മുജാഹിദ് വിഭാഗങ്ങള്‍ ഒന്നിച്ചത് ഇങ്ങനെ!

By മുജീബുര്‍റഹ്മാന്‍ കിനാലൂര്‍First Published Dec 8, 2016, 9:53 AM IST
Highlights

കൊടുങ്ങല്ലൂരില്‍ വളരെ പഴകിയ ഒരു തറവാടു വീടുണ്ട്. പേര് ഐക്യവിലാസം. ഇപ്പോഴും പൊളിച്ചു നീക്കിയിട്ടില്ലാത്ത ആ ഭവനം മണപ്പാട് തറവാട്ടു സ്വത്താണ്. കേരളത്തിലെ മുസ്‌ലിം സാമൂഹിക നവോത്ഥാന ചരിത്രത്തിലെ പ്രഥമ സംഘടിത പ്രസ്ഥാനമായ മുസ്‌ലിം ഐക്യ സംഘം (1922-1934) പിറവി കൊണ്ടത് ഈ ഭവനത്തില്‍ വെച്ചായിരുന്നു. മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജിയായിരുന്നു ഐക്യസംഘത്തിന്റെ മുഴുകാല ജനറല്‍ സെക്രട്ടറി. കുഞ്ഞിമുഹമ്മദ് ഹാജിയുടെ വീട് ഐക്യവിലാസം എന്നറിയപ്പെട്ടു. കേരള മുസ്‌ലിംകളുടെ സാമൂഹിക ഉണര്‍വ്വിന്റെ സ്മാരകമായി ഈ ഭവനം ഇന്നും നിലനില്‍ക്കുന്നു. 

ഒര വ്യാഴവട്ടക്കാലം മാത്രമേ നിലനിന്നുള്ളുവെങ്കിലും ഐക്യസംഘത്തിന് ഇതിഹാസ തുല്യമായ ഒരു ചരിത്രമുണ്ട്. യാഥാസ്ഥിതികമായ പൗരോഹിത്യത്തിന്റെ അധികാര മേധാവിത്വം കൊണ്ടും പ്രതികൂലമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൊണ്ടും പുരോഗമനപരമായ എല്ലാ ഈടുവെപ്പുകളും വഴിമുട്ടി സ്തംഭിച്ചുനിന്ന കേരളത്തിലെ മുസ്‌ലിം സമുദായത്തെ നവീനമായ ഒരു ഉണര്‍വ്വിലേക്ക് വഴികാട്ടുക എന്ന ചരിത്രദൗത്യമാണ് ഐക്യസംഘം നിര്‍വഹിച്ചത്. സാമൂഹിക വളര്‍ച്ചയുടെ പ്രധാനവഴികളെല്ലാം കൊട്ടിയടച്ചുകൊണ്ട്, മതാചരണം ഒരുന്മാദം പോലെ കെട്ടിയേല്‍പ്പിക്കപ്പെട്ടിരുന്നു മുസ്‌ലിംകളില്‍. മലയാള ഭാഷയോ ആധുനിക വിദ്യാഭ്യാസമോ നേടുന്നതിന് അനുമതിയുണ്ടായിരുന്നില്ല. സ്ത്രീകള്‍ക്ക് അടുക്കളയുടെ നാലു ചുമരുകള്‍ക്കപ്പുറത്ത് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. മതപ്രമാണങ്ങള്‍ അറബി ഭാഷയില്‍ മന്ത്രങ്ങളായി ജപിക്കാന്‍ ശീലിപ്പിക്കുകയല്ലാതെ, അവയുടെ അന്തസ്സാരം ഗ്രഹിക്കാനോ പരിഭാഷപ്പെടുത്താനോ പൗരോഹിത്യം അവസരം നല്‍കിയില്ല. 

