പാതിരാവില്‍ ഒരു സ്ത്രീ!

By ജില്‍ന ജന്നത്ത് കെ.വിFirst Published Mar 12, 2018, 9:18 PM IST
Highlights
  • സ്ത്രീകള്‍ രാത്രികള്‍
  • ജില്‍ന ജന്നത്ത് കെ.വി എഴുതുന്നു

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.

പുലരിയുടെ പല്ലവികളും, ഉച്ചവെയിലിന്റെ ഊടുവഴികളും, സായാഹ്നത്തിന്റെ  നിശ്വാസങ്ങളും പിന്നിട്ട്, സന്ധ്യയുടെ കൈ പിടിച്ച് പകല്‍ പതിവുപോലെ ഇരവാകുന്നു. ജപങ്ങളും, ദൈവനാമത്തിലുള്ള പ്രാര്‍ത്ഥനകളുമെല്ലാം രാത്രിയുടെ ദേഹത്ത് ഒരു കരുതലിന്റെ ഏലസ് ചുറ്റിയിരിക്കുന്നു. തുറന്നിട്ട ജനല്‍പ്പാളികളെല്ലാം കൊട്ടിയടക്കപ്പെടുന്നു. പകലിന്റെ ഉണര്‍ച്ചകളിലെല്ലാം സംയമനത്തിന്റെ കൊളുത്ത് വന്നു വീഴുന്നു. കുഞ്ഞുങ്ങളെയും സ്ത്രീകളെയും കടിച്ചു തിന്നുന്ന പൂതങ്ങള്‍ വിശ്വാസങ്ങളുടെ നെരിപ്പോടില്‍ നിന്നും പുകച്ചുരുളുകളായി ഉയരുന്നു. കെട്ടുകഥകളുടെ മാറാപ്പില്‍ നിന്നും ഒരു യക്ഷി ഇറങ്ങി വന്ന് ചോര കുടിക്കുന്നു. മാനത്ത് പൂത്ത ഒരു പിടി നക്ഷത്രക്കണ്ണുകള്‍ ഭൂമിയെ നിരീക്ഷിച്ചു കൊണ്ടേയിരിക്കുന്നു. കടല്‍ക്കരയില്‍ തണുത്ത കാറ്റും കൊണ്ട് ഫുട്‌ബോള്‍ കളിക്കുന്ന യുവാക്കളുടെ കൂട്ടം. അവരുടെ ആരവങ്ങള്‍ തിരകളേറ്റെടുത്ത് കടലിനു നല്‍കുന്നു. കടല്‍ക്കാറ്റിന്റെ ഓരിയിടലുകളില്‍ അവരുടെ പൊട്ടിച്ചിരിയും കൂടിക്കലര്‍ന്ന് പരസ്പരം വേര്‍തിരിച്ചെടുക്കാനാവാത്ത പരുവത്തിലായിരിക്കുന്നു. നഗ്‌നപാദരായി, മണല്‍പ്പരപ്പില്‍ ഒരു പന്തിനു പിന്നാലെ അവരോടുമ്പോള്‍, കൊട്ടിയടച്ച ജനലുകളും വാതിലുകളുമുള്ള വീട്ടില്‍ ഒരു മുറിയില്‍ നിന്ന് അടുത്തതിലേക്ക് പാദസരങ്ങളിട്ട രണ്ടു കാലുകള്‍ ഓടിക്കൊണ്ടിരിക്കുന്നുണ്ട്. കരി പുരണ്ട ആ കാഴ്ചയുടെ പടവുകളിലിരുന്ന്,നമുക്ക് സ്ത്രീയുടെ രാത്രി സ്വപ്നങ്ങളിലേക്കും രാത്രിയനുഭവങ്ങളിലേക്കും ഊളിയിട്ടു നോക്കാം. 

