
ബംഗളൂരു: മനുഷ്യശരീരത്തില്‍ മസ്തിഷ്കമാണ് നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയുമെല്ലാം ഒരുമിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. അപ്പോള്‍ അതിനെ കുറിച്ച് കൂടുതലറിയണമെന്ന് തോന്നുന്നുണ്ടോ? അങ്ങനെ, കാണാനും അറിയാനും താത്പര്യമുള്ളവര്‍ക്കായി ഒരു 'മസ്തിഷ്‌ക മ്യൂസിയം' തന്നെയുണ്ട്. ബെംഗളൂരുവിലാണ് അത്. 'നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ്' എന്ന നിംഹാന്‍സിലാണ് രാജ്യത്തെ തന്നെ ആദ്യത്തെ ബ്രെയിന്‍ മ്യൂസിയം. നിംഹാന്‍സിലെ ന്യൂറോപതി വിഭാഗത്തിന്റെ കീഴിലാണ് മസ്തിഷ്‌ക മ്യൂസിയം പ്രവര്‍ത്തിക്കുന്നത്.
ചില്ലറ സംഭവങ്ങളൊന്നും അല്ല അവിടെയുള്ളത്. ഗവേഷണത്തിനും വൈദ്യശാസ്ത്ര പഠനങ്ങള്‍ക്കുമായി കഴിഞ്ഞ 35 വര്‍ഷങ്ങളായി ശേഖരിച്ച, പല തരത്തിലും വലുപ്പത്തിലുമുള്ള മസ്തിഷ്‌കങ്ങളാണ് പ്രദര്‍ശനത്തിനായി മ്യൂസിയത്തിലുള്ളത്. നിംഹാന്‍സിലെ ന്യൂറോപതി വിഭാഗത്തിന്റെ തലവനായ ഡോയ എസ് ശങ്കറാണ് ഈ മ്യൂസിയത്തിന്‍റെ കാര്യങ്ങളെല്ലാം നോക്കുന്നത്. ദിവസേന നിരവധി സന്ദര്‍ശകരാണ് ഇവിടെയെത്തുന്നത്. തലച്ചോറിനെ തൊടാമെന്നതും കയ്യിലെടുക്കാമെന്നതു തന്നെയാണ് മ്യൂസിയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏകദേശം അഞ്ഞൂറിലധികം മസ്തിഷ്‌കങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്.
മസ്തിഷ്കത്തില്‍ തീര്‍ന്നില്ല. ഹൃദയവും വൃക്കകളും മനുഷ്യന്‍റെ അസ്ഥികൂടവുമൊക്കെ സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാം. മനുഷ്യന്റെ ആന്തരികാവയവങ്ങള്‍ക്കു പുറമെ ചില മൃഗങ്ങളുടെ മസ്തിഷ്‌കങ്ങളുമുണ്ട്.