'പുസ്തകത്തിന്റെ കവറില്‍ ഒരു ചൈനക്കാരിയാണ്; ഞാനവളെ ചിന്നു എന്നു വിളിക്കും'

By Rini RaveendranFirst Published Sep 25, 2018, 5:44 PM IST
Highlights

ട്രോളുകളില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. നമുക്കിത് പുതിയ കാര്യമല്ലല്ലോ. ഇതിനെ കുറിച്ച് അനുകൂലമായും പ്രതികൂലമായും ട്രോളുകള്‍ വരുന്നുണ്ട്. ഞാന്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല. ഞാനെന്റെ കാര്യങ്ങള്‍ നോക്കുന്നു. എന്റെ വഴിക്ക് പോകുന്നു

കഴിഞ്ഞ ദിവസമാണ് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ 'ചങ്കിലെ ചൈന' എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തത്. അതിന്റെ കവര്‍ ചിത്രവും വിവരങ്ങളും ഓണ്‍ലൈനില്‍ വന്നതോടെ വിവാദങ്ങളും തുടങ്ങി. അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി കമന്റുകളും ട്രോളുകളും വന്നുതുടങ്ങി.  ട്രോളുകളെ കുറിച്ചും, പുസ്തകത്തെ കുറിച്ചും ചിന്ത ജെറോം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു. റിനി രവീന്ദ്രന്‍ നടത്തിയ അഭിമുഖം 


പുസ്തകം വന്നതും ട്രോള്‍. എന്താണിങ്ങനെ? 

ഒരു രക്ഷയുമില്ല.  ഞാന്‍ തൊടുന്നതെല്ലാം ട്രോളാണല്ലോ എന്നാണ് ഞാനോര്‍ക്കുന്നത്. 

ട്രോളുകളില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. നമുക്കിത് പുതിയ കാര്യമല്ലല്ലോ. ഇതിനെ കുറിച്ച് അനുകൂലമായും പ്രതികൂലമായും ട്രോളുകള്‍ വരുന്നുണ്ട്. ഞാന്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല. ഞാനെന്റെ കാര്യങ്ങള്‍ നോക്കുന്നു. എന്റെ വഴിക്ക് പോകുന്നു എന്നുള്ളതിനപ്പുറം ഞാന്‍ അതൊന്നും ഉള്ളിലോട്ട് എടുക്കുന്നില്ല. 2015ല്‍ ഞാന്‍ ചൈനയിലേക്ക് നടത്തിയ യാത്രയുടെ വിവരണമാണത്. യുവജന കമ്മീഷനിലെത്തുന്നതിന് മുമ്പാണ് ആ യാത്ര നടത്തിയത്. ഇന്ത്യയില്‍ നിന്ന് മൊത്തത്തില്‍ പത്തുപേരാണ് പോയത്. അതില്‍ കേരളത്തില്‍ നിന്ന് ഞാനും മുന്‍ എം.പി കെ.എന്‍ ബാലഗോപാലുമാണ് ഉണ്ടായിരുന്നത്. ഞങ്ങള്‍ പത്തുദിവസം ചൈനയില്‍ ഉണ്ടായിരുന്നു.

നമ്മുടെ ചങ്കിലുള്ള ചൈന തന്നെയാണോ യഥാര്‍ത്ഥത്തില്‍ ചൈന എന്നുള്ള അന്വേഷണം കൂടിയാണ് ആ യാത്ര.

എന്താണ് 'ചങ്കിലെ ചൈന'
ചെറുപ്പം തൊട്ടേ ചൈനയെ കുറിച്ച് നമുക്കൊരു ധാരണ ഉണ്ടല്ലോ? നമ്മുടെ ചങ്കിലുള്ള ചൈന തന്നെയാണോ യഥാര്‍ത്ഥത്തില്‍ ചൈന എന്നുള്ള അന്വേഷണം കൂടിയാണ് ആ യാത്ര. അതില്‍ നിന്നാണ്  'ചങ്കിലെ ചൈന' എന്ന് പേരിട്ടത്. അതിനൊരു ടാഗ് ലൈനുണ്ട്. 'ഒരു ചിന്നക്കടക്കാരിയുടെ ചീനായാത്ര'. എന്റെ വീട് നില്‍ക്കുന്ന സ്ഥലം ചിന്നക്കടയാണ്. കോടിയേരി സഖാവ് വിളിച്ചിട്ട് പോകണം എന്നു പറയുമ്പോള്‍ ഞാന്‍ താമസിക്കുന്നത് ചിന്നക്കടയാണ്. ചൈനക്കടയാണ് ചിന്നക്കടയായി മാറിയത്. ചൈനയുമായി വ്യാപാരബന്ധമുണ്ടായിരുന്ന തുറമുഖവുമായി ബന്ധപ്പെട്ടാണ് അത്. കേരളത്തിന് ചൈനയുമായി ഒരുപാട് ബന്ധമുണ്ടല്ലോ. ചീനവല, ചീനച്ചട്ടി. അതുപോലെ ചിന്നക്കടയുമായി ബന്ധമുണ്ട്. ഞാന്‍ ചിന്നക്കടക്കാരിയാണല്ലോ അതുകൊണ്ടാണ് ആ ബൈലൈന്‍ കൊടുത്തത്. 