കണ്ണൂരിലെ മായിന്‍കുട്ടി ഇളയ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഖുര്‍ആനിന്റെ ആദ്യപ്രതി അറബിക്കടലില്‍ കെട്ടിത്താഴ്ത്തിയതായി പറയപ്പെടുുന്നുണ്ട്. ഒരു കുഞ്ഞ് ജനിക്കുന്നതുമുതല്‍ പ്രായമായി മരിക്കുന്നതു വരെയുള്ള ഓരോ ഘട്ടത്തിലും മതപണ്ഡിതന്‍മാര്‍ ചൂഷണത്തിനുള്ള പഴുതുകള്‍, മതാവരണത്തോടെ സൂക്ഷിച്ചിരുന്നു. മറ്റു മതങ്ങളെ അനുകരിച്ച് ഭക്തി കീര്‍ത്തനങ്ങളും ഉല്‍സവ ഗജ മേളങ്ങളും നേര്‍ച്ചപ്പൂരങ്ങളും ജ്യോത്സ്യവും സിദ്ധമുറകളും സമുദായത്തില്‍ മൂടുറച്ചു. രോഗം വന്നാല്‍ ചികില്‍സിക്കുന്നതിനു പകരം മുസല്യാക്കന്മാരെ സമീപിച്ച് വേദാക്ഷരങ്ങള്‍ പാത്രത്തില്‍ എഴുതിച്ച് ആ വെള്ളം കുടിക്കുകയോ മന്ത്രിച്ച വെള്ളമോ ചരടോ നല്‍കി ചികില്‍സിക്കുകയോ ആയിരുന്നു. പതിവ്. ഗര്‍ഭിണികളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കാതെ പുരാണങ്ങളും മാലപ്പാട്ടുകളും പാടിക്കേള്‍പ്പിച്ച് പ്രസവിപ്പിക്കുകയായിരുന്നു അന്നത്തെ സമ്പ്രദായം. പള്ളികളോട് ചേര്‍ന്നുള്ള ദര്‍സുകളില്‍ ഓത്തുപഠിപ്പിക്കലിന് അപ്പുറം വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ ഒന്നുമില്ലായിരുന്നു. ഖുര്‍ആന്‍ ബോര്‍ഡില്‍ എഴുതിയാല്‍, ചോക്കു പൊടി നിലത്തു വീഴുകയും അതില്‍ ചവിട്ടുന്നത് ഖുര്‍ആന്‍ നിന്ദയാവുകയും ചെയ്യുമെന്നുപോലും  പ്രചരിപ്പിക്കപ്പെട്ടിരുന്നു. കടുത്ത യാഥാസ്ഥികതയുടെ ഇത്തരം അനുഭവങ്ങള്‍ ഇന്ന് അവിശ്വസനീയമായി തോന്നാം. എന്നാല്‍, മാപ്പിള മുസ്‌ലിംകളുടെ ഭൂതകാലത്തെക്കുറിച്ചു എഴുതപ്പെട്ട ചരിത്ര കൃതികളിലും ആ സാമൂഹ്യാവസ്ഥ പ്രമേയമായിട്ടുള്ള കഥകളിലും നോവലുകളിലുമെല്ലാം ആ ഇരുണ്ട കാലത്തിന്റെ അനുഭവ കഥകള്‍ അനാവരണം ചെയ്യുന്നുണ്ട്. 

മലബാറില്‍ നിലനിന്ന ബ്രിട്ടീഷ് ഭരണം മുസ്‌ലിംകളെ കൂടുതല്‍ യാഥാസ്ഥിതികമാക്കുകയാണ് ചെയ്തത്. മലബാറിലെ മുസ്‌ലിം ആധിപത്യത്തെ തകര്‍ക്കാന്‍ പോര്‍ച്ചുഗീസുകാര്‍ മുതല്‍ക്കുതന്നെയുള്ള പാശ്ചാത്യര്‍ നടത്തിയ ശ്രമങ്ങളും ക്രൈസ്തവ മിഷനറിയോടുള്ള എതിര്‍പ്പും ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ ഭു നിയമങ്ങളുമെല്ലാം ബ്രിട്ടീഷ് ഭരണത്തെ ശക്തമായി എതിര്‍ക്കുന്നതിന് മുസ്‌ലിംകളെ പ്രേരിപ്പിച്ചു. ബ്രിട്ടീഷുകാരോടുള്ള വിരോധനം അന്ന് ലോകത്ത് വ്യാപിച്ചിരുന്ന എല്ലാ ആധുനിക പ്രവണതകളോടും മോഡേണ്‍ വിദ്യാഭ്യാസ സമ്പ്രദായത്തോടും ഇംഗ്ലീഷ് ഭാഷയോടുമുള്ള എതിര്‍പ്പായി പരിണമിക്കുകയും ചെയ്തു. എല്ലാ അര്‍ത്ഥത്തിലും ദുര്‍ബലവും ദുരിതപൂര്‍ണ്ണവുമായ ഈ സമുദായത്തെ സമുദ്ധരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചില നേതാക്കളും പണ്ഡിതരും കൊടുങ്ങല്ലൂരില്‍ ഐക്യസംഘം എന്ന ആദ്യ സമുദായ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. 

