
കേരളീയ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിന്ന വ്യക്തത്വമായിരുന്നു ചൊവ്വാഴ്ച അന്തരിച്ച ചിത്രൻ നമ്പൂതിരി. ജന്മി കുടുംബത്തിലാണ് ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ ജനനം. എന്നാൽ ചെറുപ്പം മുതലേ പുരോഗമന ആശയങ്ങളിൽ ആകൃഷ്ടനായി പൊതുരംഗത്തേക്കെത്തി. മൂക്കുതലയില്‍ ഒരു സ്‌കൂള്‍ ആരംഭിക്കുന്നതും നാട്ടിലെ പാവങ്ങള്‍ക്ക് വേണ്ടി വിട്ടുകൊടുക്കുന്നതും അങ്ങനെയാണ്. 1946 ജൂണ്‍ ഏഴിന് 'ദി ഹൈസ്‌കൂള്‍ മൂക്കുതല' എന്ന പേരിലാണ് സ്‌കൂളിന് അദ്ദേഹം തുടക്കമിട്ടത്.
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് സ്‌കൂള്‍ ആരംഭിച്ചത്. സ്‌കൂളിനാവശ്യമായ എല്ലാ സൗകര്യങ്ങളൊരുക്കിയതും അദ്ദേഹത്തിന്റെ കുടുംബസ്വത്ത് ഉപയോഗിച്ചായിരുന്നു. പാവപ്പെട്ട കുട്ടികള്‍ക്ക് പഠനം സൗജന്യമായിരുന്നു. 1957ല്‍ അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഗുരുനാഥന്‍ കൂടിയായ ജോസഫ് മുണ്ടശേരിക്ക് ഗുരുദക്ഷിണയായി അദ്ദേഹം സ്കൂൾ കൈമാറി. സ്‌കൂള്‍ സര്‍ക്കാരിന് നല്‍കുമ്പോള്‍ പ്രതിഫലമായി അദ്ദേഹം വാങ്ങിയത് വെറും ഒറ്റ രൂപയായിരുന്നു. ഇന്നും പി. ചിത്രന്‍ നമ്പൂതിരിപ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്ന പേരില്‍ ആ വിദ്യാലയം തലഉയര്‍ത്തി നില്‍ക്കുന്നു. 2017ല്‍ മൂക്കുതല ഗ്രാമത്തില്‍ സര്‍ക്കാര്‍ ആശുപത്രി സ്ഥാപിക്കുന്നതിന് സ്വന്തം ഭൂമി സൗജന്യമായി നല്‍കി.
പതിനൊന്നാം വയസ്സിൽ പന്തിഭോജനത്തില്‍ പങ്കെടുത്തുകൊണ്ടായിരുന്നു അദ്ദേഹം പൊതുരംഗത്തേക്ക് കാലെടുത്തുവെച്ചത്. നമ്പൂതിരി സമുദായത്തില്‍ നിന്നും പന്തിഭോജനത്തിനെതിരെ വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നു വന്നിരുന്ന ഒരു കാലത്തായിരുന്നു അദ്ദേഹം വളരെ ചെറുപ്പത്തിൽ ജാതീയതക്കെതിരെ രംഗത്തെത്തിയത്. നവേത്ഥാന നായകൻ വി.ടി. ഭട്ടതിരിപ്പാടിന്റെ ആശയങ്ങളോട് ചേര്‍ന്നു നിന്ന് ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വി.ടിയുടെ നവോത്ഥാന ചിന്തകളെ ജീവിതത്തിലേക്ക് പകര്‍ത്തുകയും ചെയ്തു.
കേരളത്തില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനം ആരംഭിച്ച കാലത്തു തന്നെ അതുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച അദ്ദേഹം സ്റ്റുഡന്റ് ഫെഡറേഷന്റെ ആദ്യത്തെ സെക്രട്ടറിയായിരുന്നു. ചെന്നൈയിലെ പച്ചയ്യപ്പാസ് കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ പി. ചിത്രന്‍ നമ്പൂതിരിപ്പാട് അധ്യാപകനായും തുടര്‍ന്ന് 34-ാം വയസ്സില്‍ പ്രധാനാധ്യാപകനായും ജോലി ചെയ്തു. കെ. ദാമോദരനിലൂടെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് ആകർഷിക്കപ്പെട്ട പി ചിത്രന്‍ നമ്പൂതിരിപ്പാട് ഇടതു സഹയാത്രികനായി മാറി.
കേരള കലാമണ്ഡലത്തില്‍ അക്കാദമിക്ക് രംഗത്തും ഭരണരംഗത്തും ചിത്രന്‍ നമ്പൂതിരിപ്പാട് വരുത്തിയ മാറ്റങ്ങള്‍ നിരവധിയാണ്. കലാമണ്ഡലത്തിന്റെ സെക്രട്ടറിയായിരിക്കെയാണ് കലാമണ്ഡലത്തില്‍ വിപ്ലവകരമായ പല മാറ്റങ്ങളും അദ്ദേഹം കൊണ്ടുവരുന്നത്. സ്കൂൾ കലോത്സവമെന്ന ആശയത്തിന്റെ അമരക്കാരിലൊരാളും ചിത്രൻ നമ്പൂതിരിയായിരുന്നു.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം