ജയിലിലെ ഓണം ഇങ്ങനെയാണ്‌ ലാലേട്ടാ: വേദനയോടെ ഓണത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച്‌ ലിസി

സി.വി സിനിയ |  
Published : Sep 05, 2017, 03:10 PM ISTUpdated : Oct 04, 2018, 11:27 PM IST
ജയിലിലെ ഓണം ഇങ്ങനെയാണ്‌ ലാലേട്ടാ: വേദനയോടെ ഓണത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച്‌ ലിസി

Synopsis

ചില ദിവസം അങ്ങനെയാണ്‌... ഓണത്തിന്റെ ഓര്‍മ്മകള്‍ വല്ലാതെ കടന്നു വരും. രാത്രിയില്‍ എവിടെ നിന്നെങ്കിലും ഓണപ്പാട്ടുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന്‌ കാതോര്‍ത്തിരിക്കും... പിന്നെ രണ്ടുവരി പതിയെ പതിയെ പാടും... ഓണനാളുകളെ കുറിച്ചോര്‍ക്കുമ്പോള്‍ ഇവിടെയുള്ള ഓരോരുത്തരുടെയും കണ്ണു നിറയും. ആരും കാണാതെ കണ്ണു തുടച്ച്‌ അങ്ങനെ നേരം വെളുപ്പിക്കും. ഇനി പഴയ കാലങ്ങള്‍ ഓര്‍ത്തിട്ട്‌ കാര്യമില്ലെന്നറിയാം. എങ്കിലും ഒരു വിങ്ങലാണ്‌. കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരിയായ ലിസി ഓണത്തെ കുറിച്ചുള്ള ആ നല്ല നാളുകള്‍ ഓര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകുകായിരുന്നു. ഇത്തവണ ലിസിയുടെ ഓണത്തിന്‌ ഒരുപാട്‌ പ്രത്യേകതകളുണ്ട്‌. തന്റെ എഴുത്ത്‌ സമ്മാനിച്ച ഓണം. ലിസിയെ അറിയില്ലേ? കേരളത്തില്‍ പുസ്‍തകം പ്രസിദ്ധീകരിക്കുന്ന ആദ്യ വനിതാ തടവുകാരിയാണ് ലിസി. തന്റെ പുസത്‌കത്തെ കുറിച്ചും ജയിലിലെ ഓണത്തെ കുറിച്ചും ലിസി  ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു. എഴുതുന്നു.

​ഓണത്തെ കുറിച്ചോര്‍ക്കുമ്പോള്‍ കുളിരുള്ള പൂക്കളുടെ ഗന്ധമുള്ള വര്‍ണനിറമുള്ള ഓര്‍മ്മകളാണ്‌ ഓടിയെത്തുന്നത്‌. വീടിന്റെ ഉമ്മറത്ത്‌ പൂക്കളം തീര്‍ക്കാന്‍ ഓലക്കുടയുമെടുത്ത്‌ പൂക്കള്‍ പറിക്കാന്‍ തൊടിതോറും ഓടി നടക്കും. തുമ്പയും, മുക്കുറ്റിയും, തൊട്ടാവാടിയുമെല്ലാം ചെറിയ കുട്ടകളില്‍ നിറയ്ക്കും. തിരുവോണത്തിന്‌ പുത്തനുടുപ്പ്‌ വേണമെന്നത്‌ നിര്‍ബന്ധമായിരുന്നു. വിലകുറഞ്ഞതാണെങ്കിലും അമ്മ ഓരോ ഉടുപ്പുകള്‍ ഞങ്ങള്‍ക്ക്‌ വാങ്ങി തരും. കുളിച്ചൊരുങ്ങി പുത്തനുടപ്പിട്ട്‌ ഓണപ്പൂക്കളം തീര്‍ക്കും. സദ്യ കഴിഞ്ഞാല്‍ പിന്നെ അടുത്തുള്ള വിശാലമായ ഗ്രൗണ്ടിലേക്കാണ്‌.. അവിടെ തുമ്പി തുള്ളലും, വടം വലിയും, കൈകൊട്ടി കളി... ഇങ്ങനെ പലതരം കളികളുമായി അന്നാട്ടിലെ എല്ലാവരും ഒത്തു ചേരും. കഴിഞ്ഞ ഏഴ്‌ വര്‍ഷമായി ലിസിയുടെ ഓണം കണ്ണൂര്‍ ജയിലിലാണ്‌. ലിസി ജയിലിലായതിന്‌ ശേഷം ഒരോണം പോലും ഈ വീട്ടിലുണ്ടായിട്ടില്ല. ഓരോ ഓണത്തിനും തന്റെ മകളെ  കുറിച്ചോര്‍ത്ത് അവശതയില്‍ കഴിയുന്ന ആ അമ്മ വിലപിച്ചു. 43 വര്‍ഷങ്ങള്‍ക്കിടയില്‍ വീടിന്റെ ഉമ്മറ പടിയിലിരുന്ന്‌ ലിസി അതെല്ലാം ഒരു നെടുവീര്‍പ്പോടെ ഓര്‍ത്തെടുത്തു. എപ്പോഴും എല്ലാത്തിലും മുന്നില്‍ നില്‍ക്കണമെന്നത്‌ തന്റെ വാശിയായിരുന്നു. അങ്ങനെ ഒരു എടുത്തു ചാട്ടമാണ്‌ ലിസിയെ തടവറയ്‍ക്കുള്ളില്‍ എത്തിച്ചത്‌. പിന്നീടുള്ള എല്ലാ ആഘോഷങ്ങള്‍ക്കും ലിസി ഇരുന്പഴികളില്‍ തളയ്ക്കപ്പെട്ടു...
 