കേരള മുസ്‌ലിം ഐക്യസംഘം
മലബാര്‍ കലാപത്തെ തുടര്‍ന്ന്, അതിനു നേതൃത്വം നല്‍കിയ മതപണ്ഡിതന്‍മാരെയും നേതാക്കളെയും ബ്രിട്ടീഷുകാര്‍ നാടു കടത്തിയിരുന്നു. ചിലര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അവരില്‍ പലരും ബ്രിട്ടീഷ് രാജ് നിലവില്ലാത്ത തിരുകൊച്ചിയിലേക്ക് അഭയം തേടി. മലബാറിലെ കെ.എം മൗലവി എന്ന പോരാളി കൊടുങ്ങല്ലൂരില്‍ എത്തിയത് അങ്ങനെയാണ്, 1921ല്‍. സമുദായ അഭ്യുന്നതിയില്‍ തല്‍പ്പരനായ മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജിയായിരുന്നു അദ്ദേഹത്തിന് അഭയമൊരുക്കിയത്. നമ്പൂതിരി മഠത്തില്‍ സീതി മുഹമ്മദ് (മുസ്‌ലിം ലീഗ് നേതാവായിരുന്ന കെ.എം സീതി സാഹിബിന്റെ പിതാവ്), മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, മഹാരാജാസ് കോളജില്‍ അധ്യാപകനായിരുന്ന ഇ.കെ മൗലവി, വക്കം അബ്ദുല്‍ ഖാദര്‍ മൗലവി തുടങ്ങിയ മഹാന്‍മാരായ പ്രതിഭാശാലികളുടെ ഒരു ഒത്തുചേരലിന് ആ സന്ദര്‍ഭത്തില്‍ കൊടുങ്ങല്ലൂര്‍ സാക്ഷ്യം വഹിച്ചു. അവരുടെ സമുദായത്തെക്കുറിച്ചുള്ള ആധിയും ആശങ്കയും ഒരു സംഘടിത നീക്കത്തിന് ബീജാവാപം നല്‍കി. സാമൂഹികമായ ദുര്‍ബലതയും ശൈഥില്യവും അരക്ഷിതത്വവും വൈജ്ഞാനികമായ പതനവുമെല്ലാം സൃഷ്ടിച്ച സങ്കീര്‍ണ്ണതകളാണ് ഐക്യ സംഘം എന്ന ആശയത്തില്‍ അവരെ എത്തിച്ചത്. 

