Latest Videos

ഇങ്ങനെയുമുണ്ട്  ഒമാന്‍ വിവാഹങ്ങള്‍!

By Faisal Bin AhamadFirst Published Mar 6, 2017, 9:04 AM IST
Highlights

കടല്‍ത്തീരത്ത് നിന്നാണ് കല്യാണ ചടങ്ങുകള്‍ ആരംഭിക്കുന്നതുതന്നെ. കുളിച്ച് പുതിയ വസ്ത്രം ധരിച്ച് വീട്ടില്‍ നിന്ന് നേരെ കടല്‍ത്തീരത്തേക്കാണ് വരനും സംഘവുംപോവുക. പിന്നെ കാലിനടിയില്‍ വച്ച് കോഴിമുട്ട പൊട്ടിക്കുന്നു. അതിന് ശേഷം കടല്‍ വെള്ളം കൈകൊണ്ട് തൊടും. 

അലി അബ്ദുല്ല റാഷിദ് അല്‍ കുംസാരി എന്ന ചെറുപ്പക്കാരനാണ് ക്ഷണിച്ചത്. 'വരൂ, ഞങ്ങളുടെ ഒരു കല്യാണം കൂടിയിട്ട് പോകാം'. തീര്‍ച്ചയായും നിങ്ങള്‍ക്കിത് വ്യത്യസ്ത അനുഭവമായിരിക്കും. തനിക്കറിയാവുന്ന മുറി ഇംഗ്ലീഷില്‍ അദ്ദേഹം നിര്‍ബന്ധിച്ചുകൊണ്ടേ ഇരുന്നു. ആ നിര്‍ബന്ധത്തിന് വഴങ്ങി ഒമാനിലെ കസബിലുള്ള കല്യാണ വീട്ടിലേക്ക്. 

കുംസാരി ഗോത്രത്തിലെ കല്യാണമാണ്. മീന്‍പിടുത്തം ഉപജീവനമാക്കിയവരാണ് കുംസാരികള്‍. എവിടത്തേയും പോലെ കല്യാണം വന്‍ ആഘോഷമാണ് ഇവിടേയും. വീട് ഭംഗിയായി അലങ്കരിച്ചിട്ടുണ്ട്. എങ്ങും വര്‍ണവിളക്കുകള്‍. 

അതിഥികളെ സ്വീകരിക്കാന്‍ വീടിന് പുറത്ത് തന്നെ വരന്‍ നില്‍പ്പുണ്ട്. മുഹമ്മദ് അല്‍ കുംസാരി. പരമ്പരാഗത വസ്ത്രവും തലപ്പാവുമായി വാളും പിടിച്ചാണ് വരന്‍ അതിഥികളെ വരവേല്‍ക്കുന്നത്. വിരുന്നുകാരല്ലാം വരനെ കൈപിടിച്ച് കുലുക്കി, മൂക്ക് മുട്ടിച്ച് അഭിവാദ്യം ചെയ്യുന്നു. വരനെ അവരുടെ രീതിയില്‍ തന്നെ അഭിവാദ്യം ചെയ്തു. 

വിരുന്നുകാരല്ലാം വരനെ കൈപിടിച്ച് കുലുക്കി, മൂക്ക് മുട്ടിച്ച് അഭിവാദ്യം ചെയ്യുന്നു.

കടല്‍ക്കരയിലെ വിവാഹം
പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നവരാണ് കുംസാരി ഗോത്രക്കാര്‍. മീന്‍പിടുത്തമാണ് തൊഴില്‍ എന്നതുകൊണ്ട് തന്നെ കടല്‍ ഇവര്‍ക്ക്  ഏറെ പ്രധാനപ്പെട്ടത്. മാംഗല്യത്തിനും അങ്ങിനെ തന്നെ. കടല്‍ത്തീരത്ത് നിന്നാണ് കല്യാണ ചടങ്ങുകള്‍ ആരംഭിക്കുന്നതുതന്നെ. കുളിച്ച് പുതിയ വസ്ത്രം ധരിച്ച് വീട്ടില്‍ നിന്ന് നേരെ കടല്‍ത്തീരത്തേക്കാണ് വരനും സംഘവുംപോവുക. പിന്നെ കാലിനടിയില്‍ വച്ച് കോഴിമുട്ട പൊട്ടിക്കുന്നു. അതിന് ശേഷം കടല്‍ വെള്ളം കൈകൊണ്ട് തൊടും. 

