ഖദീജാ ബീവിയോളം എന്നെ അതിശയിപ്പിച്ച സ്ത്രീയുണ്ടായിട്ടില്ല; എന്തുകൊണ്ടെന്നാല്‍

By Web TeamFirst Published Nov 16, 2018, 12:50 PM IST
Highlights

പ്രവാചകൻ ധ്യാനമനുഷ്ഠിച്ച ഹിറാ ഗുഹ സ്ഥിതി ചെയ്യുന്ന പ്രകാശ മല ഒരു തവണ കയറിയിറങ്ങാൻ കാണിക്കുന്ന തത്രപ്പാടിനിടയിൽ ദിവസവും മൂന്നു നേരം ഭക്ഷണവുമായി മല കയറിയിറങ്ങിയ ബീവിയെ ഞാനോർത്തു.

പ്രവാചകനെക്കുറിച്ചു എല്ലാവരും പറഞ്ഞു പതിപ്പിച്ച ഒരു ചിത്രം എന്‍റെ മനസ്സിലുണ്ടായിരുന്നു. അദ്ദേഹം ആദ്യമേ നിർണയിക്കപ്പെട്ടവനാണെന്നും പാപങ്ങൾ പൊറുക്കപ്പെട്ടവനാണെന്നും ഞാൻ പഠിച്ചു. ഇതൊന്നും കൂടാതെ ആദ്യമായി ദൈവത്തിൽ വിശ്വസിക്കാൻ തയാറായ ബീവിയെക്കുറിച്ചു മദ്രസകളിൽ നിന്നും എനിക്കധികമൊന്നും പഠിക്കാൻ തരപ്പെട്ടില്ല. നബി ചരിത്രം പോലെ ബീവിയുടെ ചരിത്രവും പ്രത്യേക പേപ്പറായി പാഠ്യ പദ്ധതിയിൽ വന്നെങ്കിലെന്ന് ഞാൻ തീവ്രമായി അഭിലഷിച്ചു. അത് പഠിപ്പിക്കാൻ സ്ത്രീയ്ക്ക് 'അകത്തളത്തിലെ ഇരുട്ടാണ് ഉത്തമം' എന്നു പറയുന്നവർ ഭയപ്പെട്ടു കാണണം.

'മാണിക്യ മലരായ പൂവി... മഹതിയാം ഖദീജ ബീവി' എന്ന പാട്ട് കുട്ടിക്കാലത്ത് അനേകം മാപ്പിളപ്പാട്ടുകൾക്കൊപ്പം എന്‍റെ ഉപ്പാ എനിക്ക് താരാട്ടുപാട്ടായി പാടിത്തരികയും ഞാനതിനു താളമൊപ്പിച്ചു കൈ കൊട്ടുകയും ചെയ്യുമായിരുന്നു. അതു കൊണ്ടു തന്നെ പ്രവാചകനെക്കാൾ മുൻപ് എന്‍റെ ചെറിയ മനസ്സിൽ അവരുടെ ചിത്രം രൂപപ്പെട്ടിരുന്നു.

അതിനു മുൻപും ശേഷവും ഖദീജാ ബീവിയോളം എന്നെ അതിശയിപ്പിച്ച സ്ത്രീയുണ്ടായിട്ടില്ല. കുട്ടിക്കാലത്ത് മദ്രസയിൽ നിന്നും സ്ത്രീകൾ ഇടപാടുകൾ നടത്തുന്ന പൊതുരംഗങ്ങളിൽ ഇറങ്ങരുതെന്നും അന്യ പുരുഷന്മാരിൽ അനുരക്തയാകുന്നത് പാപമാണെന്നും സ്ത്രീകൾ വിവാഹം കഴിയ്ക്കാനാഗ്രഹിക്കുന്ന പുരുഷനെ അങ്ങോട്ടാവശ്യപ്പെടരുതെന്നും പുരുഷൻ സ്ത്രീയെ ആവശ്യപ്പെടുകയും വിവാഹം ചെയ്യുകയും വേണമെന്നും ഞാൻ പഠിച്ചു. ഖുർആൻ സൂറകളും ചരിത്രവും മനഃപാഠമാക്കി പൊതുപരീക്ഷ കഴിഞ്ഞിറങ്ങുന്ന അന്ന് എന്‍റെ വീട്ടിൽ വേലയ്ക്ക് വന്നിരുന്ന ഇത്തയുടെ ഭർത്താവിന്‍റെ സഹോദരിയെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ വരനെക്കാളും പ്രായം കൂടുതലാണെന്ന് തെളിഞ്ഞു വിവാഹമോചനത്തിന്‍റെ വക്കിലെത്തി നിൽക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ എനിക്ക് ഞെട്ടലുണ്ടായി. 