ആസൂത്രിതവും സുംഘടിതവുമായ ഒരു സംഘടനാ രീതിയാണ് ഐക്യസംഘം സ്വീകരിച്ചത്. സാമൂഹികമായി,സമഗ്രമായ മുന്നേറ്റം സ്വപ്‌നം കണ്ടുള്ള ദീര്‍ഘ ദര്‍ശനത്തോടെയുള്ള പദ്ധതികളാണ് ഐക്യസംഘം ആവിഷ്‌കരിച്ചത്. സമുദായത്തെ ശാക്തീകരിക്കുന്നതിനും ബോധവത്കരിക്കുന്നതിനും തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ വിവിധ പ്രദേശങ്ങളില്‍ വാര്‍ഷിക സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. വിദ്യാഭ്യാസം, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെയുള്ള ബോധവല്‍കരണം, സ്ത്രീകളുടെ ഉണര്‍വ്വ്, കാര്‍ഷിക-വാണിജ്യ-വ്യവസായ രംഗങ്ങളില്‍ സമുദായത്തെ പ്രേരിപ്പിക്കല്‍, അനീതികള്‍ക്കും വിവേചനങ്ങള്‍ക്കും എതിരിലുള്ള രാഷ്ട്രീയ പ്രക്ഷോഭങ്ങളിലെ പങ്കാളിത്തം, സാമ്പത്തിക ഭദ്രതയ്ക്കാവശ്യമായ കാല്‍വെപ്പുകള്‍ തുടങ്ങി സര്‍വതോന്മുഖമായ പദ്ധതികളാണ് ഐക്യസംഘത്തിന്റെ അജണ്ടയിലുണ്ടായിരുന്നത്. വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി കാര്‍ഷിക പ്രദര്‍ശനം സംഘടിപ്പിച്ചതും ആണ്‍-പെണ്‍ സമ്മിശ്ര വിദ്യാലയങ്ങള്‍ സ്ഥാപിച്ചതും കൊച്ചിയില്‍ ബാങ്ക് ആരംഭിച്ചതും ഐക്യസംഘത്തിന്റെ വിപ്ലവ ബോധം എത്ര ശക്തമായിരുന്നു എന്ന് തുറന്നുകാട്ടുന്നുണ്ട്. മതത്തിന്റെ പേരിലുള്ള പൗരോഹിത്യ ചൂഷണത്തെ ധീരമായി നേരിട്ടപ്പോള്‍, സമുദായത്തെ ഐക്യസംഘത്തിനെതിരെ ഇളക്കി വിടാന്‍ യാഥാസ്ഥിതിക പണ്ഡിതന്‍മാര്‍ ധൃഷ്ടരായി. അതിനാല്‍ സാമാന്യ മുസ്‌ലിംകളെ മതത്തിന്റെ യഥാര്‍ത്ഥ പാഠങ്ങളുടെയും ആന്തരികസത്തയുടെയും പിന്‍ബലത്തോടെ ബോധവല്‍ക്കരിക്കുകയും പൗരോഹിത്യത്തെ പ്രമാണങ്ങള്‍ വെച്ച് നേരിടുകയും ചെയ്യേണ്ടത് അവരുടെ ബാധ്യതയായി. അങ്ങനെയാണ് 1926ല്‍ കേരളത്തിലെ പ്രഥമ പണ്ഡിത സഭയ്ക്ക് (കേരള ജംഇയ്യത്തുല്‍ ഉലമ) ഐക്യസംഘം രൂപം നല്‍കിയത്. ചെറിയ ഒരു കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങളിലൂടെ കേരള മുസ്ലിംകളുടെ സാമൂഹിക നവോത്ഥാനത്തിന് മണ്ണൊരുക്കിയ ഐക്യസംഘം, 1932ല്‍ പിരിച്ചു വിട്ടുവെങ്കിലും ആ പ്രസ്ഥാനം തൊടുത്തുവിട്ട വിപ്ലവക്കാറ്റ് കേരളത്തില്‍ ഇന്നും അലയടിച്ചു കൊണ്ടിരിക്കുന്നു.

ഐക്യസംഘത്തിന്റെ നവോത്ഥാന പാരമ്പര്യവും പിന്നീട് കനപ്പെട്ടു വന്ന, മതപ്രബോധനത്തിന്റെ പരിമിതമായ സംഘടനാ പ്രവണതയും തമ്മിലുള്ള ആശയപരമായ സംഘര്‍ഷം മുജാഹിദ് പ്രസ്ഥാനത്തില്‍ തൊണ്ണൂറുകളോടെ മൂര്‍ദ്ധന്യത്തില്‍ എത്തിയിരുന്നു

