ചൈനയിൽ ഒരു പത്തുവയസ്സുകാരി, പുതുവത്സര സമ്മാനമായി ലഭിച്ച പണം മാതാപിതാക്കൾ ചെലവാക്കുമെന്ന് ഭയന്ന് സ്വർണ്ണം വാങ്ങി സൂക്ഷിച്ചതാണ് വാര്‍ത്തയാവുന്നത്. സ്വർണ്ണവില കുതിച്ചുയർന്നതോടെ വന്‍ലാഭം. 

ചൈനയിൽ നിന്നുള്ള ഒരു പത്തുവയസ്സുകാരിയുടെ ബുദ്ധിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ചൈനീസ് പുതുവത്സരാഘോഷ വേളയിൽ മുതിർന്നവരിൽ നിന്ന് സമ്മാനമായി ലഭിക്കുന്ന പണം സൂക്ഷിക്കാൻ അവൾ കണ്ടെത്തിയ മാർ​ഗമാണ് എല്ലാവരേയും അമ്പരപ്പിച്ചത്. ആ പണം മാതാപിതാക്കൾ എടുത്തുപയോഗിക്കുമെന്ന ഭയത്താൽ സ്വർണ്ണം വാങ്ങി സൂക്ഷിച്ചതിനാൽ തന്നെ പെൺകുട്ടിക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത് ലക്ഷങ്ങളുടെ ലാഭമാണ്.

വടക്കൻ ചൈനയിലെ ഹെബെയ് പ്രവിശ്യയിലുള്ള ലാംഗ്ഫാംഗ് സ്വദേശിയായ ഈ പെൺകുട്ടി 2023 മുതലാണ് സ്വർണ്ണം വാങ്ങിത്തുടങ്ങിയത്. ഓരോ വർഷവും ഏകദേശം 4,000 യുവാൻ (ഏകദേശം 48,000 രൂപ) ആണ് കുട്ടിക്ക് പുതുവർഷ സമ്മാനമായി ലഭിക്കാറുള്ളത്. തന്റെ കയ്യിലുള്ള പണം മാതാപിതാക്കൾ വീട്ടാവശ്യങ്ങൾക്കോ മറ്റോ ചെലവാക്കി കളയുമോ എന്ന ആശങ്കയാണ് സ്വർണ്ണം വാങ്ങുന്നതിലേക്ക് തിരിയാൻ കുട്ടിയെ പ്രേരിപ്പിച്ചത്. പണത്തേക്കാൾ സ്വർണ്ണമാണ് കൂടുതൽ സുരക്ഷിതമെന്ന് വിശ്വസിച്ച അവൾ, ഓരോ വർഷവും ലഭിക്കുന്ന തുക കൊണ്ട് സ്വർണ്ണം വാങ്ങി ശേഖരിക്കുകയായിരുന്നു.

കുട്ടിയുടെ അമ്മ ബായ് പറയുന്നതനുസരിച്ച്, ആദ്യമായി സ്വർണ്ണം വാങ്ങുമ്പോൾ ഗ്രാമിന് ഏകദേശം 460 യുവാൻ (ഏകദേശം 5,500 രൂപ) ആയിരുന്നു വില. എന്നാൽ ഈ വർഷം ഫെബ്രുവരി ആയപ്പോഴേക്കും സ്വർണ്ണവില ഗ്രാമിന് 1,100 യുവാനിലേക്ക് (ഏകദേശം 13,000 രൂപ) കുതിച്ചുയർന്നു. ഇതുവരെ ഏകദേശം 30 ഗ്രാം സ്വർണ്ണം കുട്ടി സ്വന്തമാക്കിയിട്ടുണ്ട് ‌. ശേഖരിച്ച സ്വർണ്ണത്തിൽ ഒന്നും തന്നെ പെൺകുട്ടിയോ മാതാപിതാക്കളോ വിറ്റിട്ടില്ല. ഭാവിയിലും സമ്മാനമായി ലഭിക്കുന്ന തുക ഉപയോഗിച്ച് കൂടുതൽ സ്വർണ്ണം വാങ്ങാനാണ് കുട്ടിയുടെ തീരുമാനം.

ചൈനയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണ്ണവിലയിൽ വൻ വർദ്ധനവാണുണ്ടായത്. കഴിഞ്ഞ വർഷം 60 ശതമാനം വർദ്ധിച്ച വില, ഈ വർഷത്തെ ആദ്യ മാസത്തിൽ മാത്രം 30 ശതമാനം കൂടി ഉയർന്നു.