
നമ്മൾ നമ്മളെത്തന്നെ മറന്ന് വീട്ടിൽ കിടന്നുറങ്ങുമ്പോൾ അവർ കടലിൽ വല നീട്ടി വിരിക്കുവായിരിക്കും. കൂരിരുട്ടിൽ നക്ഷത്രങ്ങൾ മാത്രമായിരിക്കും അവർക്ക് വഴികാട്ടി. കടലിൽ ജലരേഖകളിൽ വരച്ച ഒരു ഭൂപടമുണ്ടാകും അവരുടെ മനസ്സിൽ. രാവലയ്ക്ക് വള്ളമിറക്കാൻ പോയവർ പള്ളി മിനാരങ്ങളിൽ സുബ്ഹി ബാങ്ക് മുഴങ്ങുന്ന സമയത്ത് ഉപ്പുവെള്ളത്തിൽ നനഞ്ഞുകയറിവരും. വള്ളത്തിൽ അപ്പോൾ നല്ല പെടപെടയ്ക്കണ മീനുണ്ടാവും... അങ്ങനെയാണ് ഞങ്ങൾ മോർച്ചറിയിൽ വെക്കാത്ത മീൻ കൂട്ടുന്നവരായി മാറിയത്...
ഒരു ലുങ്കിയും പഴകിയ ഫുൾക്കൈ ഷർട്ടുമിട്ട് അബ്ദു ഇക്ക കടയിൽ വന്ന് ഒരു പൊതി കാജാ ബീഡിയും വാങ്ങി പോകുമ്പോൾ ഉമ്മിച്ച പറഞ്ഞു കേട്ടിട്ടുണ്ട്, 'അബ്ദു ഇക്ക രാവലയ്ക്ക് വള്ളമിറക്കാൻ പോവുകയാണെന്ന്... അപ്പോൾ സമയം ഏഴെട്ടു മണിയായി കാണും. മനോഹരണ്ണനും പരമേശ്വരണ്ണനും അബ്ദു ഇക്കായും കൂട്ടരും ഒരൊറ്റ വള്ളത്തിലാ കടലിൽ പോകുന്നത്... ഒരു ചെറിയ ഡിങ്കി വള്ളം... യന്ത്രങ്ങളല്ല, കൈക്കരുത്ത് മാത്രമാണ് ആശ്രയം.
അവരുടെ കയ്യിലൊരു വിളക്കുണ്ട്. ഒരു ലിറ്ററിന്റെ നെരോലാക് പെയിന്‍റ് പാട്ടയിൽ നിറയെ പഴയ കോട്ടൺ തുണി ഇടിച്ചു നിറച്ച് അതിൽ നിറച്ചും മണ്ണെണ്ണ ഒഴിച്ച്, ടിന്നിന്റെ അടപ്പിൽ ഓട്ടയിട്ട് മുറുക്കി അടച്ച് ഓട്ടയിലൂടെ ലോറി ടയറിലെ ട്യൂബിന്റെ കുറ്റിച്ചുവട് കടത്തി നാളമാക്കിയ വിളക്ക്... തനി ലോക്കൽ ടെക്നോളജി.. പന്തത്തെക്കാൾ ഗംഭീരമായി കത്തുന്ന അതിന്റെ ചുറ്റുവട്ടത്തെ വെളിച്ചത്തിൽ കുറേ ദൂരെ നിൽക്കുന്ന മനുഷ്യരുടെ മുഖം പോലും തെളിഞ്ഞുകാണും...
അവർ വള്ളമിറക്കുന്നത് കണ്ടിട്ടുണ്ടോ....?
അതൊരു അഭ്യാസമാണ്... ജനിച്ചുവീണപ്പോഴേ ആ അറിവ് അവരിലുള്ളതായി തോന്നും... കടൽഭിത്തികളില്ലാത്ത തീരത്തെ ചൊരിമണലിൽ കയറ്റി വെച്ചിരിക്കുന്ന വള്ളത്തെ കടലിലേക്ക് തെളിയിക്കുന്ന വഴികളിൽ പച്ച മടൽ കമിഴ്ത്തി നിശ്ചിത അകലത്തിൽ നിരത്തിയിടും. അതിനു മുകളിലൂടെ നിരക്കി കടലിലേക്ക് വള്ളം തള്ളിയിറക്കും. വലിയൊരു തിര വരുന്നതുവരെ കാത്ത് നിൽക്കും. ആ തിരയുടെ തീരംതല്ലലിനും പിൻവാങ്ങലിനുമിടയിലെ നിമിഷാർദ്ധത്തിൽ വള്ളം കടലിലേക്ക് ആഞ്ഞിറക്കും... മുന്നിൽ നിൽക്കുന്നവർ ആദ്യം ചാടിക്കയറും...
