
അതിനാല്‍, ദിലീപിനെ തിരിച്ചെടുത്താലോ അയാളെ അധ്യക്ഷനാക്കിയാല്‍ തന്നെയോ ഇവിടൊന്നും സംഭവിക്കാന്‍ പോവുന്നില്ലെന്ന, കേരളീയ സമൂഹത്തിന്റെ നാട്ടുനടപ്പുകളെക്കുറിച്ചുള്ള ഉറച്ച ധാരണകളും ബോധ്യങ്ങളും തന്നെയാവും അമ്മയെ കൂളായി ആ തീരുമാനമെടുപ്പിച്ചത്. താരങ്ങളില്ലാതെ, ഒരു ട്രോള്‍ ഉണ്ടാക്കാന്‍ പോലും പോലും സാദ്ധ്യമാവാത്തത്ര കച്ചവടസിനിമാഅടിമത്തം നിലനില്‍ക്കുന്ന നാട്ടില്‍ ഇതല്ല, ഇതിനപ്പുറം ചെയ്താല്‍ എന്താണ്?
എന്തു കൊണ്ടായിരിക്കാം, സ്വന്തം അംഗത്തെ ലൈംഗികമായി അക്രമിക്കാന്‍ ആളെവിട്ട കേസില്‍ പ്രതിയായ ദിലീപിനെ 'അമ്മ' യില്‍ തിരിച്ചെടുക്കാന്‍ സൂപ്പര്‍ താരങ്ങളടക്കം മലയാള സിനിമയിലെ ആണ്‍താരങ്ങളുടെ മുന്‍കൈയില്‍ തീരുമാനമെടുത്തത്?
കേരളം ഇളകി മറിഞ്ഞ കേസാണ്. ഏറെ നാള്‍ ജയിലില്‍ കിടന്നതാണ് താരം. മാധ്യമങ്ങള്‍ ഒന്നിച്ച് ആക്രമിച്ചതാണ്. സോഷ്യല്‍ മീഡിയയില്‍ അതിശക്തമായി ആക്രമിക്കപ്പെട്ടതാണ്. അടിമുടി മലയാളി സമൂഹം ഒറ്റപ്പെടുത്തിയതാണ്. ആ നിലയ്ക്ക്, ദിലീപിനെ കൂളായി തിരിച്ചെടുക്കുക എന്നു പറഞ്ഞാല്‍, കാക്കക്കൂട്ടില്‍ കല്ലെറിയുക എന്നതു തന്നെയാണ് അര്‍ത്ഥം. അതിന്റെ പേരില്‍ അമ്മ വീണ്ടും ആക്രമിക്കപ്പെടും എന്നുറപ്പ്. ആരെയും ഭയക്കാതെ, അഭിപ്രായങ്ങള്‍ പറയാന്‍ ധൈര്യം കാണിച്ച സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മ പ്രതിഷേധവുമായി രംഗത്തുവരുമെന്നും സാധാരണമട്ടില്‍ ആര്‍ക്കും ഊഹിക്കാം.
പ്രാഥമിക ആലോചനകള്‍ മുതല്‍ വരുംവരായ്കകളും കച്ചവട സാദ്ധ്യതകളും ആലോചിച്ച് സിനിമ ചുട്ടെടുക്കുന്ന കീഴ്‌വഴക്കം പണ്ടേക്കുപണ്ടേ കൊണ്ടുനടക്കുന്ന സിനിമാക്കാര്‍ക്ക് ഒറ്റയടിക്ക് ആലോചിക്കാവുന്നതേയുള്ളൂ, അത്തരമൊരു തീരുമാനം എടുത്താല്‍ എന്തു സംഭവിക്കുമെന്ന കാര്യം. അത്തരം ആലോചനകള്‍ നടത്താതിരിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തവരല്ല ഈ താരക്കൂട്ടം എന്നത് ദിലീപിന്റെ അറസ്റ്റ് വേളയില്‍ തന്നെ അവര്‍ തെളിയിച്ചതുമാണ്. എന്നിട്ടും അവരങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ എന്തായിരിക്കും അതിനു കാരണം? എന്തായിരിക്കും അതിന് അവര്‍ക്ക് ധൈര്യം നല്‍കിയിരിക്കുക?
