അഞ്ച് പതിറ്റാണ്ടിനു ശേഷം ആ മലേഷ്യന്‍ പെണ്‍കുട്ടി കേരളത്തിലെ ഉറ്റവരെ കണ്ടെത്തി, ഫേസ്ബുക്കിലൂടെ...

By Web DeskFirst Published Apr 11, 2018, 5:49 PM IST
Highlights
  • അതൊരു വലിയ കഥയാണ്. ഷഹനാസിനെ കണ്ടുമുട്ടിയ കഥ
  • അഞ്ച് പതിറ്റാണ്ടിന് ശേഷം ഖദിജ കേരളത്തിലെത്തി തന്‍റെ കുടുംബത്തെ കണ്ടു
  • കാരണമായത് ഫേസ്ബുക്കിലൂടെ മകളയച്ച മെസേജ്

എഴുപതുകളുടെ തുടക്കത്തില്‍ നടന്ന ഒരു പ്രണയകഥ, അഞ്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം സിനിമാക്കഥപോലെ ഒരു അഡാറ് പ്രണയകഥയുടെ ചുരുളഴിയുകയാണ്. എഴുപതുകളില്‍ സയ്യിദ് കുടുംബത്തിലെ പെണ്ണൊരുത്തി മലേഷ്യക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ച കഥ. അതും ഫേസ്ബുക്കിലെത്തിയ ഒരു മെസേജിന്‍റെ പിന്നാലെ ഒരു മലയാളി നടത്തിയ അന്വേഷണത്തിന്‍റെ ഫലമായി. കൊയിലാണ്ടി സ്വദേശി പൂക്കോയ തങ്ങളുടെ മകനായ അലവി ഹൈദ്രോസ്‌ തങ്ങളുടെ ചെന്നൈയില്‍ പഠിക്കാന്‍ പോയ മകള്‍ ഖദീജയുടെ പ്രണയകഥയാണിത്.

പ്രണയത്തിന്‍റെ പേരില്‍ കേരളം വിട്ടുപേകേണ്ടി വന്നവളുടെ കഥ. സയ്യിദ് കുടുംബത്തിന്‍റെ എതിര്‍പ്പുകൊണ്ട് വേരറ്റ് പോയ രണ്ട് തലമുറകളുടെ കൂടിച്ചേരല്‍ അഞ്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരൊറ്റ ഫേസ്ബുക്ക് മെജേസില്‍ തിരിച്ചു പിടിക്കാനായത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഖദീജ തന്‍റെ മകളുടെ ആഗ്രഹത്തിന്‍റെ തീവ്രതയില്‍ തന്‍റെ കുടുംബത്തെ തിരിച്ചുപിടിച്ചിരിക്കുന്നു. അതിന് കാരണക്കാരനായ എമ്മാര്‍ കിനാലൂര്‍ ഫേസ്ബുക്കിലെഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ്.

അതൊരു വലിയ കഥയാണ്. ഷഹനാസിനെ കണ്ടുമുട്ടിയ കഥ.

2009 ൽ ആണെന്ന് തോന്നുന്നു, ഫേസ്‌ബുക്കിൽ ഒരു പെൺകുട്ടിയുടെ പെഴ്സണൽ മെസ്സേജ്‌ വരുന്നു: 'ഞാൻ ഷഹനാസ്‌, മലേഷ്യയിൽ നിന്നാണ്. നിങ്ങൾ കൊയിലാണ്ടി എന്ന സ്ഥലം അറിയുമോ?' ഇത്രയുമായിരുന്നു ആ മെസ്സേജിന്റെ ഉള്ളടക്കം. ' ' അറിയാമെല്ലോ. എനിക്ക്‌ കൊയിലാണ്ടിയിൽ ബന്ധുക്കൾ ഉണ്ട്‌. എന്താണ് കാര്യം?' ഞാൻ തിരിച്ച്‌ ചോദിച്ചു. ' ഞാൻ കൊയിലാണ്ടിയിലേക്ക്‌ വരുന്നു, അവിടെ ഒരിടത്ത്‌ പോകാനുണ്ട്‌. എന്നേ ഒന്ന് സഹായിക്കാമോ?'- അടുത്ത മെസ്സേജ്‌. ' 'കൊയിലാണ്ടിയിൽ ആരെയാണ് കാണേണ്ടത്‌?'