കേരള നദ്‌വത്തുല്‍ മുജാഹിദീന്‍
ഖിലാഫത്ത് പോരാളിയും ഐക്യസംഘത്തിന്റെ സ്ഥാപകരില്‍ പ്രമുഖനുമായ കെ എം മൗലവിയുടെ നേതൃത്വത്തില്‍ 1950ലാണ് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെഎന്‍എം) എന്ന സംഘടന രൂപീകരിക്കപ്പെട്ടത്.  ഐക്യസംഘത്തിനു ശേഷം അതിന്റെ മാതൃകയില്‍ രൂപീകരിക്കപ്പെട്ട അനേകം പ്രാദേശിക സംഘങ്ങളുടെ ഒരു ഏകോപന സംഘടന എന്ന നിലയിലാണ് കെഎന്‍എം നിലവില്‍ വന്നത്. കേവലം ഒരു മത പ്രബോധന സംഘം എന്നതിലുപരി, സാമൂഹിക പരിഷ്‌കരണ ഉള്ളടക്കത്തോടെയുള്ള ഒരു പ്രസ്ഥാനം എന്ന ഐക്യസംഘത്തിന്റെ കാഴ്ചപ്പാട് തന്നെയായിരുന്നു കെഎന്‍എമ്മും പിന്തുടര്‍ന്നത്. കെഎന്‍എമ്മിന്റെ ആദ്യകാല നിലപാടുകളിലും പ്രവര്‍ത്തനങ്ങളിലും അത് ശക്തമായി നിഴലിച്ചിരുന്നു. ഒരു മുസ്‌ലിം ബഹുജന സ്റ്റേജില്‍ ആദ്യമായി സ്ത്രീയെ പ്രസംഗിപ്പിക്കാനുള്ള ധൈര്യം കാട്ടിയ സംഘടന കെഎന്‍എം ആയിരിക്കും. കോഴിക്കോട്ടെ മുജാഹിദ് സമ്മേളനത്തില്‍ എം ഹലീമ ബീവി പ്രസംഗിച്ചത് ചരിത്രമാണ്. മതഭൗതിക വിദ്യാഭ്യാസമുള്ള അഭ്യസ്തവിദ്യരുടെ ഒരു സംഘടന എന്ന മേല്‍വിലാസമാണ് മുജാഹിദ് പ്രസ്ഥാനത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ കേരളപ്പിറവിക്ക് ശേഷം കേരളത്തില്‍ ഉണ്ടായിത്തീര്‍ന്ന സാമൂഹിക മുന്നേറ്റങ്ങളും പൊതുവിദ്യാഭ്യാസ വളര്‍ച്ചയും ഭൗതിക പുരോഗതിയും പരിഷ്‌കരണ ലക്ഷ്യങ്ങള്‍ ഭരണകൂടം നിര്‍വ്വഹിക്കുന്ന സാഹചര്യങ്ങളും കെഎന്‍എമ്മിനെ മതകാര്യങ്ങളില്‍ കൂടുതല്‍ വ്യാപൃതമാക്കി എന്ന് അനുമാനിക്കാം. മതപ്രബോധനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള ഒരു സംഘടനയായി കെഎന്‍എം പതുക്കെ പരിവര്‍ത്തിതമായി.  കേരള മുസ്‌ലിംകളുടെ ഗള്‍ഫ് ബന്ധവും ബാഹ്യ സമ്പര്‍ക്കങ്ങളും ആ പ്രവണതയെ ശക്തിപ്പെടുത്തുകയും ചെയ്തു. പള്ളികള്‍, മദ്രസകള്‍, അറബിക് കോളേജുകള്‍ തുടങ്ങിയവ സ്ഥ പ്പിച്ച് നടത്തുന്നതിലും സമ്മേളനങ്ങളും പൊതു യോഗങ്ങളും മതപഠനക്ലാസ്സുകളും സംഘടിപ്പിക്കുന്നതിലുമൊക്കെയാണ് എഴുപതുകള്‍ക്ക് ശേഷം മുജാഹിദ് സംഘടനകള്‍ ശ്രദ്ധയൂന്നിയത്.

