'എത്ര പണം തരാമെന്ന് പറഞ്ഞാലും ബിഗ് ബോസിലേക്കില്ല' എന്ന് പറഞ്ഞ ആളാണ് ഷിയാസ്

By Sunitha DevadasFirst Published Sep 20, 2018, 2:22 PM IST
Highlights

എന്നെ ഞെട്ടിച്ച ഒരു സംഭവമുണ്ടായി. ഞാൻ പുറത്തു വന്നപ്പോൾ വാഴക്കാല വച്ച് ഷിയാസിനെ കണ്ടിരുന്നു. ഞങ്ങൾ തമ്മിൽ ആദ്യമേ പരിചയമുണ്ട്. ഒന്നിച്ചു മോഡലിംഗ് ചെയ്തിട്ടുണ്ട്. അവൻ എന്നോട് ഷോയെ കുറിച്ചൊക്കെ ചോദിച്ചു. എന്നിട്ട് വളരെ അവജ്ഞയോടെ 'അയ്യേ, ആരെങ്കിലും ഇതിനൊക്കെ പോകുമോ? എത്ര പൈസ കിട്ടിയാലും ഞാനാണെങ്കിൽ പോകില്ല' തുടങ്ങി ഒരുപാട് കാര്യങ്ങൾ പറഞ്ഞു. 

ബിഗ് ബോസ് ഫിനാലെയിലേക്ക് കടക്കുവാൻ ഇനി ഒരാഴ്ച മാത്രം. ശക്തരായ എല്ലാ മത്സരാര്‍ത്ഥികളും ഈ ആഴ്ച എലിമിനേഷനിലുണ്ട്. സാബു , പേളി, അർച്ചന, ഷിയാസ് എന്നിവരിൽ രണ്ടു പേർ ഈ ആഴ്ച പുറത്താകും. ആരാധകരുടെ ചങ്കു തകർക്കുന്ന എലിമിനേഷനാണ് ഇത്തവണ നടക്കാൻ പോകുന്നത്. ഈ നാലു പേരും പ്രേക്ഷകരുടെ താരങ്ങളാണ്.  ഇവർ നാലുപേരും ഫിനാലെയിൽ ഉണ്ടാവണമെന്ന് ആഗ്രഹിച്ചവരാണ് ഭൂരിപക്ഷം പ്രേക്ഷകരും. 

ബിഗ് ബോസ് വീട്ടിൽ നിന്നും ആദ്യ എലിമിനേഷനിൽ പുറത്തായ വ്യക്തിയാണ് ഡേവിഡ് ജോൺ. പുറത്തിരുന്നു കളി കാണുമ്പൊൾ ഡേവിഡിന് എന്തായിരിക്കും ഷോയെ കുറിച്ച് പറയാനുണ്ടാവുക, എന്തൊക്കെ ആയിരിക്കും മിസ് ചെയ്യുന്നുണ്ടാവുക, ഇഷ്ട മത്സരാർത്ഥിയാരാണ് തുടങ്ങിയവയൊക്കെ നമുക്കൊന്ന് ചോദിക്കാം. 

ഡേവിഡിന് ആദ്യ ആഴ്ച തന്നെ പുറത്തായപ്പോൾ എന്ത് തോന്നി?
എനിക്ക് വല്ലാത്ത സങ്കടം തോന്നി. ആദ്യം എന്നെ വിളിച്ചപ്പോൾ എനിക്ക് സംശയമുണ്ടായിരുന്നു. പോകണോ, വേണ്ടയോ എന്നൊക്കെ. വീട്ടിൽ നിന്നും മാറി നിൽക്കാവുന്ന ഒരു സാഹചര്യവും ഇല്ലായിരുന്നു. എന്നിട്ടും, അവസാനം ഞാൻ പോകാൻ തീരുമാനിച്ചു. അവിടെയെത്തി വളരെ സന്തോഷത്തോടെ ജീവിച്ചു. ഡാൻസ്, വർക്ക് ഔട്ട്, യോഗ, സ്വിമ്മിങ് തുടങ്ങി ഞാൻ ആ ഒരാഴ്ച നല്ല ആക്റ്റീവ് ആയിരുന്നു. എല്ലാവരുമായും കൂട്ടായി. എന്നാൽ അപ്രതീക്ഷിതമായിട്ടാണ് ഔട്ട് ആയത്. ആദ്യം പറഞ്ഞിരുന്നത് ആദ്യ ആഴ്ച എലിമിനേഷൻ ഇല്ല എന്നായിരുന്നു. 'ഉറങ്ങുന്നവനെ വിളിച്ചുണർത്തി ചോറില്ല, ഉറങ്ങിക്കോ' എന്ന് പറഞ്ഞ അവസ്ഥയിലായി ഞാൻ. വളരെ സങ്കടത്തോടെ വീട്ടിൽ വന്നു. എപ്പിസോഡുകൾ കണ്ടപ്പോഴാണ് ശരിക്കും തകർന്നു പോയത്. എനിക്ക് സ്ക്രീൻ സ്‌പെയ്‌സ് കിട്ടിയിട്ടേയില്ല. ഞാനൊരു ഡിപ്രഷനിലേക്ക് വഴുതി വീണു. കുറെ ദിവസം ആരോടും ഒന്നും സംസാരിക്കാതെ മുറിക്കുള്ളിൽ അടച്ചിരുന്നു. അത്രയേറെ അപമാനിതനായിരുന്നു ഞാൻ. പിന്നെ, മെല്ലെ മെല്ലെ ജോലിയിലേക്ക് വന്നു. ഷോ കാണാനൊക്കെ തുടങ്ങി. 

