കേരളമേ, നമുക്ക് രോഷം കൊണ്ട് മറന്നുകളയാന്‍ ഇതാ ഒരു 'മരണം' കൂടി!

By റിനി രവീന്ദ്രന്‍First Published Jun 12, 2018, 4:14 PM IST
Highlights
  • പെരുമഴയത്ത് പഞ്ചായത്തോഫീസിന് മുന്നില്‍ സമരം
  • മരിച്ചാലെങ്കിലും എനിക്കൊരു വീട് കിട്ടിയാല്‍ മതി
  • ഭാര്യയും കുഞ്ഞുങ്ങളുമായി കടത്തിണ്ണയിലുറക്കം
  • റിനി രവീന്ദ്രന്‍ എഴുതുന്നു
     

റേഷന്‍ കിട്ടാന്‍, വീട് കിട്ടാന്‍, അപേക്ഷയുമായി മുന്നില്‍ വന്നപ്പോഴൊക്കെ, അവന്റെ മുഖത്ത് നോക്കി നിയമവും ചട്ടങ്ങളും മുറതെറ്റാതെ പറഞ്ഞുപോന്നവരെ, കുറച്ചുകാലം കൂടി കാത്തിരിക്കൂവെന്ന് കല്‍പ്പിച്ചവരേ, അറിയുക, ഇതാ അവന്‍ മരിച്ചിരിക്കുന്നു. മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്തിലെ മുരളി എന്ന മുപ്പതുകാരന്‍ നിങ്ങളുടെ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും കടുംപിടിത്തങ്ങള്‍ക്കും മുന്നില്‍ ആത്മാഹുതി ചെയ്തിരിക്കുന്നു-റിനി രവീന്ദ്രന്‍ എഴുതുന്നു

വീടില്ലാത്തവര്‍ക്കുള്ള സര്‍ക്കാര്‍ സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി മുരളി നിരന്തരം പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയിരുന്നു. ഒന്നും നടക്കാതായപ്പോള്‍, പിഞ്ചുകുഞ്ഞിനെയുമെടുത്ത് കോരിച്ചൊരിയുന്ന മഴയത്ത് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ സമരം ചെയ്തു. എന്നിട്ടും നിങ്ങളാരും അവന്റെ വിലാപം കേള്‍ക്കാതായപ്പോള്‍, 'മരിച്ചാലെങ്കിലും എനിക്കൊരു വീട് കിട്ടുമെങ്കില്‍ അതുമതി' എന്നു പറഞ്ഞ് മടങ്ങിപ്പോന്നയാളാണ് അധികാരികളേ, നിങ്ങള്‍ക്കെല്ലാവര്‍ക്കും മുന്നിലിപ്പോള്‍ തൂങ്ങിയാടിയത്. 

അന്തിയുറങ്ങാന്‍ ഒരു വീടിനായി സമരം ചെയ്യേണ്ടി വന്ന യുവാവ് തൂങ്ങി മരിച്ചു. കേരളത്തില്‍, മലപ്പുറത്ത്, നമ്മുടെ തൊട്ടടുത്ത്.  2017 സപ്തംബര്‍ 28 -ന് ജാര്‍ഖണ്ഢില്‍ ഒരു പതിനൊന്ന് വയസുകാരി പട്ടിണി കിടന്ന് മരിച്ചിരുന്നു. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിനാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് റേഷന്‍ കിട്ടിയിരുന്നില്ല. പൂജാ അവധിയായിരുന്നു. സ്‌കൂളില്‍ നിന്നുള്ള ഉച്ചഭക്ഷണവുമില്ല. അങ്ങനെ, അവള്‍ വിശന്നു വിശന്നു മരിച്ചു. 

കുറച്ച് മാസങ്ങള്‍ക്ക് മാത്രം മുമ്പ്, ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് ആദിവാസിയുവാവായ മധുവിനെ മര്‍ദ്ദിച്ച് കൊന്നത് കേരളത്തിലാണ്. 'ഉത്തരേന്ത്യയെ പോലൊന്നുമല്ല നമ്മള്‍' എന്ന് നെഞ്ചുംവിരിച്ച് നിരന്തരം പറയുന്ന നമ്മുടെ കേരളത്തില്‍. ഇന്നലെ ഉച്ചയ്ക്ക്, മുരളി, ഒന്നുകൂടി തെളിച്ചു പറഞ്ഞാല്‍ നാല് മക്കളെയും കൊണ്ട് പെരുമഴയത്ത് തെരുവില്‍ കിടക്കേണ്ടി വന്ന മുരളി എന്ന നാടോടി യുവാവ്, ഒരു മരച്ചില്ലയില്‍ തന്നെത്തന്നെ കെട്ടിത്തൂക്കിയത്. 

