നമ്മുടെ സ്വാതന്ത്ര്യം കള്ളമെന്നു പറഞ്ഞ എഴുത്തുകാരി

By Nisha PonthathilFirst Published Jul 28, 2016, 8:48 AM IST
Highlights

"ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു. ഇന്ത്യയ്ക്ക് കിട്ടിയെന്നു പറയുന്ന സ്വാതന്ത്ര്യം സത്യമല്ല. ആദിവാസി ജീവിതങ്ങള്‍ അരികുചേര്‍ക്കപ്പെട്ട ഭാരതം. സ്ത്രീകളും പെണ്‍കുട്ടികളുമൊക്കെ നിരന്തരം ആക്രമിക്കപ്പെടുന്ന ഭാരതം. പട്ടിണിമരണങ്ങളാല്‍ സമ്പന്നമായ ഭാരതം. അറിയപ്പെടാത്ത ലക്ഷോപലക്ഷം മനുഷ്യ ജീവിതങ്ങള്‍ ഔദ്യോഗിക രേഖകളില്‍പ്പോലുമില്ലാത്ത ഭാരതം.. ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു. ഇന്ത്യയ്ക്ക് കിട്ടി എന്നു പറയുന്ന സ്വാതന്ത്ര്യം സത്യമല്ല.  അത് കള്ളമാണ്..."

ഫ്രാങ്ക്ഫര്‍ട്ട് സാഹിത്യോത്സവ വേദിയിലെ മഹാശ്വേതാ ദേവിയുടെ ഈ പ്രസംഗം സദസ്സിലെ പലരെയും കരയിച്ചിരുന്നു. ആ ദീര്‍ഘ പ്രസംഗം കേട്ടതിന്‍റെ ആവേശത്തിലാണ് ഞാന്‍ എഴുത്തുകാരിയെ വായിച്ചു തുടങ്ങുന്നത്. മണ്ണിന്‍റെ മണമുള്ളതായിരുന്നു അവരുടെ കഥകളൊക്കെയും. ബംഗാള്‍ രാഷ്ട്രീയവും നക്സലിസവുമൊക്കെ തുളുമ്പുന്ന കഥാപരിസരങ്ങള്‍. അക്ഷരാര്‍ത്ഥത്തില്‍ വെറുംകഥകളായിരുന്നില്ല അവയൊന്നും. ഓരോരോ ജീവിതങ്ങളായിരുന്നു.

ബ്രിട്ടീഷുകാര്‍ ക്രിമിനല്‍ ട്രൈബ് ആക്ട്പ്രകാരം  കുറ്റവാളികളെന്ന് മുദ്രകുത്തി പതിറ്റാണ്ടുകളായി മാറ്റി നിര്‍ത്തിയിരുന്നവരായിരുന്നു വിമുക്ത ജാതിയെന്ന ആദിവാസി വിഭാഗം. പാമ്പിനെയും മറ്റും ആഹാരമാക്കി ജീവിക്കാന്‍ വിധിക്കപ്പെട്ട ഈ മനുഷ്യരെപ്പറ്റി ആദ്യമായി എഴുതിയത് മഹാശ്വേത ദേവിയാണ്. വെറുമെഴുത്തല്ല. ഭാവനയുമല്ല. കാടകങ്ങളിലെ അവരുടെ ഊരുകളിലെത്തി അവര്‍ക്കൊപ്പം ഉണ്ടുറങ്ങി ജീവിച്ചുകൊണ്ടുള്ള എഴുത്ത്. അതിന്  ബ്രാഹ്മണ്യം ഒരിക്കലും തടസ്സമായിരുന്നില്ല മഹാശ്വേതയ്ക്ക്.

