മേരി ആൻ ട്രംപ്, ഡൊണാൾഡ് ട്രംപിന്റെ അമ്മ, സ്കോട്‍ലന്‍ഡില്‍ നിന്ന് ന്യൂയോർക്കിലെത്തിയ കുടിയേറ്റക്കാരി

By Web TeamFirst Published Oct 29, 2020, 4:47 PM IST
Highlights

സ്കോട്ട്ലൻഡിൽ നിന്ന് നിർദ്ധനയായ ഒരു അഭയാർത്ഥിയായി, കണ്ണുകളിൽ അമേരിക്കൻ ഡ്രീമും കൊണ്ട് ന്യൂയോർക്കിൽ കപ്പലിറങ്ങിയ ഒരമ്മയുടെ മകനാണ് ഇന്ന് അഭയാർത്ഥികൾക്കെതിരെ ഏറ്റവും കർക്കശമായ നിലപാടുകൾ സ്വീകരിക്കുന്നത് എന്നത് വല്ലാത്തൊരു വിരോധാഭാസം തന്നെയാണ്.

സ്കോട്ട്ലണ്ടിലെ ദരിദ്ര ജീവിതത്തിൽ നിന്ന് രക്ഷപ്പെട്ടോടി ന്യൂയോർക്ക് എന്ന പറുദീസയിലേക്ക് വന്നിറങ്ങുമ്പോൾ മേരി ആൻ മക്‌ലോയ്ഡ് ട്രംപ് കണ്ടിരുന്ന സ്വപ്‌നങ്ങൾ വളരെ ചുരുങ്ങിയതായിരുന്നു. നല്ലൊരു ജോലി തരപ്പെടുത്തണം. കൊള്ളാവുന്നൊരുത്തനെ കണ്ടെത്തി കല്യാണം കഴിക്കണം. അല്ലലില്ലാതെ ജീവിക്കണം. അത്രയേ ഉണ്ടായിരുന്നുള്ളൂ മേരിയുടെ അമേരിക്കൻ ഡ്രീം. എന്നാൽ, വിധി അവർക്കുവേണ്ടി കാത്തുവെച്ചിരുന്നത് അതിലും എത്രയോ വലിയ സൗഭാഗ്യങ്ങളായിരുന്നു. അവർക്ക് സുമുഖനായ ഒരു യുവാവിനെ വരനായി കിട്ടുന്നു. അയാൾ അധികം താമസിയാതെ വ്യവസായത്തിൽ വിജയം കണ്ടെത്തുന്നു. കോടീശ്വരനാകുന്നു. അവർക്ക് ജനിച്ച ഡോണൾഡ് എന്ന പുത്രൻ അച്ഛനെക്കാൾ വലിയ ബിസിനസുകാരനാകുന്നു. ഒടുവിൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച് അമേരിക്കയുടെ പ്രസിഡന്റാകാൻ പരിശ്രമിക്കുന്നു. അതിൽ വിജയിക്കുന്നു. 

സ്കോട്ട്ലണ്ടിലെ നഗരങ്ങളുടെ തിരക്കിൽ നിന്നൊക്കെ അകലെയുള്ള ഒരു വിദൂരസ്ഥമായ സ്റ്റോണോവേ എന്ന  ഗ്രാമത്തിൽ ഒരു മീൻപിടിത്തക്കാരന്റെ മകളായിട്ടായിരുന്നു മേരിയുടെ ജനനം. അവിടത്തെ കഷ്ടപ്പാടുകളിൽ വളർന്ന മേരിക്ക് ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. തനിക്കു ജനിക്കുന്ന കുഞ്ഞുങ്ങളെങ്കിലും കുറേക്കൂടി സുഖ സൗകര്യങ്ങൾ അറിഞ്ഞനുഭവിച്ചു വളരണം. അങ്ങനെയാണ് 1930 -ൽ തന്റെ പതിനെട്ടാമത്തെ വയസ്സിൽ മേരി ന്യൂയോർക്കിലേക്ക് കപ്പലേറി വന്നിറങ്ങുന്നത്. അന്ന് അവളുടെ വിസയിലെ ജോലി, 'വീട്ടുജോലിക്കാരി' എന്നതായിരുന്നു. അവളുടെ ചേച്ചി, അവൾക്കുമുമ്പേ ഭാഗ്യാന്വേഷിയായി ന്യൂയോർക്കിൽ എത്തി, ഒരു വിധം അവിടെ പച്ചപിടിച്ചു തുടങ്ങിയിരുന്ന കാലം. മേരിക്ക് അങ്ങോട്ട് കുടിയേറാൻ വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തത് അവരായിരുന്നു. വന്നിറങ്ങുമ്പോൾ പഴ്സിൽ ആകെയുണ്ടായിരുന്ന പണം 50 ഡോളർമാത്രമായിരുന്നു. 

