ഇപ്പോഴും/എപ്പോഴും വിടരുന്ന ചെമ്പകപ്പൂക്കള്‍

Published : Aug 05, 2016, 11:44 AM ISTUpdated : Oct 05, 2018, 12:52 AM IST
ഇപ്പോഴും/എപ്പോഴും വിടരുന്ന ചെമ്പകപ്പൂക്കള്‍

Synopsis

മഹാശ്വേതാ ദേവിയിലെ രാഷ്ട്രീയക്കാരിയെയായിരിക്കുമോ മലയാളികള്‍ക്ക് കൂടുതലറിയുക? കഴിഞ്ഞ നൂറ്റാണ്ട് കണ്ട ഇന്ത്യന്‍ എഴുത്തുകാരില്‍ ഏറ്റവും വലിയ, ആഴപ്പെട്ട ഒരാളാണ് മഹാശ്വേതാദേവി.ആഴവും ഉയരവും കാടുകളുടെ ഗഹനതയും പുല്ലുകളുടെ സാധാരണത്വവും ഒരുമിച്ച് സമന്വയിക്കാന്‍ മഹാശ്വേതയുടെ എഴുത്തിന് കഴിഞ്ഞു. ഒരേസമയം മൃദുവാകാനും കഠിനമാകാനും ഒഴുകാനും ഉറയ്ക്കാനും ശിലയാകാനും ജലമാകാനും വിഷമാകാനും അമൃതമാകാനും മഹാശ്വേതയുടെ എഴുത്തിന് കഴിയുന്നുണ്ട്. അദ്ഭുതം പൂണ്ട, രോഷം പൂണ്ട അന്വേഷണാത്മകതയും ധ്യാനാത്മകതയും അവരുടെ സര്‍ഗ്ഗ ജീവിതത്തില്‍ സമന്വയിക്കുന്നു. ചിലര്‍ അവരുടെ രാഷ്ട്രീയത്തെ, ചിലര്‍ അവരുടെ സ്ത്രീവാദത്തെ, ചിലര്‍ ചരിത്രപരതയെ അറിയുന്നു.

ഇമാജിനറി മാപ്പ് (സാങ്കല്‍പ്പിക ഭൂപടങ്ങള്‍) എന്ന മഹാശ്വത ദേവിയുടെ ഒരു കഥാസമാഹാരം ആദിവാസികളുടെതായ പ്രാചീന ഇന്ത്യയെ നിര്‍വ്വചിക്കുന്നു. മറ്റുപലതിന്‍റെയും കൂടെ പ്രത്യേകിച്ചും ആ ആമുഖം. ഇന്ത്യയുടെ ശരിക്കുള്ള അവകാശികള്‍, നമ്മേക്കാള്‍ വലിയ സാംസ്കാരിക പാരമ്പര്യമുള്ള സ്വതന്ത്ര ഇന്ത്യയുടെ ഉയര്‍ന്ന പൗരന്മാര്‍ ആദിവാസികളാണ്. ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ ആറിലൊന്നാണ് ആദിവാസികള്‍, പട്ടികവര്‍ഗ്ഗ ഗോത്രക്കാര്‍. 'ആര്‍ഷ' ഭാരതത്തിലെ മനുഷ്യാവസ്ഥയെക്കാള്‍ എത്രയോ ഉയര്‍ന്ന അവസ്ഥയാണ് അവരുടേത്.  ജാതി ഹിന്ദു സമൂഹത്തില്‍ വിധവാ വിവാഹത്തിനു വേണ്ടി 'സാമൂഹിക പരിഷ്കര്‍ത്താക്കള്‍' കഠിനയത്നം നടത്തുമ്പോള്‍, ആദിവാസികള്‍ക്കിടയില്‍ വിധവാ വിവാഹം എപ്പോഴോ ഉണ്ട്. ദ്രൗപദി ഗോത്രത്തിലാണ് ഹിമാചലിലെ ബഹുഭര്‍ത്തൃക്കളായ ആദിവാസി സ്ത്രീകള്‍ പെടുന്നത്. സീത ഒരു മനുഷ്യ സ്ത്രീയല്ല. പുല്ലില്‍ വീശുന്ന കാറ്റ്, ഒഴുകുന്ന നദി, കനികളാല്‍ വിങ്ങുന്ന മരം, കൊയ്ത്ത് എടുക്കേണ്ട വിളവ് - പ്രകൃതി. ഇത് അവരുടെ പാട്ടുകളിലും കഥകളിലും ഉണ്ട്. ഈ സത്യം, ഈ ചരിത്രം പഠിച്ചതും തിരിച്ചറിഞ്ഞതും പകര്‍ത്തിയതാണ് മഹാശ്വേതാ ദേവിയെ വ്യത്യസ്തയാക്കുന്നത്.

