പുറത്തുവന്നാല്‍ ഒറ്റപ്പെടും; അകത്തുനിന്നാല്‍ ഭ്രാന്താവും; സഭാ വസ്ത്രം ഉപേക്ഷിക്കുന്നവര്‍ക്ക് സംഭവിക്കുന്നത്

By Sumam ThomasFirst Published Sep 18, 2018, 7:11 PM IST
Highlights

'എന്റെ ആങ്ങളെ മാത്രമേ എന്നോട് മിണ്ടുമായിരുന്നുള്ളൂ. ഒരിക്കല്‍ ആ വീട്ടില്‍ ഞാനൊരു വിവാഹത്തില്‍  സംബന്ധിക്കാന്‍ പോയി. കുടുംബാംഗങ്ങളെല്ലാം വന്നപ്പോഴേയ്ക്കും ഞങ്ങളൊരു മുറിയില്‍ പോയി ഒളിച്ചിരുന്നു. എന്നിട്ടും മൂത്ത ചേച്ചി വിരുന്നുകാരുടെ മുന്നില്‍ വച്ച് എന്നെ അടിച്ചു. അപമാനിച്ചു.

മഠങ്ങളില്‍നിന്നും പുറത്ത് കടക്കുന്നവര്‍ക്ക് പിന്നീട് എന്താണ് സംഭവിക്കുന്നത്? പിന്നീടൊരിക്കലും ഈ സമൂഹത്തില്‍ സ്വസ്ഥമായി ജീവിക്കാന്‍ കഴിയില്ലെന്ന് പറയുന്നു, പുറത്തുവന്ന കന്യാസ്ത്രീകള്‍. സഭയ്ക്കുള്ളില്‍ നടക്കുന്ന എത്ര വലിയ കൊള്ളരുതായ്മകള്‍ ചോദ്യം ചെയ്തിട്ടാണ് പുറത്തു പോകുന്നതെങ്കില്‍ പോലും കഥ ഇതുതന്നെ. 

ജസ്യൂട്ട് സഭയില്‍ നിന്നും പുറത്തായ ഒരു വൈദികന്റെ അനുഭവം ഇതാണ്:  ഏറ്റവും കുറവ് സന്യസ്തരുള്ള സഭയാണ് ജസ്യൂട്ട് സഭ. അവിടെ നിന്നും ഇദ്ദേഹത്തിന് പുറത്ത് പോകേണ്ടി വന്നത് സഭയിലെ സാമ്പത്തിക ക്രമക്കേടുകള്‍ ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സംഭവം മാധ്യമങ്ങളില്‍ വന്‍വാര്‍ത്തയായി. എന്നാല്‍, പതിവുപോലെ സഭ നിഷ്‌കളങ്കമായി നിലകൊള്ളുകയും പുറത്തായ വൈദികന്‍ ഇരയായി അവശേഷിക്കുകയു ചെയ്തു. 

എന്നെ കുറ്റാരോപിതനാക്കി  പുറം തള്ളുകയായിരുന്നു അവരുടെ ലക്ഷ്യം

ഒരു വൈദികന് ചേരാത്ത പെരുമാറ്റവും അനുസരണയില്ലായ്മയുമായിരുന്നു താന്‍ നേരിട്ട ആരോപണങ്ങളെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. കൂടാതെ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്നെ കുറ്റവും ചുമത്തി. വൈദിക വസ്ത്രത്തില്‍ തന്നെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നവര്‍ പിന്നീട് തന്നെക്കണ്ടപ്പോള്‍ വാതില്‍ കൊട്ടിയടച്ചെന്ന് ഇദ്ദേഹം പറയുന്നു. അവര്‍ ഇത്രയും കൂടി പറഞ്ഞു, 'നിന്നെ വീട്ടില്‍ താമസിപ്പിച്ചാല്‍ സഭയില്‍ നിന്ന് ഞങ്ങളെയും പുറത്താക്കാന്‍ സാധ്യതയുണ്ട്.' 

'അഭിമുഖം എടുക്കാന്‍ വന്ന മാധ്യമപ്രവര്‍ത്തകരെപ്പോലും അവര്‍ അനുവാദം നല്‍കാതെ പറഞ്ഞുവിട്ടു. എന്നെ കുറ്റാരോപിതനാക്കി  പുറം തള്ളുകയായിരുന്നു അവരുടെ ലക്ഷ്യം. അതില്‍ അവര്‍ വിജയിച്ചു'-അദ്ദേഹം പറയുന്നു. 

