പശുക്കളുടെ പേരില്‍ കൊലപാതകം: ഒളിക്യാമറയ്ക്ക് മുന്നില്‍ പ്രതികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

By Web TeamFirst Published Aug 7, 2018, 3:40 PM IST
Highlights

''ഇതുപോലെ ആയിരം പേരെ കൊല്ലാനും ഞാൻ തയ്യാറാണ്. അതിന് വേണ്ടി ആയിരം തവണ ജയിൽ ശിക്ഷ അനുഭവിക്കാനും തയ്യാർ. ജയിലിൽ പോകാൻ എനിക്ക് ഭയമോ പേടിയോ ഇല്ല.'' 

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പശുമോഷ്ടാക്കളെന്ന് ആരോപിച്ചുള്ള തല്ലിക്കൊലകളും ആൾക്കൂട്ട ആക്രമണങ്ങളും തുടർക്കഥയാകുകയാണ്. പശുവിനെ മോഷ്ടിച്ചവരെന്ന് ആരോപിച്ച് ആൾക്കൂട്ടം അതിക്രൂരമായി തല്ലിക്കൊന്ന കാസിം ഖുറേഷി, പെഹ്ലു ഖാൻ എന്നിവരുടെ നാട്ടിലെത്തി പ്രതികളോട് സംസാരിക്കുകയാണ് എൻഡിറ്റിവി മാധ്യമസംഘം. ഒളിക്യാമറയിലൂടെ ചിത്രീകരിച്ച വീ‍ഡിയോയിൽ   ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണുള്ളത്. ആർഎസ്എസ്- ഹിന്ദുസംഘടനാ ഗവേഷകരെന്ന വ്യാജേനയാണ് മാധ്യമസംഘം പ്രതികളെ സന്ദർശിച്ചത്.

പശുമോഷ്ടാക്കളെന്ന് ആരോപിച്ചും സംശയിച്ചുമാണ് പത്തിലധികം ആൾക്കാരെ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയരാക്കി ഹിന്ദുത്വ വാദികൾ തല്ലിക്കൊന്നത്. ജൂൺ 18 ന് ഉത്തർപ്രദേശിലെ ഹാപൂരിലാണ് പശുമോഷ്ടാവെന്ന് ആരോപിച്ച് നാൽപത്തയഞ്ച് വയസുള്ള കാസിം ഖുറേഷി കൊല്ലപ്പെട്ടത്. മർദ്ദനമേറ്റ് അർദ്ധപ്രാണനായി കിടന്ന ഇയാൾക്ക് കുടിക്കാൻ വെള്ളം നൽകാൻ പോലും ആൾക്കൂട്ടം തയ്യാറായില്ല. വെറും ഊഹത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ കൊലപാതകം. സംഭവത്തിൽ പൊലീസ് ഒൻപത്  പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നാലുപേർ ജാമ്യം നേടി പുറത്തെത്തി. 

ഹാപൂർ കേസിലെ ജാമ്യം കിട്ടിയ പ്രതികളിലൊരാളാണ് രാകേഷ് സിസോദിയ. ഹാപൂരിലെ ബജേദ ഖുർദ്ദ് ഗ്രാമത്തിലാണ് ഇയാൾ താമസിക്കുന്നത്. ഒളിക്യാമറയിലൂടെയാണ് മാധ്യമപ്രവർത്തകർ ഇയാളോട് സംസാരിച്ചത്. സംഭവത്തിൽ  താൻ നിരപരാധിയാണെന്നായിരുന്നു രാകേഷ് സിസോദിയ കോടതിയിൽ മൊഴി നൽകിയത്. എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചതിനെക്കുറിച്ച് ഇയാൾ വളരെ വ്യക്തമായി പറയുന്നുണ്ട്. അഞ്ചാഴ്ച മാത്രമേ സിസോദിയക്ക് ജയിലിൽ കഴിയേണ്ടി വന്നുള്ളൂ. സംഭവം നടക്കുമ്പോൾ താൻ അവിടെ ഇല്ലായിരുന്നു എന്ന് കോടതിയിൽ പറഞ്ഞ സിസോദിയ കൊലപാതകത്തിൽ തന്റെ പങ്ക് വ്യക്തമാക്കിയാണ് എൻഡിറ്റിവി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നത്. 

