
ആള്‍ദൈവം ആസാറാം ബാപ്പു ജയിലിലാവാനിടയായ ബലാല്‍സംഗ കേസില്‍ ആ പെണ്‍കുട്ടിയും കുടുംബവും അനുഭവിച്ചത് എന്തൊക്കെയാണ്? ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിക്കുന്ന 'Let's talk about child rape' എന്ന പരമ്പരയുടെ രണ്ടാം ഭാഗത്തില്‍, പെണ്‍കുട്ടിയുടെ അമ്മ അക്കാര്യം തുറന്നു പറയുകയാണ്. ആ തുറന്നുപറച്ചിലിന്റെ സ്വതന്ത്ര വിവര്‍ത്തനം.
ആസാറാം ഞങ്ങള്‍ക്കും ദൈവമായിരുന്നു. എത്രയോ വര്‍ഷങ്ങള്‍ ഞങ്ങളുടെ ജീവിതം അദ്ദേഹത്തെ ചുറ്റിപ്പറ്റിയായിരുന്നു. പക്ഷെ, ഒരു ദിവസം ആ ദൈവം ഞങ്ങളുടെ എല്ലാ സന്തോഷങ്ങളും തകര്‍ത്തുകളഞ്ഞു.
അയാള്‍ എന്റെ ഏകമകളെ ബലാത്സംഗം ചെയ്തു. അന്നവള്‍ക്ക് പതിനാറ് വയസുമാത്രമാണ് പ്രായം.
എന്റെ ജീവിതത്തിലെ ഏറ്റവും മോശം നിമിഷങ്ങളാണത്. ആദ്യമായി അവള്‍ പീഡനത്തെ കുറിച്ച് എന്നോട് തുറന്നു പറഞ്ഞ നിമിഷം... അവളെന്റെ രണ്ടാമത്തെ മകളാണ്. എന്റെ മൂത്തമകന്‍ ജനിച്ച് നാല് വര്‍ഷത്തിന് ശേഷമുണ്ടായ പെണ്‍കുട്ടി. അവള്‍ ജനിച്ച സമയത്ത് എന്റെ ഭര്‍ത്താവിന് ട്രാന്‍സ്പോര്‍ട്ട് ബിസിനസായിരുന്നു. അവള്‍ക്ക് എന്നേക്കാള്‍ അടുപ്പം അവളുടെ അച്ഛനോടായിരുന്നു. അദ്ദേഹമാണെങ്കില്‍ എപ്പോഴും അവളുടെ സന്തോഷത്തെ കുറിച്ചാണ് ചിന്തിച്ചത്. അതുകൊണ്ടു തന്നെ ആ സംഭവം അദ്ദേഹത്തെ അത്രയേറെ തകര്‍ത്തുകളഞ്ഞു.
എന്റെ മകള്‍, അവളനുഭവിച്ച പീഡനവും വേദനയും പറഞ്ഞു കഴിഞ്ഞ് മണിക്കൂറുകളോളം നിര്‍ത്താതെ കരഞ്ഞു. അവള്‍ മാത്രമല്ല, ഞങ്ങളെല്ലാവരും കരയുകയായിരുന്നു. അന്ന് വീട്ടിലാരും സംസാരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തില്ല, ജീവച്ഛവങ്ങളെപ്പോലെയാണ് ഞങ്ങളിരുന്നത്. സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്തതാണ് നടന്നത്. എങ്ങനെയാണ് അതിനെ അഭിമുഖീകരിക്കേണ്ടത്? മറ്റുള്ളവര്‍ ദൈവമെന്ന് വിശ്വസിക്കുന്നൊരാള്‍ക്കെതിരെ എങ്ങനെയാണ് ആരോപണമുന്നയിക്കുക? നിങ്ങളൊക്കെ വിശ്വസിക്കുന്ന ദൈവം ഞങ്ങളുടെ ജീവിതം തകര്‍ത്തുവെന്ന് എങ്ങനെ പറയും?