അടുത്ത തിരയുടെ കമാനാകാരത്തിനു മുകളിലൂടെ അപ്പുറം കടക്കുന്ന ഒരു വിദ്യയുണ്ട്. അതു കടന്നാൽ അവർ തീരത്തടിയുന്ന തിരകളെ അതിജയിച്ചുകഴിഞ്ഞു.അപ്പോഴേക്കും ശേഷിക്കുന്നവരും വള്ളത്തിൽ ചാടിക്കയറിയിരിക്കും. അതിനകം വള്ളത്തിൽ കുറേയധികം വെള്ളം കയറിയിട്ടുണ്ടാവും.കുറച്ചുപേർ തണ്ടും പങ്കായവുമെടുത്ത് തുഴയുമ്പോൾ ഒന്നുരണ്ടുപേർ പൊട്ടിയ കന്നാസിന്റെ ചരിച്ചുചെത്തിയ ഭാഗം കൊണ്ട് വെള്ളം തേകി വറ്റിക്കും. ബീഡിയും തീപ്പെട്ടിയും വിളക്കുമെല്ലാം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കും.
നമ്മൾ നമ്മളെത്തന്നെ മറന്ന് വീട്ടിൽ കിടന്നുറങ്ങുമ്പോൾ അവർ കടലിൽ വല നീട്ടി വിരിക്കുവായിരിക്കും. കൂരിരുട്ടിൽ നക്ഷത്രങ്ങൾ മാത്രമായിരിക്കും അവർക്ക് വഴികാട്ടി. കടലിൽ ജലരേഖകളിൽ വരച്ച ഒരു ഭൂപടമുണ്ടാകും അവരുടെ മനസ്സിൽ. രാവലയ്ക്ക് വള്ളമിറക്കാൻ പോയവർ പള്ളി മിനാരങ്ങളിൽ സുബ്ഹി ബാങ്ക് മുഴങ്ങുന്ന സമയത്ത് ഉപ്പുവെള്ളത്തിൽ നനഞ്ഞുകയറിവരും. വള്ളത്തിൽ അപ്പോൾ നല്ല പെടപെടയ്ക്കണ മീനുണ്ടാവും... അങ്ങനെയാണ് ഞങ്ങൾ മോർച്ചറിയിൽ വെക്കാത്ത മീൻ കൂട്ടുന്നവരായി മാറിയത്...
ഒരു പാതിരാത്രിയിൽ ഞങ്ങളുടെ വീട്ടുവാതിലിൽ തുരുതുരെ മുട്ടുകേട്ടു...‘ലത്തീഫേ... ലത്തീഫേ... എഴുന്നേൽക്കെടാ...’ എന്ന് ആരോ അധികാരഭാഷയിൽ പുറത്തുനിന്നു വിളിക്കുന്നു. കണ്ണുമിഴിച്ച് ആറ് ബാറ്ററിയുടെ ടോർച്ചുമെടുത്തിറങ്ങിയ ബാപ്പയ്ക്കൊപ്പം പുറത്തുവരുമ്പോൾ കുറേയേറെ ആളുകളുണ്ട് വീടിനു മുന്നിൽ...‘എടാ ഉവ്വേ... ചാകര വന്നെടാ...’ എന്നാരോ പറയുന്നുണ്ടായിരുന്നു... റോഡിലുടെ തേരാപ്പാരാ പായുന്ന ആളുകൾ. അതിനിടയിലും വല്ലാത്തൊരു നിശബ്ദതയുണ്ടായിരുന്നു... ഓടി കടപ്പുറത്തെത്തുമ്പോൾ, കടലുണ്ട് ദീപാരാധനയ്ക്ക് ഒരുങ്ങിയ പോർക്കലി ക്ഷേത്രം പോലെ കത്തിച്ചുപിടിച്ച് കിടക്കുന്നു...
