രണ്ട് ഡോക്ടർമാർ തമ്മിലുള്ള വിവാഹാലോചന, യുവതി തന്റെ കരിയറുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ തുറന്നുപറഞ്ഞതോടെ മുടങ്ങി. കുടുംബത്തിന് പ്രാധാന്യം നൽകുന്ന ഒരു മരുമകളെയാണ് വേണ്ടതെന്ന് പറഞ്ഞാണത്രെ കുടുംബം ആലോചനയില്‍ നിന്നും പിന്മാറിയത്.
രണ്ട് ഡോക്ടർമാർ തമ്മിലുള്ള വിവാഹാലോചന പെൺകുട്ടിയുടെ കരിയറുമായി ബന്ധപ്പെട്ട് തകർന്നതിന്റെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്. സ്ത്രീകളോട് ഇന്നും തുടരുന്ന വിവേചനത്തിന്റെ തെളിവാണ് ഈ അനുഭവം. 27 വയസ്സുള്ള ഡോക്ടറായ യുവതി തന്റെ ഭാവി കരിയർ പ്ലാനുകൾ തുറന്നു പറഞ്ഞതാണ് വരന്റെ വീട്ടുകാരെ ചൊടിപ്പിച്ചത്. യുവതിക്ക് അമിതമായ ആഗ്രഹങ്ങളാണ് എന്ന് ആരോപിച്ചാണ് ഇവർ വിവാഹത്തിൽ നിന്ന് പിന്മാറിയത്.
അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 -നാണ് ഈ സംഭവം നടന്നതെന്നതാണ് ഏറെ ശ്രദ്ധേയം. 30 വയസ്സുള്ള ഡോക്ടറായ യുവാവിന്റെ വീട്ടുകാർ തന്നെയാണ് ആലോചനയുമായി യുവതിയുടെ കുടുംബത്തെ സമീപിച്ചത്. യുവതി ഒരു ഡോക്ടറാണെന്നും തിരക്കുള്ള ജോലിയാണെന്നും അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു ആലോചന. ഇരുവരും നേരിട്ട് സംസാരിച്ചപ്പോൾ തുടക്കത്തിൽ കുഴപ്പങ്ങളൊന്നും തോന്നിയിരുന്നില്ല. എന്നാൽ സംസാരത്തിനിടയിൽ തന്റെ ഭാവി കരിയർ ലക്ഷ്യങ്ങളെക്കുറിച്ച് യുവതി തുറന്ന് സംസാരിച്ചു. തന്റെ കരിയർ എങ്ങനെ ആയിരിക്കണം എന്ന് വ്യക്തമാക്കിയപ്പോൾ തന്നെ യുവാവിന്റെ മുഖത്ത് ചെറിയൊരു അനിഷ്ടം പ്രകടമായതായി യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
പിന്നീട് യുവാവിന്റെ വീട്ടുകാർ വിവാഹാലോചന വേണ്ടെന്ന് വച്ചു. അവർക്ക് വേണ്ടത് കുടുംബത്തിന് മുൻഗണന നൽകുന്ന, അനുസരണയുള്ള ഒരാളെയാണെന്നും യുവതിയുടെ കരിയർ മോഹങ്ങൾ അതിന് തടസ്സമാണെന്നുമായിരുന്നു അവരുടെ മറുപടി. 'രണ്ട് ഡോക്ടർമാർ തമ്മിലുള്ള വിവാഹാലോചനയിൽ ഒരാൾക്ക് കരിയർ ലക്ഷ്യങ്ങളുണ്ട് എന്നത് ഒരു തടസ്സമായി മാറുന്നത് വിചിത്രമായി തോന്നുന്നു' എന്നാണ് യുവതി കുറിച്ചത്.

തന്റെ മാതാപിതാക്കൾ പരസ്പരം പിന്തുണച്ച് ജീവിക്കുന്നവരാണെന്നും ഇന്നത്തെ സമൂഹത്തിൽ പോലും പുരുഷന്മാർ സ്ത്രീകളുടെ വളർച്ചയെ അംഗീകരിക്കാൻ മടിക്കുന്നത് അംഗീകരിക്കാൻ പ്രയാസമാണെന്നും യുവതി പ്രതികരിച്ചു. യുവതിയുടെ പോസ്റ്റിന് താഴെ നിരവധിപ്പേർ പിന്തുണയുമായി എത്തി. 'ഡോക്ടറായ ഒരു മരുമകളാണ് എന്ന് നാട്ടുകാരോട് പറഞ്ഞ് അഹങ്കരിക്കണം, എന്നാൽ അതേസമയം വീട്ടിൽ അവൾ ഒരു അടിമയെപ്പോലെ കഴിയണം എന്നാണ് ഇത്തരക്കാർ ആഗ്രഹിക്കുന്നത്' എന്നാണ് ഒരാൾ കമന്റ് നൽകിയത്.
