ഫോർക്കും സ്പൂണും നൽകിയിരിക്കുന്ന റെസ്റ്റോറന്റിൽ അവ ഉപയോഗിച്ച് തന്നെ ദോശ കഴിക്കാമെന്നും അത് കൂടുതൽ ഹൈജീനിക്കാണ് എന്നുമാണ് ഇൻസ്ട്രക്ടർ പറയുന്നത്.
ഭക്ഷണം എങ്ങനെ കഴിക്കണം, എങ്ങനെ ഡ്രസ് ധരിക്കണം, എങ്ങനെ ചിരിക്കണം, എങ്ങനെ സംസാരിക്കണം ഇതിലൊക്കെ ഉപദേശങ്ങൾ നൽകാറുള്ള വിദഗ്ദ്ധർ ഒരുപാടുണ്ട്. എന്നാൽ, നമ്മുടെ നാടൻ ദോശ ഫോർക്കും സ്പൂണും ഉപയോഗിച്ച് കഴിക്കുന്ന രീതി പരിചയപ്പെടുത്തിയാലോ? അതേ, അങ്ങനെ പരിചയപ്പെടുത്തുന്ന ഒരു എറ്റിക്വറ്റ് ഇൻസ്ട്രക്ടറുടെ വീഡിയോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയിൽ, പറയുന്നത് എങ്ങനെ ശരിയായി ഇവ കഴിക്കാം എന്നാണ്.
ആദ്യത്തെ വീഡിയോയിൽ മേശപ്പുറത്ത് ദോശയുമായി ഇരിക്കുന്ന ഇൻസ്ട്രക്ടർ, ഫോർക്കും സ്പൂണും ഉപയോഗിച്ച് ദോശ മടക്കുന്നതും തുടർന്ന് കഴിക്കാനായി ചെറിയ കഷണങ്ങളായി മുറിക്കുന്നതും കാണാം. രണ്ടാമത്തെ വീഡിയോയിൽ ഡോക്ടർമാർക്കായി സംഘടിപ്പിച്ച 'ദോശ എറ്റിക്വറ്റ് സെഷനിൽ' അവർക്ക് ഫോർക്കും സ്പൂണും ഉപയോഗിച്ച് ദോശ കഴിക്കേണ്ടതെങ്ങനെയാണ് എന്ന് അദ്ദേഹം പരിശീലനം നൽകുകയാണ്. ഫോർക്കും സ്പൂണും നൽകിയിരിക്കുന്ന റെസ്റ്റോറന്റിൽ അവ ഉപയോഗിച്ച് തന്നെ ദോശ കഴിക്കാമെന്നും അത് കൂടുതൽ ഹൈജീനിക്കാണ് എന്നുമാണ് ഇൻസ്ട്രക്ടർ പറയുന്നത്.
എന്നാൽ, വീഡിയോ വൈറലായി മാറിയതോടെ അനുകൂലിച്ച് മാത്രമല്ല ഈ രീതിയെ വിമർശിച്ചും ഒരുപാട് കമന്റുകൾ വന്നിട്ടുണ്ട്. 'ഇതിൽ യാതൊരു കാര്യവുമില്ല. ഞാൻ എപ്പോഴും ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പോകാറുണ്ട്, അവിടെ ഇഷ്ടമുള്ള രീതിയിൽ കഴിക്കാം. ഇന്ത്യൻ ഹോട്ടലുകൾക്ക് തങ്ങളുടേതായ ഭക്ഷണം കഴിക്കുമ്പോൾ പോലും പാശ്ചാത്യ സംസ്കാരത്തോടുള്ള ആഭിമുഖ്യം ഒഴിവാക്കാൻ കഴിയുന്നില്ല' എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്.
'ഒന്നാമതായി, ഫോർക്കും സ്പൂണും ഒരേസമയം പിടിക്കുന്നത് തന്നെ മോശം കാര്യമാണ്. എനിക്കറിയാവുന്നിടത്തോളം ഒരു കയ്യിൽ കത്തിയും മറുകയ്യിൽ ഫോർക്കുമാണ് ശരിയായ രീതി. എന്നാൽ ദോശയ്ക്കോ ഇഡ്ഡലിക്കോ ഇവ രണ്ടും ഉപേക്ഷിച്ച് കൈകൊണ്ട് കഴിക്കുന്നതാണ് നല്ലത്' എന്നാണ് മറ്റൊരാളുടെ അഭിപ്രായം. 'ഇയാൾ സ്പൂണിന് പകരം കത്തിയാണ് ഉപയോഗിക്കേണ്ടതെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞ് കൊടുക്കൂ' എന്ന് മറ്റൊരാൾ വിമർശിച്ചു.


