അത് 'മോദി ജാക്കറ്റോ', അതോ 'നെഹ്റു ജാക്കറ്റോ'? കമ്പനി പറയുന്നത്

By Web TeamFirst Published Nov 3, 2018, 5:34 PM IST
Highlights

പ്രധാനമന്ത്രി ഈ ജാക്കറ്റ് സമ്മാനിച്ചത് നല്ല കാര്യം തന്നെ. പക്ഷെ, പേര് മാറ്റാതെ അത് ചെയ്യാമായിരുന്നില്ലേ? ഞാനെപ്പോഴും ഈ ജാക്കറ്റ് നെഹ്റു ജാക്കറ്റ് എന്നാണ് കേട്ടിട്ടുള്ളത്. ഇപ്പോഴത് മോദി ജാക്കറ്റ് എന്ന് പേര് മാറ്റിയിരിക്കുന്നു.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി, സൌത്ത് കൊറിയന്‍ പ്രസിഡണ്ട് മൂണ്‍ ജേ ഇന്നിന് സമ്മാനിച്ച ജാക്കറ്റ് നവമാധ്യമങ്ങളില്‍ പുതിയ സംവാദത്തിന് ഇടയാക്കിയിരിക്കുന്നു. 

സൌത്ത് കൊറിയന്‍ പ്രസിഡണ്ടിന് മോദി നല്‍കിയ കോട്ട് തയ്യാറാക്കിയ കമ്പനി ഏതായാലും വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്. 'ക്ലോസ്ഡ് ആയിട്ടുള്ള കഴുത്തുള്ള തരം ജാക്കറ്റാണിത്. അത്തരം ജാക്കറ്റുകള്‍ നെഹ്റു ധരിച്ചിരുന്നു, സര്‍ദാര്‍ പട്ടേലും ധരിച്ചിരുന്നു. പക്ഷെ, ഞങ്ങള്‍ നല്‍കിയിരിക്കുന്നത് മോദി ജാക്കറ്റാണ്.' ജേഡ് ബ്ലൂ ലൈഫ് സ്റ്റൈല്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ബിപിന്‍ ചൌഹാന്‍ പറയുന്നു. 

നേരത്തേ, ഓഫ് വൈറ്റില്‍ കറുപ്പ് ഷേഡുള്ളതായിരുന്നു. എന്നാല്‍, മോദി ആവശ്യപ്പെട്ടത് വ്യത്യസ്ത നിറത്തിലുള്ള ജാക്കറ്റാണ്. മോദിജി ഒരു ബ്രാന്‍ഡ് തന്നെ ഉണ്ടാക്കിയിരിക്കുന്നു. അത് പ്രശസ്തമായത് 2014 ഓടെയാണെന്നും ചൌഹാന്‍ പറയുന്നു. 1989 മുതല്‍ തന്നെ മോദിക്കായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതും തയ്യാറാക്കുന്നതും തങ്ങളാണെന്നും ചൌഹാന്‍ പറയുന്നു. 

ഒക്ടോബര്‍ 31ന് മൂണ്‍ ജേ ഇന്‍, ജാക്കറ്റ് കുര്‍ത്തക്ക് മുകളില്‍ ധരിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം നരേന്ദ്രമോദിക്കുള്ള നന്ദി ട്വിറ്ററില്‍ കുറിച്ചിരുന്നു. 'പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ചതാണ് ഇത്. പരമ്പരാഗത ഇന്ത്യന്‍ രീതിയിലുള്ള 'മോദി ജാക്കറ്റ്' ആണ്. കൊറിയയിലും ഇത് സൌകര്യപ്രദമായി ഉപയോഗിക്കാം. അത് നന്നായി ഇണങ്ങും' എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

എന്നാല്‍, മിനിറ്റുകള്‍ക്കുള്ളില്‍, ജമ്മു-കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഈ ജാക്കറ്റിനെ കുറിച്ച് ട്വീറ്റ് ചെയ്തു. 

'പ്രധാനമന്ത്രി ഈ ജാക്കറ്റ് സമ്മാനിച്ചത് നല്ല കാര്യം തന്നെ. പക്ഷെ, പേര് മാറ്റാതെ അത് ചെയ്യാമായിരുന്നില്ലേ? ഞാനെപ്പോഴും ഈ ജാക്കറ്റ് നെഹ്റു ജാക്കറ്റ് എന്നാണ് കേട്ടിട്ടുള്ളത്. ഇപ്പോഴത് മോദി ജാക്കറ്റ് എന്ന് പേര് മാറ്റിയിരിക്കുന്നു. 2014 ന് മുമ്പ് രാജ്യം ഇല്ലായിരുന്നുവെന്ന തരത്തിലാണ് മോദിയുടെ പെരുമാറ്റം' എന്നും ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചു. 

ചൌഹാന്‍ അതിനുള്ള വിശദീകരണവും നല്‍കിയിട്ടുണ്ട്. 'പണ്ട് ഇത് നെഹ്റുവും സര്‍ദാറും ധരിച്ചിരുന്നതാണ്. അന്നത് ഉയര്‍ന്ന നിലയിലുള്ളവരുടേതായാണ് കണക്കാക്കിയിരുന്നത്. എന്നാല്‍, ഇന്ന് മോദിജി അതിന് കൂടുതല്‍ പ്രചാരം നല്‍കിയെന്നായിരുന്നു' ചൌഹാന്‍റെ പ്രതികരണം.

click me!