അയാള്‍ എന്റെ ഏകമകളെ ബലാത്സംഗം ചെയ്തു. അന്നവള്‍ക്ക് പതിനാറ് വയസുമാത്രമാണ് പ്രായം.
ഞാന്‍ മനസില്‍ ഈ ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചുകൊണ്ടിരുന്നു. പക്ഷെ, അപ്പോഴേക്കും എന്റെ ഭര്‍ത്താവ്, ആസാറാമിനെതിരെ പോലീസിനെ സമീപിക്കുമെന്ന് തന്നെ ഉറപ്പിച്ചിരുന്നു. അതിനുമുമ്പ് ആസാറാമിനോട് എന്തിനാണ് എന്റെ മോളോട്, ഞങ്ങളുടെ കുടുംബത്തോട് ഇങ്ങനെ ചെയ്തത് എന്ന് ചോദിക്കുവാന്‍ അദ്ദേഹം ശ്രമിച്ചു. പക്ഷെ, അയാളെ കാണുന്നതിന് പോലും പരിവാരങ്ങള്‍ സമ്മതിച്ചില്ല. പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് അറിഞ്ഞയുടന്‍ ചുറ്റുമുള്ളവരെല്ലാം പറഞ്ഞത് ഇതെല്ലാം പെട്ടെന്ന് കോംപ്രമൈസ് ചെയ്യണമെന്നാണ്. ആസാറാം സ്വാധീനമുള്ള വ്യക്തിയാണ്, അയാള്‍ക്കെതിരെ തിരിഞ്ഞാല്‍ മോളും, കുടുംബവും പ്രശ്നത്തിലാകുമെന്ന് അവര്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരുന്നു. പക്ഷെ, പിന്തിരിയാന്‍ ഞങ്ങള്‍ ഒരുക്കമായിരുന്നില്ല.
ആ സമയത്ത് മകള്‍ തന്നെയാണ് ഞങ്ങള്‍ക്ക് ധൈര്യം തന്നത്. 'പപ്പാ, ഭയക്കേണ്ട. ഞാന്‍ ഓകെയാണ്' എന്നവള്‍ പറഞ്ഞുകൊണ്ടേയിരുന്നു. അവള്‍ കാരണം ഞങ്ങള്‍ വിഷമിക്കുന്നത് അവള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അവള്‍ ഞങ്ങളുടെ രക്ഷിതാവായി. ഞങ്ങള്‍ അവളോട് കാണിക്കേണ്ട കരുതലും സ്‌നേഹവും അവള്‍ ഞങ്ങളോട് കാണിച്ചു. ഞങ്ങളുടെ യഥാര്‍ത്ഥ പോരാട്ടം തുടങ്ങുന്നത് കേസ് രജിസ്റ്റര്‍ ചെയ്തതു മുതലാണ്. ആ സമയത്ത് അവള്‍ അവളുടെ കണ്ണുനീരെല്ലാം തുടച്ചുകളഞ്ഞു. ഞങ്ങള്‍ക്കാവശ്യമുള്ള കരുത്ത് പകര്‍ന്നു.
എന്റെ ഭര്‍ത്താവാണ് ആദ്യമായി ആസാറാമിന്റെ അടുത്തെത്തുന്നത്. ദൈവത്തെയും ആത്മീയതയേയും തിരഞ്ഞുള്ള യാത്രയിലാണത്. ഭര്‍ത്താവ് വഴിയാണ് 2001-ല്‍ ആസാറാമിന്റെ ഒരു സത്സംഗത്തില്‍ ഞാനുമെത്തിയത്. പിന്നീട് ഞങ്ങളെല്ലാവരും അദ്ദേഹത്തിന്റെ ഭക്തരായി. അയാളിലുള്ള വിശ്വാസം കാരണം ഞങ്ങളുടെ ഇളയ മകനേയും മകളേയും സ്‌കൂളില്‍ നിന്നും മാറ്റി ആസാറാമിന്റെ കീഴിലുള്ള ആശ്രമത്തിലാക്കി. അവള്‍ക്കന്ന് 11 വയസ് മാത്രമായിരുന്നു പ്രായം.