അന്നു വൈകുന്നേരം വരെ വിരൽ വെച്ചാൽ മുറിയുന്ന മട്ടിൽ കലികൊണ്ടു കിടന്ന കടൽ ദാ, അനുസരണയോടെ കിടക്കുന്നു... ചെത്തി കടപ്പുറത്തുനിന്നും അർത്തുങ്കൽ നിന്നും ആറാട്ടുപുഴയിൽനിന്നും നീണ്ടകരയിൽനിന്നുപോലും ചാകരയുടെ മണംപിടിച്ച് മഴ പെയ്തുകൊണ്ടിരിക്കുന്ന ആ രാത്രി ഞങ്ങളുടെ കടൽപ്പുറത്ത് മീൻപിടുത്തക്കാർ എത്തിയിരുന്നു...
ഉറക്കം കടലിലെറിഞ്ഞ് മീൻ കൊയ്യാനറിയാവുന്ന, തിരയടികളിൽ കൂസാത്ത, കൊടും തണുപ്പുപോലും അറിയാതിരിക്കാനുള്ള രാസവിദ്യ ജനിതകത്തിൽ അലിഞ്ഞവരാണവർ... പമ്പയാറ്റിലെയും പെരിയാറ്റിലെയും വെള്ളത്തിൽ അലിയില്ല അവരുടെ കരുത്ത്... സൈന്യം രാത്രി രക്ഷാദൗത്യം നിർത്തിയപ്പോഴും അവർ ഓരോരുത്തരെയായി രക്ഷപ്പെടുത്തിക്കൊണ്ടിരുന്നു. രക്ഷതേടി വിളിച്ചവർക്കെല്ലാം അവർ സ്വന്തം ജീവൻ കൊണ്ട് മറുപടിയേകി.... രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട മെൽവിൻ ആൻറണി എന്ന പൂന്തുറക്കാരനെ രാത്രി വിളിച്ചപ്പോൾ പറഞ്ഞതിങ്ങനെയാണ്... "രാത്രിയൊന്നും പ്രശ്നമല്ല, ഞങ്ങൾ രക്ഷിക്കാൻ വന്നവരാ...അവസാനത്തെ ആളെയും രക്ഷിച്ചിട്ടേ പോകൂ...."
ഒരു മത്സ്യത്തൊഴിലാളിക്ക് ഏറ്റവും ജീവൻ അവന്റെ വള്ളമാണ്... അതവന്റെ തൊഴിലുപകരണമാണ്... വേറൊരു തുറയിൽ ചാകര വന്നെന്നു കേട്ടാൽ വള്ളം ലോറിയിൽ കയറ്റി അവർ കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ടോ? ചില്ലുപാത്രം ഉടയാതെ കാക്കുംപോലെയാണത്... ആ അവരാണ്, രക്ഷിക്കണേയെന്നു കേട്ടപ്പോൾ വള്ളവും വലിച്ചുവാരി പാഞ്ഞുവന്നത്... വെള്ളത്തിൽ മൂടിയ കൂറ്റൻ ഗേറ്റുകളിലും മതിലുകളിലും തട്ടി അവരുടെ വള്ളങ്ങളിൽ പലതിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്...
പറഞ്ഞ വാക്കു പാലിച്ച് നമ്മൾ ആ കേടുപാടുകൾ തീർത്തുകൊടുക്കണം... അതിൽപരം പ്രത്യുപകാരം നമുക്ക് ചെയ്യാനില്ല....
കാരണം, കടലുപോലെയാണ് കടലിന്റ മക്കളും... സ്നേഹിച്ചാൽ ശാന്തമായി ചാകരപ്പാട്ടിലെ കടലുകണക്കെ വാരിക്കോരി തരും... ചവിട്ടിക്കയറാൻ മുതുകു കാട്ടിത്തരും... കോപിച്ചാൽ തീരമറുത്തെടുത്തുപോകുന്ന കടലുപോലെ കലിതുള്ളുകയും ചെയ്യും... ചവിട്ടിയരയ്ക്കാൻ ഒരിക്കലും തല കുനിച്ചു തരികയുമില്ല... കാരണം അവരുടെ മനസ്സാണ് ആ കടൽ... നമ്മുടെ വിഴുപ്പും അഴുക്കുമെല്ലാം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട കടൽ... എന്നും കടലിൽ പോരടിക്കുന്ന അവരെയല്ലാതെ മറ്റാരെയാണ് സൈനികരെന്നു വിളിക്കേണ്ടത്.