ഒറ്റ കൊതുക് പോലുമില്ലാത്ത ഏതെങ്കിലും സ്ഥലങ്ങളുണ്ടോ?

By Web TeamFirst Published Jun 9, 2020, 4:19 PM IST
Highlights

തവളയുടെ ആകൃതിയിലുള്ള ഒരു കല്ലിനെയാണ് തങ്ങൾ ആരാധിക്കുന്നതെന്നും, ഇതാണ് ആ പ്രദേശത്തെ കൊതുകുരഹിതമാക്കുന്നതെന്നുമാണ് പ്രദേശവാസികൾ വിശ്വസിച്ചു പോരുന്നത്.

സന്ധ്യയായാൽ മൂളിപ്പാട്ടും പാടിയെത്തുന്ന കൊതുകുകൾ മിക്ക വീടുകളിലെയും സ്ഥിരം കാഴ്‍ചയാണ്. ഇന്ത്യയുടെ മിക്കയിടങ്ങളിലും മുക്കിലും മൂലയിലും അവയെ കാണാം. ഊഷ്‌മളമായ താപനിലയും, മഴയും, കാടും എല്ലാം ഇന്ത്യയെ കൊതുകുകളുടെ പ്രിയപ്പെട്ട വാസകേന്ദ്രമാക്കുന്നു. എന്നാൽ, ഇന്ത്യയെ പോലെ ഇടതൂർന്ന മരങ്ങളും കുളങ്ങളും ചെറിയ തടാകങ്ങളും നിറഞ്ഞ ഒരു ചെറിയ ചൈനീസ് പട്ടണമാണ് ഡിംഗ് വൂളിംഗ്. കൊതുകുകൾക്ക് അനുയോജ്യമായ കാലാവസ്ഥയായിരുന്നിട്ടും, അവിടെ ഒരു കൊതുകുപോലുമില്ല കണ്ടുപിടിക്കാൻ. 

കണക്കുകൂട്ടൽ അനുസരിച്ച്, വർഷം മുഴുവനും ധാരാളം കൊതുകുകൾ ഈ പട്ടണത്തിൽ ഉണ്ടാകേണ്ടതാണ്. പ്രത്യേകിച്ചും വേനൽക്കാലത്തും മഴക്കാലത്തും. എന്നാൽ, കഴിഞ്ഞ ഒരു ദശാബ്‍ദമായി പേരിനുപോലും ഒരെണ്ണമില്ല എന്നത് വിസ്‍മയമുളവാക്കുന്ന ഒരു കാര്യമാണ്. ഇതെങ്ങനെ സംഭവിച്ചു എന്നത് ആർക്കുമറിയില്ല. തവളയുടെ ആകൃതിയിലുള്ള ഒരു കല്ലിനെയാണ് തങ്ങൾ ആരാധിക്കുന്നതെന്നും, ഇതാണ് ആ പ്രദേശത്തെ കൊതുകുരഹിതമാക്കുന്നതെന്നുമാണ് പ്രദേശവാസികൾ വിശ്വസിച്ചു പോരുന്നത്. സമുദ്രനിരപ്പിൽ നിന്ന് 700 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന അവിടെ ന്യൂനപക്ഷ ഗോത്രമായ ഹാക്കവംശജരാണ് താമസിക്കുന്നത്.   

അതുപോലെ തന്നെ, ലോകത്തിൽ കൊതുകുകളില്ലാത്ത ഒരു രാജ്യവുമുണ്ട്. മഞ്ഞുമൂടികിടക്കുന്ന ഐസ്‌ലാൻഡ്. അയൽരാജ്യങ്ങളായ നോർവേ, ഡെൻമാർക്ക്, സ്‌കോട്ട്‌ലൻഡ്, ഗ്രീൻലാൻഡ് എന്നിവിടങ്ങളിൽ കൊതുകുകൾ വളരുമെങ്കിലും, ഐസ്‌ലാൻഡിൽ കൊതുകുകൾ വളരില്ല. ഇതിന് കാരണം അവിടുത്തെ കാലാവസ്ഥയിലുള്ള പ്രത്യേകതയാണ്. അവിടെ സാധാരണയായി വർഷത്തിൽ മൂന്ന് തവണ മഞ്ഞുറയുകയും ഉരുകുകയും ചെയ്യുന്നു. ഇത് കൊതുകുകളുടെ നിലനിൽപ്പിനെ അസാധ്യമാക്കുന്നു. കൊതുകുകൾക്ക് അതിജീവിക്കാൻ കഴിയാത്ത ഒരു രാസഘടന ഐസ്‌ലാൻഡിന്റെ മണ്ണിലും വെള്ളത്തിലുമുണ്ട് എന്നും പറയപ്പെടുന്നു. ഐസ്‌ലാൻഡിൽ ഒരേ ഒരു കൊതുക് മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. ഐസ്‌ലാൻഡിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറൽ ഹിസ്റ്ററിയിൽ ആൽക്കഹോൾ നിറച്ച ഒരു കുപ്പിയിലാണ് അതിനെ സൂക്ഷിച്ചിരിക്കുന്നത്. 1980 -കളിൽ ഐസ്‍ലാൻഡ് യൂണിവേഴ്സിറ്റിയിലെ ബയോളജിസ്റ്റ് ജിസ്ലി മാർ ഗിസ്ലസനാണ് ഒരു വിമാനത്തിനുള്ളിൽ നിന്ന് കൊതുകിനെ പിടിച്ച് ഇവിടെ കൊണ്ടുവന്നത്.  
 

click me!