ആസാറാമിനെ കുറിച്ച് മോശം പറഞ്ഞവരെയെല്ലാം അക്കാലത്ത് ഞങ്ങളെതിര്‍ത്തു. അവരുമായുള്ള ബന്ധം തന്നെയുപേക്ഷിച്ചു. ഭര്‍ത്താവ് അദ്ദേഹത്തിന്റെ വരുമാനത്തില്‍ നല്ലൊരു ഭാഗം ആസാറാമിന് ദാനം ചെയ്തു, പലപ്പോഴായി പണവും നല്‍കി, ഷാജന്‍പൂരിലെ ഞങ്ങളുടെ വീടിനടുത്ത് ഒരു ആശ്രമം തന്നെ അയാള്‍ക്കായി പണിതു.
പകരമായി അയാള്‍ ചെയ്തതോ ഞങ്ങളെ അപകീര്‍ത്തിപ്പെടുത്തി. കൊല്ലാന്‍ ശ്രമിച്ചു.
ഇതിനൊക്കെ പകരമായി അയാള്‍ ചെയ്തതോ ഞങ്ങളെ അപകീര്‍ത്തിപ്പെടുത്തി. കൊല്ലാന്‍ ശ്രമിച്ചു. പക്ഷെ, ഞങ്ങള്‍ പോരാടി, പിടിച്ചുനിന്നു, രണ്ട് വര്‍ഷത്തോളം കേസിനായി ഞങ്ങള്‍ ഷാജന്‍പൂരില്‍ നിന്ന് ജോധ്പൂരിലേക്ക് യാത്ര ചെയ്തു. അപ്പോഴെല്ലാം എന്റെ മകള്‍ ശാന്തയായി പിടിച്ചുനിന്നു.
കോടതിയിലെ വാദങ്ങള്‍ക്കും, ചോദ്യങ്ങള്‍ക്കും, മുറിപ്പെടുത്തുന്ന ആരോപണങ്ങള്‍ക്കും മുന്നില്‍ അവള്‍ പതറിയില്ല. എന്റെ കണ്ണില്‍ അവള്‍ ഹീറോ ആയി മാറിയത് അന്നുമുതലാണ്. കുഴപ്പിക്കുന്ന, വേദനിപ്പിക്കുന്ന ചോദ്യങ്ങള്‍ക്കുമുന്നില്‍ ശാന്തയായി പിടിച്ചുനില്‍ക്കാന്‍ എനിക്കുപോലും സാധിച്ചിരുന്നില്ല. പക്ഷെ, അവളത് ചെയ്തു. ഞങ്ങളുടെ വക്കീല്‍ പറഞ്ഞത് അവളുടെ മനക്കരുത്ത് അദ്ദേഹത്തെ അദ്ഭുതപ്പെടുത്തി എന്നാണ്.
എന്റെ കണ്ണില്‍ അവള്‍ ഹീറോ ആയി മാറിയത് അന്നുമുതലാണ്.
വാദം നീണ്ടുപോയി. ഞങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് പിരിഞ്ഞു താമസിക്കേണ്ടി വന്നു. അത് ഞങ്ങളുടെ കുടുംബത്തെ മോശമായി ബാധിച്ചു. മൂത്ത മകന്‍ പഠനം മതിയാക്കി ബിസിനസ് നോക്കി നടത്തി. രണ്ട് വര്‍ഷത്തോളം മകള്‍ പഠനം നിര്‍ത്തിവച്ചു. കാര്യങ്ങള്‍ വളരെ മോശമായിത്തുടങ്ങിയത് ആസാറാമിന്റെ ആള്‍ക്കാരില്‍ നിന്ന് ഭീഷണികള്‍ വന്നു തുടങ്ങിയതോടെയാണ്. സംഭവത്തിലെ ദൃസാക്ഷികള്‍ കൊല്ലപ്പെട്ടു. ഈ ഭീഷണിയും കൊലപാതകവുമെല്ലാം ഞാന്‍ മകളില്‍ നിന്നും മറച്ചുവയ്ക്കാന്‍ ശ്രമിച്ചു. പക്ഷെ, അവള്‍ നിര്‍ബന്ധിച്ചു. അവളില്‍ നിന്നും ഒന്നും മറച്ച് വയ്ക്കരുത്, അവള്‍ക്കെല്ലാം അറിയണം എന്നവള്‍ പറഞ്ഞു. ഇത്തരം പാതകികളെ ഒരുതരത്തിലും ഭയപ്പെടില്ലെന്ന് അവളെന്നോട് ആവര്‍ത്തിച്ച് പറഞ്ഞു.