ലോകം ഇരുണ്ടു കൂടുമ്പോള്‍ പത്തി വിടര്‍ത്തിയാടുന്ന തൃഷ്ണകളുടെ തണലില്‍ ജീവിതത്തെ ഉരുക്കിയെടുക്കുന്ന പെണ്ണുങ്ങളുടെ കഥ കൂടി ചേര്‍ന്നതാണ് രാത്രിയുടെ ജീവചരിത്രം. ജീവിക്കാനുള്ള വഴികളെല്ലാം കൊട്ടിയടക്കപ്പെട്ടവരുടെ മുന്‍പില്‍ രാത്രികള്‍ ജീവകാമനകളിലൂടെയുള്ള ഉപജീവനവഴികളാവുന്നു. ഒരു സ്ത്രീയുടെ ഏറ്റവും വലിയ പരിമിതി അവളുടെ എല്ലാ ശരീരഭാഗങ്ങളും ലൈംഗികമാണ് എന്നതാണ് എന്ന്  കല്‍പ്പറ്റ നാരായണന്‍ അഭിപ്രായപ്പെടുന്നു. പകലുകളില്‍ ഇരുട്ടിന്റെ ചൂട്ട് കത്തിച്ചു വരുന്ന ഭടന്മാരുള്ള രാജ്യത്ത് അവളുടെ പരിമിതി അവളുടെ സാധ്യതയായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. വേശ്യകളായി മുദ്ര കുത്തപ്പെടുകയും, ഇരുട്ടിന്റെ ചൂതാട്ട കേന്ദ്രങ്ങളില്‍ ഇരകളായി പല്ലിളിച്ചു കാട്ടുകയും ചെയ്യുന്ന ഒരു കൂട്ടം സ്ത്രീവിഭാഗങ്ങളുടെ രാത്രിയനുഭവങ്ങള്‍ നമുക്ക് ഊഹിക്കാവുന്നതെയുള്ളൂ. ദേഹത്ത് എരിഞ്ഞു തീര്‍ന്ന സിഗരറ്റ് കുറ്റികളും ലഹരിയുടെ മാദകഗര്‍ത്തങ്ങളും അവര്‍ക്ക് രാത്രികള്‍ നല്‍കിയ ഉപഹാരങ്ങളാണ്. തിളങ്ങുന്ന ചേലകളുമായി ആടിപ്പാടുന്ന ആ ശരീരങ്ങള്‍ക്കുള്ളിലെ പെണ്ണിന്റെ സ്വപ്നങ്ങളുടെ ആഴവും വ്യാപ്തിയും എത്രത്തോളമുണ്ടായിരിക്കും?

ഉത്തരവാദിത്തങ്ങളിലേക്ക് പിടഞ്ഞെണീക്കുന്ന ഒരു പറ്റം. പകല്‍ മുഴുവന്‍ അടുക്കളയിലെ തവികളോടും പാത്രങ്ങളോടും കലഹിച്ച്, കുട്ടികളുമായി യുദ്ധം കളിച്ച്, വീടാകെ ഓടിയെത്തി, അടിച്ചു തുടച്ച് വൃത്തിയാക്കി ഒരു ദിവസത്തെ കൃത്യമായി ഒന്നും വിട്ടു പോകാതെ പൂരിപ്പിച്ചു തീര്‍ക്കുന്ന സ്ത്രീകളുടെ രാത്രി സ്വപ്നങ്ങളെക്കുറിച്ച് ആരും ചോദിക്കാറില്ല. ഈ വിര്‍ച്വല്‍ ഇടങ്ങളില്‍ നമ്മള്‍ ഉന്നയിക്കുന്ന ഇത്തരം ചോദ്യങ്ങള്‍ പോലും കാണാതെ പോവുന്ന ഒരുപാടൊരുപാട് 'സാധാരണ'മെന്നു നമ്മള്‍ കരുതുന്ന സ്ത്രീ ജന്മങ്ങളുടെ കൂടി ഉത്തരങ്ങളില്ലാത്ത പുഞ്ചിരികളുടെ ആഴമുണ്ട് നമ്മുടെ ചോദ്യത്തിന്. രാത്രി മുഴുവന്‍ നിസ്‌കാരപ്പായയിലിരുന്ന് ദൈവത്തെ നോക്കി കരഞ്ഞു തീര്‍ത്തവളുടെ വേവലാതികളോളം കനമുണ്ട് നമ്മള്‍ ഉന്നയിക്കുന്ന രാത്രി സ്വപ്നങ്ങള്‍ എന്ത് എന്ന ചോദ്യത്തിന്റെ ഉത്തരത്തിനും. ഒരു ദിവസത്തെ കിതപ്പുകളുമായോടിയെത്തി മൂന്നോ നാലോ മണിക്കൂര്‍ മാത്രം ഉറങ്ങുന്ന ഒരു ജന്മത്തിന്റെ ഉറക്കത്തിന്റെ ആ ചെറിയ ദൈര്‍ഘ്യം പോലും അസ്വസ്ഥമായിരിക്കും. സമയത്തിന് നേരെ ഞെട്ടിയുണര്‍ന്ന് ഇടക്കിടെ ഘടികാരസൂചിയെ ഭയപ്പാടോടെ നോക്കുന്ന നിമിഷങ്ങള്‍. രാത്രികളില്‍ സുഖലാളനകള്‍ക്ക് ശരീരമാവേണ്ടി വരുന്നവരുടെ നിസ്സഹായതകള്‍. ഇങ്ങനെ,ഒരു സ്ത്രീയുടെ രാത്രിയനുഭവങ്ങള്‍ സുരക്ഷിതമെന്ന് കരുതി നമ്മള്‍ വാതിലടക്കുന്ന വീട്ടുമുറികളില്‍ നിന്ന് തുടങ്ങി തുറിച്ചു നോട്ടങ്ങളുടെ പൊതു ഇടങ്ങള്‍ വരെ നീളുന്നുണ്ട്.

