ജനങ്ങള്‍ക്കു നേരെ  തോക്കെടുക്കുന്ന വേദാന്ത ഈ ആഫ്രിക്കന്‍ രാജ്യത്ത് അതു ചെയ്യില്ല!

ജയ് കുമാര്‍ എന്‍.കെ |  
Published : May 24, 2018, 04:42 PM ISTUpdated : Jun 29, 2018, 04:28 PM IST
ജനങ്ങള്‍ക്കു നേരെ  തോക്കെടുക്കുന്ന വേദാന്ത ഈ ആഫ്രിക്കന്‍ രാജ്യത്ത് അതു ചെയ്യില്ല!

Synopsis

തൂത്തുക്കുടി ഭരിക്കുന്ന വേദാന്തയ്ക്ക്  ആഫ്രിക്കയില്‍ എത്തിയാല്‍ മുട്ടുവിറയ്ക്കും! ജയ് കുമാര്‍ എന്‍.കെ എഴുതുന്നു

ഒരു കാര്യം കൂടി അറിയുക, ഇന്ത്യയിലെക്കാള്‍ കൂടുതല്‍ അഴിമതിയുണ്ട് സാംബിയയില്‍. പക്ഷേ അവിടെ പൊതു ജനങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ അവര്‍ അത് കാണിക്കില്ല. ഒരു അനില്‍ അഗര്‍വാളിന്റെ വാടകക്കൊലയാളികളുടെ തോക്കും ജനങ്ങളുടെ നേരേ പൊട്ടില്ല. പിന്നാക്ക രാജ്യമാണെങ്കിലും, നിരക്ഷരരും , അന്ധവിശ്വാസികളും, ഏയിഡ്‌സ് രോഗികളും, അഴിമതിക്കാരായ ഉദ്യോഗസ്ഥ, രാഷ്ട്രീയക്കാരും നിറഞ്ഞ രാജ്യമാണെങ്കിലും സാംബിയയില്‍ ജനങ്ങള്‍ക്ക് വേണ്ടി ചോദിക്കാന്‍ സര്‍ക്കാരുണ്ട്. വേണ്ടി വന്നാല്‍ തങ്ങളുടെ പ്ലാന്റ് ഗവണ്‍മെന്റ് ഏറ്റെടുത്തു കളയും എന്ന ഭയം ഇന്ത്യനും, ചൈനീസുമായ എല്ലാ നിക്ഷേപകര്‍ക്കുണ്ട്. അത് കൊണ്ട് വലിയ ഫ്രോഡ് പരിപാടിക്ക് ഒരു നിക്ഷേപകരും മുതിരില്ല.

ആഫ്രിക്കന്‍ ജീവിതത്തിലെ എട്ട് വര്‍ഷവും ജോലി ചെയ്തത് സാംബിയയിലെ കൊങ്കോള കോപ്പര്‍ മൈന്‍സിന്റെ ഖനികളിലായിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ, ചെമ്പയിരിന്റെ തുറന്ന ഖനി (ഓപ്പണ്‍ പിറ്റ്) ചിംഗോള എന്ന സാംബിയന്‍ പട്ടണത്തോട് ചേര്‍ന്നാണുള്ളത്. അല്ലെങ്കില്‍, ആ ഖനിയോട് ചേര്‍ന്നാണ് ചിംഗോള പട്ടണം ഉയര്‍ന്നു വന്നത്. ചിംഗോളയില്‍ നിന്ന് 25 കിലോമീറ്ററുകള്‍ക്ക് ദൂരെ ചില്ലിലാബോംബ്വെ എന്ന സ്ഥലത്തുള്ള ഖനി സ്ഥിതി ചെയ്യുന്നത് ഭൂനിരപ്പില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ താഴ്ചയിലാണ്. ഇവിടെ നിന്നാകെ ഒരു വര്‍ഷം പൊട്ടിച്ചെടുക്കുന്നത് രണ്ട് ദശലക്ഷത്തിലധികം ടണ്‍ ചെമ്പയിരാണ്.

ഈ അയിരില്‍ നിന്ന് ചെമ്പ് വേര്‍തിരിച്ചെടുക്കുന്ന രീതി അത്രയധികം സങ്കീര്‍ണ്ണമല്ല. നമ്മള്‍ സ്‌കൂളുകളില്‍ പഠിച്ച ഇലക്‌ട്രോലൈസ് രീതി തന്നെ. കാഥോഡും ആനോഡും ആരും മറന്നിട്ടില്ല എന്ന് കരുതുന്നു. പൊട്ടിച്ചെടുത്ത ചെമ്പടങ്ങിയ പാറക്കഷണങ്ങള്‍ ക്രഷറിലൂടെ ചെറിയ കഷണങ്ങളായി പൊട്ടിക്കുന്നു. അത് വലിയ മില്ലുകളിലിട്ടരച്ച് ചെളിപ്പരുവമാക്കുന്നു (Slurry). സ്ലറി നിരനിരയായി വച്ചിരിക്കുന്ന ഫ്‌ളോട്ടേഷന്‍ ടാങ്കുകളില്‍ തൈര് കടയുന്നത് പോലെ കടയുന്നു. തൈരില്‍ നിന്ന് വെണ്ണ പുറത്ത് വരുന്നത് പോലെ കോപ്പര്‍ എക്‌സ്ട്രാക്റ്റ് പുറത്ത് വരുന്നു. അതില്‍ കോപ്പര്‍ മാത്രമല്ല, കൊബാള്‍ട്ട്, നിക്കല്‍, കുറച്ച് സ്വര്‍ണ്ണം തുടങ്ങിയവയും അടങ്ങിയിരിക്കും. ഈ എക്‌സ്ട്രാക്റ്റ് പിന്നീട് തിക്‌നിംഗ് എന്ന പ്രൊസസിലൂടെ കടത്തി അതിലടങ്ങിയ ജലാംശം കുറെക്കൂടി നീക്കം ചെയ്യും. വിസ്താരമേറിയ ആഴം കുറഞ്ഞ പല പല കള്ളികളായി തിരിച്ച ടാങ്കിലെ സള്‍ഫ്യൂരിക് ആസിഡില്‍ പോസിറ്റീവ് ചാര്‍ജു വരുന്ന കോപ്പര്‍ ഓറും (ആനോഡ്) നെഗറ്റീവ് ചാര്‍ജ് ബന്ധിപ്പിച്ച ചെമ്പ് പ്ലേറ്റും (കാഥോഡ്)വയ്ക്കുന്നു. വൈദ്യുതി പ്രവഹിക്കുമ്പോള്‍ കോപ്പര്‍ തന്മാത്രകള്‍ കാഥോഡിലേക്ക് ആകര്‍ഷിക്കപ്പെടുകയും കനം കൂടിയ ചെമ്പ് തകിട് രൂപപ്പെടുകയും ചെയ്യുന്നു. ഈ രീതി പരമ്പരാഗതമായി ചെയ്ത് വരുന്നു.

ആധുനിക രീതിയില്‍ ഇലക്‌ട്രോലൈസ് ഒഴിവാക്കിയും ചെമ്പ് വേര്‍തിരിച്ചെടുക്കുന്നുണ്ട്. തിക്‌നിംഗ് പ്രോസസ്സ് കഴിഞ്ഞ കോപ്പര്‍ എക്‌സ്ട്രാക്റ്റ് ഫര്‍ണസിലെ 2500 ഓളം ഡിഗ്രി ചൂടിലൂടെ കടത്തി മോള്‍ട്ടന്‍ ലിക്വിഡ് അവസ്ഥയിലെത്തിക്കുന്നു. വീണ്ടും വെവ്വേറെ ഫര്‍ണസുകളിലൂടെ കടത്തി അതിലടങ്ങിയ ഇരുമ്പ്, സള്‍ഫര്‍, കൊബാള്‍ട്ട് മറ്റ് ലോഹങ്ങള്‍ മുതലായവ നീക്കി 99% ചെമ്പടങ്ങിയ ഒരു ടണ്ണോളം ഭാരമുള്ള ബ്ലോക്കുകളാക്കി മാറ്റുന്നു. ഈ പ്രോസസിനെ സ്‌മെല്‍ട്‌നിംഗ് എന്നും ഇത് നടത്തുന്ന ഏരിയയെ മൊത്തമായി സ്‌മെല്‍ട്ടര്‍ എന്നും വിളിക്കുന്നു. കോപ്പര്‍ ബല്‍റ്റ് എന്ന് പേരുള്ള സാംബിയയിലെ പ്രൊവിന്‍സില്‍ KCM ന് രണ്ട് സ്‌മെല്‍ട്ടര്‍ ഉണ്ട്. ചിംഗോളയിലെ ന്ഞ്ചങ്ക സ്‌മെല്‍ട്ടറും കിറ്റ് വേ എന്ന നഗരത്തിലെ ന്കാന സ്‌മെല്‍ട്ടറും. 