കുളിച്ച് ശുദ്ധിയായി കടല്‍ വെള്ളം തൊട്ടതിന് ശേഷം മാത്രം ചടങ്ങുകള്‍ ആരംഭിക്കുന്നവര്‍. കടലിനെ ഇത്രമാത്രം ബഹുമാനിക്കുന്ന മറ്റൊരു ഗോത്രവര്‍ഗമുണ്ടാകുമോ? 

ആഘോഷത്തില്‍ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം സജീവമായി ഉണ്ടാകും. വൈകുന്നേരം എല്ലാവരും ചേര്‍ന്ന് ഉറക്കെ വിളിച്ച് ചൊല്ലുന്നു. പിന്നെ വാദ്യോപകരണങ്ങളുമായി നൃത്തം തുടങ്ങുകയായി.പാട്ട് പാടുന്നതും നൃത്തം ചെയ്യുന്നതും എല്ലാവരും ചേര്‍ന്ന് . വരനും നൃത്തത്തില്‍ സജീവമായി ഉണ്ടാകും. കല്യാണ വീട്ടില്‍ എത്തിയ ആര്‍ക്കും ഈ നൃത്തത്തില്‍ പങ്കെടുക്കാം. 

ഇടയ്ക്ക് വാളുകള്‍ മേലോട്ട് എറിഞ്ഞ് പിടിക്കുന്നു

വാളും നൃത്തവും 
ഉച്ചത്തിലുള്ള പാട്ടിനിടയ്ക്ക് അലി കൈകാണിച്ച് വിളിക്കുന്നു. വരൂ, നൃത്തത്തില്‍ പങ്കുചേരൂ. തീരെ പരിചയമില്ലാത്ത സ്ഥലത്ത് അപരിചിതരായ കുറേപ്പേരോടൊത്ത് പരിചയമില്ലാത്ത നൃത്തം ചവിട്ടുന്നതിലെ വൈമുഖ്യം പുറകോട്ട് വലിച്ചു. പക്ഷേ അലി പിന്തിരിയാന്‍ തയ്യാറല്ലായിരുന്നു. 'വരൂ വരൂ' എന്ന് തുടരത്തുടരെ ആംഗ്യം. ഒടുവില്‍ അവന്‍ അടുത്തെത്തി കൈപിടിച്ച് നൃത്തത്തിലേക്ക് ചേര്‍ത്തു . ചുവടുകള്‍ പരിചിതമല്ലെങ്കിലും ആ സംഘത്തോടൊപ്പം ചേര്‍ന്നു . പതിഞ്ഞ താളത്തില്‍ തുടങ്ങി പതിയപ്പതിയെ മുറുകുകയും അയയുകയും ചെയ്യുന്ന നൃത്തം. കാണുമ്പോള്‍ വളരെ എളുപ്പമാണെന്ന് തോന്നുമെങ്കിലും അതങ്ങിനെയല്ലെന്ന് നൃത്തം മുറുകിയതോടെ മനസിലായി. 

വാളുകളും വടികളുമെല്ലാം കൈകളില്‍ ഏന്തിയാണ് ഈ പരമ്പരാഗത നൃത്തം. ഇടയ്ക്ക് വാളുകള്‍ മേലോട്ട് എറിഞ്ഞ് പിടിക്കുന്നു.ഏറ്റവും ഉയരത്തില്‍ വാള് എറിഞ്ഞ് പിടിക്കുന്നവനാണ് മിടുക്കന്‍. യുവാക്കള്‍ക്കിടയില്‍ ഇങ്ങനെ വാള്‍ എറിഞ്ഞ് പിടിക്കുന്നതില്‍ ചിലപ്പോള്‍ സൗഹൃദ മത്സരങ്ങളും നടക്കാറുണ്ട്. വഹാബിയ, റസ്ഹ, ഹമാസിയ എന്നിങ്ങനെ വിവിധതരം നൃത്തങ്ങളുണ്ട്. തബ്ല് എന്ന തുകല്‍ വാദ്യോപകരണമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. വൈകുന്നേരം തുടങ്ങുന്ന നൃത്തം മഗ് രിബ് ബാങ്ക് കൊടുക്കുന്നത് വരെ തുടരും. 

