യുഎസിനൊപ്പം, ഇറാന് നേരെ ആയുധമയച്ച് സൗദി അറേബ്യയും; തുടരുന്ന ഷിയാ - സുന്നി സംഘർഷം

Published : Aug 03, 2026, 02:34 PM IST
Iran US Saudi War

Synopsis

ജോർദാനിലെ അമേരിക്കൻ കേന്ദ്രത്തിന് നേരെയുള്ള ഇറാൻ ആക്രമണത്തോടെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായി. ഹോർമൂസ് കടലിടുക്കിന്റെ പരമാധികാരം വിട്ടുകൊടുക്കില്ലെന്ന ഇറാന്റെ നിലപാടും, ഇറാഖിലെ ഇറാൻ പിന്തുണയുള്ള സംഘങ്ങൾക്കെതിരായ അമേരിക്കൻ-സൗദി പ്രത്യാക്രമണവുമാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഇറാഖിലെ ഷിയാ സായുധ സംഘടനകളുടെ പങ്കും ഇതിൽ നിർണായകമാകുന്നു.

ടക്കിടെ ശാന്തം, ഇടക്ക് പൊട്ടിത്തെറി. അതാണിപ്പോൾ പശ്ചിമേഷ്യയിലെ അവസ്ഥ. ശാന്തതയുടെ ഒരു ചെറിയ ഇടവേള അവസാനിപ്പിച്ച് കൊണ്ട് ജോർദാനിലെ അമേരിക്കൻ ആസ്ഥാനം ഇറാൻ ആക്രമിച്ചു. അതിനുപകരം ഇറാഖിലെ ഇറാന്‍റെ പിന്തുണയുള്ള സംഘങ്ങളെ അമേരിക്കയും സൌദി അറേബ്യയും ആക്രമിച്ചു. അതോടെ ഇറാഖി പ്രധാനമന്ത്രിയുടെ റിയാദ് സന്ദർശനം വേണ്ടെന്നുവച്ചു. ഇറാനെ വെറുതേവിടില്ലെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. ഹോർമൂസിൽ ഒമാൻ മുന്നോട്ടുവച്ച നിർദ്ദശം, ഇറാൻ തള്ളിക്കളഞ്ഞിരുന്നു. നിയന്ത്രണം മറ്റാർക്കും വിട്ടുകൊടുക്കില്ലെന്ന് ചുരുക്കം. ഹോർമൂസ് തന്നെയാണിപ്പോഴും തർക്കവിഷയം. ഇത്തവണ ആക്രമണം തുടങ്ങിയത് ഇറാനാണ്. 13 ദിവസത്തെ ആക്രമണം അവസാനിപ്പിച്ച് ചർച്ചകൾക്കായി ഇടവേളയിട്ടതാണ് അമേരിക്ക. എന്തിന് ഇറാൻ തുടക്കമിട്ടുവെന്ന ചോദ്യത്തിന്‍റെ ഉത്തരമായി നിരീക്ഷകർ പറയുന്നത് നെതന്യാഹുവിന്‍റെ അമേരിക്കൻ സന്ദർശനമാണ്. ഇസ്രയേൽ ഇപ്പോഴീ യുദ്ധത്തിൽ പങ്കാളിയല്ല. പക്ഷേ, നെതന്യാഹുവിന്‍റെ അമേരിക്കൻ സന്ദർശനം ഇറാന്‍റെ കാഴ്ചപ്പാടിൽ വെല്ലുവിളിയാണ്.

