കൈയിലുള്ളതെല്ലാം വിറ്റ് സ്വന്തം ഗ്രാമത്തിനായി റോഡ് നിർമ്മിച്ചു, 79 -കാരനെ തേടിവന്നത് പത്മശ്രീ

By Web TeamFirst Published Jan 28, 2021, 11:46 AM IST
Highlights

തന്റെ ജീവിതസമ്പാദ്യം മുഴുവൻ ഇതിനായി ചെലവഴിച്ച മെമെ ചോൻ‌ജോർ ഇപ്പോൾ എങ്ങനെ ജീവിക്കുന്നു എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും?

72 -ാമത് റിപ്പബ്ലിക് ദിനത്തിൽ പത്മശ്രീ അവാർഡ് ലഭിച്ച അനേകരിൽ ഒരാളാണ് ലഡാക്കിലെ 79 -കാരനായ സുൽട്രിം ചോൻജോർ. ആളുകൾക്ക് സഞ്ചരിക്കാൻ സ്വന്തം പ്രദേശമായ സാൻസ്കർ മേഖലയിൽ ഒറ്റയ്ക്ക് ഒരു റോഡ് വെട്ടിയ വ്യക്തിയാണ് അദ്ദേഹം. ഈ റോഡ് നിർമ്മാണത്തിനായി തന്റെ വീടും സമ്പാദ്യവും എല്ലാം വിറ്റു അദ്ദേഹം. സ്വന്തം നാടിന്റെ ദുരിതങ്ങൾ ലഘൂകരിക്കാനുള്ള അദ്ദേഹത്തിന്റെ ഈ കഠിനശ്രമത്തിനാണ് ചോഞ്ചോറിന് ഇന്ത്യൻ സർക്കാർ ഈ അവാർഡ് നൽകിയത്. ഒരു ചുറ്റികയും ഉളിയും മാത്രം ഉപയോഗിച്ച് ഒരു കുന്നിന്റെ നെറുകിലൂടെ വഴി വെട്ടിയ ബീഹാർ സ്വദേശി ദശരത് മഞ്ജിയുടെ കഥ എല്ലാവരും വായിച്ചിട്ടുണ്ടാകും. ലഡാക്കിലെ സാൻസ്കർ താഴ്‌വരയിലെ വിദൂരഗ്രാമമായ സ്റ്റോങ്‌ഡെയിലെ ഈ 75 -കാരനും പറയാനുള്ളത് സമാനമായ ഒരു കഥയാണ്. 

‘മെമെ ചോൻജോർ’ എന്നറിയപ്പെടുന്ന അദ്ദേഹം 1965 മുതൽ 2000 വരെ സംസ്ഥാന കരകൗശല വകുപ്പിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. കാർഗിൽ ജില്ലയുടെ പരിധിയിൽ വരുന്ന അദ്ദേഹത്തിന്റെ ഗ്രാമം സമുദ്രനിരപ്പിൽ നിന്ന് 11,500 മുതൽ 23,000 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഈ പ്രദേശം വളരെ ഉള്ളിലായത് മൂലം ലോകത്തെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഇത് ഒറ്റപ്പെട്ടു കിടന്നു. അതുകൊണ്ട് തന്നെ പതിറ്റാണ്ടുകളായി പ്രാദേശിക, സംസ്ഥാന ഭരണകൂടങ്ങൾ ഈ പ്രദേശത്തെ പാടെ അവഗണിച്ചിരുന്നു.    

   

യാത്ര ചെയ്യാൻ ശരിയായ ഒരു റോഡ് ഇല്ലാത്തത് അവിടത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നായിരുന്നു. അധികാരികളോട് ആവർത്തിച്ച് അപേക്ഷിച്ചിട്ടും കാര്യമായ നടപടിയൊന്നും ഉണ്ടായില്ല. എന്നാൽ, മെമെ ചോൻ‌ജോർ ഒടുവിൽ ആ കാത്തിരിപ്പ് അവസാനിപ്പിക്കാൻ തീരുമാനിച്ചു. സഹ ഗ്രാമീണരുടെ മാത്രമല്ല, മറ്റ് പ്രദേശങ്ങളിലെയും ആളുകളുടെ ജീവിതത്തിലും ഒരു നല്ല മാറ്റം കൊണ്ടുവരാൻ അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ അദ്ദേഹം കാര്യങ്ങൾ സ്വയം ഏറ്റെടുത്തു. 2014 മെയ് മുതൽ 2017 ജൂൺ വരെയുള്ള കാലഘട്ടത്തിൽ കാർജ്യാക് ഗ്രാമത്തിലേക്ക് 38 കിലോമീറ്റർ ദൂരം വരുന്ന ഒരു റോഡ് നിർമ്മിക്കാൻ അദ്ദേഹം സ്വയം ഇറങ്ങി തിരിച്ചു. ഇതിനായി തന്റെ പൂർവ്വിക സ്വത്ത് അദ്ദേഹം വിറ്റു. കൂടാതെ അതുവരെ സമ്പാദിച്ച തുകയും എല്ലാം ചേർത്ത് 57 ലക്ഷം രൂപ നിർമ്മാണത്തിനായി അദ്ദേഹം സ്വരൂപിച്ചു.  “മറ്റുള്ളവരുടെ വേദനയും കഷ്ടപ്പാടും കണ്ടപ്പോൾ ഈ റോഡ് നിർമ്മിക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു” മെമെ ചോൻജോർ പറയുന്നു. 