ജയിലിലെ ഓണം വരുമ്പോഴാണ്‌ തെല്ലൊരു ആശ്വാസം. എങ്കില്‍ പോലും ഓണം ആഘോഷിക്കാന്‍ തടവുകാര്‍ക്ക്‌ താല്‍പര്യമുണ്ടാവാറില്ല. ഓരോ തടവുകാരിയുടെയും അന്നത്തെ ദിവസം തുടങ്ങുന്നത്‌ നിറകണ്ണുകളോടെയാണ്‌. വീട്ടിലെ, നാട്ടിലെ, മക്കളെ ഇങ്ങനെ ഓരോന്ന്‌ ഓര്‍ത്ത്‌ വിലപിക്കുന്നവര്‍.

ജയിലിലെ കയ്പേറിയ ഓണാഘോഷമാണ്. തിരുവോണത്തിന്‌ മാത്രമാണ്‌ ഓണാഘോഷം ജയിലിലുണ്ടാവാറ്‌. അന്നത്തെ ദിവസം എല്ലാവര്‍ക്കും തിരക്ക്‌ തന്നെ. പൂക്കളം തീര്‍ക്കാനും സദ്യ തയാറാക്കാനും എല്ലാവരും ഒരുങ്ങും. ജയിലിനുള്ളിലെ തടവുകാര്‍ തന്നെ നട്ടുനനച്ചുണ്ടാക്കിയ പൂന്തോട്ടമുണ്ട്‌. ആ പൂന്തോട്ടത്തില്‍ നിന്നാണ്‌ പൂക്കളത്തിനായുള്ള പൂക്കള്‍ ശേഖരിക്കുന്നത്‌. അതുമതിയായിലെങ്കില്‍ ജയില്‍ അധികൃതര്‍ പൂക്കള്‍ എത്തിച്ചു തരും.

ഓണത്തിന്‌ പുത്തന്‍ വസ്‍ത്രം കിട്ടില്ല, ഉള്ളതില്‍ ഏറ്റവും നല്ല വെള്ള വസ്‍ത്രം ധരിക്കും. ഉച്ചയ്‍ക്ക് ഒരു മണിയോടെ സെല്ലിന്‌ മുന്നിലുള്ള വരാന്തയില്‍ തടവുകാര്‍ക്ക്‌ സദ്യ നല്‍കും. മുന്നിലേക്ക്‌ വരുന്ന ഇലകളും അതില്‍ നിറയുന്ന വിഭവങ്ങളും കാണുമ്പോള്‍ ഓരോ തടവുകാരന്റെയും മനസ്സും കണ്ണും നിറഞ്ഞൊഴുകും. വീടിനെ കുറിച്ചോര്‍ത്ത്‌ മനസ്സ്‌ തേങ്ങും. സ്വാദുള്ള ഭക്ഷണത്തിന്റെ രുചിയോ ഗന്ധമോ ഒന്നുമറിയാതെ തൊണ്ടയില്‍ നിന്ന്‌ ഇറക്കാന്‍ കഴിയാതെ ഓരോരുത്തരും പാടുപെടും. അന്നത്തെ ദിവസം പ്രിയപ്പെട്ടവരെ വിളിച്ച്‌ സംസാരിക്കാം. അതിനായി 2 രൂപ ജയിലില്‍ നിന്നു തരും. രണ്ടു രൂപയ്‌ക്കുള്ളില്‍ രണ്ടു വാക്കുകള്‍ മാത്രം പറഞ്ഞ്‌ അവര്‍ അവസാനിപ്പിക്കും. പിന്നെയും കണ്ണീരൊഴുക്കും.
 