അടുത്ത ആഴ്ച തന്നെ ഷഹ്‌നാസ്‌ കൊയിലാണ്ടി എത്തി, കൂടെ ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു

'അതൊക്കെ ഞാൻ വന്നിട്ട്‌ പറയാം, നിങ്ങൾക്ക് എന്നെ സഹായിക്കാൻ പറ്റുമോ ഇല്ലേ?'. ഞാൻ ആകെ ആശയക്കുഴപ്പത്തിലായി. എഫ്‌ ബിയിൽ പല തട്ടിപ്പുകളും നടക്കുന്നതാണ്. വല്ല ഫേക്ക്‌ ഐ ഡിയും ആകുമോ?. എന്തെങ്കിലും ചീറ്റിംഗ്‌ പരിപാടിയല്ലെന്ന് എങ്ങനെ ഉറപ്പിക്കാം. ഒടുവിൽ രണ്ടും കൽപിച്ച്‌ 'ശരി, വരൂ, സഹായിക്കാം' എന്ന് ഞാനങ്ങ്‌ സമ്മതിച്ചു. അടുത്ത ആഴ്ച തന്നെ ഷഹ്‌നാസ്‌ കൊയിലാണ്ടി എത്തി. നെടുമ്പാശേരി എയർപ്പോർട്ടിൽ നിന്ന് ട്രയിനിലാണ് കൊയിലാണ്ടി എത്തിയത്‌. കൂടെ ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. 'ഇത്‌ ആസിഫ്‌ സെയ്ദ്‌. ഞാൻ ജോലി ചെയ്യുന്ന ഷെൽ കമ്പനിയുടെ ചെന്നൈ ഓഫീസിലെ സ്റ്റാഫ്‌ ആണ്. ഞാൻ ആദ്യമായി വരികയാണല്ലൊ, കേരളത്തിൽ. ഒരു ധൈര്യത്തിനു ആസിഫ്‌ സെയ്ദിനെ കൂടി വിളിച്ചതാണ്'.

ഇനി കഥയിലേക്ക്‌ കടക്കാം.

കൊയിലാണ്ടി സ്വദേശി പൂക്കോയ തങ്ങളുടെ മകനായ അലവി ഹൈദ്രോസ്‌ തങ്ങൾ ബ്രിട്ടീഷ്‌ ഭരണ കാലത്ത്‌ ഉയർന്ന പോലീസ്‌ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം മദ്രാസ്‌ റെജിമെന്റിൽ ജോലി ചെയ്യുന്ന കാലത്ത്‌ മകൾ ഖദീജ മദ്രാസ്‌ സ്റ്റാൻലി മെഡിക്കൽ കോളജിൽ പഠിക്കുകയായിരുന്നു. തങ്ങൾ കുടുംബത്തിലെ പെൺകുട്ടികളെ വിദ്യാഭ്യാസത്തിനു അയക്കുന്ന പതിവ്‌ അന്നില്ല. എന്നാൽ അലവി തങ്ങൾ മകളെ പഠിപ്പിക്കണം എന്ന വാശിക്കാരനായിരുന്നു. അതേ കോളജിൽ മലേഷ്യക്കാരനായ മുഹമ്മദ്‌ സൈനുദ്ദീൻ പഠിക്കുന്നുണ്ടായിരുന്നു. സൈനുദ്ദീനും ഖദീജക്കും പരസ്പരം ഇഷ്ടമായി. ഒരു അഡാർ ലവ്‌ എന്ന് വേണമെങ്കിൽ കൂട്ടിക്കോ! അവർ വിവാഹം ചെയ്ത്‌ ഒരുമിച്ച്‌ ജീവിക്കാൻ ആഗ്രഹിച്ചു. എന്നാൽ ഖദീജയുടെ കുടൂംബത്തിനു അത്‌ സ്വീകാര്യമയിരുന്നില്ല. കാരണം സൈനുദ്ദീൻ സയ്യിദ്‌ കുടുംബമായിരുന്നില്ല. കുടുംബത്തിന്റെ എതിർപ്പ്‌ വക വെക്കാതെ അലവി ഹൈദ്രോസ്‌ തങ്ങൾ മകൾ ഖദീജയെ സൈനുദ്ദീന് നിക്കാഹ്‌ ചെയ്തു കൊടുത്തു. അതിന്റെ പേരിൽ കുടുംബം അവരെ ബഹിഷ്കരിക്കുകയും ചെയ്തു.