ശ്രദ്ധിക്കുക, ഇരുപത് ലക്ഷം ടണ്‍ ചെമ്പയിരാണ് ഈ രണ്ട് സ്‌മെല്‍ട്ടറിലൂടെ ശുദ്ധീകരിച്ചെടുക്കപ്പെടുന്നത്. 

ഇനി ഒരു ചോദ്യം. ഈ പ്ലാന്റുകള്‍ എത്ര പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നുണ്ടാവും? 

നാം കൊച്ചി വ്യവസായ മേഖലയിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെയും പരിസ്ഥിതി മലിനീകരണത്തോത് കണക്കിലെടുത്ത്, ഈ പ്ലാന്റുകളും വന്‍തോതില്‍ പരിസര മലിനീകരണം നടത്തുന്നുണ്ട്, എന്ന് കരുതിയാല്‍ അത് തെറ്റാവും. താരതമ്യേന വളരെക്കുറവ് മലിനീകരണമേ ഈ പ്ലാന്റുകള്‍ ചെയ്യുന്നുള്ളൂ ഇതിന്റെ തൊട്ടടുത്ത് തന്നെയാണ് ടൗണ്‍ഷിപ്പ്. നാലഞ്ച് ലക്ഷത്തോളം ജനങ്ങള്‍ ഈ പ്ലാന്റുകള്‍ക്ക്, ഖനികള്‍ക്ക് ചുറ്റും താമസിക്കുന്നു. കാര്യമായ മലിനീകരണമോ അതുമായി ബന്ധപ്പെട്ട രോഗങ്ങളോ ഇല്ല. എന്റെ ഓര്‍മ്മയില്‍ പ്ലാന്റില്‍ നിന്ന് ഒരു മണം പുറത്തേക്കനുഭവപ്പെട്ടിട്ടില്ല. പ്ലാന്റില്‍ നിന്നും നൂറ് മീറ്റര്‍ അടുത്ത് വരെ ജനവാസമുണ്ട്.

പരിസ്ഥിതി മലിനീകരണ തോത് തീരെ കുറയ്ക്കാന്‍ ഇവിടെ വേദാന്ത അതീവശ്രദ്ധ പുലര്‍ത്തുന്നു. 

ഈ കൊങ്കോള കോപ്പര്‍ മൈന്‍സിന്റെ (KCM) മാതൃ സ്ഥാപനം ഏതാണെന്നറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും.

വേദാന്ത റിസോഴ്‌സസ്!

അതേ, ഇപ്പോള്‍ ബ്രീട്ടീഷ് പൗരനായിരിക്കുന്ന അനില്‍ അഗര്‍വാളിന്റെ സ്വന്തം വേദാന്ത. തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റും, രാജസ്ഥാനിലെ ഹിന്ദുസ്ഥാന്‍ സിങ്കും, അരുണ്‍ ഷൂരി വിറ്റ് തുലച്ച ബാല്‍കോയും, സെസ്സ ഗോവയും സ്വന്തമാക്കിയ അതേ വേദാന്ത. പരിസര മലിനീകരണത്തിന്റെ പേരില്‍ ഇന്ത്യയില്‍ കുപ്രസിദ്ധിയാര്‍ജിച്ച വേദാന്ത. മലിനീകരണം നിര്‍ത്തണമെന്നാവശ്യപ്പെട്ട ജനങ്ങളെ വെടി വെച്ച് കൊന്ന അതേ വേദാന്ത.