പ്രേമിയ്ക്കുന്ന പുരുഷന് കാമുകിയാവുന്നതിലും നല്ലത് ഉമ്മയാവലാണെന്ന് ഞാൻ തിരിച്ചറിഞ്ഞു

ഞാൻ മനസ്സിലാക്കിയ ചരിത്രത്തിൽ ഇതെല്ലാമുണ്ടായിരുന്നു. വിവാഹവും പുനർവിവാഹവും ചെയ്ത നാല്പതുകാരിയായ ഖദീജ ബീവിയ്ക്ക് കച്ചവടത്തിന് മേൽനോട്ടം വഹിയ്ക്കാനും ഇരുപത്തഞ്ചു വയസ്സുകാരനായ പ്രവാചകനെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്യാനും കഴിഞ്ഞിരുന്നു. വളർന്നു വലുതായി ഒന്ന് രണ്ടു തവണ പ്രേമിച്ചു കഴിഞ്ഞപ്പോൾ പ്രേമിയ്ക്കുന്ന പുരുഷന് കാമുകിയാവുന്നതിലും നല്ലത് ഉമ്മയാവലാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഖദീജ പ്രവാചകനെ അപ്രകാരം തന്നെയാണ് സ്നേഹിച്ചിരിയ്ക്കുകയെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ടായി

പ്രവാചകനെക്കുറിച്ചു എല്ലാവരും പറഞ്ഞു പതിപ്പിച്ച ഒരു ചിത്രം എന്‍റെ മനസ്സിലുണ്ടായിരുന്നു. അദ്ദേഹം ആദ്യമേ നിർണയിക്കപ്പെട്ടവനാണെന്നും പാപങ്ങൾ പൊറുക്കപ്പെട്ടവനാണെന്നും ഞാൻ പഠിച്ചു. ഇതൊന്നും കൂടാതെ ആദ്യമായി ദൈവത്തിൽ വിശ്വസിക്കാൻ തയാറായ ബീവിയെക്കുറിച്ചു മദ്രസകളിൽ നിന്നും എനിക്കധികമൊന്നും പഠിക്കാൻ തരപ്പെട്ടില്ല. നബി ചരിത്രം പോലെ ബീവിയുടെ ചരിത്രവും പ്രത്യേക പേപ്പറായി പാഠ്യ പദ്ധതിയിൽ വന്നെങ്കിലെന്ന് ഞാൻ തീവ്രമായി അഭിലഷിച്ചു. അത് പഠിപ്പിക്കാൻ സ്ത്രീയ്ക്ക് 'അകത്തളത്തിലെ ഇരുട്ടാണ് ഉത്തമം' എന്നു പറയുന്നവർ ഭയപ്പെട്ടു കാണണം.

