വിവാഹവേദിയില്‍ അപ്രതീക്ഷിതമായി ഏഴ് പ്രതിജ്ഞകള്‍ക്ക് ശേഷം വരന്‍റെ എട്ടാമത്തെ പ്രതിജ്ഞ. സമ്മതമെന്ന് വധു. കൂട്ടച്ചിരി. വൈറലായിരിക്കുന്ന ആ വീഡിയോ കാണാം.
പല സ്ഥലങ്ങളിലും ഹിന്ദു വിവാഹങ്ങളിൽ ദമ്പതികൾ അഗ്നിക്ക് ചുറ്റും നടക്കുമ്പോൾ ഏഴ് പ്രതിജ്ഞകൾ (saptapadi) എടുക്കുന്ന ചടങ്ങുണ്ട്. ദാമ്പത്യജീവിതത്തിൽ പരസ്പരമുള്ള വിശ്വാസം, ബഹുമാനം, പിന്തുണ, പ്രതിബദ്ധത എന്നിവയ്ക്കെല്ലാമാണ് ഇതിൽ പ്രാധാന്യം നൽകുന്നത്. പലരും പരമ്പരാഗതമായ ഈ ആചാരങ്ങളെ വളരെ ഗൗരവത്തോടെ കാണാറുണ്ട്. എന്നാൽ, ഡൽഹിയിൽ നിന്നുള്ള മായങ്കിന്റെയും ദിയയുടെയും വിവാഹത്തിൽ ഈ ഏഴ് പ്രതിജ്ഞകള്‍ എല്ലാവരേയും ചിരിപ്പിക്കുന്ന ഒരു മുഹൂർത്തത്തിന് വഴിമാറി. അതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
വരൻ പറയുന്നത്, തനിക്ക് ഒരു കാര്യം കൂടി പറയാനുണ്ട്, വധുവായ യുവതി അത് സമ്മതിക്കുമെന്നാണ് കരുതുന്നത് എന്നാണ്. അതെന്തെങ്കിലും വലിയ കാര്യമായിരിക്കും എന്ന് നമ്മൾ കരുതുമെങ്കിലും കേൾക്കുമ്പോൾ വളരെ നിസ്സാരം എന്ന് തോന്നുന്ന എന്നാൽ ദാമ്പത്യജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന ഒരു കാര്യം തന്നെ ആയിരുന്നു അത്. മുറിയിലെ എയർ കണ്ടീഷൻ സെറ്റിങ്ങിനെ കുറിച്ചാണ് യുവാവ് പറയുന്നത്. അക്കാര്യത്തിൽ താൻ തീരുമാനമെടുക്കും എന്നാണ് യുവാവ് പറയുന്നത്. നാണത്തോടെ ചിരിച്ചുകൊണ്ട് വധു പറയുന്നത് തനിക്ക് അതിന് സമ്മതമാണ് എന്നാണ്.
പ്രണയവും സ്നേഹവും തമാശയുമെല്ലാം നിറഞ്ഞ ഈ നിമിഷം കല്ല്യാണം കൂടാനെത്തിയവരേയും ചിരിപ്പിച്ചു. വധുവിനും വരനും ചുറ്റും നിന്നവരെല്ലാം ചിരിക്കുന്നതും വീഡിയോയിൽ കാണാം. നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നതും അതിന് കമന്റുകൾ നൽകിയിരിക്കുന്നതും.
വിവാഹവീട്ടിൽ നിന്നുള്ള അനേകം വീഡിയോകൾ ഇതുപോലെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. നേരത്തെ ഒരു വധു മനോഹരമായി പാടുന്നതും ഗിത്താർ വായിക്കുന്നതുമായ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. എന്നാൽ, യുവതിയുടെ മുഖം സാരികൊണ്ട് മറച്ചിരിക്കുന്നത് വലിയ വിമർശനത്തിന് കാരണമായി തീരുകയായിരുന്നു.