ഐ എസില്‍ ആകൃഷ്ടരായി നാടുവിട്ട ചിലര്‍ പോലും തങ്ങള്‍ മുജാഹിദ് ആശയക്കാരാണെന്ന് വാദിക്കുന്ന ദുര്‍ഗതിയില്‍ കാര്യങ്ങള്‍ പരിണമിച്ചു

മുജാഹിദ് പിളര്‍പ്പ്
ഐക്യസംഘത്തിന്റെ നവോത്ഥാന പാരമ്പര്യവും പിന്നീട് കനപ്പെട്ടു വന്ന, മതപ്രബോധനത്തിന്റെ പരിമിതമായ സംഘടനാ പ്രവണതയും തമ്മിലുള്ള ആശയപരമായ സംഘര്‍ഷം മുജാഹിദ് പ്രസ്ഥാനത്തില്‍ തൊണ്ണൂറുകളോടെ മൂര്‍ദ്ധന്യത്തില്‍ എത്തിയിരുന്നു. അത് ക്രമത്തില്‍ സംഘടനാപരമായ ഉലച്ചിലുകളിലേക്ക് നീളുകയും 2002ല്‍ ആ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പില്‍ കലാശിക്കുകയും ചെയ്തു. പിളര്‍പ്പിന് നിമിത്തമായ ആശയപരമായ പ്രതിസന്ധി, തീവ്രമായ അറ്റങ്ങളിലേക്ക് നീങ്ങിയത്, മുജാഹിദ് പ്രസ്ഥാനത്തിന്റെ പൈതൃകം പോലും വിസ്മരിക്കുന്ന സമീപനങ്ങളിലേക്ക് ഒരു വിഭാഗത്തെ എത്തിച്ചിരുന്നു. നവോത്ഥാനം, പരിഷ്‌കരണം (ഇസ്‌ലാഹ്) എന്ന ആശയം അവര്‍ക്ക് ഒട്ടും സ്വീകാര്യമായില്ല. പരിഷ്‌കരണ ആശയങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം രീതിശാസ്ത്രപരമായ പിശകായും അബദ്ധവുമായാണവര്‍ വിലയിരുത്തിയത്. മറ്റൊരു വിഭാഗം സംഘടന എന്ന ആശയം തന്നെ തെറ്റാണെന്ന കണ്ടെത്തലിലേക്ക് പോയി, ആശയ സംഘങ്ങളുണ്ടാക്കി. 2014ല്‍ കെഎന്‍എമ്മില്‍ നിന്നും ഒരുപറ്റം വിദ്യാര്‍ത്ഥികളും യുവാക്കളും വിട്ടുപോയി, മുജാഹിദ് ആശയങ്ങള്‍ക്ക് നിരക്കാത്ത യാഥാസ്ഥിതിക വീക്ഷണങ്ങളുടെ പ്രചാരകരായി മാറി. ഐ.എസില്‍ ആകൃഷ്ടരായി നാടുവിട്ട ചിലര്‍ പോലും തങ്ങള്‍ മുജാഹിദ് ആശയക്കാരാണെന്ന് വാദിക്കുന്ന ദുര്‍ഗതിയില്‍ കാര്യങ്ങള്‍ പരിണമിച്ചു. മഹത്തായ ഒരു പ്രസ്ഥാനത്തിനുണ്ടായ, വേദനാജനകമായ ഈ സന്ദിഗ്ദാവസ്ഥയില്‍ കേരളത്തിലെ പുരോഗമന ആശയമുള്ള എല്ലാവരും ദു:ഖിച്ചിരുന്നു. പ്രസ്ഥാന നേതൃത്വത്തിലുള്ളവരും സാഹചര്യത്തിന്റെ അപകടാവസ്ഥ ഗൗരവത്തില്‍ തിരിച്ചറിഞ്ഞു.നവോത്ഥാന പൈതൃകത്തില്‍ ഊന്നിക്കൊണ്ടുള്ള ഒരു വീണ്ടെടുപ്പിലൂടെ മാത്രമേ മുജാഹിദ് പ്രസ്ഥാനത്തിന്റെ  പ്രസക്തി സാധൂകരിക്കപ്പെടുകയുള്ളൂ എന്നവര്‍ അംഗീകരിച്ചു. മുജാഹിദ് ഐക്യത്തില്‍ കലാശിച്ചത്, ഈ വീണ്ടുവിചാരമാണെന്ന് തീര്‍ച്ചയായും അനുമാനിക്കാം.