ഡോ. മുഹമ്മദ്‌ സൈനുദ്ദീനൊപ്പം ‌ ഖദീജ ക്വലാലമ്പൂരിലേക്ക്‌ പോയി. രണ്ടാളും അവിടെ പ്രാക്റ്റീസ്‌ ചെയ്തു. എഴുപതകളുടെ തുടക്കത്തിൽ ആണു സംഭവം. എന്നാൽ കുടുംബത്തിന്റെ എതിർപ്പ്‌ കാരണം ഡോ. ഖദീജക്ക്‌ നാടുമായുള്ള ബന്ധം പൂർണമായി നിലച്ചു. ഹൈദ്രോസ്‌ തങ്ങൾ എന്നും മകൾക്ക്‌ ഒപ്പമുണ്ടായിരുന്നു. തന്റെ അവസാന കാലം വരെ അദ്ദേഹം ക്വലാലംപൂരിൽ മകൾക്കൊപ്പം താമസിച്ചു. മലേഷ്യയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യവും.

അങ്ങനെയിരിക്കെ, രണ്ടാമത്തെ മകളായ ഷഹനാസ്‌ ഒരു ദിവസം‌ ഒരു സ്വപ്നം കണ്ടു

ഡോ. ഖദീജയുടെ മക്കൾക്ക്‌ ഉമ്മയുടെ നാടും വീടും കുടൂംബ വേരുകളും കാണാൻ അതിയായ മോഹമുണ്ടായിരുന്നു. എന്നാൽ അവരെ കൊയിലാണ്ടിയിലെ തറവാട്ടിലേക്ക്‌ അയക്കാൻ ഖദീജക്ക്‌ താൽപര്യമുണ്ടായില്ല. അതിനാൽ ആ മോഹം തളിരിടാതെ അങ്ങനെ നീണ്ടു പോവുകയായിരുന്നു. അങ്ങനെയിരിക്കെ, രണ്ടാമത്തെ മകളായ ഷഹനാസ്‌ ഒരു ദിവസം‌ ഒരു സ്വപ്നം കണ്ടു. താൻ ഉമ്മയുടെ തറവാട്ടിൽ കയറി ചെല്ലുന്നതായുള്ള ഒരു സ്വപ്നം. അതവളെ വല്ലാതെ ഉലച്ചു. എന്നാൽ ഉമ്മയോട്‌ അത്‌ പറഞ്ഞില്ല. അത്‌ സാധിച്ച്‌ കിട്ടാനുള്ള വഴികൾ തേടി കൊണ്ടീരുന്നു.

