ഗിത്താര്‍, ഫ്ലൂട്ട് ഒക്കെ പഠിക്കാം; ഫീസ് വെറും ഒരു രൂപ!

By Web TeamFirst Published Nov 2, 2018, 6:18 PM IST
Highlights

ഗിത്താര്‍ റാവുവിന്‍റെ ശിഷ്യയായ എട്ടു വയസുകാരി ഇഷ്നവി ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നു, ''ഗുരുജി വെറും ഏഴ് ദിവസം കൊണ്ട് എന്നെ കുറച്ച് പാട്ടുകള്‍ വായിക്കാന്‍ പഠിപ്പിച്ചു. അതിലെനിക്കേറ്റവുമിഷ്ടം ' ജയ ജഗദീശ ഹരേ' എന്ന പാട്ടാണ്. ''

ദില്ലി: ഇത് യഷ് വീര്‍ റാവു. റാവുവിനെ കാത്ത് എത്രയെത്ര പേരാണ് ദില്ലിയില്‍ പലയിടത്തും നില്‍ക്കുന്നതെന്നറിയാമോ? അവരുടെ കയ്യിലുള്ളത് പഠിക്കാനുള്ള സംഗീതോപകരണങ്ങളും ഒരു രൂപയും മാത്രമാണ്. ആ ഒരു രൂപ മാത്രമാണ് റാവുവിന്‍റെ ഫീസ്. 

അതുകൊണ്ടു തന്നെയാണ് ദില്ലിയിലെ ആയിരക്കണക്കിനാളുകള്‍ അദ്ദേഹത്തെ 'ഗിത്താര്‍ റാവു' എന്ന് വിളിക്കുന്നത്. ഗിത്താറും, ഫ്ലൂട്ടും, കീബോര്‍ഡുമെല്ലാം വെറും ഒരു രൂപയ്ക്ക് പഠിപ്പിക്കും. 

2009 വരെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ സിവില്‍ എഞ്ചിനീയറായിരുന്നു റാവു. ജോലി രാജി വച്ചതോടെ കടമായി. വീട്ടുകാര്‍ റാവുവില്‍ നിന്നും അകന്നു. അദ്ദേഹം വിഷാദത്തിലുമായി. ഒരു വര്‍ഷത്തിനു ശേഷം റാവു തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചു. സംഗീതം പഠിക്കാനാരംഭിച്ചു. ഒരു കോളേജ് പ്രൊഫസറാണ് അദ്ദേഹത്തോട് പറഞ്ഞത്, 'ജയിലിലായിരിക്കുന്ന ഒരു തീവ്രവാദി പോലും സംഗീതം കൊണ്ട് മാറിപ്പോയേക്കാം' എന്ന്. അത് റാവുവിനെ വല്ലാതെ സ്പര്‍ശിച്ചു. സംഗീതം അദ്ദേഹത്തെ വിഷാദത്തെ മറികടക്കാനും സഹായിച്ചു. 

2018 -ല്‍ അദ്ദേഹം ദില്ലിയിലെത്തി. സ്കൂള്‍ വിദ്യാര്‍ഥികളെ സംഗീതം പഠിപ്പിക്കുന്ന പദ്ധതിയെ കുറിച്ച് പറയാനായിരുന്നു അത്. പക്ഷെ, അതിനേക്കാളൊക്കെ സന്തോഷം അദ്ദേഹത്തിന് തെരുവില്‍, ഒരു രൂപ മാത്രം ഫീസ് വാങ്ങി സംഗീതോപകരണങ്ങള്‍ വായിക്കാന്‍ പഠിപ്പിക്കുന്നതിലൂടെ കിട്ടി. 

ഗിത്താര്‍ റാവുവിന്‍റെ ശിഷ്യയായ എട്ടു വയസുകാരി ഇഷ്നവി ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നു, ''ഗുരുജി വെറും ഏഴ് ദിവസം കൊണ്ട് എന്നെ കുറച്ച് പാട്ടുകള്‍ വായിക്കാന്‍ പഠിപ്പിച്ചു. അതിലെനിക്കേറ്റവുമിഷ്ടം ' ജയ ജഗദീശ ഹരേ' എന്ന പാട്ടാണ്. ''

ഒരു രൂപ മാത്രമേ റാവു ഫീസ് വാങ്ങിക്കൂ. പക്ഷെ, അദ്ദേഹത്തിന് ഒരു കണ്ടീഷനുണ്ട്, റാവു പഠിപ്പിച്ച പാഠങ്ങളില്‍ അവര്‍ തൃപ്തരാണെങ്കില്‍ അവര്‍ ഒരു അന്ധന്, അല്ലെങ്കില്‍ ഒരു അനാഥക്കുട്ടിക്ക്, അങ്ങനെ വാങ്ങാന്‍ കഴിവില്ലാത്ത ആര്‍ക്കെങ്കിലും ഒരു ഫ്ലൂട്ട് വാങ്ങി നല്‍കണം. 

''സംഗീതത്തോട് വല്ലാതെ ഇഷ്ടമുണ്ടെങ്കിലും ചിലര്‍ക്ക് അത് പഠിക്കാനുള്ള സാഹചര്യമുണ്ടാകില്ല. അവരെ ഏറ്റവും ചെറിയ ഫീസിന് സംഗീതം പഠിപ്പിക്കുക എന്നതാണ് ലക്ഷ്യ''മെന്നും അദ്ദേഹം പറയുന്നു. 


 

click me!