കേരളത്തിലെ മുസ്ലിം സാമൂഹിക ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു സംഭവമാണിത്. സമുദായത്തില്‍ പിളര്‍ന്നു പ്രവര്‍ത്തിക്കുന്ന മറ്റ് സംഘടനകള്‍ക്കും ഈ ഐക്യനീക്കം പ്രചോദനമാകാം.

വീണ്ടും 'ഐക്യസംഘം'
ടി പി അബ്ദുല്ലക്കോയ മദനിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച മുജാഹിദ് വിഭാഗവും സി.പി ഉമര്‍ സുല്ലമിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച മുജാഹിദ് വിഭാഗവും ഐക്യപ്പെട്ട് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെഎന്‍എം) സംഘടനയെ ശക്തിപ്പെടുത്തി മുന്നേറാന്‍ തീരുമാനിച്ചിരിക്കുന്നു. കേരളത്തിലെ മുസ്ലിം സാമൂഹിക ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു സംഭവമാണിത്. സമുദായത്തില്‍ പിളര്‍ന്നു പ്രവര്‍ത്തിക്കുന്ന മറ്റ് സംഘടനകള്‍ക്കും ഈ ഐക്യനീക്കം പ്രചോദനമാകാം.

മതതീവ്രയുടെ പേരില്‍ ചില യുവാക്കള്‍ നാടുവിട്ട സാഹചര്യത്തില്‍, ടി.പി അബ്ദുല്ലക്കോയ മദനി, പ്രസ്ഥാനത്തില്‍ നുഴഞ്ഞുകയറിയ, കേരളത്തിന്റെ ഇസ്‌ലാഹി പ്രസ്ഥാനത്തിനു നിരക്കാത്ത സമീപനങ്ങളെ ശക്തിയായി വിമര്‍ശിച്ചിരുന്നു. ചില അറബ് നാടുകളിലെ ശൈഖുമാര്‍ പിന്തുടരുന്ന തീവ്ര നിലപാടുകളെ അണ്ണാക്കു തൊടാതെ വിഴുങ്ങിയ തീവ്ര ആ ശയക്കാരാണ് സമൂഹത്തില്‍ ഉത്കണ്ഠ സൃഷ്ടിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അക്ഷരമാത്ര വായനയിലും യുക്തി രാഹിത്യത്തിലും വിരാജിക്കുന്ന മതസമീപനം പുതിയ തലമുറയില്‍ വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ടെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഈ ഘട്ടത്തിലാണ് ബാഹ്യ സമ്മര്‍ദ്ദങ്ങളെയും യാഥാസ്ഥിതികവത്കരണങ്ങളെയും ചെറുത്ത് നവോത്ഥാന പാരമ്പര്യങ്ങളിലൂന്നിയ മുജാഹിദ് സംഘടന പുനര്‍നിര്‍മ്മിക്കാന്‍, ആശയപരമായി സമവായമുള്ള ഇരു മുജാഹിദ് വിഭാഗങ്ങളും തീരുമാനിച്ചത്. മതത്തെ തെറ്റായി വായിച്ചും വ്യഖ്യാനിച്ചും അകന്നകന്നു പോകുന്ന കേരളത്തിലെ മുസ്‌ലിം യുവാക്കളെ തിരിച്ചുപിടിക്കുകയാണ് ഈ പുനഃസംഗമത്തിന്റെ പ്രധാന ഉന്നം. മറ്റു വിശ്വാസങ്ങളെ ആദരിക്കാനും മറ്റു വീക്ഷണങ്ങള്‍ പുലര്‍ത്തുന്നവരോട് സഹിഷ്ണുത കാണിക്കാനും എതിര്‍ക്കുന്നവരെ ശ്രവിക്കാനും വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ ജനാധിപത്യ മര്യാദ പുലര്‍ത്താനും പൊതുവിഷയങ്ങളില്‍ സാധ്യമായ എല്ലാവരുമായി സഹകരിക്കാനുമുള്ള വിശാലത ഈ പുതിയ ഐക്യസംഘം പഴയ ഐക്യസംഘത്തില്‍ നിന്നും പൈതൃകം കൊള്ളുമെന്ന് പ്രത്യാശിക്കാം.

click me!