1930 -കളുടെ തുടക്കത്തിലാണ് മേരി ഫ്രഡറിക്ക് ട്രംപിനെ കണ്ടുമുട്ടുന്നത്. അന്ന് ഏറെ മഹത്വാകാംക്ഷിയായ ഒരു ബിസിനസുകാരനായിരുന്നു ഫ്രെഡ്. ഹൈ സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ ഒരു കൺസ്ട്രക്ഷൻ കമ്പനി തുടങ്ങിയിരുന്നു അയാൾ. അന്ന് ചുരുങ്ങിയ വിലയ്ക്ക് സിംഗിൾ ഫാമിലി വീടുകൾ പണിഞ്ഞു വിറ്റിരുന്നു. ഒരു ഡാൻസ് ബാളിൽ വെച്ച് മേരിയെ കണ്ടിഷ്ടപ്പെട്ട ഫ്രെഡ് അവളെ നൃത്തം ചെയ്യാൻ ക്ഷണിക്കുന്നു. ആ പരിചയം പ്രണയത്തിനു വഴിമാറുന്നു, അവർ വിവാഹിതരാകുന്നു. 1936 ജനുവരിയിലായിരുന്നു ഫ്രെഡ്-മേരിമാരുടെ വിവാഹം. പ്രദേശത്തുള്ള കാർലൈൽ ഹോട്ടലിൽ ആകെ 25  പേർ മാത്രം പങ്കെടുത്ത ഒരു കുഞ്ഞു ഫങ്ഷൻ. അറ്റ്ലാന്റിക് സിറ്റിയിലായിരുന്നു അവരുടെ ഹണിമൂൺ. ശേഷം ക്വീൻസിലെ ജമൈക്കൻ എസ്റ്റേറ്റ്സിൽ അവർ തങ്ങളുടെ ദാമ്പത്യ ജീവിതത്തിനു ശുഭാരംഭം കുറിക്കുന്നത്. 

1937 ഏപ്രിൽ 5 -ന്, അവർക്കാദ്യം ജനിച്ചത് ഒരു പെൺകുഞ്ഞ്.  തങ്ങളുടെ കടിഞ്ഞൂൽ കുഞ്ഞിന് ട്രംപ് ദമ്പതികൾ മേരിയാൻ ട്രംപ് എന്ന് പേരിട്ടു. അടുത്ത വർഷം ഫ്രെഡ് ജൂനിയർ എന്നൊരു ആൺകുഞ്ഞു ജനിക്കുന്നു. അപ്പോഴേക്കും ഫ്രെഡ് സാമാന്യം ധനികനായികഴിഞ്ഞിരുന്നു. മേരിക്ക് ഒരു സ്‌കോട്ടിഷ് അഭയാർത്ഥി ജോലിക്കാരിയെയും ശമ്പളത്തിന് നിർത്താനുള്ള പാങ്ങുണ്ടായിക്കഴിഞ്ഞിരുന്നു. 1942 -ൽ മൂന്നാമത്തെ സന്താനം, എലിസബത്ത് എന്ന പെൺകുഞ്ഞ് ജനിച്ച വർഷം തന്നെ മേരിക്ക് അമേരിക്കൻ പൗരത്വവും അനുവദിച്ച് കിട്ടുന്നു. നാലാമനായി ഡോണൾഡ് ജനിക്കുന്നത്, പിന്നെയും നാലുവർഷം കഴിഞ്ഞിട്ടാണ്. അവസാനത്തെ കുഞ്ഞ് റോബർട്ട് ജനിച്ച 1948 -ലെ പ്രസവത്തിൽ മേരി, മരണത്തെ മുഖാമുഖം കാണുന്നുണ്ട്. 