അകത്തു പോയ ഡേവിഡ് ഇവരെയൊക്കെ പരിചയപ്പെട്ടിട്ടുണ്ട്. പുറത്തു നിന്ന് കളി കാണുമ്പോൾ എന്ത് തോന്നുന്നു? 

എന്നെ ഞെട്ടിച്ച ഒരു സംഭവമുണ്ടായി. ഞാൻ പുറത്തു വന്നപ്പോൾ വാഴക്കാല വച്ച് ഷിയാസിനെ കണ്ടിരുന്നു. ഞങ്ങൾ തമ്മിൽ ആദ്യമേ പരിചയമുണ്ട്. ഒന്നിച്ചു മോഡലിംഗ് ചെയ്തിട്ടുണ്ട്. അവൻ എന്നോട് ഷോയെ കുറിച്ചൊക്കെ ചോദിച്ചു. എന്നിട്ട് വളരെ അവജ്ഞയോടെ 'അയ്യേ, ആരെങ്കിലും ഇതിനൊക്കെ പോകുമോ? എത്ര പൈസ കിട്ടിയാലും ഞാനാണെങ്കിൽ പോകില്ല' തുടങ്ങി ഒരുപാട് കാര്യങ്ങൾ പറഞ്ഞു. അവൻ ഷോ കണ്ട് എല്ലാവരേയും കുറ്റം പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു ഞാൻ നോക്കിയപ്പോ അവനതാ ബിഗ് ബോസ് വീട്ടിൽ നിൽക്കുന്നു. അത് ആദ്യത്തെ ഞെട്ടൽ.

അവനിപ്പോ ആ കളിയാണ് അവിടെ കളിക്കുന്നത്. 

രണ്ടാമത്തെ ഞെട്ടൽ അവനവിടെ ഒരു ഫേക്ക് ഐഡന്‍റിറ്റിയായി നിൽക്കുന്നത് കണ്ടപ്പോഴാണ് ഉണ്ടായത്. ഷിയാസ് ഈ പറയുന്നതും കാണിക്കുന്നതൊന്നുമല്ല അവൻ. അവൻ അങ്ങനൊരു മണ്ടനൊന്നുമില്ല. അവനറിയാം എങ്ങനെ കളിക്കണമെന്ന് എന്നെനിക്ക് മനസ്സിലായി. അവനെന്നോട് ചോദിച്ചിരുന്നു, 'നീയിപ്പോ ഔട്ട് ആയില്ലേ, എങ്ങനെയാണു ഔട്ട് അകാതെ അതിനകത്തു നില്‍ക്കാൻ പറ്റുക എന്ന്. ഞാൻ പറഞ്ഞു, ആരെയും വെറുപ്പിക്കാതെ നിൽക്കുകയും എന്നാൽ അടിയുണ്ടാക്കുകയും ചെയ്യണമെന്ന്. അവനിപ്പോ ആ കളിയാണ് അവിടെ കളിക്കുന്നത്. 

ഡേവിഡ് നല്ല മോഡൽ അല്ല എന്നൊരു പരാമർശം ഷിയാസ് നടത്തിയിരുന്നല്ലോ. അന്ന്, ഡേവിഡിനെ  പരിചയമുള്ളതായി ഷിയാസ് പറഞ്ഞില്ലെന്ന് തോന്നുന്നു. ആരാണ് ഒരു മോഡൽ? 