ഇത്തരം ഒരു ചരിത്രപുനരാഖ്യാനത്തിലേക്കും സത്യത്തിലേക്കും തന്‍റെ എഴുത്തിനെ എത്തിക്കാന്‍ മറ്റൊരു എഴുത്താള്‍ക്കും കഴിഞ്ഞിട്ടില്ല, ഭാരതത്തില്‍. ഒരു എന്തിനെന്തു പെണ്‍കുട്ടി (മലയാള പരിഭാഷ: സക്കറിയ) തുടങ്ങി (അതൊരു ബാലസാഹിത്യമാണ്) ഏറ്റവും ഗൗരവമാര്‍ന്ന നോവലില്‍ വരെ മറ്റൊരു ചരിത്രവും ഭൂമിശാസ്ത്രവും ഭൂപടവും മഹാശ്വേത നിര്‍മ്മിച്ചു. ആ സത്യദര്‍ശനത്തിന്‍റെ കര്‍മപാതയിലേക്കുള്ള നീള്‍ച്ചയാണ് ബംഗാളിലും (സിംഗൂര്‍, നന്ദിഗ്രാം) കേരളത്തിലും (മൂലമ്പിള്ളി, ടി പി ചന്ദ്രശേഖരന്‍) പാവപ്പെട്ടവരുടെ സമരങ്ങളിലെ പങ്കാളിത്തം. മഹാശ്വേതയുടെ ഈ രണ്ടു സ്വത്വങ്ങളും എതിര്‍ക്കുന്നതും എഴുതുന്നതും സര്‍ഗ്ഗാത്മകതയും നല്ലത് സൃഷ്ടിക്കാനുള്ള സംഹാരാത്മകതയും പരസ്പരപൂരകമാണ്. ജീവിച്ചിരിക്കുന്ന 'ക്ലാസ്സിക്ക്' എഴുത്തുകാര്‍ പലപ്പോഴും ഫോട്ടോകളും സ്ഥിരം വിശേഷണങ്ങളുമായി താഴ്ത്തപ്പെടാതിരുന്നെങ്കില്‍..!!!

ആരണ്യത്തിന്റെ അധികാരത്തില്‍ വീരന്‍ ആലോചിക്കുന്നു. ഭൂമി ഞങ്ങളുടെ അധികാരമാണ്. ഞങ്ങള്‍ക്കു കിട്ടണം. വീരമ്പയുടെ ആദി അരണ്യ ജനനി തിരസ്കൃതം അശുദ്ധയും ആയി എന്നെ പവിത്രയാക്കൂ എന്നു പറഞ്ഞു കേഴുകയാണ്. ഭാരതത്തിലെ കര്‍ഷകസമരങ്ങളുടെ നീണ്ട ചരിത്രത്തിനോടു ചേര്‍ത്തുവയ്‍ക്കേണ്ടത് ആദിവാസിയുടെ സമരമാണ്. പലാമു ഇന്ത്യയുടെ കണ്ണാടിയാണ് എന്ന് മഹേശ്വേതാദേവി പറയുന്നത് അതുകൊണ്ടാണ്.

1976നും 1999നും ഇടയ്‍ക്കു ഞാന്‍ എഴുതിയ കഥകള്‍ എനിക്കു വളരെ പ്രധാനമാണ്. ഞാന്‍ ഡോക്യുമെന്റേഷനില്‍ വിശ്വസിക്കുന്നു. എന്റെ ഗ്രന്ഥങ്ങള്‍ വായിച്ചതിനു ശേഷം വായനക്കാര്‍ വസ്തുതകളിലെ സത്യം മനസ്സിലാക്കണം. ഇന്ത്യയുടെ യഥാര്‍ഥ മുഖം എന്തെന്നറിഞ്ഞ് (Feel) നാണിക്കണം എന്ന് മഹാശ്വേതാ ദേവിക്കല്ലാതെ എഴുതാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയുടെ കാര്‍ഷിക സമ്പദ് വ്യവസ്ഥയേയും ഭൂബന്ധങ്ങളേയും പഠിക്കാത്ത എഴുത്തും വായനയും ഇന്ത്യയെ മനസ്സിലാക്കാന്‍ തീരെ സഹായിക്കില്ല എന്നവര്‍ മനസ്സിലാക്കി.