വാദം പൂര്‍ത്തിയായതിന് ശേഷം കാര്യങ്ങള്‍ കുറേശ്ശെയായി മെച്ചപ്പെട്ടു. മകള്‍ അവളുടെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ഡിഗ്രിക്ക് പ്രവേശനം നേടുകയും ചെയ്തു. ഫാമിലി ബിസിനസ് വീണ്ടും ആരംഭിക്കുകയും വളരുകയും ചെയ്തു. ഭീഷണികള്‍ പതിയെ പതിയെ അവസാനിച്ചു തുടങ്ങി.
ആസാറാം കോടതിയില്‍ ഹാജരാക്കപ്പെട്ട ദിവസം ഞങ്ങളുടെ പോരാട്ടം വിജയിച്ചു. വിധിയെക്കുറിച്ച് മകളോട് പറഞ്ഞപ്പോള്‍ അവളെന്നെ ഒരുപാട് നേരം കെട്ടിപ്പിടിച്ചു. അവളുടെ കണ്ണില്‍ കണ്ണീരുണ്ടായിരുന്നു, പക്ഷെ ഒഴുകിത്തുടങ്ങും മുന്പ് അവളതു തുടച്ചുകളഞ്ഞു. ഇനിയൊരിക്കലും കരയില്ലെന്നതുുപോലെ. അവളൊന്നും മിണ്ടിയില്ല... പക്ഷെ, അവളുടെ കണ്ണിലെ സന്തോഷം എനിക്ക് കാണാമായിരുന്നു. എല്ലാത്തില്‍ നിന്നും പുറത്തുകടക്കാന്‍ ആ വിധി അവളെ സഹായിച്ചു. അവളുടെ പുഞ്ചിരിക്ക് അഴക് കൂടി. അവള്‍ ബാഡ്മിന്റണ്‍ കളിക്കാനും പെയിന്റിങ് പഠിക്കാനും തുടങ്ങി. അവളുടെ പഠനനിലവാരം മെച്ചപ്പെട്ടു. സിവില്‍ സര്‍വീസാണ് അവളുടെ സ്വപ്നം. അവളതിന് ശ്രമിക്കുമെന്ന് പറയുന്നു.
ചില സമയത്ത് എന്റെ ഭര്‍ത്താവ് എല്ലാ കുറ്റവും സ്വയമേറ്റെടുക്കും. സംഭവിച്ചതിനെല്ലാം അദ്ദേഹമാണ് കുറ്റക്കാരനെന്ന് പറയും. പക്ഷെ, എന്റെ മകള്‍ പറയുന്നത് ഇതിലൊന്നും കുറ്റബോധത്തിന്റെ ആവശ്യമില്ലെന്നാണ്. ഓരോ നിമിഷവും സന്തോഷത്തോടെ ജീവിക്കാന്‍ അവളാഗ്രഹിക്കുന്നു. എല്ലാ ജീവിതത്തിലും അവളുടെ അമ്മയായിരിക്കാന്‍ ഞാനും...
പെണ്‍കുട്ടിയുടെ മാതാവുമായി സംസാരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് പ്രതിനിധി ചന്ദന്‍ കുമാര്‍ തയ്യാറാക്കിയത്.
കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.