പുരുഷന്മാരില്‍ നിന്ന് വ്യത്യസ്തമായി ചടുല നൃത്തമാണ് സ്ത്രീകളുടേത്.  

കൂട്ടായ്മയുടെ ആഘോഷം 
പാട്ടും നൃത്തവുമെല്ലാമായി കുംസാരി മാംഗല്യം മൂന്ന് മുതല്‍ ഏഴ് ദിവസം വരെ നീളാറുണ്ട്. ഓരോ കുടുംബത്തിന്റേയും സാമ്പത്തിക സ്ഥിതി അനുസരിച്ചാണ് കല്യാണ ദിവസങ്ങളുടെ എണ്ണം നീളുക. വീട്ടിലെപ്പോലെ തന്നെ തൊട്ടടുത്ത മൈതാനത്തും ആഘോഷങ്ങളുണ്ടാകും. മൈതാനത്ത് വൈകുന്നേരമാകുന്നതോടെ ടെന്റ് വലിച്ച് കെട്ടുകയായി. പിന്നെ വാദ്യോപകരണങ്ങളുമായി ചിലരെത്തുന്നു. മറ്റ് ചിലരുടെ വരവ് ഹുക്കയുമായി. ഹുക്കയില്‍ ഇടാനുള്ള പുകയിലയുമായി മറ്റൊരാള്‍. അങ്ങിനെ ഓരോരുത്തരായി വന്ന് അതിഥികള്‍ക്കുള്ള സംവിധാനങ്ങളെല്ലാം ഒരുങ്ങുകയായി. 

നിലത്ത് വിരിച്ച കാര്‍പ്പെറ്റാണ് ഇരിക്കാനുള്ള സംവിധാനം. കുംസാരികള്‍ക്ക്് കല്യാണം നടത്തിപ്പ് ഒരു പരിധി വരെ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ മാത്രം ചെയ്യേണ്ട കാര്യമല്ല. അതുകൊണ്ടാണ് മൈതാനത്തെ ആഘോഷത്തിന് അയല്‍ക്കാരും ബന്ധുക്കളുമെല്ലാം ചേര്‍ന്ന് സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഇവര്‍ക്ക്  ഓരോ കല്യാണവും സൗഹൃദവും ബന്ധുത്വവും ഊട്ടി ഉറപ്പിക്കാന്‍ കൂടിയുള്ളതാണ്. ഹുക്ക വലിച്ചും തമാശകള്‍ പറഞ്ഞും മുതിര്‍ന്നവര്‍. കഹ് വ ഒഴിച്ച് കൊടുക്കാനും മറ്റ് സൗകര്യങ്ങള്‍ ഒരുക്കാനും കുട്ടികള്‍ അങ്ങിങ്ങ് ഓടി നടക്കുന്നു.

ഈ ആഘോഷങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക നൃത്തവും അരങ്ങേറുന്നു. ഇവിടങ്ങളിലേക്ക് സ്ത്രീകള്‍ക്ക്  മാത്രമേ പ്രവേശനം ഉണ്ടാകൂ.പുരുഷന്മാരില്‍ നിന്ന് വ്യത്യസ്തമായി ചടുല നൃത്തമാണ് സ്ത്രീകളുടേത്.  