ഷഹനാസിനെ സ്വീകരിക്കാൻ ചെല്ലുമ്പോൾ കൊയിലാണ്ടിയിലെ എന്റെ ബന്ധുവായ ഒരു പെൺകുട്ടിയെ കൂടി ഞാൻ വിളിച്ചിരുന്നു. ഞങ്ങൾ ഷഹനാസ്‌ പറഞ്ഞ വിവരങ്ങളുമായി ബാഫഖി, ഹൈദ്രോസ്‌ തങ്ങന്മാർ താമസിക്കുന്ന കൊയിലാണ്ടി ബീച്ച്‌ റോഡിലുള്ള തെരുവിലൂടെ നടന്നു. അവിടെ ഒരു ചെറിയ ചായക്കടയിൽ ഒരു ആൾക്കൂട്ടമുണ്ട്‌. പ്രായം ചെന്നവർ ആണ്. ചുടു ചായ കുടിച്ച്‌ അവർ പഴങ്കഥകൾ പറയുകയാണ്. കൊയിലാണ്ടിയിൽ നിന്ന് പഴയ തലമുറ പല രാജ്യങ്ങളിലേക്കും കുടിയേറിയിരുന്നു. 

കടയിൽ ഇരുന്നവർ വർത്തമാനം നിർത്തി ഞങ്ങളെ സൂക്ഷിച്ച്‌ നോക്കി

സിലോണിലേക്കും റങ്കൂണിലേക്കും ബർമ്മയിലേക്കുമൊക്കെ. യു എ ഖാദർ കൊയിലാണ്ടിക്കാരൻ ആണല്ലൊ. ആ കഥകൾക്ക്‌ ഇടയിലേക്കാണ് ഞാൻ കയറി ചെന്നത്‌. " അലവി ഹൈദ്രോസ്‌ തങ്ങളുടെ വീട്‌ എവിടെയാണെന്ന് അറിയാമോ?"-ഞാൻ ചോദിച്ചു.  കടയിൽ ഇരുന്നവർ വർത്തമാനം നിർത്തി ഞങ്ങളെ സൂക്ഷിച്ച്‌ നോക്കി.  " നിങ്ങൾ ആരാ, എവിടെ നിന്നാ..?". ഞാൻ ഷഹനാസിനെ പരിചയപ്പെടുത്തി. അവൾ തന്റെ കുടുംബ വേരുകൾ പരതി വന്നതാണെന്ന് പറഞ്ഞു. മലേഷ്യക്കാരി ആണെന്ന് പറഞ്ഞപ്പോൾ അവർക്ക്‌ വലിയ സന്തോഷം ആയി. ചെറുപ്പത്തിൽ റങ്കൂണിൽ പണിക്ക്‌ പോയവർ ഒക്കെ കൂട്ടത്തിൽ ഉണ്ടായിരുന്നിരിക്കണം.

" ഡി എസ്‌ പി അലവി തങ്ങളെ ആവും നിങ്ങൾ അന്വേഷിക്കുന്നത്‌. അവരുടെ കുടുംബത്തെ പറ്റി ഒന്നും എനിക്ക്‌ ഉറപ്പില്ല. നേരെ പോയി വലത്തോട്ട്‌ തിരിഞ്ഞാൽ കാണുന്ന രണ്ടാമത്തെ വീട്‌ തങ്ങൾ കുടൂംബമാണ്. അവിടെ ഒന്ന് അന്വേഷിച്ച്‌ നോക്കൂ.." ആരോ ഒരാൾ പറഞ്ഞു. ഞങ്ങൾ  തങ്ങൾ കുടുംബം പാർക്കുന്ന ആ വീട്ടിലെത്തി. ശബ്ദം കേട്ട്‌ നൽപത്‌ വയസ്സിനുമേൽ പ്രായമുള്ള ഒരു സ്ത്രീ പൂമുഖത്തേക്ക്‌ വന്നു. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന പെൺകുട്ടി അവരോട്‌ വന്ന കാര്യം പറഞ്ഞു. അവർ അൽപ നേരം കണ്ണിമ വെട്ടാതെ ഷ്ഹനാസിനെ തന്നെ നോക്കി നിന്നു. പിന്നീട്‌ എന്തോ ഓർത്ത്‌ എടുത്ത്‌ ഒരുമിനിറ്റ്‌ എന്ന് ആംഗ്യം കാണിച്ച്‌ അവർ വീടിന്റെ മുകളിലേക്ക്‌ കയറിപ്പോയി.