നിർമ്മാണ പ്രക്രിയ ആരംഭിക്കുമ്പോൾ ചില പ്രാരംഭ വെല്ലുവിളികൾ ഉണ്ടായിരുന്നതായി അദ്ദേഹം പറയുന്നു. ഈ റോഡിന്റെ നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് എവിടെ നിന്ന് ലഭിക്കുന്നുവെന്ന് അവിടെ നിലയുറപ്പിച്ച സുരക്ഷാ സേന അദ്ദേഹത്തോട് അന്വേഷിച്ചു. “എന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് ഞാൻ അവരെ അറിയിച്ചതിനുശേഷം കൂടുതൽ എതിർപ്പുകളൊന്നും ഉണ്ടായിരുന്നില്ല” മെമെ ചോൻജോർ പറയുന്നു. റോഡിന് അനുകൂലമായിരുന്ന ചില നാട്ടുകാരും അദ്ദേഹത്തെ സഹായിച്ചു. പ്രാദേശിക കൗൺസിലറിൽ നിന്ന് 5 ലക്ഷം രൂപയും ഒരു പ്രാദേശിക വ്യാപാരിയിൽ നിന്ന് 2.5 ലക്ഷം രൂപയും അദ്ദേഹത്തിന് ലഭിച്ചു. 

എന്നാൽ, റോഡ് നിർമ്മാണം അത്രകണ്ട് എളുപ്പമായിരുന്നില്ല. കാര്യമായ കാലാവസ്ഥാ വെല്ലുവിളികളും അദ്ദേഹം നേരിട്ടു. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 3500 മീറ്റർ (11,500 അടി) ഉയരത്തിൽ ഒരു റോഡ് നിർമ്മിക്കുന്നത് മെൻസ് ചോഞ്ചോറിന്റെ ആരോഗ്യത്തെ ബാധിച്ചു. നാലോ അഞ്ചോ മാസം മാത്രമാണ് ജോലി നടന്നത്. കാരണം കഠിനമായ ശൈത്യകാലത്ത് ഈ ഭാഗങ്ങളിലെ താപനില -30-35 ഡിഗ്രി സെൽഷ്യസ് വരെ കുറയുമ്പോൾ ജോലി ചെയ്യാൻ സാധിക്കാതെ വരും എന്നിരുന്നാലും അദ്ദേഹം അതിൽ നിന്ന് പിന്മാറിയില്ല. നീണ്ട നാളത്തെ കഷ്ടപ്പാടുകൾക്ക് ഒടുവിൽ ചെറിയ വാഹനങ്ങൾക്ക് മാത്രം കടന്നുപോകാൻ കഴിയുന്ന ഒരു റോഡ് നിർമ്മിക്കാൻ അദ്ദേഹത്തിനായി. പിന്നീട് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (BRO) ഈ പാതയുടെ  വീതികൂട്ടൽ നിർമ്മാണം ഏറ്റെടുത്തു. 

തന്റെ ജീവിതസമ്പാദ്യം മുഴുവൻ ഇതിനായി ചെലവഴിച്ച മെമെ ചോൻ‌ജോർ ഇപ്പോൾ എങ്ങനെ ജീവിക്കുന്നു എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും? “ഞാൻ ലളിതമായ ജീവിതത്തിൽ വിശ്വസിക്കുന്നു, അതിനാൽ എനിക്ക് വലിയ സാമ്പത്തിക സഹായം ആവശ്യമില്ല. ഒരാൾക്ക് ശരിക്കും എത്ര വേണം? സർക്കാരിൽ നിന്ന് എനിക്ക് ലഭിക്കുന്ന പതിവ് പ്രതിമാസ പെൻഷനിലാണ് ഞാൻ ജീവിക്കുന്നത്” അദ്ദേഹം പറയുന്നു. റിപ്പബ്ലിക് ദിനത്തിൽ, കാർഡിലിലെ ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിലും ജില്ലാ ഭരണകൂടവും അദ്ദേഹത്തെ ബഹുമാനിച്ചു. പദും ദാർച്ചയിലേക്കുള്ള റോഡ് സ്വയം നിർമ്മിക്കുന്നതിൽ അസാധാരണമായ പങ്ക് വഹിച്ചതിനും, പൊതുജനക്ഷേമത്തോടുള്ള അചഞ്ചലമായ അദ്ദേഹത്തിന്റെ പ്രതിബദ്ധതയെയും അവർ പ്രശംസിച്ചു.

click me!