ചുട്ട ആടും മന്തിയും
ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് പൊതുവെ കല്യാണങ്ങള്‍. കുംസാര്‍ എന്ന ഗ്രാമത്തിലാണ് താമസമെങ്കിലും മാംഗല്യങ്ങള്‍ അധികവും കസബില്‍ വച്ചാണ് നടക്കാറ്. ജൂലൈ-ഓഗസ്റ്റ് മാസങ്ങള്‍ ചൂട് കാലമാണ്. അതുകൊണ്ട് മീന്‍പിടുത്തത്തിന് അവധി കൊടുത്ത് കുംസാരികള്‍ കസബിലാണ് വിശ്രമ ജീവിതത്തിന് എത്താറ്. കല്യാണം കസബില്‍ ആകാന്‍ കാരണവും ഇതുതന്നെ. 

അതിഥികള്‍ക്ക്  ചുട്ട ആടും മന്തിയുമാണ് പൊതുവെ നല്‍കാറ്. മലയില്‍ വളരുന്ന ഒന്നാന്തരം ആടുകളെ പ്രത്യേകം തെരഞ്ഞ് പിടിച്ച് ഇവയെയാണ് കല്യാണത്തിനായി അറക്കുക. വലിയ കൊമ്പുള്ള മുട്ടനാടുകള്‍. വിലകൂടിയ ആടുകളാണിവ. 

ആട് ചുടുന്നതിലുമുണ്ട് പ്രത്യേകത. തല മുറിച്ച് മാറ്റി കുടലും പണ്ടവുമെല്ലാം കളഞ്ഞ് ചുരുക്കം ചില മസാലകള്‍ മാത്രം ചേര്‍ത്ത് ആദ്യം കനലില്‍ ചെറുതായി ചുട്ടെടുക്കും. പിന്നെ ഈ ആടിനെ കനല്‍ കുഴിയില്‍ ഇട്ടാണ് നന്നായി ചുട്ടെടുക്കുക.കുഴികുത്തി അതില്‍ ആദ്യം തീക്കനല്‍ ഇടും. പിന്നെ ആട് വച്ച് മുകളില്‍ വീണ്ടും കനലിട്ട് കുഴി മൂടുകയാണ് ചെയ്യുന്നത്. എട്ട് മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് ഇങ്ങനെ കുഴിച്ചിടുന്ന ആടുകളെ പുറത്തെടുക്കുക. അപ്പോഴേക്കും ആട് വെന്ത് നല്ല പരുവമായിട്ടുണ്ടാകും. 

ഗോതമ്പും കോഴിയും ചേര്‍ത്ത  അരീസും വിളമ്പുന്ന വിഭവങ്ങളില്‍ പ്രധാനപ്പെട്ടത്. ഇതും വലിയ കനല്‍ക്കുഴിയിലാണ് വേവിച്ചെടുക്കുന്നത്. കോഴിയും ഗോതമ്പും വലിയ ചെമ്പിലിട്ട് ആദ്യം വേവിക്കും. പിന്നെ വലിയ കുഴികുത്തി ആദ്യം തീക്കനലുകള്‍ അതിലിടും. ചെമ്പ് ഈ കനലിന് മുകളില്‍ വച്ച് അതിന് മുകളില്‍ കനലിട്ട് കുഴി മൂടും. രാത്രി പത്തിന് ഇങ്ങനെ കുഴിയിലിട്ട് മൂടുന്ന ചെമ്പ് രാവിലെ ഏഴ് മണിക്കേ പുറത്തെടുക്കൂ. അപ്പോഴേക്കും കോഴിയും ഗോതമ്പും വെന്ത് നല്ല കുഴമ്പ് പരുവത്തിലായിരിക്കും.ഇതില്‍ നെയ്യ് ചേര്‍ത്ത്  അതിഥികള്‍ക്കെല്ലാം വിളമ്പും. തൊട്ടടുത്ത വീടുകളിലെല്ലാം അരീസ് എത്തിക്കുകയും ചെയ്യും.ആതിഥ്യമര്യാദ കൂടുതലുള്ള കൂട്ടത്തിലാണ് കുംസാരികള്‍. 