അവർ ഷഹനാസിനെ കെട്ടിപ്പുണർന്നു തുരുതുരാ ഉമ്മ വെച്ചു

ഫ്രേം ചെയ്ത്‌ സൂക്ഷിച്ച ഒരു പഴയ ബ്ലാക്‌ ആന്റ്‌ വൈറ്റ്‌ ഫോട്ടോയും കയ്യിൽ പിടിച്ചാണ് അവർ മടങ്ങി വന്നത്‌. ഫോട്ടോ ഷഹനാസിനെ കാണിച്ചൂ. അവൾ ഫോട്ടോ കണ്ടതും പരിസരം മറന്ന് ആർത്ത്‌ വിളിച്ചു: ' ഓ, മൈ ഗോഡ്‌! ദിസ്‌ ഈസ്‌ മൈ ഗ്റ്റാന്റ്‌ പാ, ദിസ്‌ ഈസ്‌ മൈ മദർ..' മുത്ത്‌ ബീ എന്നായിരുന്നു ഫോട്ടോയുമായി വന്ന ആ സ്ത്രീയുടെ പേർ. അലവി തങ്ങളുടെ സഹോദരി പുത്രന്റെ ഭാര്യ. അവരുടെ ഭർത്താവ്‌ മരിച്ച്‌ പോയിരുന്നു. വാസ്തവത്തിൽ മുത്തുബിയും എന്നോ സംഭവിക്കാനിരിക്കുന്ന ഈ മുഹൂർത്തത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. അവർ ഷഹനാസിനെ കെട്ടിപ്പുണർന്നു തുരുതുരാ ഉമ്മ വെച്ചു. സന്തോഷാശ്രു ഒഴുക്കി. 

അത്‌ ശിഹാബ്‌ തങ്ങളൂടെ മകനായ മുനവ്വർ അലി ശിഹാബ്‌ തങ്ങൾ ആയിരുന്നു

കണ്ട്‌ നിന്ന ഞങ്ങളുടെയും കണ്ണു നനഞ്ഞു. ഷഹനാസ്‌ അതിനു മുന്നേ എന്നോട്‌ ഒരാളെ കുറിച്ച്‌ പറഞ്ഞിരുന്നു. ക്വലാലംപൂരിൽ തങ്ങളുടെ വീട്ടിൽ ഒരിക്കൽ വന്നു പോയ, മലേഷ്യൻ സർവ്വകലാശാലയിൽ പഠിച്ച, സയ്യിദ്‌ കുടൂംബത്തിൽ പെട്ട മുനവ്വർ എന്ന വിദ്യാർത്ഥിയെ കുറിച്ച്‌. മുനവ്വറിന്റെ സഹോദരിയെ വിവാഹം കഴിച്ചത്‌ കൊയിലാണ്ടിയിലേക്കാണെന്നും അവർ ഉമ്മയുടെ അകന്ന ബന്ധു ആണെന്നും സൂചിപ്പിച്ചിരുന്നു. ആ സൂചന വെച്ച്‌ അത്‌ ശിഹാബ്‌ തങ്ങളൂടെ മകനായ മുനവ്വർ അലി ശിഹാബ്‌ തങ്ങൾ ആണെന്ന് എനിക്ക്‌ ഊഹമുണ്ടായിരുന്നു.