അവനങ്ങനെയൊക്കെ ആണ്. കൂടെ നിന്ന് പണി കൊടുക്കുന്നതാണ് ശീലം. ഞാനും  റാംപിൽ നടന്നിട്ടുള്ളവനാണ്. ഒരു മോഡലെന്നാൽ വെറും നീളവും തടിയും മാത്രമല്ലല്ലോ. മിനിമം നീളം വേണം. ബോഡി ഫീച്ചേഴ്‌സ് വേണം. എന്നാൽ ഞാൻ ഒരു നടൻ ആവണം എന്നാഗ്രഹിച്ചു നടക്കുന്ന ആളാണ്. അങ്ങനെ ശരീരം എപ്പോഴും വർക്ക് ഔട്ട് ചെയ്തു കൊണ്ട് നടന്നാൽ ആ ലുക്ക് ശരിയാവില്ല എന്ന് എന്നോട് പല ഡയറക്ടർമാരും പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ഞാൻ കുറച്ചു തടി വച്ചത്. എന്‍റെ ശരീരം എളുപ്പത്തിൽ ശരിയാക്കാം. മോഡലിംഗ് ഉണ്ടാവുമ്പോ രണ്ടാഴ്ച നന്നായി വർക്ക് ഔട്ട് ചെയ്തു ബോഡി ഫിറ്റ് ആക്കും. അത് കഴിഞ്ഞാൽ അത്ര ശ്രദ്ധിക്കില്ല. 

എനിക്ക് ജീവിതത്തിൽ ഒരുപാട് പ്രാരാബ്ധങ്ങൾ ഉണ്ട്. കുടുംബം നോക്കണം, ജോലി ചെയ്യണം. അതിനിടയിൽ പലപ്പോഴും നല്ല ഭക്ഷണവും വർക്ക് ഒട്ടും സാധിക്കാറുമില്ല. ഇതൊക്കെ ഷിയാസിനും അറിയാവുന്നതാണ്. അവനാണു ശരിക്കും ബിഗ് ബോസിലെ ഫേക്ക് വ്യക്തിത്വം. അവൻ അവിടെയുള്ള പെൺകുട്ടികളെ കുറിച്ചൊക്കെ അന്ന് എന്നെ കണ്ടപ്പോൾ വളരെ മോശമായി സംസാരിച്ചിരുന്നു. എന്നിട്ടിപ്പോൾ കേൾക്കാം 'പേളി അനിയത്തി' എന്നൊക്കെ പറയുന്നത്. 

ബിഗ് ബോസിൽ ആരു വിജയിയാവുമെന്നാണ് ഡേവിഡ് കരുതുന്നത്?

ശരിക്കും വിജയിയാവാൻ അർഹൻ സാബുക്കയാണ്. കാരണം ഒരു ശരിയായ മത്സരാര്‍ത്ഥിയാണ് സാബുക്ക. നിയമങ്ങളൊക്കെ പാലിച്ചാണ് കളിക്കുന്നത്. ഹിമയുടെ വിഷയം വന്നപ്പോൾ മാത്രമാണ് സാബുക്കയെ ശരിക്കും പ്രകോപിതനായി കണ്ടത്. അതെനിക്ക് തോന്നും, ആരായാലും പ്രകോപിതനായി പോവും എന്ന്. ആരെയും സാബുക്ക വേദനിപ്പിക്കില്ല എന്നതാണ് ഞാൻ കാണുന്ന ഗുണം. 

അനൂപേട്ടൻ എനിക്ക്  'റോമൻ ഡേവിഡ്' എന്ന് പേരിട്ടിരുന്നു

ഈ ആഴ്ച എല്ലാ മികച്ച മത്സരാര്‍ത്ഥികളും എലിമിനേഷനിൽ ഉള്ളത് കൊണ്ട് ആരൊക്കെ പുറത്തു പോകും എന്ന് നോക്കുന്നു. ഞാൻ കരുതിയിരുന്നത് സാബു, പേളി, അർച്ചന, രഞ്ജിനി ഒക്കെ ഫിനാലെയിൽ ഉണ്ടാവുമെന്നാണ്. എന്നാൽ, രഞ്ജിനി ആദ്യമേ പുറത്തായി. ഇപ്പോ ആരോ രണ്ടു പേര് കൂടി പുറത്താകും. 
ബഷീറും, രഞ്ജിനിയും നല്ല വ്യക്തികളായിരുന്നു. പേളിയും ശ്രീനിയും പിന്നെ ലവ് ട്രാക്ക് പിടിച്ചതോടെ ഫൈനലിൽ വരുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. 