എന്നിട്ടും അവരങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ എന്തായിരിക്കും അതിനു കാരണം?
പല കാരണങ്ങളാണ് മുന്നില്‍വരുന്നത്.
പ്രധാനം മലയാള സിനിമയെ നിലനിര്‍ത്തുന്ന ആണ്‍കോയ്മാ ബോധം തന്നെയാവണം. ഇതിലൊക്കെ എന്ത് എന്ന പുച്ഛം. ഇതിലും വലുത് വന്നിട്ടും മീശ പിരിച്ചു തന്നെ നടന്നവരാണ് തങ്ങളെന്ന ബോധ്യം. തങ്ങള്‍ കൂവിയില്ലെങ്കില്‍, കേരളത്തില്‍ നേരം വെളുക്കാന്‍ ഒരു സാദ്ധ്യതയുമില്ലെന്ന ധാര്‍ഷ്ഠ്യം. പെണ്ണുങ്ങള്‍ വരുന്നു, പോവുന്നു. ആണുങ്ങള്‍ വയസ്സെത്രയായാലും കോളജ് റോമിയോമാരായി നടിക്കുന്നു. ഈ നാട്ടുനടപ്പ് നല്‍കുന്ന ആത്മവിശ്വാസവും ഇതിന് ബലം നല്‍കാനിടയുണ്ട്.
പിന്നെ, ഇന്‍ഡസ്ട്രിയുടെ സ്വഭാവം തന്നെ. കാശാണ് എല്ലാം. വലിയ മുതല്‍മുടക്കുള്ള ഏര്‍പ്പാട്. കച്ചവടം നടത്താനുള്ള ചേരുവകളില്‍ മുന്നില്‍ ഇപ്പോഴും താരപ്പൊലിമ തന്നെ. അതിനാല്‍, ആരെന്തു പറഞ്ഞാലും, നാട്ടുകാര്‍ എത്ര തൊണ്ടപൊട്ടിച്ച് അലറിയാലും തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും കച്ചവടവും സിനിമയും ഇതേ മട്ടില്‍ത്തന്നെ പോവുമെന്നും വിശ്വസിച്ചാല്‍ അവരെ തെറ്റു പറയാന്‍ പറ്റില്ല. കാശിറക്കുന്നവര്‍ കൂടെ തന്നെ നില്‍ക്കുമെങ്കില്‍, നാട്ടുകാരെയും പൊതുസമൂഹത്തെയും എന്തിന് ഭയക്കണം എന്നു ചിന്തിക്കാന്‍ എളുപ്പമാണ്. ഒന്നു കാണാനും സെല്‍ഫിയെടുക്കാനും ക്യൂ നില്‍ക്കുന്ന മലയാളികള്‍ ലോകമാകെ ബാക്കിനില്‍പ്പുള്ളിടത്തോളം ഇനിയും കച്ചവടം നടക്കുമെന്ന് ഉറപ്പാണ്. ഇന്‍ഡസ്ട്രി ഒപ്പം നില്‍ക്കുമെങ്കില്‍, എന്ത് തീരുമാനം എടുക്കാനാണ് ഭയക്കേണ്ടത്?