അത്യപൂർവ്വമായ ആ പുനസ്സമാഗമ വേളയിൽ ഞാൻ മുനവ്വർ അലി തങ്ങൾക്ക്‌ റിംഗ്‌ ചെയ്തു. ഷഹനാസ്‌ വന്ന കഥ പറഞ്ഞു. അദ്ദേഹം താനാണ് ആ മുനവ്വർ എന്ന് സ്ഥിരീകരിക്കുകയും ഉടനെ കൊയിലാണ്ടിയിലേക്ക്‌ പുറപ്പെടുകയും ചെയ്തു. ഷഹനാസിനെ കാണാൻ ബന്ധുക്കൾ വന്നു തുടങ്ങി. ഒരു പെരുന്നാൾ പ്രതീതി ആയിരുന്നു ആ ദിവസങ്ങളിൽ ആ വീട്ടില്‍. ഞങ്ങൾ ഇപ്പോൾ മലേഷ്യയിലെ റോയൽ സെലങ്കാർ ക്ലബ്‌ എന്ന ഹോട്ടലിലാണ്. ഡോ. ഖദീജയും ഭർത്താവ്‌ ഡോ. സൈനുദ്ദീനും ഞങ്ങൾക്ക്‌ ഏർപ്പെടുത്തിയ വിരുന്നിൽ പങ്കെടുക്കാൻ വന്നതാണ്. ഷഹനാസും അനിയത്തിയും ഭർത്താവും ഒക്കെയുണ്ട്‌. ഗംഭീരമായ വിരുന്നാണ് ഒരുക്കിയിരിക്കുന്നത്‌.

ഷഹനാസ്‌ അതുവരെ എന്റെ ഫെയ്സ്‌ബുക്ക്‌ ഫ്രണ്ട് പോലുമായിരുന്നില്ല

എന്ന കണ്ടപ്പോൾ ഖദീജത്തായുടെ മുഖത്ത്‌ പെരുന്നാൾ അമ്പിളി. നിറഞ്ഞ സന്തോഷം അവരിൽ ഓരോരുത്തരിലുമുണ്ടായിരുന്നു. ഷഹാനാസ്‌ പറഞ്ഞു: ' അന്ന് ഞാൻ ഉമ്മയോട്‌ പറയാതെയാണ് ഇന്ത്യയിൽ വന്നത്‌. ഉമ്മ സമ്മതിക്കില്ല എന്ന് ഭയന്നാണ് പറയാതിരുന്നത്‌. ഇപ്പോഴും എനിക്കറിയില്ല എമ്മാർ എന്ന എഫ്‌ ബി പ്രൊഫയിലിൽ ഞാൻ എങ്ങനെയാണ് എത്തിപ്പെട്ടത്‌ എന്ന്..'. ഷഹനാസ്‌ അതുവരെ എന്റെ ഫെയ്സ്‌ബുക്ക്‌ ഫ്രന്റ്‌ പോലുമായിരുന്നില്ല എന്ന് ഞാനോർത്തു. ഓരോ നിയോഗങ്ങൾ!

ഷഹനാസ്‌ മടങ്ങി മാസങ്ങൾക്കകം ഡോ. ഖദീജയും കുടുംബവും കൊയിലാണ്ടിയിൽ വന്നിരുന്നു. ഞാൻ ദുബായിലോ മറ്റോ പോയിരുന്നതിനാൽ എനിക്ക്‌ അപ്പോൾ അവരെ കാണാൻ പറ്റിയില്ല. " മുജീബിനെ കാണണം എന്ന് അന്ന് ആഗ്രഹിച്ചിരുന്നു. കാണാൻ പറ്റിയില്ലല്ലൊ. ആ കടം വീടിയത്‌ ഇപ്പോഴാണ്"- മലായ്‌ വിഭവങ്ങൾ വിളമ്പിയും തമാശകൾ പറഞ്ഞും സൽകരിക്കുന്നതിനിടെ ഖദീജത്ത പറഞ്ഞു. ഈ മലേഷ്യൻ യാത്രയുടെ പ്രധാനപ്പെട്ട ഒരു ലക്ഷ്യം നിറവേറിയതിലുള്ള ആഹ്ളാദത്തിലായിരുന്നു ഞാനും എന്റെ സുഹൃത്തുക്കളും.

click me!