ദളിത് കമ്യൂണിറ്റികള്‍ക്കും ഗോത്രവര്‍ഗങ്ങള്‍ക്കും വേണ്ടിയായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. അവര്‍ക്ക് വേണ്ടി കരുതി വച്ചിരുന്ന ഭൂമി മറിച്ചുവിറ്റ് നടത്തിയ വന്‍ സാമ്പത്തിക ക്രമക്കേടുകളെ ചോദ്യം ചെയ്തതിനാണ് തനിക്ക് അനുഭവിക്കേണ്ടി വന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. 

സന്യാസ ജീവിതം ഉപേക്ഷിച്ച ഒരാള്‍ ഒരു വീട്ടിലുണ്ടെങ്കില്‍ ആ കുടുംബം അതിഭീകരമായ ഒറ്റപ്പെടലിലൂടെ കടന്നു പോകേണ്ടി വരാറുണ്ട്.  പള്ളിയില്‍ നിന്നും സമൂഹത്തില്‍ നിന്നും വിലക്ക് കിട്ടും. കാലങ്ങള്‍ കഴിയുമ്പോള്‍ ചിലപ്പോള്‍ മാറ്റം വന്നേക്കാം. അവരുടെ വീട്ടിലൊരു വിവാഹ ആലോചന വന്നാല്‍പ്പോലും ആദ്യം പറയുന്നത് 'മഠം ചാടി വന്ന മകളൊള്ള വീടല്ലേ' എന്നായിരിക്കും. എന്തിനായിരിക്കും അവര്‍ സഭ വിട്ടുപോന്നതെന്ന് ആരും ഒരിക്കലും തിരക്കാറില്ല. പകരം ആ കുടുംബത്തെ ക്രൂശില്‍ തറയ്ക്കാന്‍ സമൂഹം ഒരുമ്പെട്ടിറങ്ങും. പള്ളിയിലെ സ്ഥാനമാനങ്ങളിലൊന്നും ഇവരുടെ പേര് ഉണ്ടായിരിക്കുകയില്ല. എന്തിനാ പിന്നെ മഠത്തില്‍ പോയത് എന്ന മറ്റൊരു ചോദ്യവും അവര്‍ നേരിടേണ്ടി വരും.

കുടുംബാംഗങ്ങളെല്ലാം വന്നപ്പോഴേക്കും ഞങ്ങളൊരു മുറിയില്‍ പോയി ഒളിച്ചിരുന്നു

'എന്റെ ആങ്ങളെ മാത്രമേ എന്നോട് മിണ്ടുമായിരുന്നുള്ളൂ. ഒരിക്കല്‍ ആ വീട്ടില്‍ ഞാനൊരു വിവാഹത്തില്‍  സംബന്ധിക്കാന്‍ പോയി. കുടുംബാംഗങ്ങളെല്ലാം വന്നപ്പോഴേക്കും ഞങ്ങളൊരു മുറിയില്‍ പോയി ഒളിച്ചിരുന്നു. എന്നിട്ടും മൂത്ത ചേച്ചി വിരുന്നുകാരുടെ മുന്നില്‍ വച്ച് എന്നെ അടിച്ചു. അപമാനിച്ചു. കരഞ്ഞുകൊണ്ട് ഞങ്ങള്‍ അവിടെ നിന്ന് ഇറങ്ങി. സഭാ വസ്ത്രം ഉപേക്ഷിക്കുമ്പോള്‍ സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലാണെങ്കില്‍ ഒരിക്കലും ജീവിക്കാന്‍ പറ്റില്ല. സാമ്പത്തികമുണ്ടെങ്കില്‍ എങ്ങനെയെങ്കിലും ജീവിക്കാം. ഇല്ലെങ്കില്‍ നമ്മള്‍ തോറ്റുപോകും' സഭ വിട്ടിറങ്ങിയ ഒരു കന്യാസ്ത്രീയുടെ വാക്കുകള്‍. 

