
കുഞ്ഞിന് ജന്മം നല്‍കേണ്ടിവന്നപ്പോള്‍ അനുഭവിച്ച വേദനയെ കുറിച്ച് അമേരിക്കന്‍ നടിയും മോഡലുമായ കെന്യ മൂര്‍. താന്‍ വല്ലാതെ പേടിച്ചുപോയി. സിസേറിയന്‍ തന്നെ വേണ്ടിവന്നു കുഞ്ഞിനെ പുറത്തെടുക്കാന്‍. അതിന് നെടുകെയും കുറുകെയും മുറിവുണ്ടാക്കേണ്ടി വന്നുവെന്നും കെന്യ പറയുന്നു.
ഐ.വി.എഫ് വഴിയാണ് കെന്യയ്ക്കും ഭര്‍ത്താവ് മാര്‍ക്കിനും പെണ്‍കുഞ്ഞ് ജനിച്ചത്. നാല്‍പ്പത്തിയേഴ് വയസായിരുന്നു കെന്യയ്ക്ക്. ഭ്രൂണം ഗര്‍ഭാശയത്തിന് പുറത്ത് പറ്റിച്ചേര്‍ന്ന് വളരുന്ന ഗര്‍ഭാശേയതര ഗര്‍ഭമായിരുന്നതിനാലാണ് ഐ.വി.എഫ് നിര്‍ദേശിച്ചത്.
ഗര്‍ഭകാലത്ത് ഫ്ലൂയിഡിന്‍റെ അളവ് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടി. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ശരീരം നീരുവന്ന് വീര്‍ത്തു. ശരീരം ഏഴരക്കിലോ ഗ്രാമിലധികം വണ്ണം വച്ചു. പറഞ്ഞതിലും ആറാഴ്ച മുമ്പ് തന്നെ കെന്യയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. മൂന്നുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഫൈബ്രോയിഡ് തടസമായതിനാലാണ് നെടുകെയും കുറുകെയും മുറിവുണ്ടാക്കി കുഞ്ഞിനെ പുറത്തെടുത്തത്.
രക്തം ഒരുപാട് വാര്‍ന്ന് ശസ്ത്രക്രിയയെത്തുടര്‍ന്ന് താന്‍ മരണത്തിന്‍റെ വക്കിലെത്തിയിരുന്നുവെന്നും കെന്യ പറയുന്നു. കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമത്തില്‍ താന്‍ മരിച്ചുപോകുമോയെന്ന് ഡോക്ടര്‍മാരും ഭയന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ താനും കുഞ്ഞ് ബ്രൂക്ക്ലിനും സുഖമായിരിക്കുന്നുവെന്നും കെന്യ പറയുന്നു.