അവിടെ ആരോ ചർച്ചക്കിടെ പറഞ്ഞിരുന്നല്ലോ പേളിക്ക് ആദ്യം ഡേവിഡിനോട് അടുപ്പമുണ്ടായിരുന്നുവെന്ന്?
ഞാനും പേളിയും സുഹൃത്തുക്കളാണ്. എന്നാൽ ബിഗ് ബോസ് എനിക്ക് ഒന്നിനും അവസരം തന്നില്ലല്ലോ? ഒന്നൂടി കൂടാനോ പ്രേമിക്കാനോ സെന്‍റിമെന്‍റ്സ്  വർക്ക് ഔട്ട് ചെയ്യാനോ ഒന്നും എനിക്ക് മാത്രം അവസരം തന്നില്ല. എന്നോട് പാർഷ്യാലിറ്റി കാണിച്ചതായി എനിക്കെപ്പോഴും തോന്നും. ഞാനാരാണെന്നു പോലും പ്രേക്ഷകർക്ക് മനസ്സിലാക്കാൻ അവസരം  കിട്ടിയില്ല. അപ്പോഴൊക്കെ ഞാനോർത്തത് എന്നെ വൈൽഡ്  കാർഡ് എൻട്രിയിലൂടെ തിരിച്ചു വിളിക്കുമെന്നാണ്. എന്നാൽ, അതും നിരാശയായി. എന്നെ വിളിച്ചില്ല. പകരം ഹിമയെ വിളിച്ചു. ഹിമയാവട്ടെ കിട്ടിയ അവസരം നന്നായി ഉപയോഗിക്കാതെ കളഞ്ഞു കുളിക്കുകയും ചെയ്തു. 

ബാക്കിയുള്ളവരെക്കുറിച്ചൊക്കെയുള്ള ഓർമ്മകൾ എന്തൊക്കെയാണ്? 
അനൂപേട്ടനും ശ്രീലക്ഷ്മിയുമൊക്കെ എനിക്ക് തന്ന വാക്ക് പാലിച്ചു. പുറത്തു വന്നപ്പോൾ എന്നെ വിളിച്ചു. അനൂപേട്ടൻ എനിക്ക്  'റോമൻ ഡേവിഡ്' എന്ന് പേരിട്ടിരുന്നു. എന്നെ കണ്ടാലൊരു റോമൻ ലുക്കുണ്ടെന്ന് പറയും. ഞാൻ ശരിക്കും ഒരാഴ്ച കൊണ്ട് ഇവരുമായൊക്കെ എത്ര അടുത്തിരുന്നുവെന്ന് ഞാൻ പോന്നപ്പോഴുള്ള കരച്ചിൽ കണ്ടാൽ മനസ്സിലാവില്ലേ? ഞാൻ ശരിക്കും എല്ലാവരുമായും ഒരാഴ്ച കൊണ്ട് അടുത്തിരുന്നു. ആദ്യ ഒരാഴ്ച ഞാനൊരു അത്ഭുത ലോകത്തായിരുന്നു. അകലെ നിന്ന് ആരാധിച്ചിട്ടുള്ള ശ്വേതയും, രഞ്ജിനിയുമടക്കമുള്ളവർ ഒരു മേൽക്കൂരക്ക് താഴെ. അതൊരു വല്ലാത്ത അനുഭവമായിരുന്നു. 

സാബുക്കയൊക്കെ 'തരികിട സാബു'വിൽ നിന്നും കുടുംബ പ്രേക്ഷകർ  നിറഞ്ഞു സ്നേഹിക്കുന്ന ഒരാളായി മാറി

ഇടക്കൊക്കെ ഓരോ ടാസ്ക്ക് ഒക്കെ കാണുമ്പോ എനിക്ക് ബിഗ് ബോസ് മിസ് ചെയ്യും. അവിടത്തെ അടിയൊക്കെ കാണുമ്പോ ഞാൻ വിചാരിക്കും പുറത്തായത് നന്നായി എന്നും. 

ബിഗ് ബോസ് വീട്ടിൽ വന്നത് കൊണ്ട് ഡേവിഡിന്‍റെ ജീവിതത്തിൽ എന്ത് മാറ്റമുണ്ടായി?

എനിക്ക് ഒരാഴ്ചയേ കിട്ടിയുള്ളൂ എങ്കിലും പുറത്തെത്തിയപ്പോള്‍, അതിൽ നിന്നും നല്ല പ്രശസ്തി കിട്ടി. അപ്പോൾ മറ്റുള്ളവരുടെ കാര്യം ആലോചിച്ചു നോക്കൂ. സാബുക്കയൊക്കെ 'തരികിട സാബു'വിൽ നിന്നും കുടുംബ പ്രേക്ഷകർ  നിറഞ്ഞു സ്നേഹിക്കുന്ന ഒരാളായി മാറി. രഞ്ജിനി ചേച്ചിയൊക്കെ ഒരു പാവമാണെന്നും മനസ്സിലായി. കേട്ടറിഞ്ഞവരൊക്കെ അങ്ങനെ അല്ലെന്നും അടുത്തറിഞ്ഞവർ ഫേക്ക് ആണെന്നും മനസ്സിലായി എന്നതാണ് പ്രധാനം.  ഒരുപാട് നല്ല ബന്ധം കിട്ടി. ദിയ സന, ദീപൻ തുടങ്ങി മത്സാരാർത്ഥികളായ എല്ലാവരുമായും അടുപ്പമുണ്ടായി. 

എല്ലാ മത്സരാർത്ഥികൾക്കും വിജയാശംസകൾ.

click me!