എന്നാല്‍ യുക്തിപരമായ സംഭവഗതി മാത്രമല്ല ചരിത്രം എന്ന് ഇവര്‍ പറയുന്നു. തീക്ഷ്ണ വൈകാരികതയോട് വിടപറയാന്‍ പറ്റാത്ത എഴുത്തുകാരി, മനസ്സിന്റെ അഗാധതകളില്‍ എവിടെയോവച്ച് ആനന്ദങ്ങളേയും സങ്കടങ്ങളേയും കൂട്ടിയിണക്കുന്നു. ആദിവാസി സ്ത്രീ പുരുഷ സഹജ ബന്ധത്തിന്റെ ഭംഗി മഹാശ്വേതാ ദേവിക്ക് ഏറ്റവും പ്രിയങ്കരമായിരുന്നു. ശബരന്‍മാരും സന്താളുകളും മുണ്ട, ലോധാ, ഖേരിയ, മഹാലി, ഗോബ്, ഒറാഓണുകള്‍ - ഭാരതത്തിലെ ദ്രാവിഡരും ഓസ്ട്രിക്കുകളും എല്ലാം പ്രകൃതിയേയും സ്ത്രീ പുരുഷ സ്നേഹത്തേയും മാനിക്കുന്നവരാണ്.

മുകുന്ദന്റെ താളിയോലകളില്‍ മഹേശ്വേതാ ദേവി എഴുതിയിരിക്കുന്നു. ഫൂലി കാല്യായെ തൊട്ടുരുമ്മി നടക്കുന്നു. ഇത്ര നാണമില്ലല്ലോ എന്ന് മുകുന്ദനു തോന്നി. ആ പദം തന്നെ അവര്‍ക്കറിയില്ല, ലജ്ജ, നാണം.. അരണ്യകയുടെ സന്താനങ്ങളല്ലേ. ഒരു സാലവൃക്ഷത്തിന്‍മേല്‍ ഒരു ലത ചുറ്റിചുറ്റിക്കയറിപ്പോകുന്നത് മുകുന്ദന്‍ കണ്ടു. ആ മരത്തിനോ ആ ലതയ്‍ക്കോ എന്തു ലജ്ജ ( വിവ: ലീലാ സര്‍ക്കാര്‍)

അതുപോലെ സഹജവും സത്യസന്ധവുമായ വികാര വിനിമയങ്ങളും ആരുടെയും മുമ്പിലും തല കുനിക്കാത്ത ആത്മാഭിമാനവും - മഹേശ്വാതാദേവിയുടെ സ്വത്വവും എഴുത്തുരീതിയും ഇങ്ങനെതന്നെ ആയിരുന്നു. നാം ഭാരതീയര്‍, മലയാളികളടക്കം ഹാരിപോട്ടറിന്‍റെയോ പഴയപുതു വിദേശ എഴുത്തുകാരുടെയോ പ്രഭാവത്തെപ്പറ്റി ഏറെ ഉപന്യസിക്കും. കൂടുതല്‍ വിറ്റാല്‍, കൂടുതല്‍ വലിയ പുരസ്കാരങ്ങള്‍ നേടിയാല്‍, കൂടുതല്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയാല്‍, സൗന്ദര്യം കൊണ്ടോ ഭ്രമിപ്പിക്കുന്ന പ്രസ്താവനകള്‍ കൊണ്ടോ പ്രശസ്തരായാല്‍ അവരുടെ പിന്നാലെ കൂടുന്നവരും ഉണ്ട്.

യഥാര്‍ത്ഥ ഭാരതത്തിന്‍റെ ചരിത്രം കഷ്ടപ്പെട്ട് മനസ്സിലാക്കി അടയാളപ്പെടുത്താന്‍ ശ്രമിച്ച മഹാശ്വേതാദേവി നമുക്ക് നല്‍കിയ നിധി ആദരിക്കാന്‍ പറ്റിയ വെളിച്ചം നമ്മുടെ ഉള്ളില്‍ കൊളുത്താന്‍ ഈ വിരഹവേദനയ്ക്ക് കഴിയട്ടെ... സ്നേഹാഭിവാദ്യങ്ങള്‍.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

ഭാര്യ നേരത്തെ എത്തി, കാമുകി പത്താം നിലയിൽ നിന്നും താഴേക്ക് ഊർന്ന് അയൽക്കാരൻറെ മുറിയിലേക്ക്, വീഡിയോ
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!