
ക്വൂബെക്: ലോട്ടറി ടിക്കറ്റിലൂടെ ഭാഗ്യം കടാക്ഷിക്കുമെന്ന് സ്വപ്നം കാണാത്തവരായി അധികമാരും ഉണ്ടാകില്ല. ജീവിതത്തില്‍ ഒരിക്കലെങ്കിലും ലോട്ടറി പരീക്ഷണം നടത്താത്തവരും കുറവാണ്. അതുകൊണ്ട് തന്നെ ലോട്ടറി ടിക്കറ്റുകള്‍ കൃത്യമായി പരിശോധിക്കുന്നവരാണ് ഏറിയപങ്കും. എന്നാല്‍ നടുക്കെടുപ്പ് ഫലം കൃത്യമായി പരിശോധിക്കാത്ത അപൂര്‍വ്വം ചിലരെങ്കിലും നമ്മൂടെ കൂട്ടത്തിലുണ്ടാകും.
പത്ത് കോടിയുടെ ഭാഗ്യം കടാക്ഷിച്ചത് അറിയാതെ ആ ലോട്ടറി ടിക്കറ്റ് ജീന്‍സിന്‍റെ പോക്കറ്റില്‍ ഒരു വര്‍ഷത്തോളം ഇട്ടിരുന്ന കാനഡ സ്വദേശിയാണ് ഇപ്പോള്‍ താരം. കൃത്യമായി പറഞ്ഞാല്‍ കാനഡയിലെ ക്യൂബെക് സ്വദേശി ഗ്രിഗോറിയോ ഡി സാന്റിസിനെ പത്ത് കോടിയുടെ ഒന്നാം സമ്മാനം കടാക്ഷിച്ചത് പത്ത് മാസങ്ങള്‍ക്ക് മുന്പാണ്.
കഴിഞ്ഞ ഡിസംബറില്‍ സാന്റിസെടുത്ത ലോട്ടറി ടിക്കറ്റാണ് പത്ത് കോടി വീതം നാല് പേര്‍ക്കുള്ള ഒന്നാം സമ്മാനത്തില്‍ ഒരെണ്ണം സ്വന്തമാക്കിയത്. ജീന്‍സിന്‍റെ പോക്കറ്റിലിട്ടിരുന്ന ലോട്ടറി ടിക്കറ്റിന്‍റെ കാര്യം വിദ്വാന്‍ മറന്നുപോയി. ജീന്‍സാകട്ടെ അലമാരയുടെ ഒരു അറയില്‍ സുഖമായി വിശ്വമിക്കുകയും ചെയ്തു. ഒന്നാം സമ്മാനം നേടിയ മറ്റ് മൂന്ന് പേരും വന്ന് സമ്മാനത്തുകയും കൈപറ്റി മടങ്ങി. അധികൃതര്‍ നാലാമന് വേണ്ടി കാത്തിരുന്നെങ്കിലും കഴിഞ്ഞ ദിവസം വരെ ഫലമുണ്ടായിരുന്നില്ല. പതിവായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന സ്വഭാവക്കാരനല്ലാത്ത സാന്റിസാകട്ടെ ലോട്ടറിയുടെ കാര്യം പോലും ഓര്‍ത്തില്ല.
കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കുന്നതിനിടയിലാണ് ജീന്‍സ് ശ്രദ്ധയില്‍ പെട്ടത്. പോക്കറ്റില്‍ എന്തെങ്കിലുമുണ്ടോയെന്നറിയാന്‍ പരിശോധിച്ചപ്പോഴാണ് ലോട്ടറി ടിക്കറ്റ് കിട്ടിയത്. സമ്മാനം എന്തെങ്കിലുമുണ്ടോയെന്നറിയാനായി നോക്കിയപ്പോഴാണ് ബംന്പര്‍ കിട്ടിയ കാര്യം തന്നെ അറിഞ്ഞത്. പത്ത് കോടിയുടെ ഭാഗ്യം എന്ന് കേട്ടപ്പോള്‍ തന്നെ സാന്റിസ് ഞെട്ടിപ്പോയി.
കാലപരിധി കഴിഞ്ഞോ എന്ന ആശങ്കയുമായി അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് ആ ഭാഗ്യം തന്നെ വിട്ട് പോകില്ലെന്ന് അദ്ദേഹത്തിന് വ്യക്തമായത്. ക്യൂബെക് പ്രവിശ്യയില്‍ ഒരു വര്‍ഷത്തെ കാലാവധി സമ്മാനത്തുകയ്ക്കുള്ളത് സാന്റിസിന് മറ്റൊരു ലോട്ടറിയായി. രണ്ട് മാസം കൂടി കഴിഞ്ഞിരുന്നെങ്കില്‍ കൈവിട്ട ഭാഗ്യത്തെ ഓര്‍ത്ത് ദു:ഖിക്കുമായിരുന്നു അദ്ദേഹം. അനന്തിരവന് വേണ്ടി സമ്മാനത്തുക ചിലവഴിക്കാനാണ് തീരുമാനം.