ചിത്രീകരണം: വി.പി ഇസ്ഹാഖ്

അവരുടെ ഭാഷ
കുംസാരി ഗോത്രക്കാര്‍ സംസാരിക്കുന്ന ഭാഷയ്ക്കുമുണ്ട് പ്രത്യേകത. കുംസാരിയാണ് ഇവരുടെ ഭാഷ. നാലായിരത്തില്‍ താഴെ മാത്രം ആളുകളേ ഈ ഭാഷ സംസാരിക്കുന്നവരായി ഉള്ളൂ. കുംസാരിക്ക് ലിപിയില്ല. ഹിന്ദി, ഇറാനി, പഷ്ത്തു, ഉറുദു, അറബിക്, ഇംഗ്ലീഷ് എന്നിവയെല്ലാം ചേര്‍ന്നതാണിത്. 
കുംസാരി ഭാഷയില്‍ പാട്ടുകളും കവിതകളുമുണ്ട്. കല്യാണ സ്ഥലത്ത് വച്ച് പരിചയപ്പെട്ട അബ്ദുല്ല അഹമദ് സുലൈമാന്‍ എന്ന വൃദ്ധന്‍, കുംസാരി കവിതകള്‍ ചൊല്ലിത്തന്നു. ഒന്നും മനസിലായില്ല. തങ്ങളുടെ സംസ്‌ക്കാരത്തിന്റെയും ആചാരത്തിന്റേയും മഹത്വം ഉദ്‌ഘോഷിക്കുന്നതാണ് ഈ കവിതയെന്ന് അദ്ദേഹം വിശദീകരിച്ചു തന്നു.

കുംസാരി ഗോത്രക്കാര്‍ കുംസാരിക്ക് പുറമേ അറബിക്കും നന്നായി സംസാരിക്കുന്നവരാണ്. എന്നാല്‍ പുതു തലമുറ അടക്കമുള്ളവരെ കുംസാരി ഭാഷ പഠിപ്പിക്കാന്‍ ഇവര്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കുംസാരി ഭാഷ വേരറ്റ് പോകാതെ കൊണ്ടുപോകാന്‍ ഇവര്‍ക്കാകുന്നു. 

കസബില്‍ കല്യാണ ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. പാട്ടും നൃത്തവുമെല്ലാമായി ആഘോഷ ദിനങ്ങള്‍ നീളും. രാത്രിയില്‍ ആഘോഷം മൂര്‍ദ്ധന്യത്തിലെത്തുമ്പോള്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നതും കുസാരികളുടെ ചടങ്ങ്. 

കല്യാണാഘോഷങ്ങള്‍ക്ക് ഒടുവില്‍ കസബില്‍ നിന്ന് അലിയോട് യാത്ര പറഞ്ഞിറങ്ങി. സമയം കിട്ടുമ്പോള്‍ ഇടയ്ക്ക് ഇവിടെ എത്തണമെന്ന് സ്‌നേഹത്തോടെ ക്ഷണിക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്തു അവന്‍. ജീവിതത്തിന്റെ വഴികള്‍ എത്ര വ്യത്യസ്തം!

 

മരുഭൂമി പറഞ്ഞ മറ്റ് കഥകള്‍
 

ഒറ്റയാള്‍ മാത്രമുള്ള ദ്വീപിലെ ആ വാതിലില്‍ മുട്ടുന്നതാരാണ്?

വിശപ്പ് തിന്ന് ജീവിച്ചവര്‍

അവധിയെടുത്ത് ദേശാടനം ചെയ്യുന്ന ഗ്രാമം

അയാള്‍ ഞാനല്ല!

ആണിന്റെ വാരിയെല്ലില്‍ നിന്നല്ലാതെ,  ഒരു പെണ്ണ്!

അബുദാബിയിലെ പൂച്ചകളും  തൃശൂര്‍ക്കാരന്‍ സിദ്ദീഖും തമ്മില്‍

മൈതാനം നിറയെ മുടിവെട്ടുകാര്‍;  ജബല്‍ അലിയിലെ ബാര്‍ബര്‍ ചന്ത

ദാദ് മുറാദ്: 93 മക്കളുടെ പിതാവ്

അതൊരു പെണ്‍വാണിഭ കേന്ദ്രമായിരുന്നു!

click me!