അമ്മയ്ക്ക് പ്രസവത്തിൽ സങ്കീർണ്ണതകൾ വരുന്നതും മരണത്തോട് എടുക്കുന്നതും ഒക്കെ കുഞ്ഞ് ഡോണൾഡ്‌ ട്രംപിലും മാനസികമായ വിപരീത സ്വാധീനങ്ങൾ ചെലുത്തിക്കാണും എന്നാണ് അമേരിക്കൻ സൈക്കോ അനാലിറ്റിക് അസോസിയേഷൻ പ്രസിഡന്റായിരുന്ന മാർക്ക് സ്മാളർ അടക്കമുള്ള ചില വിദഗ്ധർ പിന്നീട് അഭിപ്രായപ്പെട്ടത്. 

രണ്ടാം ലോക മഹായുദ്ധാനന്തരം അമേരിക്കയിലുണ്ടായ റിയൽ എസ്റ്റേറ്റ് ബൂമിൽ പരമാവധി പണമുണ്ടാക്കിയവരിൽ ഒരാൾ ഫ്രെഡ് ട്രംപ് ആയിരുന്നു. ഭർത്താവിന് സമ്പത്തുണ്ടായതോടെ, സ്കോട്ട്ലൻഡിൽ നിന്ന് ആവിക്കപ്പൽ കയറി ഒരു അഭയാർത്ഥിയായി അമേരിക്കൻ മണ്ണിലെത്തിപ്പെട്ട മേരി, ക്രൂയിസ് ഷിപ്പിൽ ബഹാമാസ്, പ്യൂർട്ടോ റിക്കോ, ക്യൂബ എന്നിവിടങ്ങളിൽ കറങ്ങാൻ തുടങ്ങി. 

തന്റെ അമ്മയെപ്പറ്റി ട്രംപ് വളരെ അപൂർവം അവസരങ്ങളിൽ മാത്രമേ സംസാരിച്ചു കണ്ടിട്ടുള്ളൂ. അങ്ങനെ ചെയ്തിട്ടുള്ളപ്പോഴൊക്കെ തികഞ്ഞ ബഹുമാനത്തോടെ മാത്രമേ അദ്ദേഹം തന്റെ അമ്മയെപ്പറ്റി പരാമർശിച്ചു കണ്ടിട്ടുള്ളൂ. മകൻ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റാകുന്നതിനു സാക്ഷ്യം വഹിക്കാൻ ആ അമ്മയ്ക്ക് ഭാഗ്യമുണ്ടായിട്ടില്ല എങ്കിലും, തൊണ്ണൂറുകളിൽ മകൻ സൗഭാഗ്യത്തിന്റെ പടവുകൾ കയറുന്നത് നേരിൽ കണ്ടിട്ടാണ് ആ മേരി ഫ്രെഡ് ട്രംപ് ഇഹലോകവാസം വെടിയുന്നത്.

അങ്ങനെ സ്കോട്ട്ലൻഡിൽ നിന്ന് നിർദ്ധനയായ ഒരു അഭയാർത്ഥിയായി, കണ്ണുകളിൽ അമേരിക്കൻ ഡ്രീമും കൊണ്ട് ന്യൂയോർക്കിൽ കപ്പലിറങ്ങിയ ഒരമ്മയുടെ മകനാണ് ഇന്ന് അഭയാർത്ഥികൾക്കെതിരെ ഏറ്റവും കർക്കശമായ നിലപാടുകൾ സ്വീകരിക്കുന്നത് എന്നത് വല്ലാത്തൊരു വിരോധാഭാസം തന്നെയാണ്.

click me!