വേദാന്തയുടെ സാംബിയയിലെ സ്‌മെല്‍ട്ടറുകളില്‍ നിന്ന് വളരെയധികം രാസവസ്തുക്കള്‍ ഉപോത്പന്നങ്ങളായി ഉണ്ടാകുന്നുണ്ട്, അതിലധികം മാലിന്യങ്ങളും. പക്ഷേ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി, മലിനീകരണം തടയാനായി വളരെ സജ്ജീകരണങ്ങള്‍ അവര്‍ ഒരുക്കിയിട്ടുണ്ട്. മൈനുകളില്‍ നിന്നും സ്‌മെല്‍ട്ടറില്‍ നിന്നും പുറത്ത് വരുന്ന വെള്ളത്തില്‍ നിന്ന് 99.5% സള്‍ഫറും ശുദ്ധീകരിച്ചെടുക്കാന്‍ മാലിന്യ നിര്‍മാര്‍ജ്ജന പ്ലാന്റുകള്‍ക്ക് കഴിയുന്നുണ്ട്. ഫര്‍ണസില്‍ നിന്നുയരുന്ന പുക ന്യൂട്രലൈസ് ചെയ്യാനും വേദാന്തയക്ക് ആവുന്നുണ്ട്. അതായത്, പരിസ്ഥിതി മലിനീകരണ തോത് തീരെ കുറയ്ക്കാന്‍ ഇവിടെ വേദാന്ത അതീവശ്രദ്ധ പുലര്‍ത്തുന്നു. 

അത് ചെയ്യുന്നത് ആരൊക്കെ എന്നു കൂടി അറിയുക. തൂത്തുക്കുടിയില്‍ നിന്ന് ഡപ്യൂട്ടേഷനില്‍ പോയ ഉദ്യോഗസ്ഥര്‍! അവരാണ് അവിടത്തെ ഉന്നത മാനേജ്‌മെന്റ്. 

എന്താണ് ഇതിനര്‍ത്ഥം? എങ്ങനെയാണ് മലിനീകരണം തടയേണ്ടത് എന്ന് വേദാന്തക്കറിയാഞ്ഞിട്ടല്ല എന്നു തന്നെ. അതിന്റെ ആവശ്യം ഇന്ത്യയിലില്ല എന്ന് അവര്‍ തീരുമാനിച്ചത് കൊണ്ടു മാത്രമാണ് ഇവിടെയിങ്ങനെ. 

ഇന്ത്യയില്‍ വേദാന്ത മലിനീകരണ നിയന്ത്രണങ്ങളില്‍ ശ്രദ്ധ പുലര്‍ത്താത്തതിനും സാംബിയയില്‍ ശ്രദ്ധ പുലര്‍ത്തുന്നതിനും ഒരു കാരണമുണ്ട്. സാംബിയയില്‍ മലിനീകരണ നിയന്ത്രണം സ്റ്റാറ്റിയൂട്ടറിയാണ്. ഇന്ത്യയിലെപ്പോലെ അത് ഏട്ടിലെപ്പശുവല്ല. സാംബിയ ഭരിക്കുന്നവര്‍ക്ക് അതില്‍ ശ്രദ്ധയുണ്ട്. നയമുണ്ട്. ശക്തമായ നിയമങ്ങളുണ്ട്. നിയമം ലംഘിക്കപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കാന്‍ ഇങ്ങേയറ്റം മുനിസിപ്പല്‍ ഭരണാധികാരികള്‍ തുടങ്ങി പ്രൊവിന്‍സ് അധികാരികളും, രാഷ്ട്രത്തലവന്‍ വരെയുള്ള ശക്തമായ മെക്കാനിസമുണ്ട്. അവര്‍ മലിനീകരണം ശക്തമായി മോണിട്ടറിംഗ് ചെയ്യുന്നുണ്ട്. നടപടികള്‍ എടുക്കാറുണ്ട്. മൈനിംഗ് അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയാണെങ്കിലും ഗവണ്‍മെന്റ് നിക്ഷേപകരെ കയറൂരി വിട്ടിട്ടില്ല. നിക്ഷേപകര്‍ക്ക് ഗവണ്‍മെന്റിനെ ഭയമുണ്ട്.

