
കഴിഞ്ഞ ഡിസംബറിൽ തായ്‌ലൻഡ് രാജാവ്, കിംഗ് രാമ X എന്നറിയപ്പെടുന്ന മഹാവാജിറാലോങ്ങ്കോണിന്റെ രണ്ടാം ജീവിത പങ്കാളിയുടെ നഗ്ന ചിത്രങ്ങൾ ചോർന്നത് വൻ വിവാദത്തിന് കാരണമായിരുന്നു. എന്നാൽ, ഇപ്പോൾ ആ ജീവിതപങ്കാളിയെ രാജ്യത്തെ രണ്ടാമത്തെ രാജ്ഞിയാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് തായ് രാജാവ്. സിനീനത്ത് വോങ്‌വജിരാപക്ദിയെയാണ് അവരുടെ 36 -ാം ജന്മദിനത്തിൽ രാജ്ഞിയായി അദ്ദേഹം കിരീടമണിയിച്ചത്. കോയി എന്നും അവർ അറിയപ്പെടുന്നു. ബാങ്കോക്കിലെ വസുക്രി പിയറിൽ അവരുടെ ജന്മദിനം ആഘോഷിക്കാനായി എത്തിയപ്പോൾ ഇരുവരും ഒരുപോലെയുള്ള നീല വസ്ത്രമാണ് ധരിച്ചിരുന്നത്.
ഒരു മിലിട്ടറി ആശുപത്രിയിൽ നഴ്‌സായി സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് സിനീനത്ത് രാജാവുമായി അടുക്കുന്നത്. അവരുടെ 1,400 നഗ്ന, അർദ്ധ നഗ്ന ചിത്രങ്ങളാണ് കഴിഞ്ഞ മാസം ചോർന്നത്. സിനീനത്തും രാജാവിന്റെ മുൻ ഭാര്യയും തമ്മിലുള്ള കടുത്ത ശത്രുതയാണ് ഈ ചിത്രങ്ങൾ ചോരാൻ കാരണമെന്ന് ഒരു അഭിപ്രായമുണ്ട്. നിലവിലെ രാജ്ഞിയോട് അനാദരവ് കാട്ടിയതിന് കഴിഞ്ഞ വർഷം രാജാവ് ഇവരെ നാടകീയമായി പുറത്താക്കുകയും, തുറങ്കലിൽ അടക്കുകയുണ്ടായി. എന്നാൽ, അതിനുശേഷം രാജാവുമായി വീണ്ടും ചേർന്നതിന് പിന്നാലെയാണ് ഈ ചിത്രങ്ങൾ പുറത്ത് വരുന്നത്. രാജാവിന്റെ മുൻ ഭാര്യയായ സുതിദ രാജ്ഞിയെ അപമാനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചതിനെ തുടർന്ന് സിനീനത്തിന്റെ രാജകീയ, സൈനിക പദവികൾ എടുത്ത് മാറ്റിയിരുന്നു.
അവർ സ്വയം എടുത്തതാണെന്ന് കരുതുന്ന ആ ചിത്രങ്ങൾ ബ്രിട്ടീഷ് പത്രപ്രവർത്തകനായ ആൻഡ്രൂ മക്ഗ്രെഗർ മാർഷലിന് ലഭിക്കുകയായിരുന്നു. തായ് രാജവാഴ്ചയെക്കുറിച്ച് വിമർശനാത്മക ലേഖനങ്ങൾ എഴുത്തുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. “ഫോട്ടോകൾ വ്യക്തമായി കോയിയുടെ സ്വകാര്യ ഫോണുകളിൽ നിന്നുള്ളതാണ്. കാര്യങ്ങൾ വളരെ സ്പഷ്ടമാണ്. അവയെല്ലാം രാജാവിന് അയച്ചു കൊടുക്കാൻ കോയി സ്വയം എടുത്തതാകാം" അദ്ദേഹം ഒരു ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി. 1,443 സ്നാപ്പുകൾ 2012 -നും 2014 -നും ഇടയിൽ എടുത്തതാണ്. അതിൽ ടോപ്‌ലെസ് ചിത്രങ്ങളും, നൈറ്റ് വെയർ ധരിച്ച ചിത്രങ്ങളും ഉൾപ്പെടുന്നു.
തായ്‌ലൻഡിൽ ഔപചാരികമായിത്തന്നെ രാജാവിന് ഒരു റാണിയും, കൺസോർട്ട് എന്നറിയപ്പെടുന്ന മറ്റൊരു ലൈംഗിക പങ്കാളിയുമുണ്ട്. ഇപ്പോൾ ഉള്ള രാജ്ഞി സുതിദ രാജാവിന്റെ നാലാമത്തെ ഭാര്യയും മുമ്പ് ദീർഘകാലം അദ്ദേഹത്തിൻറെ 'പങ്കാളി'യുമായിരുന്നു. ഇതിനു മുമ്പ് മൂന്നു സ്ത്രീകളെ വിവാഹം ചെയ്ത അവരുമായി വിവാഹമോചനവും കഴിഞ്ഞ് നാലാമതായി രാജാവ് വിവാഹം കഴിച്ചതാണ് സുതിദ. അവരുമായുള്ള വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനുള്ളിലാണ് സിനീനാത്തിനെ തന്റെ ഒഫീഷ്യൽ കൺസോർട്ട് ആയി രാജാവ് പ്രഖ്യാപിക്കുന്നത്. രാജാവിന്റെ 67 -ാം ജന്മദിനം ആഘോഷിക്കുന്ന ചടങ്ങിനിടെ 2019 ജൂലൈയിലാണ് അവരെ കൺസോർട്ടായി ആദരിച്ചത്. ഒരു നൂറ്റാണ്ടിൽ ആദ്യമായാണ് ഒരു തായ് രാജാവ് കൺസോർട്ടിനെ സ്വീകരിക്കുന്നത്.
എന്നാൽ, 2019 ഒക്ടോബറിൽ, സിനീനാത്തിന്റെ പദവി റദ്ദാക്കുകയും അവരെ ജയിലിലേക്ക് അയയ്ക്കാൻ രാജാവ് ഉത്തരവിടുകയും ചെയ്‌തു. രാജാവിനോടും രാജ്ഞിയോടും അനുസരണക്കേട് കാണിക്കുന്നുവെന്നും പറഞ്ഞാണ് അവരെ ജയിലിടച്ചത്. എന്നാൽ, കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സിനീനാത്ത് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും, അവരുടെ പദവികളും തിരികെ നൽകണമെന്നും പറഞ്ഞ് രാജാവ് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. തായ് രാജവാഴ്ചയെ അപമാനിച്ചതിന് 65 -കാരിയായ സ്ത്രീയെ കഴിഞ്ഞ ജൂണിൽ 43 വർഷം തടവിന് ശിക്ഷിച്ചിരുന്നു. ആർട്ടിക്കിൾ 112 എന്നറിയപ്പെടുന്ന വിവാദമായ ലെസ് മജസ്റ്റെ നിയമമാണ് തായ്‌ലൻഡിലുള്ളത്. ഇത് തായ് രാജവാഴ്ചയെ വിമർശിക്കുന്നതിൽ നിന്ന് ആളുകളെ വിലക്കുന്നു.