'ക്വീൻ' സംവിധായകൻ വികാസ് ബാഹ്ലിനെതിരെ മീറ്റൂ ക്യാംപെയിൻ; സംഭവിച്ചത് ഇതാണ്

By Web TeamFirst Published Oct 8, 2018, 6:00 PM IST
Highlights

അയാളോട് ബലപ്രയോ​ഗം നടത്താനുളള ശാരീരികാവസ്ഥയിലായിരുന്നില്ല താനെന്ന് യുവതി പറയുന്നു. തലയിണ കൊണ്ട് അയാളെ പ്രതിരോധിക്കാനും തള്ളിമാറ്റാനും ശ്രമിച്ചെങ്കിലും അയാൾ വസ്ത്രത്തിൽ പിടികൂടി. തന്റെ വസ്ത്രങ്ങൾ വലിച്ചഴിക്കാൻ അയാൾ ശ്രമം നടത്തി. തനിക്കാവുന്ന വിധത്തിലെല്ലാം വികാസിനെ തള്ളി മുറിക്ക് പുറത്തിറക്കാൻ യുവതി ശ്രമിച്ചു. 
 


തനുശ്രീ ദത്ത നാനാ പടേക്കറിനെതിരെ നടത്തിയ വിവാദ ലൈംഗിക ആരോപണം ബോളിവുഡ്ഡിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. എല്ലാ മേഖലകളിലും നടന്ന മീറ്റൂ ക്യാംപെയിനിൽ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്യപ്പെട്ടു എന്ന വെളിപ്പെടുത്തലുകളുമായി പ്രശസ്തരുൾപ്പെടെയുള്ള യുവതികൾ രംഗത്ത് വന്നിരുന്നു. വീണ്ടും മീറ്റൂ ക്യാംപെയിൻ ശക്തിയാർജ്ജിച്ചിരിക്കുകയാണ്. എഴുത്തുകാരൻ ചേതൻ ഭഗത്തും ക്വീൻ സംവിധായകൻ വികാസ് ബാഹ്ലും ആണ് ഈ പട്ടികയിൽ ഏറ്റവും അവസാനം ഇടം പിടിച്ചിരിക്കുന്നത്. 

ഇന്ത്യയിലെ ആദ്യത്തെ സംവിധായക കമ്പനിയായ ഫാന്റം കമ്പനി അംഗങ്ങളിലൊരാളായ വികാസ് ബാഹ്ലിനെതിരെയാണ് ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് നേരിട്ട ദുരനുഭവങ്ങളെ യുവതി വളരെ കൃത്യമായി തന്നെ വിശദീകരിക്കുകയും ചെയ്യുന്നു. 2015ലാണ് സംഭവം നടന്നിരിക്കുന്നതെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. അനുരാഗ് കശ്യപ്, വിക്രമാദിത്യ മോത്വാന, മധു മാണ്ടേന, വികാസ് ബാഹ്ല്‍  എന്നിവരിൽ ഒരാളാണ് തന്നെ ലൈംഗികമായി ഉപദ്രവിച്ചതെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകയായി പ്രവർത്തിക്കുന്ന യുവതി വെളിപ്പെടുത്തിയത്. ക്വീൻ സംവിധായകനായ വികാസ് ബാഹ്ലിയാണ് തന്നെ പീഡിപ്പിച്ചതെന്ന് ഒടുവിൽ യുവതി പേര് സഹിതം വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ പ്രചാരണ ജോലികൾക്കായി മുംബൈയിൽ പോയ സമയത്താണ് പീഡനം നടന്നത്. 

മൂന്നു വർഷം മുമ്പ് യുവതി പരാതി നൽകിയിരുന്നെങ്കിലും പിന്നീട് ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷം ഇക്കാര്യം എല്ലാവരും വിസ്മരിച്ചിരുന്നു. അനുരാഗ് കാശ്യപിനോട് യുവതി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് പറഞ്ഞെങ്കിലും അദ്ദേഹം അതിൽ നടപടിയെടുക്കാൻ തയ്യാറായില്ല. പിന്നീട് രണ്ട് വർഷം കഴിഞ്ഞു. എന്നാൽ യുവതി കമ്പനി വിട്ടു പോയിട്ടും വികാസ് അവരെ പിന്തുടർന്നു കൊണ്ടേയിരുന്നു. അവസാനം ഹഫിം​ഗ് പോസ്റ്റ് എന്ന ദേശീയ മാധ്യമത്തിന് പല നൽകിയ അഭിമുഖത്തിലാണ് യുവതി താൻ നേരിട്ട ദുരവസ്ഥകളെക്കുറിച്ച് വെളിപ്പെടുത്തിയത്. 