 പ്രവാചക ചരിത്രം മുഴുവൻ വായിച്ചു കഴിഞ്ഞിട്ടും ഖദീജാ ബീവി എന്‍റെ പാഠപുസ്തകങ്ങളുടെ ഒരു മൂലയ്ക്കിരുന്നു എന്നെ നോക്കി ചിരിച്ചു കൊണ്ടേയിരുന്നു. എനിക്കവരെക്കുറിച്ചു കൂടുതൽ വായിക്കണമെന്നോ പഠിക്കണമെന്നോ തോന്നിയില്ല. കാരണം എനിക്ക് വായിക്കാൻ ലഭിച്ചതെല്ലാം പുരുഷരചനകളായിരുന്നു .എനിക്കിഷ്ടം തോന്നുന്നവരുടെ നല്ല നിറമുള്ള ചിത്രങ്ങൾ ഞാൻ തന്നെ രൂപപ്പെടുത്തുന്നതായിരുന്നു എനിക്കിഷ്ടം. അത് മറ്റുള്ളവരുടെ സങ്കൽപ്പങ്ങൾ കലർത്തി വിരൂപമാക്കുവാൻ ഞാനാഗ്രഹിച്ചില്ല. മാധവിക്കുട്ടിയുടെ മുഖം എന്നിൽ നിന്ന് മാഞ്ഞു പോകാതിരിക്കാനായി ഞാൻ 'ആമി'സിനിമ കാണാൻ മെനക്കെട്ടില്ല. അതു പോലെ.

മൂന്നു നേരം ഭക്ഷണവുമായി മല കയറിയിറങ്ങിയ ബീവിയെ ഞാനോർത്തു

അതു കൊണ്ടു തന്നെ ഞാൻ വളരെ പെട്ടെന്ന് അവരുടെ പ്രേമഭൂമിയിലെത്തിപ്പെട്ടു. ചരിത്രങ്ങളിൽ വായിച്ച കാലുഷ്യത്തെക്കാളുപരി ആ മരുഭൂമിയിൽ ഞാനവരുടെ പ്രേമത്തിന്‍റെ ഗന്ധമനുഭവിച്ചു. പ്രവാചകൻ ധ്യാനമനുഷ്ഠിച്ച ഹിറാ ഗുഹ സ്ഥിതി ചെയ്യുന്ന പ്രകാശ മല ഒരു തവണ കയറിയിറങ്ങാൻ കാണിക്കുന്ന തത്രപ്പാടിനിടയിൽ ദിവസവും മൂന്നു നേരം ഭക്ഷണവുമായി മല കയറിയിറങ്ങിയ ബീവിയെ ഞാനോർത്തു. ധ്യാനത്തിനിടയിൽ ദൈവത്തിന്‍റെ മാലാഖയെ (മലക് ) കണ്ട് പരിഭ്രാന്തനായി 'ഖദീജാ... സമ്മിലൂനീ' (എന്നെയൊന്ന് കെട്ടിപ്പിടിയ്ക്കൂ ) എന്ന് പറഞ്ഞോടിവന്ന പ്രവാചകനെ സ്വന്തം കുഞ്ഞിനെപ്പോലെ അണച്ചു പിടിച്ചു നിങ്ങൾക്ക് ഞാനുണ്ടെന്ന് പറഞ്ഞ കാമുകിയെ ഞാൻ കണ്ടു.

റൗള (പ്രവാചകന്‍റെ ഖബ്ർ ) യിൽ നിന്നും വാർത്ത കണ്ണീരിനേക്കാൾ ഒരുപാട് മടങ്ങ് ഞാനവരുടെ ഖബ്ർ ദൂരെ നിന്ന് ഇരുമ്പഴികൾക്കുള്ളിൽ നിന്ന് കണ്ടു കൊണ്ട് വാർത്തു. എനിക്കവരുടെ സാമീപ്യം തണുപ്പു നൽകി. പ്രണയിനികൾക്ക് പെട്ടെന്ന് പരസ്പരം മനസ്സിലാക്കുവാൻ കഴിയുമായിരുന്നു. അവർ പ്രണയത്തിന്‍റെ രാജകുമാരിയാണ്. നഗ്നമായ കാല്പാദങ്ങളോടെ പൊള്ളുന്ന ഉഷ്ണത്തിൽ പ്രണയത്തിന്‍റെ പ്രകാശ മലകൾ കയറിയിറങ്ങിയവരാണ്. ബീവി ഖദീജാ... നിങ്ങളെന്നെ പ്രേമിക്കാൻ പഠിപ്പിച്ചു. ഒരേ സമയം എന്‍റെ പുരുഷന് ഉമ്മയും കാമുകിയുമായിരിക്കാൻ പഠിപ്പിച്ചു.

click me!