ഒടുക്കത്തെ ഓർമ്മയുമായി ഒരു ജൈന സന്യാസി

Published : Aug 31, 2018, 05:47 PM ISTUpdated : Sep 10, 2018, 05:10 AM IST
ഒടുക്കത്തെ ഓർമ്മയുമായി ഒരു ജൈന സന്യാസി

Synopsis

ഈ ഇരുന്നൂറ് ചോദ്യങ്ങളും കേൾവിക്കാർക്കായി ഇദ്ദേഹം നൽകും. ഇവയിൽ ഏത് ചോദ്യത്തിന്‍റെ നമ്പർ വേണമെങ്കിലും അവർക്ക് ചോദിക്കാം. ആ നമ്പറിലെ ചോദ്യവും ഉത്തരവും അപ്പോൾത്തന്നെ ക്രമം തെറ്റാതെ ഇദ്ദേഹം പറയും.

ബംഗളൂരു: അടുത്ത മാസം സെപ്റ്റംബർ രണ്ടാം തീയതി ബംഗളൂരുവിലെ പാലസ് ഗ്രൗണ്ട് ഒരു അസാധാരണ സംഭവത്തിന് വേദിയാകും. അന്നാണ് പതിനേഴ് വയസ്സുള്ള ജൈന സന്യാസി മുനി പദ്മപ്രഭചന്ദ്ര സാഗർ മഹാശതധ്വനിയായി പ്രഖ്യാപിക്കപ്പെടുന്നത്. പല വിഷയങ്ങളിലായി ഇരുന്നൂറ് ചോദ്യങ്ങളും അതിന്‍റെ ഉത്തരങ്ങളും ക്രമം തെറ്റാതെ പറയാൻ സാധിക്കുന്നവനാണ് 'മഹാശതധ്വനി' എന്നറിയപ്പെടുന്നത്. അതായത് ഇരൂന്നൂറ് ചോദ്യങ്ങളും അതിന്‍റെ ഉത്തരങ്ങളും ക്രമം തെറ്റാതെ പറയും എന്നതാണ് ഈ സന്യാസിയുടെ പ്രത്യേകത. അതിലെന്താണിത്ര പ്രത്യേകത എന്ന് ചോദിക്കാൻ വരട്ടെ.

ഈ ഇരുന്നൂറ് ചോദ്യങ്ങളും കേൾവിക്കാർക്കായി ഇദ്ദേഹം നൽകും. ഇവയിൽ ഏത് ചോദ്യത്തിന്‍റെ നമ്പർ വേണമെങ്കിലും അവർക്ക് ചോദിക്കാം. ആ നമ്പറിലെ ചോദ്യവും ഉത്തരവും അപ്പോൾത്തന്നെ ക്രമം തെറ്റാതെ ഇദ്ദേഹം പറയും. ഉദാഹരണത്തിന് നാൽപത്തിനാല് എന്ന നമ്പർ ആണ് പറയുന്നതെങ്കിൽ നാൽപത്തിനാലാമത്തെ ചോദ്യവും അതിന്‍റെ ഉത്തരവും കൃത്യമായി തന്നെ പറയാൻ ഇദ്ദേഹത്തിന് സാധിക്കും. അത്ഭുതകരം എന്നാണ് ഓരോരുത്തരും ഈ കഴിവിനെ വിശേഷിപ്പിക്കുന്നത്. 

ജൈനസന്യാസികൾക്കിടയിൽ 'മഹാശതധ്വനി' എന്നാണ് ഇനി മുതൽ പദ്മപ്രഭചന്ദ്ര സാഗർ അറിയപ്പെടാൻ പോകുന്നത്. ശ്ലോകങ്ങളും ഗണിത സമവാക്യങ്ങളും പര്യായപദങ്ങളും വിപരീത പദങ്ങളും ഭാഷയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുനൂറിലധികം കാര്യങ്ങൾ ഓർത്തെടുക്കാനും സൂക്ഷിച്ചുവയ്ക്കാനും കഴിയുന്നവരാണ് മഹാശതധ്വനി. ഇതേ പോലെ നൂറ് കാര്യങ്ങൾ സൂക്ഷിക്കുകയും ഓർത്തെടുക്കുകയും ചെയ്യുന്നവർ ശതധ്വനി എന്നും അറിയപ്പെടും. 

