ലോകത്തിലെ ഏറ്റവും ചെറിയ പോർട്ടബിൾ വെതർ സ്റ്റേഷനുമായി മലയാളി; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് സ്വന്തമാക്കി അക്ഷയ്

Published : Jul 26, 2026, 08:54 PM IST
INDIA BOOK OF RECORDS

Synopsis

അന്തരീക്ഷത്തിലെ താപനില, ഈർപ്പം , അന്തരീക്ഷമർദ്ദം, കാർബൺ മോണോക്സൈഡിന്റെ അളവ് എന്നീ നാല് പ്രധാന പാരിസ്ഥിതിക ഘടകങ്ങൾ ഒരേസമയം കൃത്യമായി നിരീക്ഷിക്കാൻ സാധിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ പോർട്ടബിൾ കാലാവസ്ഥാ സ്റ്റേഷനാണിത്.

കൊച്ചി: സാധാരണക്കാർ നോക്കിക്കാണുന്ന സാധാരണ വസ്‌തുക്കളിൽ പോലും സാങ്കേതികവിദ്യയുടെ വിപ്ലവം തീർക്കാമെന്ന് തെളിയിക്കുകയാണ് എറണാകുളം സ്വദേശിയായ അക്ഷയ് രാജ് പി.ആർ. ലോകത്തിലെ ഏറ്റവും ചെറിയ പോർട്ടബിൾ കാലാവസ്ഥാ സ്റ്റേഷൻ നിർമ്മിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയിരിക്കുകയാണ് പത്തൊൻപതുകാരനായ ഈ മിടുക്കൻ.

കുഞ്ഞൻ കാലാവസ്ഥാ സ്റ്റേഷൻ

കേവലം 35 മില്ലിമീറ്റർ നീളവും 32.5 മില്ലിമീറ്റർ വീതിയുമുള്ള (35 mm x 32.5 mm) ഒരു കുഞ്ഞൻ ഉപകരണമാണ് അക്ഷയ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. വലിപ്പത്തിൽ ചെറുതാണെങ്കിലും പ്രവർത്തനത്തിൽ അതിശയിപ്പിക്കുന്നതാണ് ഈ ഉപകരണം. അന്തരീക്ഷത്തിലെ താപനില, ഈർപ്പം , അന്തരീക്ഷമർദ്ദം, കാർബൺ മോണോക്സൈഡിന്റെ അളവ് എന്നീ നാല് പ്രധാന പാരിസ്ഥിതിക ഘടകങ്ങൾ ഒരേസമയം കൃത്യമായി നിരീക്ഷിക്കാൻ ഇതിന് സാധിക്കും. ഉപകരണത്തിൽ ഘടിപ്പിച്ചിരിക്കുന്ന 24 മില്ലിമീറ്റർ വലിപ്പമുള്ള ചെറിയ സ്ക്രീനിലൂടെ തത്സമയ വിവരങ്ങൾ തടസ്സമില്ലാതെ ലഭ്യമാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 2026 ജൂൺ 17-നാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ഈ അപൂർവ നേട്ടം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

വളരുന്ന കൈകളിൽ വിരിയുന്ന സാങ്കേതിക വിസ്മയങ്ങൾ

കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ മൂന്നാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് അക്ഷയ്. എറണാകുളം സ്വദേശികളായ പി.എൻ. രാജൻ - പി.ആർ. രമണി ദമ്പതികളുടെ മകനാണ്. റെക്കോർഡ് നേട്ടങ്ങൾക്കപ്പുറം ഒട്ടനവധി മികച്ച സാങ്കേതിക പ്രോജക്ടുകളാണ് അക്ഷയ് ഇതിനകം സ്വന്തം കൈകൊണ്ട് നിർമ്മിച്ചിട്ടുള്ളത്.

ഏത് പ്രതികൂല ഭൂപ്രകൃതിയിലും സഞ്ചരിക്കാൻ സാധിക്കുന്ന 'പ്ലാനറ്ററി എക്സ്പ്ലോറേഷൻ റോവർ', 'മൈക്രോ കാറ്റഗറി ഡ്രോൺ', തടസ്സങ്ങൾ സ്വയം തിരിച്ചറിഞ്ഞ് സഞ്ചരിക്കുന്ന റോബോട്ട്, ഓട്ടോമാറ്റിക് പ്ലാന്റ് വാട്ടറിംഗ് സിസ്റ്റം, ഗ്യാസ് ലീക്കേജ് ഡിറ്റക്ഷൻ സിസ്റ്റം, അൾട്രാസോണിക് ദൂരമാപന ഉപകരണം തുടങ്ങി നീളുന്നു ആ പട്ടിക. മികച്ച ഇന്നൊവേഷനുകൾക്കുള്ള കേരള സർക്കാരിന്റെ വൈ.ഐ.പി (YIP 4.0) സംസ്ഥാനതല ജേതാവ് കൂടിയാണ് ഈ കൗമാര പ്രതിഭ.

ശാസ്ത്രത്തെ സ്നേഹിക്കുന്ന യുവതലമുറയ്ക്ക് വഴികാട്ടിയായി, തന്റെ കൊച്ചു പരീക്ഷണങ്ങളുടെ വഴികളും അറിവുകളും 'ROBOMAC' എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ (www.youtube.com/@ROBO_MAC) അക്ഷയ് മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നുമുണ്ട്.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

Read more Articles on
click me!

Recommended Stories

ശൗചാലയത്തിനുള്ളിൽ വച്ച് കാല് കൊണ്ട് മാവ് കുഴയ്ക്കുന്ന സ്ത്രീ, പാത്രത്തിന് മുകളിൽ എലി; വീഡിയോ വൈറൽ
'ഞങ്ങളെന്താ ബംഗ്ലാദേശികളോ?'; പ്രളയത്തിൽ മുങ്ങിയ അസമിൽ വിതരണം ചെയ്ത ഭക്ഷണ സാധനങ്ങൾ ഉപയോഗശൂന്യമെന്ന് പരാതി, വീഡിയോ