കൊടും പട്ടിണി; ഇവിടെ അമ്മമാര്‍ മക്കളെ വില്‍ക്കുന്നു

By Web TeamFirst Published Nov 3, 2018, 3:45 PM IST
Highlights

2016 മുതല്‍ തെരുവുകളില്‍ ജീവിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുകയാണ്. ഭക്ഷണത്തിന് പോലും യാതൊരു മാര്‍ഗവുമില്ലാതാകുമ്പോള്‍ പലപ്പോഴും വീട്ടില്‍ നിന്ന് കുട്ടികളെ ഇറക്കിവിടുകും ചെയ്യുന്നു.

കറാക്കസ്: പട്ടിണിയും ദാരിദ്ര്യവുമാണ് മനുഷ്യരുടെ ഏറ്റവും വലിയ പ്രതിസന്ധി. വെനസ്വേലയില്‍ ഒരു വിഭാഗം ജനങ്ങളതിന്‍റെ ഇരകളായിക്കൊണ്ടിരിക്കുന്നു. തെരുവില്‍ ജീവിക്കേണ്ടി വരുന്ന കുഞ്ഞുങ്ങള്‍ കൂടുകയാണ്. തെരുവിലെ ചവറ്റുകുട്ടകളിലാണ് അവര്‍ ഭക്ഷണം തിരയുന്നതുപോലും.

പട്ടിണി രൂക്ഷമായതിനെ തുടര്‍ന്ന് അമ്മമാര്‍ മക്കളെ വില്‍ക്കുന്നതും ഇപ്പോള്‍ പതിവാവുകയാണ്. ഒരു അമ്മ പറയുന്നു, 'എനിക്ക് എന്‍റെ കുഞ്ഞിനെ വില്‍ക്കണമെന്നുണ്ടായിരുന്നില്ല. പക്ഷെ, മുന്നില്‍ വേറെ വഴിയില്ലായിരുന്നു. അവരെ നന്നായി നോക്കാനും എനിക്ക് മാര്‍ഗങ്ങളില്ലായിരുന്നു.'

വേറൊരാള്‍ പറയുന്നത്, തന്‍റെ കുഞ്ഞിനെയും താന്‍ വില്‍ക്കുമെന്നാണ്. ഇങ്ങനെ ഒരു കുഞ്ഞിനെ വില്‍ക്കുമ്പോള്‍ മറ്റ് കുഞ്ഞുങ്ങള്‍ക്കെങ്കിലും ഭക്ഷണം നല്‍കാന്‍ കഴിയുമല്ലോ എന്നാണ്. മാത്രമല്ല, വിറ്റ കുഞ്ഞിന് ഒരു നല്ല ഭാവിയെങ്കിലും ഉണ്ടാകുമല്ലോ എന്നും. 'അവളെന്‍റെ കൂടെ ഇല്ലാതിരിക്കുന്നത് എത്ര ബുദ്ധിമുട്ടാണ് എനിക്ക് എന്നറിയാമോ?' എന്നും കരഞ്ഞുകൊണ്ട് അവര്‍ ചോദിക്കുന്നു.

2016 മുതല്‍ തെരുവുകളില്‍ ജീവിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുകയാണ്. ഭക്ഷണത്തിന് പോലും യാതൊരു മാര്‍ഗവുമില്ലാതാകുമ്പോള്‍ പലപ്പോഴും വീട്ടില്‍ നിന്ന് കുട്ടികളെ ഇറക്കിവിടുകും ചെയ്യുന്നു. 'പൊലീസുകാര്‍ നമ്മളെ ഉപദ്രവിക്കും. യാചിക്കുമ്പോള്‍ മറ്റുള്ളവര്‍ പരിഹസിക്കും. ചിലര്‍ നമ്മളോട് കയര്‍ക്കും. പ്രസിഡണ്ടിനോട് പോയി ചോദിക്ക് എന്ന് പറയും. വീട്ടില്‍ ഒരുപാട് പേരുണ്ട്. ഭക്ഷണമൊന്നും ആര്‍ക്കും തികയില്ല. അച്ഛന്‍ മരിച്ചതാണ്. ഇതുപോലെ ജീവിതകാലം മുഴുവന്‍ കഴിയാന്‍ നമുക്ക് താല്‍പര്യമില്ല.'- കുട്ടികള്‍ പറയുന്നു. 

വീട്ടില്‍ നിന്നും കുട്ടികള്‍ ഉപദ്രവിക്കപ്പെടുന്നുണ്ടെന്നും ബിബിസി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിശപ്പ് സഹിക്കാനാവാതെ സഹോദരങ്ങള്‍ക്കോ, അച്ഛനോ, അമ്മയ്ക്കോ ഒക്കെ വേണ്ടി പിന്നീടത്തേക്ക് മാറ്റിവെച്ച ഭക്ഷണമെടുത്ത് കഴിച്ചതിനായിരിക്കും ചിലപ്പോള്‍ ഈ ഉപദ്രവങ്ങള്‍.  ദാരിദ്ര്യം നിറഞ്ഞ വീടുകളിലെ കലഹത്തിനും പ്രധാന കാരണം ഭക്ഷണമാണ്. 

അമ്മ തന്നെ ഉപദ്രവിച്ചതിനാണ് താന്‍ വീട്ടില്‍ നിന്നിറങ്ങിയതെന്ന് തെരുവില്‍ ജീവിക്കുന്ന ഒരു കുട്ടി പറയുന്നു. മറ്റൊരാള്‍ പറയുന്നത്, താന്‍ വലുതാവുമ്പോള്‍ ഇതുപോലെ തെരുവില്‍ ജീവിക്കേണ്ടി വരുന്നവരെ സഹായിക്കുമെന്നാണ്. എപ്പോള്‍ വേണമെങ്കിലും ഉപദ്രവിക്കപ്പെടാമെന്ന വേദനയോടെയാണ് ഈ തെരുവില്‍ കഴിയുന്നതെന്ന് തെരുവില്‍ ജീവിക്കേണ്ടി വരുന്ന പെണ്‍കുട്ടികളും പറയുന്നു. 

കൂടിവരുന്ന ചൂടും, ഉപദ്രവങ്ങളും, പട്ടിണിയുമെല്ലാം തെരുവിലെ കുഞ്ഞുങ്ങളുടെ ജീവിതവും അങ്ങേയറ്റം ദുസ്സഹമാക്കുന്നു. 

click me!