
തിരക്കേറിയ റോഡിൽ വെച്ച് കാറിന്‍റെ ടയർ പഞ്ചറായി കുടുങ്ങിപ്പോയ ഇന്ത്യൻ യുവതിക്കും കൂട്ടുകാരിക്കും രക്ഷകരായി ദുബായ് പോലീസ്. ടയർ മാറ്റാൻ മെക്കാനിക് വരുന്നതുവരെ കാറിന് പിന്നിൽ പട്രോളിങ് വാഹനം നിർത്തിയിട്ട് സുരക്ഷ ഉറപ്പാക്കിയ പോലീസ് ഉദ്യോഗസ്ഥരുടെ മാതൃകാപരമായ പെരുമാറ്റത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ ഖുഷി ഓസ്വാൾ.
ഇൻസ്റ്റാഗ്രാമിലൂടെ ഖുഷി പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കനത്ത ട്രാഫിക്കിനിടയിലാണ് ഇവരുടെ വാഹനം അപ്രതീക്ഷിതമായി കേടായത്. "തിരക്കേറിയ റോഡിൽ വണ്ടിയുടെ ടയർ പഞ്ചറായി നിൽക്കുകയാണെങ്കിലും എനിക്ക് ഇവിടെ തികഞ്ഞ സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട്. വാഹനം കേടായി അഞ്ച് മിനിറ്റിനുള്ളിൽ ഒരു റിക്കവറി വാഹനം വന്ന് മുന്നിലിട്ടു. തൊട്ടുപിന്നാലെ ഞങ്ങൾക്ക് സുരക്ഷയൊരുക്കാൻ മാത്രമായി ഒരു പോലീസ് വാഹനവും വന്നു നിർത്തി," ഖുഷി വീഡിയോയിൽ പറഞ്ഞു.
പോലീസ് വാഹനം അടുത്തെത്തിയപ്പോൾ ആദ്യം ഭയന്നുപോയെന്ന് കാറിലുണ്ടായിരുന്ന ഖുഷിയുടെ സുഹൃത്ത് വ്യക്തമാക്കുന്നു. എന്നാൽ, കാര്യങ്ങൾ തിരക്കിയ ഉദ്യോഗസ്ഥൻ, മെക്കാനിക് തിരികെ എത്താൻ 10 മിനിറ്റ് എടുക്കുമെന്ന് അറിഞ്ഞതോടെ അവരുടെ സുരക്ഷയ്ക്കായി അവിടെത്തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥൻ തങ്ങളോട് ഹിന്ദിയിലാണ് സംസാരിച്ചതെന്നും, മെക്കാനിക് വരുന്നതുവരെ വാഹനം പിന്നിലിട്ട് കാത്തുനിൽക്കാമെന്ന് ഉറപ്പ് നൽകിയതായും യുവതി കൂട്ടിച്ചേർത്തു.
"ലോകത്തിന്‍റെ ഏത് കോണിലേക്ക് യാത്ര ചെയ്താലും ആളുകൾ ദുബായിലേക്ക് തന്നെ തിരികെ എത്തുന്നത് ഇവിടുത്തെ മികച്ച സുരക്ഷാ സംവിധാനങ്ങൾ കൊണ്ടാണ്," എന്ന് പറഞ്ഞുകൊണ്ടാണ് ഖുഷി വീഡിയോ അവസാനിപ്പിക്കുന്നത്. വീഡിയോ പുറത്ത് വന്നതോടെ ദുബായ് പോലീസിന്‍റെ പ്രൊഫഷണലിസത്തെയും മാന്യമായ പെരുമാറ്റത്തെയും പ്രശംസിച്ച് നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്. "സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ ഇടമാണ് ദുബായ്" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.