ഇറ്റലിയിലെ ഒരു ഗ്രാമം വിളിക്കുന്നു, താമസത്തിനായി വരൂ, ലക്ഷങ്ങള്‍ തരാം!

By Web TeamFirst Published Oct 30, 2020, 10:00 AM IST
Highlights

ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാവർക്കുമൊന്നും അങ്ങോട്ട് പ്രവേശനമില്ല. സ്‍കീമിനായി അപേക്ഷിക്കുന്നവർ 18 -നും 40 -നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

ഇറ്റലിയിലേക്ക് കുടിയേറിയവർ നമ്മുടെ നാട്ടിൽ കുറവല്ല. സഞ്ചാരികളുടെ പ്രിയപ്പെട്ട രാജ്യമായ ഇറ്റലി പലരുടെയും സ്വപ്‍നഭൂമിയാണ്. ആ ഇറ്റലിയിലെ ഒരു അതിമനോഹരമായ ഗ്രാമമാണ് സാന്റോ സ്റ്റെഫാനോ ഡി സെസ്സാനിയോ. പേരുപോലെ തന്നെ സ്ഥലവും കിടിലമാണ്. കുന്നും പാടവും, നദിയും ഒക്കെയുള്ള അതിമനോഹരമായ ആ ഗ്രാമം ഇപ്പോൾ ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് താമസക്കാരെ അവിടേയ്ക്ക് ക്ഷണിക്കുകയാണ്. ജനങ്ങൾക്ക് അവിടേക്ക് താമസം മാറുന്നതിന് വലിയ ഓഫറുകളാണ് അവർ മുന്നോട്ട് വച്ചിരിക്കുന്നത്. ആളുകളുടെ എണ്ണം കൂട്ടാനും, സമ്പദ്‌വ്യവസ്ഥ നിലനിർത്താനും വേണ്ടിയാണ് ഇത്.  

നിലവിൽ 115 പേർ മാത്രമാണ് അവിടെ താമസിക്കുന്നത്. അതിൽ 13 പേർ 20 വയസ്സിന് താഴെയുള്ളവരാണ്, 41 പേർ 65 വയസ്സിനു മുകളിലുള്ളവരുമാണ്. പുതിയ താമസക്കാർ‌ക്ക് മൂന്ന്‌ വർഷത്തേക്ക്‌ ഓരോ മാസവും ഒരു നിശ്ചിത തുക വീതം ടൗൺ‌ കൗൺസിൽ നൽകും. അങ്ങനെ ഒരു വർഷത്തിൽ പരമാവധി ആറ് ലക്ഷം രൂപവരെ സ്ഥിരതാമസക്കാർക്ക് ലഭിക്കും. അത് കൂടാതെ സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കുന്നതിന് കൗൺസിൽ ഒറ്റത്തവണയായി 15 ലക്ഷം അടുപ്പിച്ച് നൽകും. താമസക്കാർക്ക് അവിടെ ഭൂമിയും ലഭിക്കും. എന്നാൽ, അതിന് ഒരു ചെറിയ തുക വാടക നൽകേണ്ടി വരും. 

ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാവർക്കുമൊന്നും അങ്ങോട്ട് പ്രവേശനമില്ല. സ്‍കീമിനായി അപേക്ഷിക്കുന്നവർ 18 -നും 40 -നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. മാത്രവുമല്ല, അവർ ഒന്നുകിൽ ഇറ്റലിയിലെ താമസക്കാരാകണം, അല്ലെങ്കിൽ യൂറോപ്യൻ യൂണിയൻ പൗരന്മാരാകണം അതുമല്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് യൂറോപ്യൻ യൂണിയനിൽ തുടരാനുള്ള അവകാശമുള്ളവരായിരിക്കണം. ഇറ്റലിയിൽ താമസിക്കുന്നവരാണെങ്കിൽ, അവർ രണ്ടായിരത്തിലധികം നിവാസികളുള്ള ഒരു പ്രദേശത്ത് നിന്ന് വരുന്നവരായിരിക്കണം. ഇങ്ങനെ വരുന്ന താമസക്കാർ കുറഞ്ഞത് അഞ്ച് വർഷത്തേക്കെങ്കിലും പട്ടണത്തിൽ താമസിക്കണം. 

ഒക്ടോബർ 15 -ന് പദ്ധതി ആരംഭിച്ചതുമുതൽ ആയിരത്തിയഞ്ഞൂറോളം പേർ അപേക്ഷിച്ചതായി കൗൺസിൽ പറയുന്നു. എന്നാൽ, പത്തോളം ആളുകളെ  അല്ലെങ്കിൽ അഞ്ച് ദമ്പതികളെ മാത്രമേ ഇതിനായി തെരഞ്ഞെടുക്കുകയുള്ളൂ. അത് മാത്രവുമല്ല, നിങ്ങൾക്ക് അവിടെ പോയി ഇഷ്ടമുള്ള ബിസിനസ്സ് ആരംഭിക്കാനാകില്ല. ഗൈഡുകൾ, ഇൻഫർമേഷൻ ഓഫീസിലെ ഉദ്യോഗസ്ഥർ, ക്ലീനർ, മെയിന്റനൻസ് തൊഴിലാളികൾ, മരുന്ന് കടകൾ, അല്ലെങ്കിൽ ഭക്ഷണവുമായി ബന്ധപ്പെട്ട മറ്റ് ബിസിനസ്സുകൾ ഇതെല്ലാം മാത്രമാണ് അവിടെ ആരംഭിക്കാൻ അനുവാദമുള്ളത്.  

മനോഹരമായ ഗ്രാമമാണ് അതെങ്കിലും അവിടത്തെ താമസം പക്ഷെ എളുപ്പമായിരിക്കില്ല. ഏറ്റവും അടുത്തുള്ള പട്ടണത്തിലേയ്ക്ക് അവിടെ നിന്ന് അരമണിക്കൂർ ദൂരമുണ്ട്. അബ്രുസോയുടെ തലസ്ഥാനമായ ഇത് 2009 -ൽ ഉണ്ടായ ഭൂകമ്പത്തിൽ തകർന്നിരുന്നു. ഇപ്പോഴും അത് പുനർനിർമ്മിച്ചു കൊണ്ടിരിക്കയാണ്. റോം ഏകദേശം രണ്ട് മണിക്കൂർ അകലെയാണ്. 90 മിനിറ്റ് അകലെയുള്ള പെസ്‍കറയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. പർവതങ്ങളുടെ അടിത്തട്ടിലായ ഇവിടെ ശൈത്യകാലത്ത് ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകും. എന്നിരുന്നാലും, നഗരങ്ങളുടെ ബഹളങ്ങളൊന്നുമില്ലാത്ത, ശാന്തസുന്ദരമായ ഒരിടമായി അതിനെ കണക്കാക്കാം. കൂടാതെ അവിടെ നിങ്ങളെ സ്വീകരിക്കാൻ നല്ല ശുദ്ധമായ വായുവും, ഉണരുമ്പോൾ അവിശ്വസനീയമായ കാഴ്ചകളുമുണ്ട്.  

click me!