പെരുമഴയത്ത് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ മുരളിയുടെ സമരം

 

എനിക്കൊരു വീട് മാത്രം മതി 
കോഴിച്ചെന കണ്ടംചിറ മൈതാനത്തെ തെരുവില്‍ താമസിക്കുകയായിരുന്നു മുപ്പതുവയസുള്ള മുരളീധരന്‍. അമ്പത് വര്‍ഷമായി മുരളിയുടെ കുടുംബം തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്തിയിട്ട്. കാലങ്ങളായി, ഇവരുടെ താമസം ഈ കണ്ടംചിറ മൈതാനത്തെ പീടികത്തിണ്ണയിലായിരുന്നു. നാലു കുഞ്ഞുങ്ങളും ഭാര്യയുമായി വെയിലും മഴയും കൊണ്ട് തെരുവുജീവിതം.  ഇളയകുട്ടിയെ ആരോ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഒരു വീടിനു വേണ്ടി ശ്രമം തുടങ്ങിയത്. ഒരു തുണ്ടു ഭൂമി ഇല്ലാത്തവന് വീട് എന്നത് ആഗ്രഹിക്കാന്‍ പോലുമാവാത്ത കാര്യമായതിനാലാണ് സര്‍ക്കാരിന്‍റെ കരുണ തേടിയത്. സുരക്ഷിതമായി ഒന്നുറങ്ങാന്‍ ഒരു കൂരയെങ്കിലും തരുമോ എന്ന ചോദ്യവുമായി പഞ്ചായത്തിനെ സമീപിച്ചത്. 

നാളെ നോക്കാം, നാളെ നോക്കാം എന്നു പറയാന്‍ ഇതെന്താ ലോട്ടറിയാണോ?

ഭൂമിയുള്ളതും ഇല്ലാത്തതുമായ ഭവനരഹിതര്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ 'ലൈഫ് ഭവന പദ്ധതി'യില്‍ ഉള്‍പ്പെടുത്തുന്നതിന് മുരളി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, പട്ടികയില്‍ നിന്നും മുരളി തള്ളിപ്പോയി. റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാലാണ് മുരളിയെ പട്ടികയില്‍ നിന്ന് പുറത്താക്കിയതെന്നാണ് അധികൃതരുടെ വാദം. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പേ മുരളിയെപ്പോലെ കേരളത്തിലേക്ക് കുടിയേറിപ്പാര്‍ത്ത നിരവധിപ്പേരുണ്ട്. ഇവരില്‍ പലര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡോ, റേഷന്‍ കാര്‍ഡുകളോ കിട്ടാറില്ല. പല അവകാശങ്ങളും ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നതും ഇതിന്റെ പേരിലാണ്. മറ്റൊരു സംസ്ഥാനത്ത് നിന്നുള്ളവരായതുകൊണ്ട് ഇവരെ സഹജീവിയായോ, ഇവിടുത്തെ ജനതയായോ കാണാന്‍ കഴിയാത്ത പൊള്ളത്തരമാണ് കേരളത്തിലേത്. എന്നാല്‍, ഇയാള്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടെന്നാണ് പറയുന്നത്. പക്ഷേ, റേഷന്‍ കാര്‍ഡ് തന്നെ വേണമെന്നായിരുന്നു അധികൃതരുടെ നിര്‍ബന്ധം. 

മുരളിയുടെ ഭാര്യയും മക്കളും കടത്തിണ്ണയില്‍

 

ഒരു മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങള്‍ ലളിതമാണ്. കയറിക്കിടക്കാന്‍ ഒരിടം, തണുപ്പില്‍ നിന്നും ചൂടില്‍ നിന്നും (നാണത്തില്‍ നിന്നു പോലുമല്ല) രക്ഷനേടാന്‍ വസ്ത്രം, വിശപ്പടക്കാന്‍, ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണം എന്നിവ മാത്രമാണത്. ഭവനപദ്ധതതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അധികൃതര്‍ തള്ളുകയും മറ്റ് വഴി ഇല്ലാതാവുകയും ചെയ്തതോടെ 'പെരുമഴയത്ത് തെരുവില്‍ കഴിയാന്‍ വയ്യ, വീടനുവദിക്കണം' എന്നു പറഞ്ഞ് തെന്നല പഞ്ചായത്ത് ഓഫീസിനു മുന്നില്‍ മുരളി സമരം നടത്തി. കരഞ്ഞുകൊണ്ട്, തന്റെ പിഞ്ചുകുഞ്ഞുമായി പെരുമഴയത്ത് സമരം ചെയ്യേണ്ടി വരുന്നത് ഒരു മനുഷ്യന്റെ അങ്ങേയറ്റത്തെ നിസ്സഹായതയാണ്. 