ഇന്ത്യയില്‍ ഒരു ആഗോള നിക്ഷേപകന് എന്ത് ചെറ്റത്തരവും ചെയ്യാം.

ഒരു കാര്യം കൂടി അറിയുക, ഇന്ത്യയിലെക്കാള്‍ കൂടുതല്‍ അഴിമതിയുണ്ട് സാംബിയയില്‍. പക്ഷേ അവിടെ പൊതു ജനങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ അവര്‍ അത് കാണിക്കില്ല. ഒരു അനില്‍ അഗര്‍വാളിന്റെ വാടകക്കൊലയാളികളുടെ തോക്കും ജനങ്ങളുടെ നേരേ പൊട്ടില്ല. പിന്നാക്ക രാജ്യമാണെങ്കിലും, നിരക്ഷരരും , അന്ധവിശ്വാസികളും, ഏയിഡ്‌സ് രോഗികളും, അഴിമതിക്കാരായ ഉദ്യോഗസ്ഥ, രാഷ്ട്രീയക്കാരും നിറഞ്ഞ രാജ്യമാണെങ്കിലും സാംബിയയില്‍ ജനങ്ങള്‍ക്ക് വേണ്ടി ചോദിക്കാന്‍ സര്‍ക്കാരുണ്ട്. വേണ്ടി വന്നാല്‍ തങ്ങളുടെ പ്ലാന്റ് ഗവണ്‍മെന്റ് ഏറ്റെടുത്തു കളയും എന്ന ഭയം ഇന്ത്യനും, ചൈനീസുമായ എല്ലാ നിക്ഷേപകര്‍ക്കുണ്ട്. അത് കൊണ്ട് വലിയ ഫ്രോഡ് പരിപാടിക്ക് ഒരു നിക്ഷേപകരും മുതിരില്ല.

പക്ഷേ ലോകത്തിന്റെ നിറുകയിലേക്ക് കാലെടുത്ത് വയ്ക്കാന്‍ പോവുന്നു എന്നവകാശപ്പെടുന്ന ഇന്ത്യയില്‍ ഒരു ആഗോള നിക്ഷേപകന് എന്ത് ചെറ്റത്തരവും ചെയ്യാം. മലിനീകരണം നടത്തി നാടിന്റെ ഭാവിയെ നശിപ്പിക്കാം, സാമ്പത്തിക തട്ടിപ്പ് നടത്താം, നികുതി വെട്ടിക്കാം, വേണ്ടത്ര സുരക്ഷയില്ലാതെ വ്യവസായശാലകള്‍ നടത്താം. എന്തിനേറെ പൊതുജനങ്ങളെ വെടിവച്ച് കൊല്ലുകയും ചെയ്യാം. ആര് ചോദിക്കാന്‍? സംസ്ഥാന സര്‍ക്കാരുകള്‍, കേന്ദ്ര സര്‍ക്കാരുകള്‍ എല്ലാം അവരുടെ താളത്തിന് തുള്ളുന്ന സര്‍ക്കസ് കുരങ്ങുകള്‍ മാത്രം.

അത് കൊണ്ട് ഇനിയും തോക്കുകള്‍ ഉയരും, ജനങ്ങളുടെ ഹൃദയം ഭേദിച്ച് വെടിയുണ്ടകള്‍ പായുകയും ചെയ്യും. ഒരു ശക്തമായ ഭരണക്രമം , ഭരണാധികാരി ഉണ്ടാവുന്നത് വരെ.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

റോങ് സൈഡെന്നെല്ല, എല്ലാം റോങ്; കുട്ടിയെ കാളപ്പുറത്ത് ഇരുത്തി റോഡിൽ കൂടി പോകുന്ന സ്ത്രീ, വീഡിയോ
ഭാര്യ നേരത്തെ എത്തി, കാമുകി പത്താം നിലയിൽ നിന്നും താഴേക്ക് ഊർന്ന് അയൽക്കാരൻറെ മുറിയിലേക്ക്, വീഡിയോ