്ങനെ ഒരു ഗ്രാമമൊന്നാകെ കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ചയായി മാറുകയാണ്.