കുഴിച്ചത് സ്വര്‍ണം പ്രതീക്ഷിച്ച്; കിട്ടിയത് അതിലും വലിയ നിധി!

By Web TeamFirst Published Sep 17, 2018, 7:20 PM IST
Highlights

തീര്‍ന്നില്ല പ്രത്യേകതകള്‍,  അരലക്ഷം വര്‍ഷം മുമ്പാണ് അത് ചത്തത്. വൈകാതെ തന്നെ ചെന്നായയുടെ വിവരം ഖനിത്തൊഴിലാളികള്‍ ഗവേഷകരെ അറിയിച്ചു. അവരാ നിധിയില്‍ അദ്ഭുതപ്പെട്ടുവെന്ന് പറയേണ്ടതില്ലല്ലോ. അവരെ സംബന്ധിച്ചിടത്തോളം ലോകത്ത് ആദ്യമായാണ് ഹിമയുഗത്തില്‍ ജീവിച്ചിരുന്ന ഒരു ചെന്നായയുടെ മൃതദേഹം ഇങ്ങനെ സംരക്ഷിക്കപ്പെട്ട നിലയില്‍കിട്ടുന്നത്. 

ടൊറന്‍റോ: നിധിയുണ്ടെന്ന് കേട്ടാല്‍ ഏത് ലോകവും കുഴിച്ചുനോക്കുന്ന മനുഷ്യരുണ്ട്. എന്നാല്‍, തീരെ പ്രതീക്ഷിക്കാത്ത ചിലതും കിട്ടിയേക്കും ആ കുഴിച്ചുനോക്കലില്‍. വടക്കന്‍ കാനഡയിലുമുണ്ടായി അങ്ങനെയൊരു സംഭവം. രണ്ടു വർഷം മുമ്പാണ്. അവിടെ യുക്കോണ്‍ നദിയുടെ തീരത്ത് സ്വര്‍ണം തേടിയെത്തിയതാണ് ഒരുകൂട്ടം ഖനിത്തൊഴിലാളികള്‍. എണ്‍പതിനായിരം വര്‍ഷം മുമ്പ് പൊട്ടിത്തെറിച്ച ഒരു അഗ്നിപര്‍വത്തിന്‍റെ ചാരം അടിഞ്ഞു കൂടിയതായിരുന്നു അവിടെ. ഇതിനു മുൻപും  സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുമുണ്ടായിരുന്നു. ഏതായാലും, രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് തൊഴിലാളികള്‍ നിധി കൊതിച്ച് ഖനനം തുടങ്ങി. കുറച്ച് ദിവസങ്ങള്‍ ഈ കുഴികുത്തല്‍ തുടര്‍ന്നു. അങ്ങനെ, 2016 ജൂലൈ 13ന് അവര്‍ക്കൊരു നിധി കിട്ടി, പക്ഷെ, പ്രതീക്ഷിച്ച പോലെ സ്വര്‍ണമായിരുന്നില്ല അത്. എങ്കിലും, ഒരുപാട് പ്രാധാന്യമുണ്ടായിരുന്നു കിട്ടിയ നിധിക്ക്. ജീവശാസ്ത്രത്തെ സംബന്ധിച്ച് ഏറ്റവും വിലപിടിപ്പുള്ള കണ്ടെത്തലുകളിലൊന്നായിരുന്നു അത്. മഞ്ഞുപാളികള്‍ക്കിടയില്‍ ഒരു പോറലു പോലും പറ്റാത്ത വിധം സംരക്ഷിക്കപ്പെട്ടിരുന്ന ചെന്നായയുടെ മൃതദേഹം! 