താൻ ചെയ്ത കൊലപാതകത്തെക്കുറിച്ച് അഭിമാനത്തോടെയാണ് ഇയാൾ പറയുന്നത്. ''ഇതുപോലെ ആയിരം പേരെ കൊല്ലാനും ഞാൻ തയ്യാറാണ്. അതിന് വേണ്ടി ആയിരം തവണ ജയിൽ ശിക്ഷ അനുഭവിക്കാനും തയ്യാർ. ജയിലിൽ പോകാൻ എനിക്ക് ഭയമോ പേടിയോ ഇല്ല. ജാമ്യം കിട്ടി തിരിച്ചുവന്നപ്പോൾ ഹീറോ ആയിട്ടാണ് എല്ലാവരും എന്നെ സ്വീകരിച്ചത്. ഞാൻ ചെയ്ത കാര്യത്തിൽ എനിക്ക് അഭിമാനം മാത്രമേയുള്ളൂ. പശുമോഷ്ടാക്കളെ കൊല്ലാൻ സദാ സന്നദ്ധരായ ആളുകൾ എനിക്കൊപ്പമുണ്ട്. പശുക്കൾക്ക് വേണ്ടി എന്ത് ത്യാഗം ചെയ്യാനും ഞാൻ തയ്യാറാണ്.'' ആൾക്കൂട്ടക്കൊലയെക്കുറിച്ച് രാകേഷ് സിസോദിയ പറയുന്ന വാക്കുകളാണിത്. ഇത്തരം സംഭവങ്ങളിലെ പ്രതികളിൽ ഒരാൾ പോലും തങ്ങൾ ചെയ്തത് കുറ്റമാണെന്ന് സമ്മതിക്കുന്നില്ല. മറിച്ച് പശുക്കളെ കൊന്നത് കൊണ്ടാണ് ഞങ്ങൾ അവരെ കൊന്നതെന്ന ന്യായീകരണം നിരത്തുകയും ചെയ്യുന്നു. 

എന്നാൽ തനിക്ക് ഒരു കാര്യത്തിൽ തെറ്റ് പറ്റി. മൊബൈലിൽ വീഡിയോ ഷൂട്ട് ചെയ്യാൻ സമ്മതിച്ചതാണ് ആ തെറ്റ്. അടുത്ത പ്രാവശ്യം എന്തായാലും വീഡിയോ എടുക്കാൻ സമ്മതിക്കില്ല. പൊലീസുകാരും തങ്ങളെ പിന്തുണയ്ക്കുന്നവരാണെന്ന് ഇയാൾ വെളിപ്പെടുത്തുന്നുണ്ട്. കാസിമിന്റെ കുടുംബത്തിന് ഒരു കോടി രൂപയോളം സഹായം ലഭിച്ചു. എന്നാൽ ജയിലിൽ കഴിയുന്ന തങ്ങളുടെ സഹോദരങ്ങളുടെ ജീവിതം ഇല്ലാതായി. കൈകൂപ്പി കുടിക്കാൻ വെള്ളം ചോദിച്ച കാസിമിനോട് കുടിവെള്ളത്തിന് പോലും നിനക്ക് അർഹതയില്ലെന്ന് താൻ പറഞ്ഞതായും അഭിമാനത്തോടെ ഇയാൾ വെളിപ്പെടുത്തുന്നു. ''കാസിം മരിക്കുമെന്ന് താൻ കരുതിയില്ല. സമിയുദ്ദീൻ മരിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ ആ ധാരണ തെറ്റിപ്പോയി.'' 

ഹാപൂരിൽ നിന്നും മാധ്യമസംഘം പോയത് ആൾവാറിലേക്കായിരുന്നു.  പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന പെഹ്ളുഖാന്റെ നാടാണ് ആൾവാറിലെ  ബേഹോർ. ഇറച്ചിയ്ക്കായി പശുവിനെ കൊല്ലാൻ കൊണ്ടുപോകുന്നതിനിടയിലാണ് പെഹ്ലു ഖാനെ ആൾക്കൂട്ടം ആക്രമിച്ച് കൊന്നത്. ഈ സംഭവത്തിൽ അറസ്റ്റിലായ എല്ലാവർക്കും കോടതി ജാമ്യം അനുവദിച്ചു. വിപിൻ യാദവ് എന്നയാളോടാണ് സംസാരിച്ചത്. ഒന്നരമണിക്കൂർ നേരം തുടർച്ചയായി തല്ലിയാണ് ഇയാളെ കൊന്നതെന്ന് വിപിൻ പറയുന്നു. ആദ്യം പത്ത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. പിന്നീട് ആളുകളുടെ എണ്ണം കൂടി വരികയായിരുന്നു. വാഹനത്തിൽ പോകുകയായിരുന്ന പെഹ്ലു ഖാനെ പിന്തുടർന്നാണ് പിടികൂടിയത്. അവരെ തല്ലിക്കൊന്നതിന് ശേഷവും അവരുടെ വാഹനത്തിന്റെ താക്കോൽ തന്റെ പോക്കറ്റിലുണ്ടായിരുന്നു എന്നും വിപിൻ യാദവ് പറയുന്നു.
 

click me!