
'ചിരിയും കരച്ചിലും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണ്', പറയുന്നത് ഇന്ത്യയിലെ ആദ്യത്തെ കരച്ചില്‍ ക്ലബ്ബ് ഉണ്ടാക്കിയ കംലേഷ് ആണ്. 'ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സി'ലും ഇടം നേടിക്കഴിഞ്ഞു ഈ ക്ലബ്ബ്.
ആദ്യം എല്ലാ മനുഷ്യരേയും ചിരിപ്പിക്കുന്നൊരു ക്ലബ്ബായിരുന്നു കംലേഷിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. പക്ഷെ, അവിടെ എന്തോ ഒന്ന് മിസ്സിങ് ആണെന്ന് വളരെ എളുപ്പത്തില്‍ കംലേഷിന് മനസിലായി. നാണയത്തിന്‍റെ രണ്ട് വശങ്ങളാണ് ചിരിയും കരച്ചിലും അതിനാല്‍ മനുഷ്യനായാല്‍ ചിരി മാത്രം പോരാ കരയേണ്ടതും ഉണ്ടെന്ന് അങ്ങനെയാണ് അദ്ദേഹത്തിന് തോന്നുന്നത്. അങ്ങനെ ചിരി തെറാപ്പി, രണ്ട് വര്‍ഷം പിന്നിട്ടപ്പോഴാണ് സൂറത്തില്‍ കരച്ചില്‍ ക്ലബ്ബ് പ്രവര്‍ത്തനം തുടങ്ങുന്നത്.
ക്ലബ്ബിലെത്തുന്നവര്‍ക്ക് അവരവരുടെ വേദനകള്‍ പങ്കു വെക്കാം, പിന്നീട് ആവോളം കരയാം. 'ടിയേഴ്സ് ടു ചിയേഴ്സ്' (tears to cheers) എന്നതാണ് ക്ലബ്ബിന്‍റെ മോട്ടോ. എല്ലാ മാസത്തിലെയും അവസാനത്തെ ഞായറാഴ്ച രാവിലെ എട്ട് മുതല്‍ 10 വരെയാണ് കരച്ചില്‍ ക്ലബ്ബിന്‍റെ പ്രവര്‍ത്തനം. ആര്‍ക്കു വേണമെങ്കിലും ഇതില്‍ പങ്കെടുക്കാം.
എല്ലാ തടസ്സങ്ങളെയും ആശങ്കകളെയും മറി കടന്ന് കരഞ്ഞ് അതിനെ ഒഴുക്കിക്കളയാനാണ് ക്ലബ്ബ് നിര്‍ദ്ദേശിക്കുന്നത്. ''കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ നമ്മള്‍ കരയും. പക്ഷെ, വളരുന്തോറും കരയുന്നതെന്തോ മോശം കാര്യമാണെന്ന തോന്നലുണ്ടാകും. ദുര്‍ബലരാണ് കരയുന്നത് എന്ന് തോന്നും. അതുപക്ഷെ, അങ്ങനെയല്ല. എല്ലാ വികരങ്ങളെയും പ്രകടപ്പിക്കുമ്പോഴേ നമ്മള്‍ കൂടുതല്‍ ഫ്രീയാകൂ.'' കംലേഷ് പറയുന്നു.
2017 -ല്‍ ചില സൈക്കോളജിസ്റ്റുകളുടെ കൂടി സഹകരണത്തോടെയാണ് കരച്ചില്‍ ക്ലബ്ബ് പ്രവര്‍ത്തനമാരംഭിക്കുന്നത്. '' നഗരത്തിലെ സൈക്കോളജിസ്റ്റുകളുമായി ഞാന്‍ കരച്ചില്‍ തെറാപ്പിയുടെ സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്തു. പിന്നീട് നടന്ന പഠനങ്ങള്‍ കരച്ചില്‍ തെറാപ്പി കൊണ്ടുള്ള നേട്ടങ്ങളെന്തൊക്കെയാണ് എന്ന് തിരിച്ചറിയാന്‍ എന്നെ സഹായിച്ചു. സൈക്കോളജിക്കല്‍ പ്രശ്നങ്ങളുള്ളവര്‍ക്ക് മെഡിറ്റേഷന്‍ ചെയ്യുന്നതിന്‍റെ പകുതിയോളം ഗുണങ്ങള്‍ കരച്ചില്‍ തെറാപ്പിയില്‍ നിന്നു കിട്ടും. '' - കംലേഷ് പറയുന്നു.
ഇരുപതിനും എണ്‍പതിനും ഇടയില്‍ പ്രായമുള്ളവര്‍ ക്ലബ്ബ് സന്ദര്‍ശിക്കുന്നു. അംഗങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവ് കാരണം ചിരി തെറാപ്പിയും കരച്ചില്‍ തെറാപ്പിയും കൂടുതല്‍ വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട് എന്നും കംലേഷ്. 'ഭൂരിഭാഗം പേരും കരയുന്നതോടു കൂടി ഉള്ളിലെ ഭാരം കഴുകിക്കളയുന്നു. ഈ സ്ഥലത്ത് സന്തോഷം നിറക്കുകയാണ് പിന്നീട് ഞങ്ങള്‍ ചെയ്യുന്നതെ'ന്നും കംലേഷ് പറയുന്നുണ്ട്.