'ഒരുപാട് കാലമായി പഞ്ചായത്തോഫീസില്‍ കയറിയിറങ്ങുന്നു, നോക്കാം നോക്കാം എന്ന് പറയുന്നതല്ലാതെ മറ്റൊന്നും പറയുന്നില്ല. നാളെ നോക്കാം, നാളെനോക്കാം എന്നു പറയാന്‍ ഇതെന്താ ലോട്ടറിയാണോ? ഇതിനു മുമ്പ് ഒരാവശ്യത്തിനും പഞ്ചായത്തോഫീസില്‍ പോയിട്ടില്ല. അത്രയും സങ്കടം കൊണ്ടാണ്' ആരോ പകര്‍ത്തിയ വീഡിയോയില്‍,  സമരത്തിനിടെ, കരഞ്ഞുകൊണ്ട്,മുരളി പറയുന്നതാണിത്. മഴ കൊള്ളാതെ പഞ്ചായത്തോഫിസിലേക്ക് കയറിനില്‍ക്കാനും അപേക്ഷ നല്‍കാനും ചുറ്റും കൂടിനിന്നവര്‍ മുരളിയോട് പറയുന്നുണ്ട്. പക്ഷെ,'പല തവണ അപേക്ഷിച്ചതാണെന്നും, മരിച്ചാലെങ്കിലും എനിക്കൊരു വീട് കിട്ടുമെങ്കില്‍ അതുമതി'യെന്നാണ് വീഡിയോയില്‍ മുരളിയുടെ മറുപടി. കള്ളന്മാരെന്ന് വിളിച്ച് പോലീസ് ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും, ഇളയകുട്ടിയെ ഒരുതവണ ആരോ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നുവെന്നും മുരളി പറഞ്ഞതായി പറയുന്നു. അതുകൊണ്ടാണ് നിരന്തരം വീടിനു വേണ്ടിയുള്ള ആവശ്യവുമായി മുരളി പഞ്ചായത്തിനെ സമീപിച്ചതും. 

മുരളിയുടെ ഭാര്യയും മക്കളും കടത്തിണ്ണയില്‍

 

എന്നാല്‍ മുരളി രേഖാമൂലം അപേക്ഷയൊന്നും സമര്‍പ്പിച്ചിരുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. 'മുരളി പഞ്ചായത്ത് ഓഫീസില്‍ വന്നിരുന്നു. രേഖാമൂലം അപേക്ഷയൊന്നും തന്നെ തന്നിരുന്നില്ല. പ്രസിഡണ്ടിനോട് സംസാരിച്ചു. അടുത്ത യോഗത്തില്‍ സംസാരിച്ച ശേഷം വേണ്ടത് ചെയ്യാമെന്നും സര്‍ക്കാരില്‍ നിന്ന് അനുകൂലമായ നിലപാടുകളുണ്ടാവുകയാണെങ്കില്‍ വീട് വയ്ക്കാന്‍ വേണ്ടതെല്ലാം ചെയ്യാമെന്നും പ്രസിഡണ്ട് പറഞ്ഞിരുന്നു'-തെന്നല പഞ്ചായത്ത് സെക്രട്ടറി നാരായണന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞത് ഇങ്ങനെയാണ്. മരിക്കുന്നതിന് തൊട്ടുമുമ്പ് മുരളി മദ്യപിച്ചിരുന്നുവെന്നും ഭാര്യയോട് വഴക്കിട്ടിരുന്നുവെന്നും പോലീസും പറയുന്നു.

മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ മുഖത്ത് പ്രാണി കടിച്ച് ചീര്‍ത്തിരിക്കുന്നു, മക്കളും ഭാര്യയും പെരുമഴയത്ത് തണുത്ത് വിറയ്ക്കുന്നു. ഇതൊക്കെ കാണുന്ന ഒരു മനുഷ്യന്‍ എങ്ങനെ പെരുമാറണമെന്നാണ് എല്ലാവരും ചേര്‍ന്ന് കല്‍പ്പിക്കുന്നത്? മരിച്ചാലെങ്കിലും എനിക്ക് നീതി കിട്ടുമോ എന്ന് ചോദിച്ചു കൊണ്ട് മുരളി തൂങ്ങിയാടുന്നത് നിയമങ്ങളും ചട്ടങ്ങളും ചേര്‍ന്ന് മനുഷ്യപ്പറ്റ് ചോര്‍ത്തിക്കളഞ്ഞ കേരളത്തിന്റെ മന:സാക്ഷിക്കു മുന്നില്‍ തന്നെയാണ്. 

click me!