'ഏതെങ്കിലും കാര്യത്തില്‍ എതിരഭിപ്രായം പറഞ്ഞാല്‍ അവര്‍ ആദ്യം പറയുന്ന വാചകം, നിനക്ക് ദൈവവിളി ഇല്ല എന്നതാണ്. അത് വേദനയുണ്ടാക്കും. അങ്ങനെ പറയിപ്പിക്കാതിരിക്കാന്‍ എല്ലാവരും പരമാവധി ശ്രദ്ധിക്കും. അതുപോലെ അവര്‍ക്കിഷ്ടമില്ലാതെ വന്നാല്‍ പെട്ടെന്ന് തന്നെ ട്രാന്‍സ്ഫര്‍ നല്‍കും. അതൊരിക്കലും നമ്മുടെ ഇഷ്ടത്തിനായിരിക്കില്ല. അവര്‍ പറയുന്നിടത്തേയ്ക്ക് പോയേ മതിയാകൂ' മറ്റൊരു അനുഭവസ്ഥയുടെ വാക്കുകള്‍. കണ്ണൂര്‍ ജില്ലയില്‍ നിന്നും വയനാട്ടിലെ മാനന്തവാടിയിലേക്ക് ഒറ്റദിവസം കൊണ്ടാണ് ട്രാന്‍സ്ഫര്‍ നല്‍കിയതെന്ന് ഇവര്‍ പറയുന്നു.

'വസ്ത്രങ്ങള്‍ എടുത്ത് കൂടെപ്പോവുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. വയനാട് മാനനന്തവാടിയിലുള്ള മഠത്തില്‍ ഇലക്ട്രിക് വര്‍ക്കുകളുടെ മേല്‍നോട്ടമുണ്ടായിരുന്നു ഇവര്‍ക്ക് കണ്ണൂരെത്തിയപ്പോള്‍ ജോലി കന്നുകാലി തൊഴുത്തിലായിരുന്നു. കണ്ണൂരില്‍ മാനന്തവാടി എത്തുന്നത് വരെ  ഒരു  ഗ്ലാസ് വെള്ളം പോലും കുടിക്കാനനുവദിച്ചില്ല' -പറയുമ്പോള്‍ അവരുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. 

മഠത്തില്‍ നിന്നും തിരികെ വീട്ടിലേക്ക് എത്തിയാല്‍ സ്വീകരിക്കുമോ എന്ന പേടിയാണ് മിക്കവരെയും ഇവിടെ പിടിച്ചു നിര്‍ത്തുന്നതെന്ന് കോട്ടയം ജില്ലക്കാരിയായ ഒരു കന്യാസ്ത്രീ തുറന്നുസമ്മതിച്ചു. പതിനെട്ട് വര്‍ഷത്തെ സന്യാസ ജീവിതത്തിന് ശേഷമാണ് അവര്‍ തിരിച്ചിറങ്ങിയത്. ഉറ്റസുഹൃത്തുക്കള്‍ പോലും മിണ്ടാതെയാകും. വലിയ തെറ്റ് ചെയ്തവരെപ്പോലെ സമൂഹം തിരസ്‌കരിക്കും. സഭ വിട്ടിറങ്ങുമ്പോള്‍ എല്ലാ സന്യസ്തരുടെയും മനസ്സില്‍ ആദ്യം ഉദിക്കുന്ന ചോദ്യമിതാണ്. എങ്ങോട്ട് പോകും? ആര് അഭയം നല്‍കും? 

മാനസിക പീഡനങ്ങള്‍ താങ്ങാന്‍ കഴിയാതെ വിഷാദരോഗത്തിലേക്ക് പലരും ആഴ്ന്നു പോവും

എന്നാല്‍ ചേര്‍ത്തുപിടിക്കുന്ന വീട്ടുകാരുമുണ്ട്. 'തിരിച്ചുവരുമ്പോള്‍ എങ്ങനെയാണ് അപ്പനും അമ്മയും സ്വീകരിക്കുക എന്ന് പേടിയുണ്ടായിരുന്നു. പക്ഷേ എന്നെ ഏറ്റവും കൂടുതല്‍ ആശ്വസിപ്പിച്ചത് അവരാണ്'- ഇപ്പോള്‍ ഫിലോസഫി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പറയുന്നു. 