പ്രധാനം മലയാള സിനിമയെ നിലനിര്‍ത്തുന്ന ആണ്‍കോയ്മാ ബോധം തന്നെയാവണം
പിന്നെ എതിര്‍പ്പുകളെക്കുറിച്ചുള്ള ബോധ്യം തന്നെ. ഓണമോ വിഷുവോ വരുമ്പോള്‍ ഇപ്പറയുന്ന അതേ മാധ്യമങ്ങള്‍ തങ്ങള്‍ക്കു പിന്നില്‍ കാത്തുകെട്ടിക്കിടക്കുമെന്ന് താരങ്ങള്‍ക്കറിയാം. അവാര്‍ഡ് നിശകള്‍ മുതല്‍ കാമ്പെയിനുകള്‍ക്ക് വരെ താരങ്ങള്‍ അനിവാര്യഘടകമായ മലയാള മാധ്യമ സംസ്‌കാരത്തില്‍ തങ്ങളെ ഒരു പരിധികഴിഞ്ഞ് അക്രമിക്കാന്‍ മാധ്യമങ്ങള്‍ നില്‍ക്കില്ലെന്ന വിശ്വാസം അവര്‍ക്കുണ്ട്. രാഷ്ട്രീയക്കാര്‍ക്കും സാംസ്‌കാരിക നായകര്‍ക്കും താരങ്ങളുമായുള്ള സൗഹൃദത്തേക്കാള്‍ വലുത് മറ്റെന്തുണ്ട് എന്നുമവര്‍ക്കറിയാം. തിരക്കഥയും പാട്ടുമെഴുതാന്‍ അവസരം കാത്തിരിക്കുന്ന എഴുത്തുകാര്‍ക്കാണെങ്കില്‍, മൗനത്തിന്റെ പ്രയോജനങ്ങള്‍ മറ്റാരേക്കാളും നന്നായറിയാം. അതിനാല്‍, ഇപ്പോള്‍ കുരയ്ക്കുന്നവര്‍ തന്നെ അധികം കുരയ്ക്കില്ലെന്ന ആത്മവിശ്വാസം അമ്മയിലെ ആണ്‍ശിങ്കങ്ങള്‍ക്കുണ്ടാവും.
പിന്നെയുള്ളത് സോഷ്യല്‍ മീഡിയയാണ്. വിമര്‍ശിക്കും, തെറി പറയും, ട്രോള്‍ ഇറക്കും. ഏറിയാല്‍, ഏതെങ്കിലും ഒരു ദിവസം സിനിമ കാണണ്ടാന്നൊക്കെ തീരുമാനിക്കും. അതുമല്ലെങ്കില്‍, അമ്മയെന്നു കേട്ടാല്‍ അഭിമാനം കൊള്ളുന്ന ഞങ്ങള്‍ ഇനി മേല്‍ നിങ്ങളെ അമ്മ എന്നു വിളിക്കില്ല എന്ന് അതികഠോര തീരുമാനമെടുക്കും. രണ്ടു നാള്‍ കഴിഞ്ഞ്, മറ്റൊരു വിഷയമോ, അക്രമിക്കാന്‍ മറ്റൊരാളോ മുന്നില്‍ വന്നാല്‍, സോഷ്യല്‍ മീഡിയ അതിലേക്ക് തിരിയും. ദിലീപിന്റെ അടുത്ത പടം വരും വരുമ്പോള്‍ ഒന്നു മുറുമുറുക്കും എന്നല്ലാതെ, അതുവരെ ഇതേ വിഷയം തന്നെ പറഞ്ഞോണ്ടിരിക്കാന്‍ സോഷ്യല്‍ മീഡിയയെ കിട്ടില്ലെന്നും താരത്തമ്പുരാക്കള്‍ എളുപ്പം തിരിച്ചറിയുണ്ടാവണം.
അതിനാല്‍, ദിലീപിനെ തിരിച്ചെടുത്താലോ അയാളെ അധ്യക്ഷനാക്കിയാല്‍ തന്നെയോ ഇവിടൊന്നും സംഭവിക്കാന്‍ പോവുന്നില്ലെന്ന, കേരളീയ സമൂഹത്തിന്റെ നാട്ടുനടപ്പുകളെക്കുറിച്ചുള്ള ഉറച്ച ധാരണകളും ബോധ്യങ്ങളും തന്നെയാവും അമ്മയെ കൂളായി ആ തീരുമാനമെടുപ്പിച്ചത്. താരങ്ങളില്ലാതെ, ഒരു ട്രോള്‍ ഉണ്ടാക്കാന്‍ പോലും പോലും സാദ്ധ്യമാവാത്തത്ര കച്ചവടസിനിമാഅടിമത്തം നിലനില്‍ക്കുന്ന നാട്ടില്‍ ഇതല്ല, ഇതിനപ്പുറം ചെയ്താല്‍ എന്താണ്?
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.