പുതുവർഷത്തിന് നാട്ടിൽ പോകാൻ കഴിയാത്തവർക്കായി ചൈനയിലെ ഒരു ഡെലിവറി കമ്പനി വിചിത്രമായ ഒരു സേവനം വാഗ്‍ദ്ധാനം ചെയ്യുന്നതാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. പണം നൽകിയാൽ, ഉപഭോക്താവിന് വേണ്ടി ഡെലിവറി ബോയ്സ് വീട്ടിലെത്തി മുതിർന്നവരെ മുട്ടുകുത്തി വന്ദിക്കും.
പുതുവർഷാഘോഷങ്ങൾക്ക് നാട്ടിൽ പോകാൻ കഴിയാത്തവർക്കായി ചൈനയിലെ ഒരു ഡെലിവറി കമ്പനി ആരംഭിച്ച പുതിയ സേവനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാവുന്നത്. വീട്ടിലെ മുതിർന്നവർക്ക് പുതുവത്സരത്തിൽ നൽകുന്ന ആചാരപരമായ വന്ദനം (Kotou) അർപ്പിക്കാൻ ഡെലിവറി ബോയ്സിനെ അയക്കാമെന്നതാണ് ഈ വിചിത്രമായ ഓഫർ.
എന്താണ് ഈ പാക്കേജ്?
ഹെനാൻ പ്രവിശ്യ ആസ്ഥാനമായ 'UU Paotui' എന്ന കമ്പനിയാണ് തങ്ങളുടെ ആപ്പിലൂടെ മൂന്ന് വ്യത്യസ്ത പാക്കേജുകൾ അവതരിപ്പിച്ചത്. ബേസിക് പാക്കേജിന് 39 യുവാൻ അതായത് ഏകദേശം 450 രൂപയാണ് ചാർജ്ജ് വരുന്നത്. വീടിന്റെ വാതിലിൽ പുതുവർഷ ചിഹ്നങ്ങൾ പതിപ്പിക്കുക, ചെറിയ രീതിയിലുള്ള ശുചീകരണം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
അടുത്ത പാക്കേജിന് 199 യുവാൻ അതായത് ഏകദേശം 2,300 രൂപ വരെയാണ് ഈടാക്കുന്നത്. മുതിർന്നവർക്ക് സമ്മാനങ്ങൾ നൽകുക, ആശംസകൾ അറിയിക്കുക, അവർ നൽകുന്ന കൈനീട്ടം വാങ്ങി ഉടമയ്ക്ക് അയച്ചുകൊടുക്കുക എന്നിവയാണ് ഇതിലെ സേവനങ്ങൾ.
പ്രീമിയം പാക്കേജിന് 999 യുവാൻ അതായത് ഏകദേശം 11,500 രൂപ വരും. ഇതിലാണ് ചൈനീസ് പാരമ്പര്യമായ 'കൊട്ടു' (Kotou) ഉൾപ്പെടുന്നത്. ഡെലിവറി ബോയ് മുതിർന്നവരുടെ മുന്നിൽ മുട്ടുകുത്തി നിന്ന് തല നിലത്തുമുട്ടിച്ച് വന്ദനം അർപ്പിക്കും. ഈ ചടങ്ങ് ഉപഭോക്താവിന് വീഡിയോ കോളിലൂടെ തത്സമയം കാണുകയും ചെയ്യാം.
സംഭവം ഈ സേവനം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചർച്ചകളാണ് നടക്കുന്നത്. അനുകൂലിക്കുന്നവർ പ്രധാനമായും പറയുന്നത്, ജോലിത്തിരക്ക് കാരണം നാട്ടിൽ പോകാൻ കഴിയാത്തവർക്ക് മാതാപിതാക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഇതൊരു നല്ല മാർഗ്ഗമാണെന്നാണ്. അതേസമയം, പ്രതികൂലിക്കുന്നവർ പറയുന്നത്, സ്നേഹവും ബഹുമാനവും പണം നൽകി വാങ്ങേണ്ടതല്ലെന്നും, മക്കൾ നേരിട്ട് വരുന്നത് നൽകുന്ന സന്തോഷം മറ്റൊരാൾക്ക് നൽകാൻ കഴിയില്ലെന്നുമാണ്.