വേണം, ഹോർമൂസിന്‍റെ അധികാരം

ഇറാന്‍റെ അഭ്യർത്ഥന അനുസരിച്ചാണ് ആക്രമണം നിർത്തിവച്ചതെന്ന് അമേരിക്കൻ പ്രസിഡന്‍റിന്‍റെ അവകാശ വാദം ഇറാൻ ശരിവച്ചിരുന്നില്ല. വെടിനിർത്തിയെങ്കിലും ഹോർമൂസിലെ ഇറാന്‍റെ പരമാധികാരം വെല്ലുവിളിച്ചാൽ യുദ്ധമെന്ന് ഇറാനിയൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസിം ഘരീബബാദി പറഞ്ഞു. കുറച്ചുകൂടി വിശദവുമാക്കി, യുദ്ധത്തിന് മുമ്പത്തെ അവസ്ഥയിലേക്ക് ഹോർമൂസ് തിരിച്ചുപോയാൽ, വിജയം തങ്ങൾക്ക് അവകാശപ്പെടാൻ പറ്റില്ലെന്നാണ് നിലപാട്. ഒമാൻ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അംഗീകരിക്കാത്തതും ഹോർമൂസിലെ പരമാധികാരം നഷ്ടപ്പെടുമെന്നുള്ളത് കൊണ്ടാണ്. ഹോർമൂസിൽ കപ്പലുകൾ ആക്രമിച്ചതും ഇക്കാരണം കൊണ്ടുതന്നെ. അതാണ് ഗരീബാബാദി പറഞ്ഞത്. ചുരുക്കത്തിൽ ഹോർമൂസ് വിട്ടുകൊടുക്കാതെ, അതായത് ഇറാന്‍റെ പരമാധികാരം അംഗീകരിക്കാതെ ഒരു ധാരണയ്ക്കും ഇറാൻ തയ്യാറാവില്ല.

'പാഠം പഠിപ്പിക്കും'

ജോർദാനിലെ അമേരിക്കൻ സൈനികാസ്ഥാനവും കമാൻഡ് സെന്‍ററുമാണ് ആക്രമിച്ചതെന്ന് IRGC (Islamic Revolutionary Guard Corps) ആണ് വ്യക്തമാക്കിയത്. അമേരിക്കൻ സേനയുടെ ആക്രമണങ്ങൾക്ക് പകരമെന്ന് വിശദീകരണവും. അതിനുപിന്നാലെ ഹോർമൂസിലെ 3 എണ്ണടാങ്കറുകളും ആക്രമിച്ചു. മുന്നറിയിപ്പുകൾ അവഗണിച്ച് നീങ്ങിയെന്നും സുരക്ഷിതമല്ലാത്ത, നിയമവിരുദ്ധമായ പാതയിലൂടെ സഞ്ചരിച്ചുവെന്നുമാണ് ന്യായീകരിച്ചത്. 'പാഠം പഠിപ്പിക്കും' എന്ന് അമേരിക്കൻ പ്രസിഡന്‍റ് പ്രതികരിച്ചു. ആക്രമണവും തുടങ്ങി. സൗദി അതിൽ പങ്കുചേരാൻ കാരണമുണ്ട്. ഇറാഖിൽ നിന്നുള്ള ആക്രമണങ്ങൾ കൂടുതൽ നേരിടുന്നത് സൗദിയാണ്. ഡ്രോണാക്രമണങ്ങൾ പതിവായിരിക്കുകയാണ് ഇപ്പോൾ. അതും എണ്ണ കേന്ദ്രങ്ങളിലേക്കാണ് കൂടുതലും. ഇറാൻ പിന്തുണയ്ക്കുന്ന ഭീകരവാദ സായുധ സംഘടനകൾ എന്നാണ് സൗദിയുടെ ആരോപണം. പ്രതിരോധിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും സൗദി പ്രതിരോധകാര്യ വക്താവ് അറിയിച്ചു. സംഘർഷം വഷളാക്കാൻ താൽപര്യമില്ല. പക്ഷേ, ആക്രമിച്ചാൽ പ്രതികരിക്കുമെന്നും.