എന്തൊക്കെയാണ് പുസ്തകത്തില്‍? 
ആകെ പത്തുദിവസമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അതൊരു വലിയ രാജ്യമല്ലേ? പത്തുദിവസം കൊണ്ട് കുറച്ചേ കാണാനാകൂ. അതില്‍ പ്രധാനമായും പറയുന്നത് അവിടുത്തെ സ്ത്രീകളെ കുറിച്ചാണ്. പ്രധാനപ്പെട്ട മൂന്ന് നഗരങ്ങളാണ് സന്ദര്‍ശിച്ചത്. രണ്ട് മൂന്ന് സര്‍വകലാശാലയില്‍ പോയിരുന്നു. അതുകൊണ്ട് വിദ്യാഭ്യാസമണ്ഡലത്തെ കുറിച്ചും, അവിടുത്തെ സ്ത്രീകളെ കുറിച്ചും ചര്‍ച്ച ചെയ്തിട്ടുണ്ട്. ചൈനയിലെ സ്ത്രീ-പുരുഷ ബന്ധങ്ങളെ കുറിച്ച്. മാവോയെ കുറിച്ച്, ആദ്യമായി റെഡ് ആര്‍മി രൂപമെടുത്ത സ്ഥലത്തെ കുറിച്ച്, മാവോ താമസിച്ചിരുന്ന വീട് അങ്ങനെ കുറച്ച് സ്ഥലങ്ങളില്‍ കണ്ട അനുഭവങ്ങളൊക്കെയുള്ള പുസ്തകം. വളരെ ലൈറ്റായിട്ട് എഴുതിയ പുസ്തകമാണത്. അതിന് മുമ്പ് ഒന്നുരണ്ട് ഓണ്‍ലൈനുകളിലെഴുതിയിരുന്നു. അതൊക്കെ കൂട്ടിച്ചേര്‍ത്തു അത്രയേ ഉള്ളൂ. 

ഞാനൊരു പുസ്തകമെഴുതി. അത് പ്രസിദ്ധീകരിച്ചതോടെ എന്റെ ജോലി കഴിഞ്ഞു

മുഖചിത്രത്തില്‍? ചിന്തയ്‌ക്കൊപ്പം കാണുന്നത് ആരാണ്? 
പുസ്തകമാക്കാന്‍ ചൈനയില്‍ പോയപ്പോഴുള്ള പടങ്ങളെല്ലാം കൊടുത്തിരുന്നു. അതില്‍ നിന്നാണ് ഈ ചിത്രം കവറായത്. അതാകും എന്ന് കരുതിയിരുന്നില്ല. കവറില്‍ എന്റെ കൂടെയുള്ളത് നമ്മുടെ പരിഭാഷകയായി വന്ന കുട്ടിയായിരുന്നു. പത്തുദിവസവും ആള് നമ്മുടെ കൂടെത്തന്നെയായിരുന്നു. ആളുടെ പേര് നമുക്ക് പറയാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് നമ്മളവളെ ചിന്നു എന്നാണ് വിളിച്ചിരുന്നത്. ഈയിടെ അവള്‍ ചൈനയില്‍ നിന്ന് രണ്ട് വളയൊക്കെ എനിക്ക് വേണ്ടി കൊടുത്തു വിട്ടിരുന്നു. കവര്‍ വന്നപ്പോള്‍ ഞാനും ഓര്‍ത്തു. അവള്‍ക്ക് ആ പുസ്തകം അയക്കണമെന്ന്. അവള്‍ക്ക് സന്തോഷമാകും.

എല്ലാം വളരെ രസകരമാണ്. അനുകൂലിച്ചും പ്രതികൂലിച്ചും വരുന്ന ട്രോളുകളെല്ലാം. ഞാനൊരു പുസ്തകമെഴുതി. അത് പ്രസിദ്ധീകരിച്ചതോടെ എന്റെ ജോലി കഴിഞ്ഞു. ഇനി വായിക്കുക, വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയേണ്ടത് ജനങ്ങള്‍ തന്നെയാണ്. പിന്നെ, സ്വതവേ എനിക്ക് ട്രോളുകളോടൊക്കെ വളരെ പോസിറ്റീവായിട്ടുള്ള നിലപാടാണ്. 

click me!