തണ്ണിമത്തന്‍ 'ബത്തക്ക' ആവുമ്പോള്‍ ചിലത് പറയാതെ വയ്യ

ജ്യോതി രാജീവ് |  
Published : Mar 18, 2018, 02:25 PM ISTUpdated : Jun 08, 2018, 05:47 PM IST
തണ്ണിമത്തന്‍ 'ബത്തക്ക' ആവുമ്പോള്‍ ചിലത് പറയാതെ വയ്യ

Synopsis

ജ്യോതി രാജീവ് എഴുതുന്നു തണ്ണിമത്തന്‍ ബത്തക്ക ആവുമ്പോള്‍ ചിലത് പറയാതെ വയ്യ ഞങ്ങള്‍ക്ക് മാത്രം അനുഭവിക്കാനാവുന്ന സന്തോഷത്തിന്റെ അങ്ങേയറ്റമാണീ അവയവം


മീനത്തിലെ ഈ ഉഷ്ണച്ചൂടില്‍ തണ്ണിമത്തന്‍ വളരെ നല്ലതാണ്. പക്ഷെ ആവശ്യക്കാര്‍ കൂടുന്നോണ്ട് കബളിപ്പിക്കലുകളും നല്ലോണം നടക്കുന്നുണ്ടെന്നാണ് അറിവ്. അതിന്റെ ആ ചുവപ്പു നിറം എന്നതോ കെമിക്കല്‍ ഇന്‍ജക്റ്റ് ചെയ്ത് വരുത്തുന്നതാണ് പോലും. കഴിച്ചാല്‍ കുടുങ്ങും, ശോചനാലയവും ശുചിത്വ ഭാരതവും പോരാഞ്ഞ് കാന്‍സര്‍ മുക്ത കേരളം വരെ താണ്ടേണ്ടി വരും എന്നൊക്കെയാണ്...

അതുകൊണ്ട് മായമില്ലെന്ന് ഉറപ്പുവരുത്തി മാത്രം  വിലകൊടുത്ത് വാങ്ങി ഉപയോഗിക്കുക... അല്ലാതെ ഓസിന്  കിട്ടീതും എടുത്ത് കഴിച്ച് മുകളില്‍ പറഞ്ഞപോലെ അക്കിടിപറ്റീത് പറയാനും വയ്യ, കടകളില്‍ കാണുമ്പോ കൊതിക്കെറുവ് കാട്ടാണ്ടും വയ്യാന്ന്  ആവല്ലും. സര്‍വ്വം മായം. എന്നാ ഒരു ഉടായിപ്പ് മനുഷ്യരാന്നേ... 

ഞങ്ങള്‍ക്ക് മാത്രം അനുഭവിക്കാനാവുന്ന സന്തോഷത്തിന്റെ അങ്ങേയറ്റമാണീ അവയവം

ഞങ്ങള്‍ സ്ത്രീകളെ സ്ത്രീകളാക്കുന്നതില്‍  മനസ്സിനും ചിന്തകള്‍ക്കും വ്യക്തിത്വത്തിനും ഒപ്പം തന്നെ പ്രാധാന്യം ഞങ്ങളുടെ ശരീരങ്ങള്‍ക്കും ഉണ്ട്. അകമേക്ക് മാത്രമല്ല പുറമേക്കും സൗന്ദര്യത്തോടെ ഇരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. ഭാഷയുണ്ടായ കാലം മുതല്‍ വര്‍ണ്ണിച്ച് വര്‍ണ്ണിച്ച് ഈ സമൂഹം ഞങ്ങളെ അഹങ്കാരികള്‍ ആക്കിയതിനൊപ്പം തന്നെ അരക്ഷിതരും ആശ്രിതരും ഒപ്പം തന്നെ ശാരീരിക സുഖം പ്രദാനം ചെയ്യുന്ന ഒരു 'വസ്തു'എന്ന നിലയിലും ആക്കിത്തീര്‍ത്തിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യം മാത്രം.

ഞങ്ങളുടെ ശരീരങ്ങള്‍ പോലും പലപ്പോഴും ഞങ്ങളുടേതല്ലാതെ ആവുന്നു. ഞങ്ങള്‍ സ്ത്രീകളില്‍ ഒരു വിഭാഗം ഇന്നുകളിലും അത്തരം വര്‍ണ്ണനകളുടെ പ്രഭാവലയത്തില്‍ കുടുങ്ങികിടക്കുന്നു എന്നതാണ് ഏറ്റവും അപകടകരമായ /സങ്കടകരമായ വസ്തുത. അതുകൊണ്ടാണല്ലോ സുന്ദരി എന്നൊന്ന് വിളിച്ച് ഞങ്ങളെ ഊമകളാക്കുവാനും, ചിന്തകള്‍ക്കുമേല്‍ നിലാവിനെ അഴിച്ചുവിടുവാനും സാധിക്കുന്നത്. 

ബത്തക്കയിലേക്ക് വരാം..

ഈ  പറയുന്ന ബത്തക്കപോലെ മോഹിപ്പിക്കുന്ന ഞങ്ങളുടെ മാറിടം ഉണ്ടല്ലോ... സൗന്ദര്യത്തിന്റെ ആ അളവുകോല്‍...  അതിന്റെ മറ്റൊരു വശം കൂടി തുറന്നുകാട്ടാം.  പെണ്ണായ് തുടങ്ങുന്ന കാലംമുതല്‍ ചൂടിലും തണുപ്പിലും  വരിഞ്ഞുകെട്ടി വീര്‍പ്പുമുട്ടിച്ച് തുള്ളാതെയും തുളുമ്പാതെയും മറച്ചുവെച്ച് ഞങ്ങള്‍ കൊണ്ടുനടക്കുന്നത്...