ഒരു റോഡ് അപകടത്തിൽ പരിക്കേറ്റ് വിശ്രമിക്കുന്ന സമയമായിരുന്നു. ശരിക്ക് നടക്കാൻ പോലും സാധിച്ചിരുന്നില്ല. ബോംബെ വെൽവെറ്റ് എന്ന ചിത്രത്തിന്റെ പ്രീ റിലീസിം​ഗിന്റെ ആഘോഷങ്ങൾ ഹോട്ടലിൽ വച്ച് നടക്കുകയായിരുന്നു. കാലിന് സുഖമില്ലാത്തതിനാൽ ഹോട്ടൽ റൂമിൽ പോകാൻ സഹായിക്കാമെന്ന് വികാസ് ബാഹ്ൽ യുവതിയോട് പറഞ്ഞു. ആദ്യം സമ്മതിച്ചില്ലെങ്കിലും അവസാനം യുവതി അനുവാദം നൽകി. അങ്ങനെ വികാസ് ബാഹ്ൽ യുവതിയ്ക്കൊപ്പം റൂമിലെത്തി. റൂമിൽ കയറിയ ഉടൻ തന്നെ വികാസ് പുറത്തേയ്ക്ക് പോകുകയും യുവതി വാഷ്റൂമിൽ കയറുകയും ചെയ്തു. 

എന്നാൽ കുളിമുറിയിൽ നിന്ന് പുറത്തെത്തിയ യുവതി കണ്ടത് തന്റെ കിടക്കയിൽ വികാസ് കിടക്കുന്നതാണ്. അനുവാദമില്ലാതെയാണ് അയാൾ മുറിയിൽ പ്രവേശിച്ചത്. പലതവണ മുറിയിൽ നിന്ന് പുറത്ത് പോകാൻ ആവശ്യപ്പെട്ടെങ്കിലും അയാൾ തയ്യാറായില്ല. അയാളോട് ബലപ്രയോ​ഗം നടത്താനുളള ശാരീരികാവസ്ഥയിലായിരുന്നില്ല താനെന്ന് യുവതി പറയുന്നു. തലയിണ കൊണ്ട് അയാളെ പ്രതിരോധിക്കാനും തള്ളിമാറ്റാനും ശ്രമിച്ചെങ്കിലും അയാൾ വസ്ത്രത്തിൽ പിടികൂടി. തന്റെ വസ്ത്രങ്ങൾ വലിച്ചഴിക്കാൻ അയാൾ ശ്രമം നടത്തി. തനിക്കാവുന്ന വിധത്തിലെല്ലാം വികാസിനെ തള്ളി മുറിക്ക് പുറത്തിറക്കാൻ യുവതി ശ്രമിച്ചു. 

ദൂരേയ്ക്ക് തള്ളിമാറ്റിയ സമയത്ത് വികാസ് തന്റെ പാന്റ്സ് അഴിച്ച് യുവതിയുടെ മുന്നിൽ വച്ച് സ്വയംഭോ​ഗം ചെയ്യാൻ ആരംഭിച്ചു. ഭയന്നു പോയ താൻ നിലവിളിച്ച് കണ്ണു പൊത്തിയപ്പോൾ അയാൾ യുവതിയ്ക്ക് പുറം തിരിഞ്ഞ് നിന്നാണ് സ്വയംഭോ​ഗം ചെയ്തത്. അശ്ലീല വാക്കുകൾ പറഞ്ഞു കൊണ്ടാണ് വികാസം ഇപ്രകാരം ചെയ്തതെന്ന് യുവതി ഓർത്തെടുക്കുന്നു. വീണ്ടും അസഭ്യം പറഞ്ഞുകൊണ്ട് അയാൾ മുറിവിട്ടുപോയി. 