ഇരുമ്പഴികള്‍ക്കുള്ളിലിരുന്ന്‌ യാന്ത്രികമായി ഓണം ആഘോഷിക്കുമ്പോള്‍ സൂചിമുനപോലെ നല്ല ചില ഓര്‍മ്മകള്‍ കുത്തി നോവിക്കും.  ഇത്തവണ ഒരു പുസ്‌തക രൂപത്തില്‍ ഭാഗ്യം ലിസിയെ തേടിയെത്തി.

ഓരോ ഓണം വരുമ്പോഴും ശിക്ഷയുടെ കാലാവധി ഓരോന്നായി കുറഞ്ഞുകൊണ്ടിരിക്കുന്നു എന്ന്‌ മാത്രമാണ്‌ ചിന്തിച്ചിട്ടുള്ളത്‌. ആഘോഷങ്ങള്‍ക്കോ മറ്റ്‌ പരിപാടികള്‍ക്കോ താന്‍ പുറംലോകം കാണുന്നില്ല എന്നു കരുതിയെടുത്തു നിന്നാണ്‌ തന്റെ ദിവസം തുടങ്ങുന്നത്‌. ഈ ഓണത്തിന്‌ മധുരം കൂടുതലാണെന്ന്‌ ലിസി തന്നെ പറയുന്നു. ഏഴു വര്‍ഷത്തിന്‌ ശേഷമാണ്‌ അമ്മയോടൊപ്പം ഓണം ആഘോഷിക്കാന്‍ കഴയിയുന്നത്‌. തന്റെ പുസ്‌കത്തിന്റെ ആദ്യ കോപ്പി നെഞ്ചോടു ചേര്‍ത്ത്‌ വെച്ച്‌ ലിസി നെടുവീര്‍പ്പിട്ടുകൊണ്ടു പറഞ്ഞു ഇനി എന്റെ ഓണമെല്ലാം ഈ പുസ്‍തകത്തിലൂടെയാണ്‌. എനിക്കിനി തടവറയ്‍ക്കുള്ളില്‍ കിടക്കേണ്ടി വന്നാലും ഇതിലെ അക്ഷരങ്ങള്‍ എന്നെ വെളിച്ചം കാണിക്കും. കണക്കൂട്ടലുകളെല്ലാം തെറ്റിച്ച്‌ തന്നെ ഇരുട്ടിലാക്കിയ ദിനം തുടങ്ങുന്നതിങ്ങനെയാണ്‌..


വറുതിയുടെ നീരാളിപ്പിടുത്തത്തിലായ സമയത്താണ്‌ ലിസിയുടെ സഹോദരിക്ക്‌ പൊള്ളലേല്‍ക്കുന്നത്‌. ശരീരം മുക്കാല്‍ ഭാഗവും വെന്തുനീറുന്ന സഹോദരിയെ രക്ഷിക്കണം. ലിസിയായിരുന്നു ആ കുടുംബത്തിന്റെ താങ്ങും തണലുമെല്ലാം. സഹോദരിയുടെ ജീവന്‍ രക്ഷിക്കാന്‍ പണം അന്വേഷിക്കുന്നതിനിടയിലാണ്‌ സുഹൃത്തിനെ കണ്ടുമുട്ടുന്നത്‌. സുഹൃത്തിന്റെ നിര്‍ദേശം പ്രകാരം ഒരു ബാഗ്‌ എറണാകുളത്ത്‌ എത്തിച്ചാല്‍ പണം കിട്ടും. ഇത്രമാത്രമേ ലിസിക്ക്‌ അറിയുമായിരുന്നുള്ളു. ബാഗുമായി എറണാകുളത്തേക്ക്‌ പോയി. യാത്രകാര്‍ക്കിടയിലൂടെ ബാഗ്‌ ഏല്‍പ്പിക്കേണ്ടയാളെ തിരയുന്നതിനിടെ പൊലീസ്‌ പിടികൂടി. സ്റ്റേഷനിലെത്തിയപ്പോഴാണ്‌ മയക്കുമരുന്നാണ്‌ തന്റെ ബാഗിലെന്ന്‌ ലിസി തിരിച്ചറിയുന്നത്‌. അന്നു മുതല്‍ ലിസി തടവറയ്‌ക്കുള്ളിലാണ്‌. രണ്ടു കേസുകളിലായി 25 വര്‍ഷത്തെ ശിക്ഷ.