ആദിവാസികളും ദളിതുകളും ന്യൂനപക്ഷങ്ങളുമടങ്ങുന്ന മഹാഭൂരിപക്ഷത്തിനും വേണ്ടി നിരന്തരം ശബ്ദിച്ച എഴുത്തുകാരിയെ ആദ്യം കാണുന്നത് 2012ല്‍. ഗവേഷണത്തിന്‍റെ ഭാഗമായി കോഴിക്കോട് വച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച. എഴുത്തുകാരിയെയും എഴുത്തുകളെയും പറ്റിയുമുള്ള പഠനമാണ് ലക്ഷ്യമെന്നറിയിച്ചപ്പോള്‍ ഞാന്‍ പഠിക്കാന്‍ മാത്രമുണ്ടോ എന്നായിരുന്നു കൗതുകം കലര്‍ന്ന ചോദ്യം. അന്നുതുടങ്ങിയതാണ് ആത്മബന്ധം. 2014ല്‍ രണ്ടാമത്തെ കൂടിക്കാഴ്ച. രാത്രി 10 മണിക്ക് കല്‍ക്കത്തയിലെ വീട്ടിലെത്താനായിരുന്നു നിര്‍ദ്ദേശം. വലിയൊരു വസതിയും എഴുത്തിടവുമൊക്കെ പ്രതീക്ഷിച്ചെത്തിയ എന്നെ അദ്ഭുതപ്പെടുത്തി ആളനക്കമില്ലാത്ത തെരുവിലെ ചെറിയൊരു വീടിന്‍റെ കൊച്ചു മുറിയില്‍  വയ്യാത്ത കാലുമായി അവര്‍ എന്നെയും കാത്തിരുന്നു. ചിത്രങ്ങളും പുസ്തകങ്ങളും നിറഞ്ഞ ആ മുറിയിലും മണ്ണിന്‍റെ മക്കളുടെ മണം തങ്ങിനില്‍പ്പുണ്ടായിരുന്നു. സുഖമില്ലാത്ത ശരീരത്തെ വകവയ്ക്കാതെ ഊര്‍ജ്ജത്തോടെ ആ രാത്രിയിലും അവര്‍ സംസാരിച്ചുകൊണ്ടിരുന്നു. വാര്‍ധക്യത്തെ തോല്‍പ്പിക്കുന്ന ആത്മവിശ്വാസത്തിന്‍റെ കരുത്ത് കണ്ടു.

മരിക്കും വരെ ആക്ടീവായിരുന്നു അവര്‍. സമരമുഖങ്ങളില്‍ ഞാന്‍ അവരെ താരതമ്യം ചെയ്യുക അരുന്ധതി റോയിയുമായിട്ടാണ്. അരുന്ധതി ഇന്നു ചോദിക്കുന്ന ചോദ്യങ്ങളില്‍ പലതും മുമ്പേ ചോദിച്ചിരുന്നു മഹാശ്വേതാ ദേവി. കൂടംകുളം, സിംഗൂര്‍ തുടങ്ങിയ പ്രശ്നങ്ങളിലെ അവരുടെ നിലപാടുകള്‍ക്ക് പക്ഷഭേദമില്ലാത്ത ഉറപ്പുണ്ടായിരുന്നു. സ്ത്രീകളുടെ ശബ്ദമായിരുന്നു അവര്‍.

ഒരിക്കലും ഒരു വിദ്യാര്‍ത്ഥിനിയായി എഴുത്തുകാരി എന്നെ കണ്ടിരുന്നില്ല. പ്രോത്സാഹിപ്പിച്ചു. ഒരുപാട് സ്നേഹം പകര്‍ന്നു. ഒരു സുഹൃത്തായിരുന്നു ദീദി. മരിച്ചാല്‍ കത്തിക്കരുതെന്നും മണ്ണില്‍ കുഴിച്ചിടണമെന്നായിരുന്നു ആഗ്രഹം. കുഴിമാടത്തില്‍ ഒരു മാഹുവാ ചെടിനടണം. മരിച്ചാലെങ്കിലും ഭൂമിക്ക് ഉപദ്രവമാകരുതെന്നായിരുന്നു ഭാഷ്യം. മണ്ണിന്‍റെ മണമുള്ള കഥാകാരി ഒടുവില്‍ കഥകള്‍ അവശേഷിപ്പിച്ച് മണ്ണിലേക്ക് തന്നെ മടങ്ങിയിരിക്കുന്നു. ഒരുപക്ഷേ അവസാന നിമിഷത്തിലും അവര്‍ വിശ്വസിച്ചിട്ടുണ്ടാവില്ല. ഇന്ത്യയ്ക്ക് കിട്ടി എന്നു പറയുന്ന സ്വാതന്ത്ര്യം സത്യമാണെന്ന്.

(പ്രശോഭ് പ്രസന്നനോട് പറഞ്ഞത്)

click me!