ഞങ്ങളുടെ ശരീരങ്ങള്‍ പോലും പലപ്പോഴും ഞങ്ങളുടേതല്ലാതെ ആവുന്നു

ഞങ്ങളുടേത് മാത്രമായ സ്വകാര്യതയില്‍ ആ വരിഞ്ഞുകെട്ടലുകളെ അഴിച്ചു മാറ്റി സ്വാതന്ത്ര്യത്തിന്റെ കണികാപൊട്ടുകളില്‍ അസ്വാതന്ത്ര്യം സമ്മാനിച്ച അസ്വസ്ഥതകളെ /പൊട്ടലുകളെ/നീറ്റലുകളെ പല മാര്‍ഗ്ഗങ്ങളുപയോഗിച്ച്  തണുപ്പിക്കുമ്പോള്‍, വരിഞ്ഞുകെട്ടലുകളില്ലാത്ത /ചൂഴ്ന്നുനോട്ടങ്ങളില്ലാത്ത ഒരു ലോകത്തെ ഞങ്ങളുടെ വരും തലമുറകള്‍ക്കായെങ്കിലും ഞങ്ങള്‍ സ്വപ്നം കാണുന്നുണ്ട് എന്നതറിയുന്നുവോ?

കുഞ്ഞു മുഴയുടെ രൂപത്തില്‍ ഒളിഞ്ഞിരിക്കുന്ന ഒരു ശത്രുവിന്റെ  ഭീതിയില്‍ ഉറക്കം നഷ്ടപ്പെടുകയും, പലവട്ടം തടവിനോക്കി ഇല്ല എന്നുറപ്പുവരുത്തി, എന്നാലോ വീണ്ടും ഭയത്തിന്റെ വേരുകളും പൊതിഞ്ഞ് നടക്കുന്നുണ്ട് ഞങ്ങള്‍.. ഞങ്ങളുടെ ആയുസ്സിന്റെ വിധിയാണിത്...! 

ഈ ബത്തക്ക  നിസ്സഹായരാക്കിയ പല കുടുംബങ്ങളുണ്ട്.. അടുത്തുള്ള കാന്‍സര്‍ രോഗാശുപത്രി ഇടക്കൊക്കെ സന്ദര്‍ശിക്കുകയും താങ്കളുടെ സൂക്ഷ്മ ദൃഷ്ടി അവിടെ  പതിപ്പിക്കുകയും ചെയ്യുന്നത് താങ്കളുടെ രോഗത്തിന് നല്ല മരുന്നാണ്... മറക്കരുത്. 

ആ മൊഞ്ച് ഈ 'ബത്തക്ക'ക്ക് ഇല്ല പ്രൊഫസറെ

ഞങ്ങള്‍ക്ക് മാത്രം അനുഭവിക്കാനാവുന്ന സന്തോഷത്തിന്റെ അങ്ങേയറ്റമാണീ അവയവം. വാക്കുകള്‍ കൊണ്ട് അത് പറയാനാകില്ല, അനുഭവിച്ചറിയണം... താങ്കള്‍ക്ക് ഈ ജന്മം അതിനാവുകയും ഇല്ല, എങ്കിലും...   ഈ ഭൂമിയിലേക്ക് ഒരു കുഞ്ഞുകരച്ചിലുമായ് വന്ന ഞങ്ങടെ പിഞ്ചു കുഞ്ഞുങ്ങള്‍ വലിച്ചു കുടിക്കുമ്പോള്‍, ചുരത്തിക്കൊടുക്കുമ്പോള്‍ അനുഭവിച്ചത്ര സന്തോഷം തരാന്‍ ഈ പ്രപഞ്ചത്തില്‍ മറ്റൊന്നിനും ആവില്ല...

അവരുടെ അമ്മിഞ്ഞയും ഇങ്ങയും ഞഞ്ഞിയും ഒക്കെ ആവുമ്പോള്‍ ഉള്ള സന്തോഷവും അഭിമാനവുമുണ്ടല്ലോ ഞങ്ങളെന്നും വിളിച്ചു പറയുന്ന അംഗീകരിച്ച് അഭിമാനിച്ച ആ പേരുകള്‍... ആ മൊഞ്ച് ഈ 'ബത്തക്ക'ക്ക് ഇല്ല പ്രൊഫസറെ. അല്ലാണ്ട് താങ്കള്‍ക്ക് വ്യക്തിപരമായ് തോന്നുന്ന ആ അസുഖത്തിന് തല്‍ക്കാലം പച്ചപപ്പായയെ കൂട്ടുപിടിക്കുക... ശമനം കിട്ടിയേക്കാം.

photo courtesy : Anurag Pushkaran

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

യുവതി, യുവാവിനെ ബോണറ്റിൽ വലിച്ചിഴച്ചത് 2 കിലോമീറ്റർ, 60 കിമി വേഗതയിൽ; വീഡിയോ വൈറൽ
'ഇന്ന് ഞാൻ ഒറ്റയ്ക്കല്ല'; 70 -കാരൻറെ ആദ്യവീഡിയോ കണ്ടത് 21 ലക്ഷം പേർ; അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നെന്ന് നെറ്റിസെൻസ്