ആചാര്യ നയചന്ദ്രസാഗറിന്‍റെ  മൂന്ന് പിൻഗാമികളിലൊരാളാണ് മുനി പദ്മപ്രഭചന്ദ്ര സാഗർ. 2014 ൽ മുംബൈയിൽ വച്ചാണ് ശതധ്വനിയായി ഇദ്ദേഹം പ്രഖ്യാപിക്കപ്പെട്ടത്. നാലു വർഷങ്ങൾക്കിപ്പുറം ഒരുപടി കൂടി മുന്നോട്ട് എത്തിയിരിക്കുകയാണ് ഇദ്ദേഹം. ജൈന സന്യാസിമാരുടെ ഇത്തരം പരിപാടികളിൽ സന്യാസിമാർ ശ്ലോകം ചൊല്ലുകയും, പാട്ട് പാടുകയും, കണക്കു കൂട്ടുകയും ചെയ്യാറുണ്ട്. ഈ സമയങ്ങളിലെല്ലാം ഉയർന്ന ശബ്ദത്തിലുള്ള സംഗീതവും അവിടെ വച്ചിട്ടുണ്ടായിരിക്കും. അവരുടെ ഏകാഗ്രതയ്ക്ക് ഭംഗം വരുത്തുന്ന രീതിയിലായിരിക്കും ഈ ശബ്ദ കോലാഹലങ്ങൾ. എന്നാൽ ഈ ശബ്ദങ്ങളെയെല്ലാം അതിജീവിച്ചു കൊണ്ട് തങ്ങളുടെ പ്രവർത്തിക്ക് ഭംഗം വരുത്താതെ പൂർത്തിയാക്കാൻ സാധിക്കണം. സന്യസ്തരുടെ ഏകാഗ്രത ഉറപ്പാക്കാൻ വേണ്ടിയുള്ള പരീക്ഷണങ്ങളാണ് ഇവയെല്ലാം.

ബോധിവൃക്ഷച്ചുവട്ടിൽ‌ ധ്യാനനിമഗ്നനായിരുന്ന ബുദ്ധനെ പ്രലോഭിപ്പിക്കാൻ സുന്ദരിയായ ഒരു സ്ത്രീ ബുദ്ധന് മുന്നിൽ നൃത്തം ചെയ്തു എന്നൊരു കഥയുണ്ട്. അതിനെ അനുസ്മരിപ്പിക്കുന്നതിനാണ് ഈ പരീക്ഷണം നടത്തുന്നത്. പദ്മപ്രഭചന്ദ്ര സാഗറിന്‍റെ ഗുരുവായ നയചന്ദ്രസാഗർ അദ്ദേഹത്തിന്‍റെ സ്ഥാപനമായ സരസ്വതി സാധന റിസർച്ച് ഫൗണ്ടേഷൻ വഴി മുപ്പത്തിഅയ്യായിരത്തോളം കുട്ടികൾ ഓർമ്മശക്തി വർദ്ധിപ്പിക്കാനുള്ള പരിശീലനം നൽകി വരുന്നുണ്ട്. ഇവിടെത്തെ നൂറിലധികം കുട്ടികൾ ശതധ്വനി ആകാനുള്ള തയ്യാറെടുപ്പിലാണ്. 

PREV
click me!

Recommended Stories

'എനിക്ക് കരച്ചിൽ വരുന്നു'; തമാശ പറഞ്ഞതിന് പിന്നാലെ ഇന്‍ഡിഗോ പൈലറ്റ് ഡേറ്റിംഗ് ആപ്പിൽ 'അൺമാച്ച്' ചെയ്തെന്ന് യുവതി
കുഞ്ഞുമനസ് നോവിക്കാനാകില്ല; കൂട്ടുകാരൻറെ വിയോഗം മറച്ചുവെച്ച് കുട്ടികളെ കൊണ്ട് അവന് ഓർമ്മക്കുറിപ്പ് എഴുതിപ്പിച്ച് അധ്യാപിക