ഹഫിം​ഗ് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ യുവതിയ്ക്ക് നീതി നേടിക്കൊടുക്കുന്ന കാര്യത്തിൽ താൻ പരാജയപ്പെട്ടു എന്ന് അനുരാ​ഗ് കശ്യപ് സമ്മതിക്കുന്നു. ''സംഭവിച്ചത് തെറ്റാണ്. എന്നാൽ അത് നല്ലരീതിയിൽ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു. മറ്റാരെയുമല്ല, ഞാൻ എന്നെത്തന്നെയാണ് വിമർശിക്കുന്നത്. എന്നാൽ ഇപ്പോൾ കൂടുതൽ ​ഗൗരവത്തോടെ പ്രവർത്തിക്കാൻ ഞങ്ങൾ ആ​ഗ്രഹിക്കുന്നു. യുവതി പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും വിശ്വസിക്കുന്നു. ഞങ്ങളുടെ സർവ്വപിന്തുണയും അവൾക്കുണ്ട്. വികാസ് ബാഹ്ൽ ചെയ്ത പ്രവർത്തി ഭീതിപ്പെടുത്തുന്നു. അതുകൊണ്ട് ഫാന്റം കമ്പനി ഇനിയില്ല. ഞങ്ങള്‍ നാലുപേരും വഴി പിരിയാൻ തീരുമാനിച്ചു.''  അനുരാ​ഗ് കശ്യപ് പറയുന്നു. 

രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഫാന്റം കമ്പനി വേർപിരിയുന്നു എന്ന് കാണിച്ച് അനുരാ​ഗ്  ട്വിറ്ററിൽ കുറിച്ചിരുന്നു. വിക്രമാദിത്യ മോത്വാനിയും ഇതിനെതുടർന്ന് ട്വിറ്ററിൽ കുറിപ്പുമായി എത്തിയിരുന്നു. ''വികാസ്, അനുരാ​ഗ്, മധു എന്നിവരും ഞാനും ചേർന്നാണ് ഫാന്റം കമ്പനിയ്ക്ക് തുടക്കമിട്ടത്. എന്നാൽ ഇനി ഈ കമ്പനിയില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരുന്നു ഇതെന്ന് ഞാൻ ഓർക്കുന്നു. എന‌ിക്കൊപ്പമുണ്ടായിരുന്ന മൂന്നുപേരും എന്റെ കുടുംബാം​ഗങ്ങളെപ്പോലെ ആയിരുന്നു. ഈ ഏഴ് വർഷം എനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഞാനവർക്ക് ആശംസകൾ നൽകുന്നില്ല. എന്നാൽ‌ ഓരോരുത്തരുടെയും വ്യക്തിപരമായ യാത്രയിൽ അവർക്ക് ഏറ്റവും നല്ലത് തന്നെ കണ്ടെത്താൻ കഴിയും എന്നെനിക്കുറപ്പുണ്ട്.'' വിക്രമാദിത്യയുടെ ട്വീറ്റ് ഇങ്ങനെയാണ്.
 
ഹൃത്വിക് റോഷനെ നായകനാക്കി വികാസ് ബാഹ്ൽ സംവിധാനം ചെയ്യുന്ന സൂപ്പർ 30 എന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഈ വിവാദങ്ങൾക്ക് ശേഷം അടുത്ത വർഷം മാത്രമേ ഈ ചിത്രം തിയേറ്ററുകളിലെത്തുകയുള്ളൂ. ബയോപിക് മാതൃകയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ​ഗണിതപ്രതിഭയായ ആനന്ദകുമാറിന്റെ ബയോപിക് ആണ് സൂപ്പർ 30. മീറ്റൂ ക്യാംപെയിനിൽ ഏറ്റവും ഒടുവിൽ പുറത്തെത്തിയിരിക്കുന്നത് വികാസ് ബാഹ്ലിനെതിരെയുളള ലൈം​ഗികാരോപണമാണ്. 

click me!