
ലണ്ടന്‍: എവിടെ ജോലിക്ക് പോകുമ്പോഴും ജോലി ചെയ്യേണ്ട സമയം തീരുമാനിക്കുന്നത് കമ്പനിയാണ്. എന്നാല്‍, പി.ഡബ്ല്യു.സി (PricewaterhouseCoopers) പറയുന്നത് നിങ്ങളുടെ കഴിവിനും സൌകര്യത്തിനും അനുസരിച്ചുള്ള ജോലി സമയം നമുക്ക് തീരുമാനിക്കാം എന്നാണ്. ജോലിക്ക് അപേക്ഷിക്കുന്ന സമയത്തു തന്നെ അത് പറയാം. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ എത്ര മാസത്തിനുള്ളില്‍, ആഴ്ചകള്‍ക്കുള്ളില്‍ ഒക്കെ വിവിധ ജോലികള്‍ ചെയ്തു തീര്‍ക്കാനാവുമെന്നതുമറിയിക്കാം. 'ഫ്ലെക്സിബിള്‍ ടാലന്‍റ് നെറ്റ് വര്‍ക്ക്' സംവിധാനം വഴിയാണത്.
പി.ഡബ്ല്യൂ.സി, റിക്രൂട്ട് ചെയ്യുന്ന നിർദിഷ്ട പ്രോജക്ടുകൾക്ക് ഇത്തരത്തിലാണ് ജോലിക്കാരെ തെരഞ്ഞെടുക്കുന്നത്. ഏറ്റവും നന്നായി പറഞ്ഞ സമയത്തിനുള്ളില്‍ ജോലി തീര്‍ക്കാമെന്നുണ്ടെങ്കില്‍ അതില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എത്ര ദിവസത്തിനുള്ളില്‍ ജോലി തീര്‍ക്കുമെന്ന് കോണ്‍ട്രാക്ട് ഉറപ്പിക്കാം.
ബിഗ് ഫോർ അക്കൗണ്ടൻസി ഭീമന്മാർ എന്നു വിളിക്കപ്പെടുന്ന പി ഡബ്ല്യു സി, നടത്തിയ പഠനത്തില്‍ 2,000 പേരില്‍ 46 ശതമാനം പേരും ഫ്ലെക്സിബിളായിട്ടുള്ള ജോലി സമയമാണ് ആഗ്രഹിക്കുന്നതെന്നാണ് അറിയിച്ചിരുന്നത്. അതിനു പുറമേയാണ് പുതിയ രീതി.
പുതിയ നെറ്റ് വര്‍ക്ക് ആരംഭിച്ചതിനു ശേഷം രണ്ടാഴ്ചക്കുള്ളില്‍ 2000 പേരാണ് ഇങ്ങനെ ജോലി ചെയ്യാനാഗ്രഹിക്കുന്നുവെന്ന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പുതിയ പദ്ധതിക്ക് പുറമേ ഒരു ഇടവേളയ്ക്കു ശേഷം ജോലിയിലേക്ക് തിരികെ വരാനാഗ്രഹിക്കുന്നവര്‍ക്കായി ആറ് മാസത്തെ ഇന്‍റേണ്‍ഷിപ്പും ഇവര്‍ നല്‍കുന്നുണ്ട്.
പി.ഡബ്ല്യു.സിയിലെ ലോറ ഹിന്‍റണ്‍ പറയുന്നത്, പരമ്പരാഗതമായി തുടര്‍ന്നു വരുന്ന ജോലി സങ്കല്‍പങ്ങളെ പൊളിച്ചെഴുതുന്നതിനായാണ് ഇങ്ങനെയൊരു പുതിയ കാര്യം കൊണ്ടുവന്നതെന്നാണ്. സൌകര്യപ്രദമായ ജോലി സമയം അപേക്ഷകര്‍ക്ക് തിരഞ്ഞെടുക്കാനാകുന്നത് കൂടുതല്‍ നല്ല രീതിയില്‍ ജോലി ചെയ്യാന്‍ സഹായിക്കുമെന്നും ജോലിയിലേക്ക് ഇടവേളയ്ക്ക് ശേഷം തിരികെ വരുന്നവര്‍ക്ക് അത് ഉപകാരപ്പെടുമെന്നും അവര്‍ പറയുന്നു.
ഉദാഹരണത്തിന്, ഫ്ലെക്സിബിള്‍ ടാലന്‍റ് നെറ്റ് വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്ത ഒരു അംഗം ലണ്ടനില്‍ പഠിക്കുകയായിരുന്നു. രണ്ട് കുട്ടികളുമുണ്ട്. അവര്‍ ഒരു പ്രൊജക്ട് ഏറ്റെടുത്തത് 100 ദിവസം കൊണ്ട് തീര്‍ക്കുമെന്നായിരുന്നു. പത്തു ദിവസം നിന്ന് കാര്യങ്ങള്‍ മനസിലാക്കി കുറച്ച് ജോലി ചെയ്ത ശേഷം ഡിസംബറില്‍ അവര്‍ സ്വന്തം രാജ്യമായ ചൈനയിലേക്ക് പോയി. പിന്നീട്, ജനുവരിയില്‍ തിരികെ വന്ന ശേഷം 90 ദിവസം നിന്ന് ജോലി പൂര്‍ത്തിയാക്കി. ഇപ്പോള്‍ അവര്‍ അവരുടെ പരീക്ഷകളില്‍ ശ്രദ്ധിക്കുകയാണ്. ഒക്ടോബറില്‍ പിഡബ്ല്യുസിയുമായി മറ്റൊരു കോണ്‍ട്രാക്ട് ഒപ്പിട്ടിട്ടുണ്ട്. അപ്പോള്‍ ജോലി തീര്‍ക്കുന്നതിനായി വീണ്ടും വരും.