ഇങ്ങനെയുള്ള,നിരന്തരം പാഞ്ഞു കൊണ്ടിരിക്കുന്ന ഒരുവളുടെ രാത്രി സ്വപ്നം എന്നത് തീര്‍ച്ചയായും ഒരു രാത്രിയെങ്കിലും സ്വസ്ഥമായി, തന്റേതു മാത്രമായ ഒരു ലോകത്ത്, വേവലാതികളില്ലാതെ ഒന്നുറങ്ങാനാവുക എന്നതായിരിക്കും. ആ സ്വപ്നത്തിന് മരണമല്ലാത്ത ഒരുത്തരം ലഭിക്കുന്ന ദിവസം അവള്‍ വളരെയേറെ സന്തോഷിച്ചേക്കാം. ആരുടേയും കണ്ണിലെ ഒരു നീലച്ചിത്രമായി ഓടാത്ത, എല്ലാ ആവലാതികളുമൊഴിഞ്ഞ ഒരു രാത്രി, ഒരു നിഷ്‌കളങ്കമായ കുഞ്ഞുറങ്ങുന്നതു പോലെ ഉറങ്ങാന്‍ സാധിക്കുക എന്നത് തീര്‍ത്തും ഒരു സ്ത്രീയുടെ 'സ്വപ്നം' തന്നെയാണ്.അവയെ അതിവര്‍ത്തിക്കുന്ന സത്യങ്ങളാണ് ഏതു സമയമാണ് ഒരു പെണ്ണിന് അസമയമെന്നു ചോദിക്കപ്പെടുമ്പോഴും, ഒരു രാത്രി സ്വതന്ത്രമായി കൂക്കി വിളിക്കാന്‍ ഒരുവള്‍ കൊതിക്കുമ്പോഴുമൊക്കെ വെളിപ്പെടുന്നത്. പകലിരവുകള്‍ മനുഷ്യജീവികള്‍ക്ക് ഒരു പോലെ അവകാശപ്പെട്ടതാണെന്ന ബോധം നിലനില്‍ക്കുമ്പോഴും പ്രയോഗത്തിന്റെ വഴികളില്‍ നിയന്ത്രണരേഖകള്‍ തെളിഞ്ഞു വരുന്നു. 

ജീവിതത്തിന്റെ ജാലകപ്പഴുതിലൂടെ നോക്കുമ്പോള്‍, എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ കൊതുക് കടിയും കൊണ്ട് ഉപ്പയുടെ ഓരത്തിരുന്നുറങ്ങിയ ഒരു പെണ്‍കുട്ടിയെ എനിക്ക് കാണാം. അവളെ സുരക്ഷിതമായി ചേര്‍ത്തു പിടിക്കുന്ന സ്‌നേഹത്തിന്റെ വലയങ്ങള്‍ അവള്‍ക്ക് അച്ഛനായിരുന്നു. ഒരുപാടൊരുപാട് രാത്രികളെ ഉപ്പയുടെ കൈ പിടിച്ച് നടന്ന് കണ്ടു തീര്‍ത്തിട്ടുണ്ട്. കരുതലിന്റെ 'ഒരച്ഛനുണ്ടായിരിക്കുക' എന്നത് നിര്‍ഭയം രാത്രികളെ ആസ്വദിക്കാനുള്ള ഒരു ഭാഗ്യച്ചീട്ടായി മാറുമ്പോള്‍, ഇപ്പറഞ്ഞ വിധം കരുതലിന്റെ കരങ്ങളില്ലാത്ത അനേകമനേകം സ്ത്രീകള്‍ ജനല്‍പ്പാളികള്‍ക്കിടയിലൂടെ മാത്രം ആകാശത്തിലെ പൂര്‍ണ്ണചന്ദ്രനെ കണ്ടു തീര്‍ക്കുന്നുണ്ട്. ആയിരത്തിയൊന്നു രാവുകള്‍ കഥ പറഞ്ഞ ഷഹര്‍സാദിന് അതിജീവനത്തിന്റെ വിങ്ങലായിരുന്നു കരുതലായി നിന്നത്. പകലിരമ്പത്തില്‍ തല താഴ്ത്തി നടന്ന് പോയ വഴികളെല്ലാം,ഒരു സ്വതന്ത്ര സുരക്ഷിത രാത്രി ലഭിച്ചാല്‍, തലയുയര്‍ത്തിപ്പിടിച്ച് കണ്ടു തീര്‍ക്കണമെന്നുള്ള വാശിയില്‍ കലര്‍ന്ന മോഹങ്ങളും സ്ത്രീക്കുണ്ട്. കടല്‍ക്കരയിലിരുന്ന് ഇഷ്ടപ്പെട്ട ഗസല്‍ മതി വരുവോളും കേട്ടു തീര്‍ക്കാനും, ഇഷ്ടതീരങ്ങളിലേക്ക് തുഴഞ്ഞു പോവാനും,കുന്നിന്‍ ചരിവിലിരുന്ന് പുലരുവോളം പറഞ്ഞു തീര്‍ക്കാനും,ഒരുപാട് നടന്നു തീര്‍ക്കാനും അവള്‍ക്കും മോഹങ്ങളുണ്ട്. നെരൂദ തന്റെ നഷ്ടപ്രണയത്തെ വഴിയരികിലെ മരങ്ങളിലും, നക്ഷത്രങ്ങളിലും, കാറ്റിലുമൊക്കെ കാണുകയും ഒരു രാവില്‍ സ്വതന്ത്രമായി ഏറ്റവും ദുഃഖഭരിതമായ വരികളെഴുതുകയും ചെയ്യുന്നുണ്ട്. ഇതുവരെ ഒരുവള്‍ക്കും തന്റെ നഷളടബോധങ്ങളെ ഒരു രാവില്‍ ഒരു പൊതു ഇടത്തിലിരുന്ന് കവിതയിലൂടെ കൊന്നു തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും വ്യവസ്ഥയുടെ ക്രൂരമായ ഫലിതമായി അവശേഷിക്കുന്നു.

നിലാവു പെയ്യുന്ന, തണുത്ത കാറ്റ് വീശുന്ന ഒരു നേരം കെട്ട നേരത്ത്, കടല്‍ക്കരയില്‍ പട്ടം പറത്തുന്ന പെണ്‍കുട്ടിയെ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കുന്നുണ്ടോ ?  കാട്ടുമുല്ലയും നിശാഗന്ധിയും വിരിഞ്ഞ് സുഗന്ധം പരത്തുന്ന ഇടവഴിയില്‍ അതും നോക്കി നില്‍ക്കുന്ന ഒരുന്മാദിനിപ്പെണ്‍കുട്ടിയെ അറിയുമോ? അതിനുമപ്പുറം, വല്ലായ്മകളില്ലാതെ ഒറ്റയ്ക്ക് സ്വസ്ഥമായുറങ്ങുന്ന ഒരുവളെ കാണുന്നുണ്ടോ? അവിടെയൊക്കെ ഒരുപാട് 'അവളു'മാര്‍ കിനാവള്ളി പൊട്ടിച്ചെറിഞ്ഞ് ജീവിക്കുകയാണെന്ന് അറിയൂ... 

 

click me!