ലിയോണിയെന്ന് പരിചയപ്പെടുത്തി; 65 വയസുകാരനില്‍ നിന്നും 'ഓണ്‍ലൈന്‍ സുഹൃത്ത്' കൈക്കലാക്കിയത് 9.4 ലക്ഷം

By Web TeamFirst Published Nov 9, 2018, 12:52 PM IST
Highlights

കഴിഞ്ഞ ഓഗസ്റ്റില്‍ ആള്‍ സാമൂഹ്യമാധ്യമത്തില്‍ ലിയോണി എന്ന സ്ത്രീയുമായി സൌഹൃദത്തിലായി. ജോര്‍ദാന്‍ സ്വദേശിനി എന്നാണ് ലിയോണി സ്വയം പരിചയപ്പെടുത്തിയത്. 

മുംബൈ: ദിവസേനയെന്നോണം ഓണ്‍ലൈനില്‍ തട്ടിപ്പ് കൂടുകയാണ്. ഒരുപാട് പേര്‍ക്കാണ് പണം നഷ്ടപ്പെടുന്നത്. അത്തരം ഒരു തട്ടിപ്പിനിരയായിരിക്കുകയാണ് ഈ അറുപത്തിയഞ്ചുകാരനും. മുംബൈയിലുള്ള ഇയാള്‍ക്ക് ഇങ്ങനെ നഷ്ടമായത് 9.4 ലക്ഷം രൂപയാണ്! 

മുംബൈയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുകയാണ് അറുപത്തിയഞ്ചുകാരന്‍. കഴിഞ്ഞ ഓഗസ്റ്റില്‍ ആള്‍ സാമൂഹ്യമാധ്യമത്തില്‍ ലിയോണി എന്ന സ്ത്രീയുമായി സൌഹൃദത്തിലായി. ജോര്‍ദാന്‍ സ്വദേശിനി എന്നാണ് ലിയോണി സ്വയം പരിചയപ്പെടുത്തിയത്. ഇയാളില്‍ നിന്ന് പലതവണയായി ഇവര്‍ പണം കൈക്കലാക്കി. വൈകാതെ ഇന്ത്യയിലേക്ക് വരുമെന്നും ഇയാളോട് പറഞ്ഞിരുന്നു. 

പിന്നീട്, ഒരു ദിവസം ഇയാള്‍ക്ക് ഫോണ്‍കോള്‍ വരികയായിരുന്നു. ഇന്ത്യയിലെത്തിയിട്ടുണ്ടെന്നും എന്നാല്‍ എമിഗ്രേഷന്‍ ക്ലിയറന്‍സിലുള്ള പ്രശ്നം കാരണം ദില്ലി വിമാനത്താവളത്തില്‍ തന്നെ തടഞ്ഞുവച്ചിരിക്കുന്നുവെന്നുമാണ് ലിയോണി പറഞ്ഞത്. അവിടെ നിന്നും ഇറങ്ങണമെങ്കില്‍ 24000 രൂപ വേണമെന്നും പറഞ്ഞു. അങ്ങനെ ആ പണവും പറഞ്ഞ അക്കൌണ്ടിലേക്ക് ഇട്ടു. പിന്നീട്, ഇദ്ദേഹത്തെ വിളിക്കുന്നത് അമിത് എന്നൊരാളാണ്. ലിയോണിയുടെ പേരില്‍ പണവും വാങ്ങി.  എല്ലാം കൂടി 9.4 ലക്ഷം രൂപ നല്‍കിയെന്നാണ് ഇയാള്‍ പറയുന്നത്. 

പണം ഒരുപാട് പോയി. ഒന്നും തിരിച്ചു കിട്ടിയുമില്ല. അങ്ങനെ തോന്നിയ സംശയത്തിലാണ് ആ നമ്പറിലേക്ക് തിരികെ വിളിക്കുന്നത്. പക്ഷെ, അത് സ്വിച്ച് ഓഫ്. അതോടെ സംഗതി തട്ടിപ്പാണെന്ന് തോന്നിത്തുടങ്ങി. പൊലീസില്‍ പരാതി നല്‍കി. ലിയോണി എന്ന അക്കൌണ്ട് വ്യാജമാണെന്നാണ് പൊലീസ് നിഗമനം. ഏതായാലും ഇയാളുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 
 

click me!