വര്‍ഷങ്ങളായി നാട്ടില്‍ പോകാന്‍ കഴിയാതെ ആരോടും ഒരു ബന്ധവുമില്ലാതെ ജയിലില്‍ കഴിയുന്പോഴാണ് കൊക്കോപെല്ലി പബ്ലിക്‌ റിലേഷന്‍ എംഡിയും മാധ്യമപ്രവര്‍ത്തകനുമായ സുബിന്‍ മാനന്തവാടി ജയിലെത്തുന്നത്‌. തന്റെ എഴുത്തിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമൊക്കെ സുബിന്‍ മാനന്തവാടി അറിയുന്നത്‌ ജയില്‍ സൂപ്രണ്ടിലൂടെയാണ്‌. പിന്നീട്‌ സുബിനാണ്‌ ലിസിയെ എഴുതാന്‍ പ്രേരിപ്പിച്ചത്‌. ഇപ്പോഴിതാ പുസ്‍തകം പ്രകാശനത്തിന്‌ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേയുള്ളുവെന്ന്‌ ലിസി പറയുന്നു. തന്റെ ഇഷ്‌ടതാരമായ മോഹന്‍ലാലാണ്‌ പുസ്‍തക പ്രകാശനം ചെയ്യുന്നത്‌.

​തനിക്ക്‌ ഏറ്റവും കടപ്പാടുള്ളത്‌ നടന്‍ മോഹന്‍ലാലിനോടും സുബിന്‍ മാനന്തവാടിയോടുമാണ്‌. "സുബിന്‍ എന്നൊരു വ്യക്തി ജോലിയുടെ ഭാഗമായി ജയിലിലെത്തിയതും തന്നെ കുറിച്ചറിഞ്ഞതും തന്റെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു. എന്നിലെ എഴുത്തുകാരിയെ എന്നെപോലെയൊരു തടവുകാരിയെ ഈ ലോകത്തുള്ള ആളുകള്‍ക്ക്‌ അറിയാന്‍ കഴിഞ്ഞത്‌ സുബിനിലൂടെയാണെന്ന്‌ നിറകണ്ണുകളോടെ ലിസി പറയുന്നു. ഇങ്ങനെ പ്രാദേശിക തലത്തിലും ദേശീയ തലത്തിലും വാര്‍ത്തകള്‍ വന്നതോടെയാണ്‌ ജലില്‍ അധികൃതര്‍ തന്റെ പരോളിനായി അനുവദി നല്‍കി. അങ്ങനെ വാര്‍ദ്ധക്യ രോഗം പിടികൂടിയ അമ്മച്ചിയോടൊവും ബന്ധുക്കളോടൊപ്പവും ഇത്തവണ ഓണം ആഘോഷിക്കാന്‍ ഭാഗ്യം ലഭിച്ചതെന്ന്‌ ലിസി പറയുന്നു. 'കുറ്റവാളിയില്‍ നിന്ന്‌ എഴുത്തുകാരിയിലേക്ക്' എന്ന പുസ്‍തകം പൂര്‍ണ പബ്ലിക്കേഷനാണ്‌ പ്രസിദ്ധീകരിക്കുന്നത്.  കേരളത്തില്‍ ആദ്യമായാണ് ഒരു വനിതാ തടവുകാരിയുടെ പുസ്തകം ഇറങ്ങുന്നത്. ലിസിയുടെ ജീവിതവും സ്വപ്‍നങ്ങളുമെല്ലാം സുബിന്‍ മാനന്തവാടിയുടെ വിവരണത്തോടെ പുറം ലോകത്തെത്തും. 14 കവിതകളും എട്ട്‌ കഥകളുമാണ്‌ പുസ്‍തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.



തന്റെ കുട്ടിക്കാലത്തും യൗവ്വനത്തിലുമെല്ലാം ഓണം ആഘോഷിച്ചിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓണമാണ്‌ ഇത്തവണ. തന്റെ ജീവിതവും ജയിലിലെ വേദന നിറഞ്ഞ ദിവസമെല്ലാം ഇങ്ങനെയൊക്കെയാണ്  മോഹന്‍ലാലിനോടായി ലിസി പറയുന്നു. താന്‍ ഏറെ ആരാധിക്കുന്ന ഒരു താരം തന്നെ പുസ്‍തകം പ്രകാശനം ചെയ്യുന്നത്‌ ജയിയിലെ മറ്റാര്‍ക്കും ലഭിക്കാത്ത ഭാഗ്യമായി തന്നെ ലിസി കാണുന്നു. ഇനി പുസ്‌തക പ്രകാശനത്തിനുള്ള കാത്തിരിപ്പിലാണ്‌ ഈ എഴുത്തുകാരി.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
റോങ് സൈഡെന്നെല്ല, എല്ലാം റോങ്; കുട്ടിയെ കാളപ്പുറത്ത് ഇരുത്തി റോഡിൽ കൂടി പോകുന്ന സ്ത്രീ, വീഡിയോ