ഒരു ചെന്നായ മമ്മി തന്നെ. മൂക്കു മുതല്‍ വാലറ്റം വരെ യാതൊരു കുഴപ്പവും പറ്റാതെ കണ്ണടച്ചുറങ്ങുന്ന വിധമായിരുന്നു അതുണ്ടായിരുന്നത്. തീര്‍ന്നില്ല പ്രത്യേകതകള്‍,  അരലക്ഷം വര്‍ഷം മുമ്പാണ് അത് ചത്തത്. വൈകാതെ തന്നെ ചെന്നായയുടെ വിവരം ഖനിത്തൊഴിലാളികള്‍ ഗവേഷകരെ അറിയിച്ചു. അവരാ നിധിയില്‍ അദ്ഭുതപ്പെട്ടുവെന്ന് പറയേണ്ടതില്ലല്ലോ. അവരെ സംബന്ധിച്ചിടത്തോളം ലോകത്ത് ആദ്യമായാണ് ഹിമയുഗത്തില്‍ ജീവിച്ചിരുന്ന ഒരു ചെന്നായയുടെ മൃതദേഹം ഇങ്ങനെ സംരക്ഷിക്കപ്പെട്ട നിലയില്‍കിട്ടുന്നത്. അതോടെ അതിനുമുകളില്‍ പഠനവും തുടങ്ങി. അറിയപ്പെടുന്ന പാലിയന്റോളജിസ്റ്റുകളുടെയും ജനിതക വിദഗ്ധരുടെയും നേതൃത്വത്തിലായിരുന്നു പഠനം. രണ്ടുവര്‍ഷത്തെ പഠനം പൂര്‍ത്തിയായത് കഴിഞ്ഞ ദിവസമാണ്. അതിനുശേഷം അത് ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശനത്തിനും വെച്ചു. കണ്ടവരെല്ലാം അന്തം വിട്ടുപോയി. കാരണം, അരലക്ഷം വര്‍ഷമായി സംരക്ഷിക്കപ്പെട്ട മൃതദേഹമാണെന്ന് അതുകണ്ടാല്‍ പറയുകയേ ഇല്ലായിരുന്നു. 

അതുവരെ മൃഗങ്ങളുടെ എല്ലുകളും പല്ലുമൊക്കെയേ ഗവേഷകര്‍ക്ക് ലഭിച്ചിരുന്നുള്ളൂ. ഇപ്പോഴിതാ, രോമവും തൊലിയും പേശികളും വരെ കൃത്യമായി സംരക്ഷിക്കപ്പെട്ട ഒരു ചെന്നായയെ കിട്ടിയിരിക്കുന്നു. ചെന്നായയെ മാത്രമല്ല, ഒരു മാന്‍കുട്ടിയുടെ പകുതി മൃതദേഹവും കിട്ടിയിരുന്നു നിധി കുഴിച്ചവര്‍ക്ക്. ഏതായാലും ഇവയിലെ, ജനിതക പഠനം സാധ്യമാകും വിധം ഡിഎന്‍എ വേര്‍തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. ഇനിയും മനസ്സിലാക്കാനുണ്ട് ഒരുപാട് കാര്യങ്ങള്‍. ഹിമയുഗത്തിലെ ജീവികളുടെ ഭക്ഷണരീതി, ജനറ്റിക്സ്, ദേശാടനവുമായി ബന്ധപ്പെട്ട സൂക്ഷ്മ വിവരങ്ങള്‍, വടക്കന്‍ കാനഡയില്‍ കാണുന്ന തരം ഹിമച്ചെന്നായ്ക്കളും മാനുകളുമായി ഇവയുടെ വ്യത്യാസമെന്താണ് എന്നതെല്ലാം അതില്‍ പെടുന്നു.

അപ്രതീക്ഷിത മഞ്ഞുവീഴ്ചയാണ് ഹിമയുഗത്തിലെ അവസാനത്തെ ജീവന്‍റെ കണ്ണിയേയും അവസാനിപ്പിച്ചതെന്നാണ് അനുമാനം. ചാകുമ്പോള്‍ ഈ ചെന്നായ്ക്ക് വെറും എട്ടുമാസം മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂവെന്നും പഠനത്തില്‍ കണ്ടെത്തിക്കഴിഞ്ഞു. ഇപ്പോള്‍, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ‘മമ്മിഫൈഡ്’ ചെന്നായയെന്ന വിശേഷണം ഈ ചെന്നായക്ക് ലഭിച്ചു കഴിഞ്ഞു. അതിനെ, പൊതുജനങ്ങള്‍ക്കും കാണുന്നതിനായി കാനഡയിലെ വൈറ്റ്‌ഹോഴ്‌സ് മ്യൂസിയത്തിലേക്ക് മാറ്റാനാണു തീരുമാനം. ഒപ്പം‘മാന്‍മമ്മി’യെയും.

click me!