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെയും ആത്മബലം അവരുടെ കുടുംബമാണ്, അവരുടെ അച്ചനും സഹോദരങ്ങളും നീതി ലഭിക്കാനുള്ള പോരാട്ടത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നുണ്ട്. മഠത്തില്‍ നിന്നും വീട്ടിലെത്തി, പഠനം തുടര്‍ന്ന് വിവാഹ ജീവിതത്തിലേക്ക് പോയവരുമുണ്ട്. എന്നാല്‍ അവരൊരിക്കലും കേരളത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടില്ല. വിദേശത്തേയ്‌ക്കോ അല്ലെങ്കില്‍ ആരും തിരിച്ചറിയാത്ത ഏതെങ്കിലും നാട്ടിലോ പോയി ജീവിക്കും.  

സാധാരണ, സഭയില്‍ നിന്നിറങ്ങുന്നവരെ സമൂഹത്തില്‍ ജീവിക്കാന്‍ അനുവദിക്കാത്ത അവസ്ഥയിലേക്ക് സഭാധികാരികള്‍ തന്നെ എത്തിക്കുമെന്ന് കന്യാസ്ത്രീകള്‍ പറയുന്നു. സ്വന്തം കുറ്റങ്ങള്‍ കൊണ്ടാണ് അവര്‍ സഭയില്‍ നിന്നിറങ്ങുന്നത് എന്ന് വരുത്തിത്തീര്‍ക്കാനായിരിക്കും ശ്രമം. പരമാവധി ആരോപണങ്ങള്‍ അവര്‍ക്കെതിരെ ഉന്നയിക്കും. ചിന്തിക്കാന്‍ പോലും സാധിക്കാത്ത ആരോപണങ്ങളായിരിക്കും അവര്‍ ഉന്നയിക്കുന്നത്. 

അകത്തുനിന്ന് എതിര്‍ത്താലോ? അപ്പോഴും അതികഠിനമായിരിക്കും ഫലം. മാനസിക പീഡനങ്ങള്‍ താങ്ങാന്‍ കഴിയാതെ വിഷാദരോഗത്തിലേക്ക് പലരും ആഴ്ന്നു പോവും. പ്രാര്‍ത്ഥനയും മറ്റുമായി മഠത്തിന്റെ ഏതെങ്കിലും മൂലയില്‍ ഒതുങ്ങിപ്പോകും. എതിര്‍ക്കുന്നവരെ മാനസികരോഗികളെന്ന് മുദ്രകുത്തി മാനസികാ രോഗാശുപത്രിയിലാക്കാറുണ്ടെന്നും പറയുന്നു. അങ്ങനെ ആശുപത്രികളില്‍ കഴിയുന്നവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണെന്ന് കണ്ടുമുട്ടിയ ഒരു വൈദികന്‍ തന്നെ പറയുന്നു. സഭയിലെ നെറികേടുകള്‍ തുറന്നു പറയാനോ ചോദ്യം ചെയ്യാനോ ഇവിടുത്തെ അന്തേവാസികള്‍ക്ക് അനുവാദമില്ല.

കാല്‍ നൂറ്റാണ്ട് മുമ്പാണ് സിസ്റ്റര്‍ അഭയ എന്ന പത്തൊന്‍പത് വയസ്സുള്ള കന്യാസ്ത്രീ കോട്ടയം സെന്റ് പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റിനുള്ളില്‍ മരിച്ചു കിടന്നത്. ഇതുപോലെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു കിടന്നവരുണ്ട്, ആത്മഹത്യ ചെയ്തവരുണ്ട്, മനോനില തെറ്റി ഇരുട്ടുമുറികളില്‍ അടയ്ക്കപ്പെട്ടവരുണ്ട്.

(തുടരും)

ഒന്നാം ഭാഗം: കന്യാസ്ത്രീകളുടെ പ്രതിഷേധത്തിനു പിന്നില്‍ വേറെയും കാരണങ്ങളുണ്ട്
രണ്ടാം ഭാഗം: ദൈവവിളിക്ക് ടാര്‍ജറ്റ്; സമ്മതമില്ലാത്ത നേര്‍ച്ചകള്‍; കന്യാസ്ത്രീകള്‍ക്കും അച്ചന്‍മാര്‍ക്കും സ്വത്തവകാശം പലവിധം

 
click me!