ഇറാഖിന്‍റെ സ്വന്തം പിഎംഎഫ്

ആക്രമണത്തിൽ ഇറാഖിൽ 20 പേർ മരിച്ചതായി പിഎംഎഫ് (Popular Mobilization Forces) എന്ന സായുധ സംഘടനാ കൂട്ടായ്മ അറിയിച്ചു. 2014 -ൽ രൂപം കൊണ്ടതാണ് സംഘടനയാണ് പിഎംഎഫ്. ഇറാന്‍റെ പിന്തുണയും സഹായവുമാണ് ശക്തി. ആക്രമണത്തെ അപലപിച്ചു പിഎംഎഫ്. തങ്ങളല്ല സൗദിയെ ആക്രമിക്കുന്നതെന്നും, അതൊക്കെ കള്ളക്കഥയാണെന്നും പറഞ്ഞു. ഇറാഖി വിദേശകാര്യ മന്ത്രാലയും ആക്രമണങ്ങളെ അപലപിച്ചു. ഇറാഖിലെ പ്രദേശങ്ങൾ ആക്രമിക്കുന്നത് എതിർക്കുമെന്നും വക്താവ് അറിയിച്ചു. പക്ഷേ പിഎംഎഫ്, ഇറാഖിലെ സുരക്ഷാ സേനയുടെ ഭാഗമാണെന്നതാണ് വിരോധാഭാസം. കമാൻഡർ ഇൻ ചീഫ് പ്രധാനമന്ത്രിയാണ്. റിപ്പോർട്ട് ചെയ്യുന്നതും പ്രധാനമന്ത്രിയോടാണ്. ഇത്തരത്തിലൊരു സായുധ സംഘടനയ്ക്ക് ഔദ്യോഗിക പരിവേഷം നൽകുന്നതിൽ ഇറാഖിന്‍റെ അയൽരാജ്യങ്ങൾക്കും അമേരിക്കയ്ക്കും എതിർപ്പ് പണ്ടേയുണ്ട്. ഇറാഖിലെ മുൻസർക്കാരിന് ഇവരെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. ബാഗ്ദാദിലെ അമേരിക്കൻ എംബസിയും സേനാ ആസ്ഥാനങ്ങളും പലതവണ ആക്രമിച്ചിട്ടും സർക്കാർ നിസ്സഹായരായിരുന്നു.

ഷിയാ സായുധ സംഘടന

അമേരിക്കൻ അധിനിവേശത്തിന് ശേഷമാണ് ഇറാഖിൽ, ഇറാന്‍റെ പിന്തുണയോടെ ഷിയാ സംഘടനകൾ രൂപമെടുത്തത്. സാമ്പത്തിക സഹായവും സൈനിക പരിശീലനവും നൽകി, ഇറാൻ ഇവരെ പോറ്റിവളർത്തിയെന്ന് വേണം പറയാൻ. ഇറാഖിൽ സദ്ദാം ഹുസൈന്‍റെ ഭരണകാലത്ത്, ഷിയാ സംഘടനകൾക്ക് വേരൂന്നാൻ കഴിഞ്ഞിരുന്നില്ല. സുന്നി വിഭാഗക്കാരനായിരുന്നു സദ്ദാം. സുന്നികളുടേതായിരുന്നു ഭരണകക്ഷിയായിരുന്ന ബാത് പാർട്ടിയും. ഷിയാ വിഭാഗം അന്ന് പീഡനങ്ങൾ നേരിട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. സദ്ദാമിന്‍റെ ഇറാഖ് അവസാനിച്ചതോടെ, ഇറാൻ അവസരം മുതലെടുത്തു. ഷിയാ സംഘടനകൾക്ക് രൂപം കൊടുത്തു. പണവും ആയുധവും നൽകി വളർത്തിയെടുത്തു. ദേശീയ സൈന്യത്തെ പോലും മറികടക്കാൻ തക്കവണ്ണം ആൾബലവും ആയുധബലവും അവർക്ക് ഉണ്ടായി. അതുമാത്രമായിരുന്നില്ല, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ മേഖലകളിലും അവർ വേരുറപ്പിച്ചു. ബിസിനസ് ശൃംഖലകൾ സ്ഥാപിച്ചു. ഇറാന്‍റെ IRGC -യുടെ മാതൃക.

