സിആർപിഎഫ് ജവാൻമാരുടെ ഉറ്റതോഴി; ഇതുവരെ കണ്ടെത്തിയത് 26 ഉ​ഗ്ര സ്ഫോടനശേഷിയുള്ള ബോംബുകൾ

By Web TeamFirst Published Feb 25, 2019, 2:45 PM IST
Highlights

ഉ​ഗ്രസ്ഫോടനശേഷിയുള്ള ഐഇഡി ബോംബുകൾ കണ്ടെടുക്കാൻ മിടുക്കിയാണ് ഇവൾ. ലാബ്രഡോർ ഇനത്തിൽപ്പെടുന്ന നായയാണ് എട്ട് വയസ്സുകാരിയായ ലൈല. 

40 സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിച്ച പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങളിൽ ഉദ്യോ​ഗസ്ഥർക്കൊപ്പം ലൈല എന്ന നായയുമുണ്ട്. ഉ​ഗ്രസ്ഫോടനശേഷിയുള്ള ഐഇഡി ബോംബുകൾ കണ്ടെടുക്കാൻ മിടുക്കിയാണ് ഇവൾ. ലാബ്രഡോർ ഇനത്തിൽപ്പെടുന്ന നായയാണ് എട്ട് വയസ്സുകാരിയായ ലൈല.  

കൊടും തണുപ്പിലും ലൈലയടക്കമുള്ള സിആർപിഎഫിലെ നായകൾ ഒരു മടിയും കൂടാതെ തങ്ങളുടെ ജോലികൾ വളരെ കൃത്യമായി ചെയ്ത് തീർക്കുന്നുണ്ട്. പട്രോളിങ്ങിനും ജവാൻമാരുടെ ശവസംസ്ക്കാര ചടങ്ങിനും ലൈല പങ്കെടുക്കാറുണ്ട്. ബറ്റാലിയൻ 130 -ലെ ജവാൻ സന്ദീപാണ് ലൈലയെ പരിചരിക്കുന്നത്. 

കോഡി, റോ​ഗർ എന്നിങ്ങനെ പേരുള്ള രണ്ട് സുഹൃത്തുക്കളാണ് ലൈലയ്ക്കുള്ളത്. പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട നടത്തിയ അന്വേഷണങ്ങളിലും മറ്റും ഇവർ മൂന്ന് പേരും പ്രവർത്തിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇവർ മൂന്ന് പേരും ചേർന്ന് 26 ഐഇഡി ബോംബുകളാണ് കണ്ടെത്തിയത്.    

കർണാടകയിലെ തരളുവിലാണ് ഇവർ ജനിച്ച് വളർന്നത്. ഇവർക്ക് ട്രെയിനിങ് നൽകിയതും അവിടെവച്ച് തന്നെയായിരുന്നു. ഇവർ മൂന്ന് പേരും ചേർന്നാണ് സിആർപിഎഫ് കോൺവെ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തുന്നത്. സല്യൂട്ട് നൽകുക, എഴുന്നേറ്റ് നിൽക്കുക, കൈ നൽകുക തുടങ്ങിയ ഔപചാരിക കർത്തവ്യങ്ങളും കൃത്യമായി ഇവർ നിർവ്വഹിക്കും.  

രാജ്യത്തിന്റെ കാവലായ ഇവരുടെ ആരോ​ഗ്യകാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ അധികൃതർ തയ്യാറല്ല. പോഷകാഹാരമുള്ള ഭക്ഷണങ്ങളാണ് ക്യാമ്പിലെ നായകൾക്ക് നൽകാറുള്ളത്. ദിവസവും നാല് മുട്ട, കരൾ‌, മ‍ട്ടൻ, മീൻ എന്നിങ്ങനെയാണ് ഇവരുടെ മെനു.   

click me!