ഇസ്ലാമിക് റസിസ്റ്റൻസ്

ഇസ്ലാമിക് റസിസ്റ്റൻസ് (Islamic Resistance) എന്ന കുടക്കീഴിൽ എല്ലാവരും ചേർന്ന് ഒന്നായി പ്രവർത്തിച്ചു. ഇന്ന് വിമാനവേധ മിസൈലുകൾ വരെയുണ്ട്. 50,000 -ത്തിലേറെ സജീവ പോരാളികളും. ഇറാന്‍റെ നിഴൽയുദ്ധത്തിലെ പല കളിക്കാരിൽ ഒന്നാണ് പിഎംഎഫ്. ഷിയാ സർക്കാർ അധികാരത്തിലുള്ളതുകൊണ്ട് അവർക്ക് പരിക്കുമേൽക്കാറില്ല. അതിൽ തന്നെ ഏറ്റവും ശക്തരായ സംഘടന കതൈബ് ഹിസ്ബുല്ല (Kataib Hezbollah) ആണ്. ഇറാനോട് ഏറ്റവും അടുപ്പമുള്ള സംഘടനയെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. 10,000 പോരാളികൾ, റോക്കറ്റുകളടക്കം ആയുധങ്ങൾ. സിറിയൻ ആഭ്യന്തരയുദ്ധത്തിൽ ഇവരും മറ്റ് ഷിയാ സംഘടനകൾക്കൊപ്പം യുദ്ധം ചെയ്തു. സുന്നികൾക്കെതിരായി. അതിന്‍റെ സ്ഥാപകനായ അബു മഹ്ദി അൽ മുഹന്ദിസ് (Abu Mahdi al-Muhandis) 2020 -ലെ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇറാൻ മേജർ ജനറൽ ഖാസിം സുലൈമാനിക്കൊപ്പം. ഇവരാണ് ഇസ്രയേലി റഷ്യൻ മെഡി വിദ്യാർത്ഥി എലിസബത്ത് സുർകോവിനെ തട്ടിക്കൊണ്ടുപോയതും.

അസൈബ് അൽ ഹക്ക് ആണ് മറ്റൊരു സംഘടന. ഖസാലിയാണ് സ്ഥാപകനേതാവ്. കർബലയിലെ അമേരിക്കൻ ആസ്ഥാനം ആക്രമിച്ചതിന്‍റെ പേരിൽ അമേരിക്കൻ ജയിലിലായിരുന്നു മൂന്ന് വർഷം. മുഖ്താദാ അൽ സദ്റിനൊപ്പം അമേരിക്കൻ സൈന്യത്തോട് യുദ്ധം ചെയ്ത ശേഷമാണ് സ്വന്തം സൈനിക വിഭാഗം രൂപീകരിച്ചത്. രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ വേണ്ടി. അക്രമങ്ങൾ നിർത്തിവച്ചുവെന്നാണ് റിപ്പോർട്ട്.

ഇവരെ ക്കൂടാതെ വേറെയും പല സംഘങ്ങൾ ചേർന്നതാണ് പിഎംഎഫ്. അവരുടെ ആസ്ഥാനങ്ങൾക്ക് നേരെയാണ് അമേരിക്കൻ സൗദി സംയുക്താക്രമണം. ജോർദാനെ ലക്ഷ്യമിട്ട ഇറാൻ ഹോർമൂസിലെ കപ്പലുകളും ആക്രമിച്ചു. അതോടെയാണ് പ്രത്യാക്രമണം ഉണ്ടായത്. ഇറാഖിന്‍റെ പരമാധികാരം ലംഘിക്കുന്നുവെന്ന് ഇറാഖി പ്രസിഡന്‍റ് ആരോപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് വിദേശകാര്യമന്ത്രാലയവും ആരോപിച്ചു. പക്ഷേ, ഇറാഖി സർക്കാരിന്‍റെ അറിവോടെയാണ് ആക്രമണം നടന്നതെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് അറിയിച്ചത്.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

Read more Articles on
click me!

Recommended Stories

ലണ്ടനിൽ ഇറങ്ങുന്നതിനിടെ വിമാനത്തിന് 100 മീറ്റർ അടുത്ത് 'പറക്കും തളിക'; ദുരൂഹത, ആശങ്കയോടെ വ്യോമയാന മേഖല
എഐ വില്ലൻ; പ്രതിമാസ ശമ്പളം 2 ലക്ഷത്തിൽ നിന്ന് 40,000 രൂപയായി ഇടിഞ്ഞെന്ന് കോപ്പിറൈറ്റർ